Current Date

Search
Close this search box.
Search
Close this search box.

അവര്‍ ഇന്ത്യന്‍ മതേതരത്വത്തോട് ചെയ്യുന്നത്

മധ്യപ്രദേശിലെ ശിവപുരിയില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മണിറാം ജാദവിന്റെ കുടുംബം വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായി വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് മതേതര ഇന്ത്യയെ സംബന്ധിച്ചേടത്തോളം ആശങ്കകള്‍ ജനിപ്പിക്കുന്നതാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ഹിന്ദുത്വ ശക്തികള്‍ രാജ്യത്ത് ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിശേഷിച്ചും.

ഒട്ടനവധി മതങ്ങളും ഭാഷകളും അനേകം ജാതികളും ആചാരങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും ‘നാനാത്വത്തില്‍ ഏകത്വം’എന്ന സങ്കല്‍പവും ഭരണഘടന മുമ്പോട്ടു വെക്കുന്ന മതനിരപേക്ഷതയിലധിഷ്ഠിതമായ ജനാധിപത്യ ക്രമവുമാണ്. മതനിരാസത്തിലധിഷ്ടിതമായ പാശ്ചാത്യ മതേതര സങ്കല്‍പത്തില്‍ നിന്നും ഭിന്നമായി  എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നതും മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരില്‍ ആരോടും യാതൊരു വിവേചനം കാണിക്കാത്തതമായ ഒരു മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന മുമ്പോട്ടു വെക്കുന്നത്. മനസാക്ഷി സ്വാതന്ത്രവും മതം പ്രസംഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആചരിക്കുന്നതിനുമുള്ള സ്വാതന്ത്രവുമെല്ലാം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയും ഭരണഘടനാ നിര്‍മ്മാതാക്കളും ലക്ഷ്യം വെച്ച മതേതരരാഷ്ട്ര സങ്കല്‍പത്തിന് കടകവിരുദ്ധമായ രീതിയിലാണ് നിലവിലെ സര്‍ക്കാരും RSS, BJP, VHP തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളും മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്.  മതേതരരാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാതാക്കളുടെ അഭിപ്രായങ്ങളും വിഭാവനകളും അത് ശരിവെക്കുന്നു. ഭരണഘടനാ നിര്‍മ്മാണ സമിതി അംഗമായ ലക്ഷ്മീകാന്തമൈത്ര മതേതരരാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച് പറഞ്ഞു : ‘ഏതെങ്കിലും വിധത്തിലുള്ള മതവിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ക്കെതിരായി മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ എന്തു തന്നെയായാലും സ്‌റ്റേറ്റ് പക്ഷപാതമൊന്നും കാട്ടാനൊരുങ്ങുകയില്ലെന്നാണ് മതേതര രാഷ്ട്രമെന്നതുകൊണ്ട് ഞാന്‍ മനസിലാക്കുന്നത്. സ്‌റ്റേറ്റില്‍ ഒരു പ്രത്യേക മതത്തിനും സ്റ്റേറ്റിന്റെ രക്ഷാധികാരിത്വം ഒരുതരത്തിലും ലഭിക്കില്ലെന്ന് സാരം. ഏതെങ്കിലും മതങ്ങളെ ഒഴിവാക്കിക്കൊണ്ടോ ഏതിനെങ്കിലും മുന്‍ഗണന നല്‍കിക്കൊണ്ടോ ഒരു പ്രത്രേക മതം സ്ഥാപിക്കാനോ അതിന്റെ രക്ഷാധികാരിയായിരിക്കാനോ അതിനു ദാനം ചെയ്യാനോ സ്‌റ്റേറ്റിനുദ്ദേശ്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള മതത്തില്‍ വിശ്വസിക്കുന്നുവെന്നതുകൊണ്ടുമാത്രം രാഷ്ട്രത്തിലെ ഒരു പൗരനോടും മുന്‍ഗണനയോടെയുള്ള പെരുമാറ്റമോ അയാള്‍ക്കെതിരായി എന്തെങ്കിലും വിവേചനമോ ഉണ്ടാവുകയുമില്ല. മറ്റു വിധത്തില്‍ പറഞ്ഞാല്‍, ഏതെങ്കിലും പ്രത്യേക മതാവലംബനം പരിഗണനാര്‍ഹമാവുകയേ ഇല്ല. ഇതാണ് ഒരു മതേതരരാഷ്ട്രത്തിന്റെ സത്തയെന്ന് ഞാന്‍ കരുതുന്നു.’ മുന്‍ രാഷ്ട്രപതിയും സ്വാതന്ത്രാനന്തര ഭാരതത്തിന്റെ മുഖ്യ നിര്‍മ്മാതാക്കളിലൊരാളുമായ ഡോ : എസ്. രാധാകൃഷ്ണന്‍ പറഞ്ഞു : ‘ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന തത്വം ഈശ്വരവിശ്വാസമാണെങ്കിലും ഇന്ത്യാരാഷ്ട്രം ഏതെങ്കിലുമൊരു മതവുമായി ഇണങ്ങിച്ചേരുകയോ അതിന്റെ നിയന്ത്രണത്തിന് വിധേയമാവുകയോ ചെയ്യില്ല. ഒരു മതത്തിനും മുന്‍ഗണനാപദവിയോ പ്രശസ്തനിലയോ അനുവദിച്ചു കൂടാ. ദേശീയജീവിതത്തിലോ അന്താരാഷ്ട്രീയ ബന്ധങ്ങളിലോ ഒരു മതത്തിനും പ്രത്യേകാവകാങ്ങള്‍ക്കനുമതിയുണ്ടായിക്കൂടാ; അത് ജനാധിപത്യത്തിന്റെ മൗലികതത്ത്വങ്ങളുടെ ലംഘനവും മതത്തിന്റെയും ഗവണ്‍മെന്റിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായിരിക്കും. യാതൊരാളും അയാളുടെ മതം നിമിത്തം ഏതെങ്കിലും വിധത്തിലുള്ള അവശതയോ വിവേചനമോ അനുഭവിച്ചുകൂടാ. എല്ലാവരെയുംപോലെ പൊതുജീവിതത്തില്‍ പൂര്‍ണമായി പങ്കുവഹിക്കുന്നതിന് സ്വതന്ത്രനായിരിക്കണം.’  

ഈയടുത്ത കാലത്തായി സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും ചെയ്തികളും പരിശോധിച്ചാല്‍ മുകളിലുദ്ധരിച്ച മതേതരരാഷ്ട്ര സങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധമാണ് അവയെന്ന് ഏതൊരാള്‍ക്കും വ്യക്തമാവുന്നതാണ്.  RSS മേധാവിയായ മോഹന്‍ഭഗവതിന്റെ പ്രസ്താവന ഇവയില്‍ ഏറ്റവും ഗൗരവമാര്‍ന്നതാണ്. അദ്ദേഹം പറഞ്ഞു : ‘ഇന്ത്യ ഹിന്ദു രാജ്യമാണ്. എല്ലാ ഹിന്ദുക്കളുടെയും സാംസ്‌കാരിക സ്വത്വം ഹിന്ദുത്വമാണ്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്നത് ലോകം മുഴുവന്‍ അംഗീകരിക്കുന്നു.’ വര്‍ഗീയച്ചുവ നിറഞ്ഞതും സാമുദായിക ധ്രുവീകരണത്തിനിടവരുത്തുന്നതും മതന്യൂനപക്ഷങ്ങളുടെ സ്വത്വം ചോദ്യം ചെയ്യുന്നതുമായ ഈ പ്രസ്താവന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. BJP നേതാവും ഘോരക്പൂര്‍ മണ്ഡലത്തില്‍ നിന്ന് അഞ്ച് പ്രാവശ്യം പാര്‍ലമെന്റ് അംഗവുമായ യോഗി ആദിത്യനാഥിന്റെതാണ് മറ്റൊരു വിവാദ പ്രസ്താവന. അദ്ദേഹം പറഞ്ഞു : ‘ഇരുപത് ശതമാനത്തിലധികം ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് സാമുദായികവര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നത്. അവര്‍ മുപ്പത്തഞ്ച് ശതമാനത്തിലധികമുള്ള സ്ഥലങ്ങളില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് സ്ഥാനമില്ല’ . രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ രാജ്യസ്‌നേഹവും ദേശക്കൂറും ചോദ്യം ചെയ്യുന്നതാണീ പ്രസ്താവന. പ്രബല ന്യൂനപക്ഷമെന്ന നിലയില്‍ ഭരണഘടന പ്രത്യേക അവകാശങ്ങള്‍ വകവെച്ചു നല്‍കിയ മുസ്‌ലിംകളെക്കുറിച്ച്  ‘അവര്‍ ന്യൂനപക്ഷമല്ലെന്ന്’ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹിബത്തുള്ള പറഞ്ഞതും ഇവിടെ പ്രസ്താവ്യമാണ്. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയിലും തുടര്‍ന്നും BJP അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസ്താവനകളും ഇത്തരത്തില്‍ വര്‍ഗീയ വികാരങ്ങള്‍ ഇളക്കി വിടുന്നതും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. വന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് വകവെക്കുകയും ചെയ്ത ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ഒന്നു വിരലനക്കാന്‍ പോലും രാജ്യത്തെ ഭരണകൂടമോ പ്രധാനമന്ത്രിയോ തയ്യാറായില്ല എന്നത് ആശങ്കയുളവക്കുന്നതും ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ടകളെ ശരി വെക്കുന്നതുമാണ്.

വിദ്യാഭ്യാസ, ചരിത്ര രചനാ മേഖലകളിലും ഭരണഘടനാവിരുദ്ധവും ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുതകുന്നതുമായ ഭേദഗതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍.  പാഠപുസ്തകങ്ങളെ ഹിന്ദുത്വ സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും വര്‍ഗ്ഗീയപരവും ന്യൂനപക്ഷ വിരുദ്ധവുമായ തലമുറയെ വാര്‍ത്തെടുക്കുന്നതിനും അനുഗുണമായ രീതിയില്‍ പരിഷ്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദേശീയ അധ്യാപക ദിനത്തെ ‘ഗുരു ഉത്സവ്’ എന്ന് പേരു മാറ്റിയതിലും അന്നേ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തത്സമയം കേള്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തതും ഇത്തരം വര്‍ഗ്ഗീയ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയാണ്. ചരിത്രകൗണ്‍സിലില്‍ സംഘ്പരിവാര്‍ പിന്തുണയുള്ളവരെ പ്രതിഷ്ഠിച്ച്  ചരിത്രത്തെ ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കനുഗുണമായി മാറ്റിയെഴുതാനും, നൂറ്റാണ്ടുകളോളം രാജ്യം ഭരിക്കുകയും രാജ്യത്തിന് സ്വാതന്ത്രം നേടിക്കൊടുക്കുന്നതിലും രാജ്യത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നതിലും അതുല്യമായ പങ്കു വഹിക്കുകയും ചെയ്ത മുസ്‌ലിംകളെപ്പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ചരിത്രത്തില്‍ തെറ്റായി ചിത്രീകരിക്കാനും ഭാവിതലമുറയില്‍ അവരെക്കുറിച്ച് ഭീതി ജനിപ്പിച്ച് അവരെ അരിക് വല്‍ക്കരിക്കാനുളള ശ്രമങ്ങളുടെ ഭാഗമായും ഇതിനെ വിലയിരുത്താവുന്നതാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ഗുരുതരമായ ലംഘനം നടന്നതും ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്രത്തിനും മനസാക്ഷിസ്വാതന്ത്ര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ഏറ്റവും സമകാലികമായ സംഭവമാണ് മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്നത്. സ്വമേധയാ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ മണിറാം ജാദവിന്റെ കുടുംബത്തെ അക്രമങ്ങളഴിച്ചുവിട്ടും സമ്മര്‍ദ്ദം ചെലുത്തിയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ് സംഭവം. V.H.P നേതാവ് അശുതോഷിന്റെയും മറ്റു R.S.S, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഈ ഭരണഘടനാവിരുദ്ധ നടപടികള്‍ അരങ്ങേറയത്. ‘മനസാക്ഷിസ്വാതന്ത്ര്യത്തിന് എല്ലാ വ്യക്തികള്‍ക്കും തുല്യമായ അര്‍ഹതയും സ്വേഛാനുസാരം മതമവലംബിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവുമുണ്ടെന്ന’ ഭരണഘടനയുടെ 25-ാം വകുപ്പ് 1-ാം ഉപവകുപ്പിന്റെ നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ശിവപുരിയില്‍ നടന്നത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അന്തസത്തക്ക് നിരക്കാത്ത ഈ പ്രവൃത്തിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അതിനു കൂട്ടു നില്‍ക്കുകയാണ് പ്രദേശത്തെ ഭരണകൂടവും പോലീസും ചെയ്തത്. രാജ്യത്തുടനീളം ചര്‍ച്ചാ വിഷയമായിട്ടും ഈ സംഭവത്തിനു നേരേയും പതിവ് മൗനം ദീക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊലചെയ്ത നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളും 1992-ല്‍ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികക്കുടങ്ങള്‍ തല്ലിത്തകര്‍ത്തവരുമാണ് ഇക്കൂട്ടര്‍. സ്വാതന്ത്ര്യാനന്തരഇന്ത്യ കണ്ട ഏറ്റവും ക്രൂരവും വര്‍ഗീയവുമായ കൂട്ടക്കൊലയായ ഗുജറാത്ത് കലാപത്തിന്റെ മുഖ്യസൂത്രധാരകരും ഇവര്‍ തന്നെ. ഒറീസയില്‍ ക്രിസ്ത്യാകള്‍ക്കെതിരെ നടന്ന വംശീയ അതിക്രമങ്ങളുടെയും; രാജ്യത്ത് നടന്ന് വിവിധ സ്‌ഫോടനങ്ങളുടെയും, വ്യാജഏറ്റുമുട്ടലുകളുടെയും മുഖ്യക്രഡിറ്റും ഈ സംഘ്പരിവാര്‍ ശക്തികള്‍ക്ക് തന്നെയാണ്. രാജ്യം കണ്ട ഇത്തരം നെറികേടുകളുടെയും ഭരണഘടനാലംഘനങ്ങളുടെയും കൂടുതല്‍ ഭീകരമായ മുഖമാണ് നാമിപ്പോള്‍ കാണുന്നത്. വെറും 38 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ ഭരണത്തിലേറിയ ഈ സംഘത്തിന്റെ തോന്നിവാസങ്ങളെ മതേതര ഇന്ത്യയിലെ ജനങ്ങള്‍ തോല്‍പിക്കുക തന്നെ ചെയ്യും. കാലത്തിന്റെ നിയോഗം പോലെ വിദൂരമല്ലാത്ത ഭാവിയില്‍ അത് സംഭവിക്കുമെന്ന പ്രത്യാശയിലാണ് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍.

Related Articles