Current Date

Search
Close this search box.
Search
Close this search box.

അവര്‍ അമുസ്‌ലിംകളല്ല, മനുഷ്യരാണ്

westand.jpg

മറ്റു മതസ്ഥര്‍ക്ക് അല്ലെങ്കില്‍ ആശയക്കാര്‍ക്ക് വല്ല ദുരന്തവും സംഭവിച്ചാല്‍, ‘അവര്‍ക്ക് കിട്ടേണ്ടത് കിട്ടി’ എന്ന് പറഞ്ഞ് സന്തോഷിക്കുന്ന ചിലരെ നാം കണ്ടിട്ടുണ്ടാകും. ഇങ്ങനെ പറയുന്നവരൊന്നും തന്നെ ഒരുപക്ഷെ ആശയ-വിശ്വാസ തീവ്രത ഉള്ളവരായിക്കൊള്ളണം എന്നില്ല. എന്നെയും നിങ്ങളെയും പോലെയുള്ള സാധാരണ ആളുകള്‍ തന്നെയാണ് അവരും. സത്യം പറഞ്ഞാല്‍, ചിലപ്പോള്‍ എന്നിലും നിങ്ങളിലും അത്തരത്തിലുള്ള മനസ്ഥിതിയുടെ ഒരംശം ഉണ്ടായിരിക്കാം. ഇത് എവിടെ നിന്നാണ് വരുന്നത്? ഇതില്‍ എന്തു മാത്രം സത്യമുണ്ട്? നമ്മുടെ വരുതിയില്‍ നില്‍ക്കാത്ത സങ്കീര്‍ണ്ണമായ ചോദ്യങ്ങളാണവ. എന്നാലും നമുക്ക് ചില പ്രായോഗിക വശങ്ങള്‍ നോക്കാം.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആരാണ് അമുസ്‌ലിം എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരാണ് അമുസ്‌ലിം? നരകത്തീയില്‍ ശിക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു വ്യക്തിയല്ല അമുസ്‌ലിം. ഇസ്‌ലാം സ്വീകരിക്കാത്ത ഒരു വ്യക്തിയെയാണ് അമുസ്‌ലിം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

പ്രവാചകന്റെ കാലത്താണ് നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക. മക്കയില്‍ പ്രവാചകന്‍ മതപ്രബോധനം തുടങ്ങിയതിന്റെ ആദ്യ വര്‍ഷങ്ങള്‍. ‘നിങ്ങള്‍ക്ക് ഉമര്‍ ബിന്‍ ഖത്താബിനെ അറിയുമോ? ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മുസ്‌ലിമായി മാറുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്ന് ഒരാള്‍ വന്ന് നിങ്ങളോട് പറയുന്നു എന്ന് വെക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ‘ഉമറോ? മുസ്‌ലിംകളെ ചാട്ടക്കടിക്കുന്ന ആ മനുഷ്യനോ? ഇസ്‌ലാമിന്റെ തുറന്ന ശത്രുവായ ഉമറോ? നിങ്ങള്‍ക്കെന്താ ബുദ്ധിക്ക് വല്ല കുഴപ്പവുമുണ്ടോ?’ എന്ന് നിങ്ങള്‍ തിരിച്ച് ചോദിക്കും.

പക്ഷെ എന്താണ് സംഭവിച്ചത്. മുഹമ്മദ്(സ)ക്ക് പ്രവാചകത്വം ലഭിച്ചതിന്റെ ആദ്യ നാളുകളിലെ ഇസ്‌ലാമിന്റെ കഠിനശത്രുവായിരുന്ന ഒരാള്‍ പിന്നീട്, ചരിത്രത്തിലെ ഏറ്റവും നല്ല മുസ്‌ലിമും, മരണത്തിന് മുമ്പ് തന്നെ സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരില്‍ ഒരാളുമായി മാറി.

കാര്യമെന്താണെന്നാല്‍, നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല എന്നതാണ്. ‘എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. അവര്‍ക്കാണ് കൊടിയ ശിക്ഷ.’ (അല്‍ബഖറ: 6,7) ഈ സൂക്തത്തില്‍ ചര്‍ച്ച ചെയ്യുന്ന ആളുകള്‍ ആരാണ്? തീര്‍ച്ചയായും ഇത് ഉമറിനെ കുറിച്ചല്ല. ആരൊക്കെയാണ് സ്വര്‍ഗാവകാശികളെന്നും, ആരൊക്കെയാണ് നരകാവകാശികളെന്നും ഈ ലോകത്ത് വെച്ച് നമുക്കാര്‍ക്കും തന്നെ പ്രവചിക്കാനും, ഉറപ്പിച്ച് പറയാനും സാധിക്കില്ല.

ഒരാളെ ‘മുസ്‌ലിം’, ‘അമുസ്‌ലിം’ എന്നിങ്ങനെ മുദ്രകുത്തുന്നതിന് മുമ്പ്, അയാള്‍ ഒരു മനുഷ്യനാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അയാള്‍ ഒരു മനുഷ്യനാണെന്ന് നമുക്കറിയാം. മുസ്‌ലിം സഹോദര്യത്തിന് അപ്പുറം ഒരു സാഹോദര്യമുണ്ട്. മുസ്‌ലിംകളേക്കാള്‍ നന്നായി ഇത് അമുസ്‌ലിംകള്‍ക്കറിയാം.

ക്യൂബകില്‍ ഒരു മസ്ജിദ് ആക്രമിക്കപ്പെട്ടതും, ആറു പേര്‍ കൊല്ലപ്പെട്ടതും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. അടുത്ത വെള്ളിയാഴ്ച്ച, ഒരു ജൂത റബ്ബി, മുസ്‌ലിംകളുടെ ജുമുഅ നമസ്‌കാരത്തിന് സംരക്ഷണം കൊടുക്കണമെന്ന് എല്ലാ മതസ്ഥരോടും ആഹ്വാനം ചെയ്തു. ഒരു ദിവസം നമസ്‌കരിക്കുന്നതിനായി മസ്ജിദില്‍ എത്തിയ ഒരു മുസ്‌ലിം സഹോദരി കണ്ടത്, ‘ഞങ്ങളുടെ മുസ്‌ലിം സഹോദരീ-സഹോദരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ഒരാളെയാണ്.

ടെക്‌സാസില്‍ ഒരു മുസ്‌ലിം പള്ളി കത്തിനശിക്കുകയുണ്ടായി. എന്താണ് സംഭവിച്ചത്? പ്രദേശത്തെ ജൂതമതവിശ്വാസികള്‍ തങ്ങളുടെ ആരാധനാലയമായ സിനഗോഗിന്റെ ഒരു താക്കോല്‍ മുസ്‌ലിംകള്‍ക്ക് നല്‍കുകയാണ് ചെയ്തത്.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ്(സ)ന്റെ ജീവചരിത്രത്തില്‍ നിന്നുള്ള എന്തെങ്കിലും കാര്യം നിങ്ങള്‍ക്ക് ഓര്‍മ വരുന്നുണ്ടോ? ഖുറൈശ് ഗോത്രത്തില്‍ നിന്നുള്ള പ്രവാചകന്റെ ശത്രുക്കള്‍, പ്രവാചകനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പ്രവാചകന്റെ ഗോത്രം മൊത്തം (അതില്‍ മുസ്‌ലിംകളും, അമുസ്‌ലിംകളും ഉള്‍പ്പെടും) പ്രവാചകന് വേണ്ടി നിലകൊള്ളുകയാണ് ചെയ്തത്. ആ പ്രതിരോധ കോട്ടയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് പ്രവാചകന്റെ പിതൃവ്യന്‍ അബൂ താലിബ് ആയിരുന്നു, അദ്ദേഹം മുസ്‌ലിമായിരുന്നില്ല. എന്തുകൊണ്ട്? കാരണം, നമ്മള്‍ ഭൂരിഭാഗം മുസ്‌ലിംകള്‍ക്കും മനസ്സിലാകാത്ത ഒരു കാര്യത്തെ കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതായത്, മതത്തിലല്ലെങ്കില്‍, മനുഷ്യത്വത്തില്‍, നമ്മളെല്ലാം സഹോദരീ-സഹോദരന്‍മാരാണ്. പ്രവാചകന്‍ പറഞ്ഞ് പോലെ: ‘മനുഷ്യരെല്ലാം ആദമില്‍ നിന്ന്, ആദമോ, മണ്ണില്‍ നിന്നും.’

മതത്തിന്റെ പേരില്‍ പലതരത്തിലുള്ള കലഹങ്ങളും നടക്കാറുണ്ട്. നീതി പുലരാന്‍ വേണ്ടി പരിശ്രമിക്കുന്നതിന് പകരം, ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് മതങ്ങളും, ആശയങ്ങളും തമ്മില്‍ പരസ്പരം കൊന്ന് കൊലവിളിക്കാറുള്ളത്. അതിന്റെ ഭാഗമായി നിരപരാധികള്‍ കൊല്ലപ്പെടുകയും, ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നു. മറ്റു മതത്തില്‍ പെട്ട ചിലര്‍ തങ്ങളുടെ ആരാധനാലയം തകര്‍ത്തതിന്റെ പേരില്‍ ആ മതത്തില്‍ പെട്ട എല്ലാവരെയും അടിച്ചാക്ഷേപിക്കുന്നത് അനീതിയാണ്. അമുസ്‌ലിംകളാണ് പള്ളി കത്തിച്ചതെന്ന് ഒരാള്‍ പറഞ്ഞേക്കാം. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്:  ‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും, നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍.’ (അല്‍മുംതഹിന: 8,9). അമുസ്‌ലിംകളെ രണ്ട് വിഭാഗങ്ങളായി വിഭജിക്കുകയാണ് ഈ സൂക്തം ചെയ്യുന്നത്. മസ്ജിദുകള്‍ കത്തിക്കുകയും, നിരപരാധികളായ മുസ്‌ലിംകളെ കൊല്ലുകയും ചെയ്യുന്നവര്‍, മുസ്‌ലിംകളെ സംരക്ഷിക്കുകയും, പിന്തുണക്കുകയും ചെയ്യുന്ന അമുസ്‌ലിം സഹോദരീ-സഹോദരന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയില്ല എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

ഖുര്‍ആനില്‍ അല്ലാഹു അഭിസംബോധന ചെയ്യുന്ന ആദ്യത്തെ കൂട്ടര്‍ ആരാണെന്ന് അറിയാമോ? അതാണ് മനുഷ്യര്‍. അതെ, ജനങ്ങളോടാണ് അല്ലാഹു സംസാരിക്കുന്നത്. ‘ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍’ (അല്‍ബഖറ: 21)

വിഗ്രഹ നിര്‍മാതാവും, വിഗ്രഹാരാധകനുമായിരുന്ന തന്റെ പിതാവിനെ ഇബ്രാഹിം (അ) അഭിസംബോധന ചെയ്തിരുന്നത് ‘യാ അബത്തി!’ (പ്രിയപ്പെട്ട പിതാവേ) എന്നായിരുന്നു. ഒരു മകന്‍ സ്വന്തം പിതാവിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു അബൂ താലിബിനോടുള്ള പ്രവാചകന്‍ തിരുമേനിയുടെ സ്‌നേഹം. തിരിച്ച് അബൂ താലിബ് നബി(സ)യെ സ്‌നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്തു. കൊലയാളികളില്‍ നിന്നും പ്രവാചകനെ സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം മൂന്ന് വര്‍ഷത്തോളം വൃതമനുഷ്ഠിച്ചു. ഇത് സ്‌നേഹമല്ലെങ്കില്‍, പിന്നെന്താണ്?

മറ്റു മതസ്ഥരെ സ്‌നേഹിക്കുന്നതിന് അവരുടെ മതം ഒരു തടസ്സമേ അല്ലെന്നാണ് ഇതില്‍ നിന്നും നമുക്ക് പഠിക്കാനുള്ള അനിവാര്യ പാഠം. മറ്റുള്ളവരുടെ വിശ്വാസം അവരുടെ വിശ്വാസമാണ്; അത് നമുക്കും അവര്‍ക്കും ഇടയിലുള്ള കാര്യമേയല്ല, മറിച്ച് അത് അവരും ദൈവവും തമ്മിലുള്ളതാണ്.

വിവ: ഇര്‍ഷാദ് ശരീഅത്തി

Related Articles