Current Date

Search
Close this search box.
Search
Close this search box.

അവരും അവകാശങ്ങളുള്ള മനുഷ്യരാണ്

പക്ഷികളുടെയും മൃഗങ്ങളുടെയും വരെ അവകാശങ്ങളെ കുറിച്ച് ശബ്ദിക്കാനും അത് നടപ്പാക്കാനും സംവിധാനങ്ങളുള്ള കാലത്താണ് ഒരു പറ്റം മനുഷ്യര്‍ കരയടുക്കാനാകാതെ അക്ഷരാര്‍ത്ഥത്തില്‍ ദുരിത കടലില്‍ കഴിയേണ്ടി വരുന്നത്. സ്വന്തം നാട്ടിലെ പീഢനങ്ങളില്‍ നിന്നും രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ ബോട്ടുകളിലും കപ്പലുകളിലും കയറിയ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ കഥകള്‍ ഓരോ ദിവസവും പത്രമാധ്യമങ്ങളിലൂടെ ലോകം അറിയുന്നുണ്ട്. സ്വന്തം രാജ്യത്ത് പൗരത്വം പോലും നിഷേധിക്കപ്പെട്ട ആ ജനതയുടെ ദുരിതത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1982-ല്‍ മ്യാന്‍മര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് ഭരണകൂടവും ഭൂരിപക്ഷം വരുന്ന ബുദ്ധസമൂഹവും അവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി വംശീയ ഉന്‍മൂലനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധിക പീഢനമനുഭവിക്കുന്ന ജനവിഭാഗം എന്ന് ഐക്യരാഷ്ട്രസഭ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു വിഭാഗമാണ് അവര്‍.

കടുത്ത പീഡനങ്ങളാണ് ആ ജനത അനുഭവിക്കുന്നതെന്ന് ലോകം മനസ്സിലാക്കിയിട്ടും അതിനോടുള്ള പ്രതികരണം പ്രസ്താവനകളിലും പ്രതിഷേധ കുറിപ്പുകളിലും ഒതുക്കുകയായിരുന്നു അന്താരാഷ്ട്ര സമൂഹവും സംഘടനകളും. ഒരു ജനത ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ അലയാന്‍ തുടങ്ങിയിട്ട് മാസത്തിലേറെ കാലമായി. അഭയം തേടിയെത്തുന്ന അവരെ തുരത്താന്‍ ഇന്തോനേഷ്യ യുദ്ധസമാനമായ സന്നാഹങ്ങള്‍ ഒരുക്കിയെന്ന് കേള്‍ക്കുമ്പോള്‍ മനുഷ്യത്വം മരിച്ചിരിക്കുന്നു എന്ന സൂചനയല്ലേ അത് നല്‍കുന്നത്? അഭയാര്‍ഥികളെ ഒരു കാരണവശാലും രക്ഷിക്കരുതെന്നാണ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അഭയാര്‍ഥികളെ കൊണ്ടുണ്ടാവുന്ന പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ മലേഷ്യയും തായ്‌ലന്റും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ഇതുവരെ മ്യാന്‍മറിലെ ആഭ്യന്തര പ്രശ്‌നമായിരുന്ന റോഹിങ്ക്യകളുടെ പ്രശ്‌നം പ്രദേശത്തെ ഒന്നടങ്കം ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് വിഷയത്തോടുള്ള പുതിയ പ്രതികരണങ്ങള്‍ മനസ്സിലാക്കി തരുന്നത്. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ എല്ലാ കക്ഷികളോടും ബന്ധപ്പെടുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞിരിക്കുന്നു. അഭയാര്‍ഥികളെ അകറ്റിയോടിക്കുന്നത് അവസാനിപ്പിക്കണമെന്നും അവരെ രക്ഷിക്കണമെന്നും ഇന്തോനേഷ്യയോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യയിലെ ഡെപ്യൂറ്റി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ടസണും ആവശ്യപ്പെട്ടിരിക്കുകയാണ്. ബോട്ടിലുള്ള അഭയാര്‍ഥികളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ മെയ് 29-ന് ഒരു പ്രാദേശിക ഉച്ചകോടിക്ക് തായ്‌ലന്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്തതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന പ്രതികരണമാണ് മ്യാന്‍മറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

ക്രമാതീതമായ തോതില്‍ അഭയാര്‍ഥികള്‍ വന്നു ചേരുന്നത് ഏത് രാജ്യത്തെ സംബന്ധിച്ചടത്തോളം ഒരു പ്രശ്‌നമായിരിക്കാം. എന്നാല്‍ എല്ലാവരാലും അകറ്റപ്പെട്ട് നടുക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട് അലയുന്നത് മനുഷ്യരാണെന്നത് മറന്നു കൂടാ. അക്കാരണത്താല്‍ തന്നെ മനുഷ്യാവകാശങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായ ജീവിക്കാനുള്ള അവകാശമെങ്കിലും അവര്‍ക്ക് ലഭ്യമാക്കി കൊടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ട്. പ്രസ്തുത ബാധ്യത ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്രസഭ പോലുള്ള സംവിധാനങ്ങളും രാഷ്ട്രനേതാക്കളും തയ്യാറാവാത്ത പക്ഷം വലിയൊരു ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലജ്ജിച്ച് തലതാഴ്ത്താം.

Related Articles