Current Date

Search
Close this search box.
Search
Close this search box.

അല്‍മൊയ്തു എന്ന ഹാസ്യ ബോംബ്

മുസ്‌ലിംകളെ കുറിച്ചുള്ള അപസര്‍പക കഥകളാലും ധാരണകളാലും സമൃദ്ധമാണ് നമ്മുടെ സമൂഹം. ഈ ധാരണകള്‍ക്ക് ഊറ്റം പകരാനുള്ള സാമര്‍ഥ്യപൂര്‍വ്വമുള്ള ഇടപാടുകളിലാണ് മാധ്യമങ്ങള്‍ക്കും താല്‍പര്യം. ഒരു വിഭാഗത്തിനെതിരായ വെറുപിനെ എങ്ങിനെ തങ്ങളുടെ വിപണിതാല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്നായിരിക്കണം അവരുടെ ചിന്ത. ലവ് ജിഹാദ് എന്ന പേരില്‍ വര്‍ഗീയ പൊതുബോധത്തിന്റെ താലപൊലികളില്‍ കണ്ണ്‌നട്ട മലയാള മനോരമയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചരണം പ്രബുദ്ധതയുള്ളവര്‍ക്ക് മറക്കാറായിട്ടില്ല. ആ വക പ്രചരണങ്ങള്‍ ആസൂത്രിതമായ നുണയാണെന്ന് ഒരുവിധമാളുകളും ഇന്ന് തിരിച്ചറിയുന്നുണ്ടാകാമെങ്കിലും, അതു സമൂഹത്തിലുണ്ടാക്കിയ സംശയരോഗം ഏതെങ്കിലുമൊരു മനശാസ്ത്ര വിദഗ്ദനെക്കൊണ്ട് ചികിത്സിച്ച് ഭേദമാക്കാവതല്ല.

ലൗജിഹാദ് എന്ന പ്രചരണം വിജയിച്ചോ പരാജയപ്പെട്ടോ എന്ന ചര്‍ച്ചയേക്കാള്‍ ആ പ്രചരണത്തിന് തത്സമയം സമൂഹത്തിലുണ്ടായ സ്വീകാര്യതയാണ് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത്. ലൗ ജിഹാദിനു ശേഷം, സോഷ്യല്‍ മീഡിയ വഴിയുള്ള ജിഹാദ് ഭീതികള്‍ പലപേരുകളില്‍ വേറെയും ഉണ്ടായി. ലാന്റ് ജിഹാദ്, ഇന്റലക്ച്വല്‍ ജിഹാദ്, ഇന്റര്‍നെറ്റ് ജിഹാദ് തുടങ്ങിയ പേരുകളിലായിരുന്നു അത്. ജിഹാദ് ഭീതികള്‍ നിരന്തരം പെരുകികൊണ്ടിരിക്കുമ്പോഴും, വസ്തുതാവിരുദ്ധമായ ഇത്തരം പ്രചരണങ്ങള്‍ക്ക് പൊതുസമൂഹത്തിനിടയില്‍ നിന്നും സൃഷ്ടിപരമായ യാതൊരു വെല്ലുവിളിയുമില്ലാ എന്നതാണ് ‘പ്രചാരക’ുകളെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വന്നുകഴിഞ്ഞു എന്നുതന്നെയാണ് അല്‍മൊയ്തു-എ മാന്‍ വിത്ത് എ മിഷന്‍ എന്ന ഷോര്‍ട്ട് ഫിലിമും അതിനു യൂട്യൂബില്‍ കിട്ടികൊണ്ടിരിക്കുന്ന വന്‍സ്വീകാര്യതയും തെളിയിക്കുന്നത്.

അശ്കര്‍ തിരക്കഥയും റമീസ് സംവിധാനവും നിര്‍വ്വഹിച്ച് യൂട്യൂബ് ചാനലായ സകീന്‍ ടി.വി. നിര്‍മിച്ച 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം മുസ്‌ലിംകള്‍ക്കെതിരായുള്ള മാധ്യമപ്രചാരണങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ പൊളിച്ചടക്കുക തന്നെയാണ്. പൊതുസമൂഹത്തിനിടയില്‍ പ്രചരിതമായ പൊന്നാനിതൊപിയെന്ന മതപരിവര്‍ത്തന ഉപകരണമാണ് ഇതിലെ തീവ്രവാദ ‘ബോംബ്’. മിത്തുകളുടെ നിര്‍മാണവും അതിന്റെ വിപണനവും എത്ര എളുപമാണെന്ന് ഈ സിനിമ ബോധ്യപ്പെടുത്തുന്നു. സമൂഹത്തിലേക്ക് മിത്തുകള്‍ കടത്തിവിടുന്ന മാധ്യമങ്ങളെ ഉദ്ദീപിപ്പിക്കുന്നത് നിരുത്തരവാദികളായ വായനാസമൂഹം തന്നെയാണെന്നും ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. അല്‍മൊയ്തു എന്ന കഥാപാത്രത്തെ അവതരിപിച്ചിരിക്കുന്നത് മാമുക്കോയയാണ്. ചിത്രത്തിലുടനീളം മലയാളത്തിന്റെ ഹാസ്യതാരം പ്രേക്ഷകരെ ചിരിക്കാതെ ചിരിപ്പിക്കുന്നുണ്ട്.

Related Articles