Current Date

Search
Close this search box.
Search
Close this search box.

അല്‍അഖ്‌റബെന്ന ഈജിപ്തിലെ ഗ്വാണ്ടനാമോ

ഈജിപ്തിലെ അധികമൊന്നും അറിയപ്പെടാത്ത പീഢനകേന്ദ്രങ്ങളില്‍ ഒന്നാണ് അല്‍അഖ്‌റബ് (തേള്‍) ജയില്‍. അമേരിക്കയില്‍ പോയി പരിശീലനം നേടി തിരിച്ചെത്തിയ ഒരു സംഘം ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍മാരാണ് രാഷ്ട്രീയ എതിരാളികളെ ഒതുക്കാനായി ഇത്തരമൊരു ജയില്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കള്‍. ആ ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണ് മര്‍ദ്ദനകലയിലെ അഗ്രഗണ്യന്‍ എന്നറിയപ്പെടുന്ന ഹബീബ് അല്‍അദ്‌ലി. ഇപ്പോഴത്തെ ഈജിപ്ഷ്യന്‍ പട്ടാളഭരണകൂടം ഈയടുത്ത് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ബലാത്സംഗം തുടങ്ങി മനുഷ്യത്വരഹിതവും അതിക്രൂരവുമായ മര്‍ദ്ദന പീഢനമുറകളാണ് ഈ ജയിലില്‍ തടവുകാര്‍ക്കെതിരെ പ്രയോഗിച്ചിരുന്നത്. ഒരുപാട് പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെട്ടു. അതീവരഹസ്യസ്വഭാവമുള്ള ഈ ജയിലിന്റെ രൂപീകരണ പശ്ചാത്തലവും, തടവിലിടപ്പെട്ട ചിലരുടെ പേരുകളും, അതുപോലെ തന്നെ അവിടെ പ്രയോഗിക്കപ്പെടുന്ന മര്‍ദ്ദനമുറകളും, ഇനി കഫന്‍പുടവയില്‍ പൊതിഞ്ഞ് ജയിലിന് പുറത്തേക്ക് വരാന്‍ സാധ്യതയുള്ളവരുടെ പേരുകളുമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

1991-ല്‍ അമേരിക്കയില്‍ പോയി പരിശീലനം നേടിയ ചില ഉദ്യോഗസ്ഥരാണ് അല്‍അഖ്‌റബ് ജയിലിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ശ്വാസകോശ അര്‍ബുദത്തിനും മറ്റു ഗുരുതര രോഗങ്ങള്‍ക്കും കാരണമാവുന്ന കാര്‍സിനോജെനിക് ആസ്‌ബെസ്‌റ്റോസുകള്‍ ഉപയോഗിച്ചാണ് ജയിലിന്റെ നിര്‍മാണം. 1993 മെയ് 30-നാണ് ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. 4 വാര്‍ഡുകളായി തിരിച്ചിട്ടുള്ള ജയിലില്‍ മൊത്തം 320 സെല്ലുകളുണ്ട്. മര്യാദ പഠിപ്പിക്കാനാണ് ഇതില്‍ അഞ്ച് സെല്ലുകള്‍ ഉപയോഗിച്ചിരുന്നത്. ഗ്വാണ്ടനാമോ ജയിലില്‍ നിന്നും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ അവിടെ ഉപയോഗിച്ചിരുന്ന മര്‍ദ്ദനമുറകളി്ല്‍ ആകൃഷ്ടരായി അത് ഈജിപ്തില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചതാവാനാണ് സാധ്യത. അന്നത്തെ ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രി ഹസന്‍ അല്‍ അല്‍ഫിയുടെ കീഴുദ്യോഗസ്ഥരില്‍ ഒരാളായിരുന്നു നേരത്തെ പറഞ്ഞ ഹബീബ് അല്‍ അദ്‌ലി. ഇദ്ദേഹമടങ്ങുന്ന സംഘമാണ് മനുഷ്യത്വമില്ലാത്ത അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഗ്വാണ്ടനാമോയില്‍ പ്രയോഗിച്ചിരുന്ന മനുഷ്യത്വരഹിതമായ പീഢനമുറകള്‍ പഠിക്കാന്‍ പോയത്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി അല്‍അദ്‌ലിയും സംഘവും പീഢനമുറകളെ കണ്ടിട്ടുണ്ടാകണം. സ്വാഭാവികമായും, മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളായിരുന്നു ഈ ക്രൂരന്മാരുടെ മനുഷ്യത്വരഹിതമായ പീഢനമുറകള്‍ക്ക് ഇരയായവരില്‍ ഏറിയ പങ്കും.

ഈജിപ്തിലെ മറ്റു ജയിലുകളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് അല്‍അഖ്‌റബ് നിര്‍മിച്ചിരിക്കുന്നതെന്ന് കേണല്‍ ഉമര്‍ അഫീഫി സാക്ഷ്യപ്പെടുത്തുന്നു. അര്‍ബുദത്തിന് കാരണമാവുന്ന കാര്‍സിനോജനിക് അസ്ബസ്‌റ്റോസ് ചേര്‍ത്ത കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ചാണ് അതിന്റെ നിര്‍മാണം. ഇഷ്ടികകട്ടകള്‍ക്ക് പകരം കാര്‍സിനോജനിക് അസ്ബസ്‌റ്റോസ് ചേര്‍ത്ത സിമന്റ് കട്ടകള്‍ ഉപയോഗിച്ചാണ് ജയിലിന്റെ ചുമരുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി, തടവിലിടപ്പെടുന്നവരില്‍ വളരെ പെട്ടെന്ന് തന്നെ ആസ്മ, കാന്‍സര്‍, എല്ലിന് ബലക്ഷയം, ചര്‍മ്മരോഗങ്ങള്‍ എന്നിവ കാണപ്പെടാന്‍ തുടങ്ങും.

ഉമര്‍ അഫീഫി തുടര്‍ന്നു: ‘പകല്‍ നേരത്ത് ഒരു തരി സൂര്യപ്രകാശം പോലും സെല്ലുകളിലേക്ക് കടക്കാത്ത രീതിയിലാണ് ജയിലിന്റെ നിര്‍മാണം. ഇതിന്റെ ഫലമായി വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറയുന്നത് കാരണം തടവുകാരെ മറ്റു പല രോഗങ്ങളും ബാധിക്കാന്‍ തുടങ്ങും. ശരീരത്തോടൊപ്പം മനസ്സിന്റെയും സമനില തെറ്റുന്നതിലേക്ക് ഇത് നയിക്കും. ജയിലില്‍ വായു സഞ്ചാരം വളരെ കുറവാണ്. ചൂട് കാലത്ത് ജയിലിനുള്ളില്‍ കൊടുംചൂടാവുമ്പോള്‍, തണുപ്പ് കാലത്ത് ജയില്‍ ഒരു ഫ്രീസര്‍ പോലെ ആയിത്തീരും.’

അല്‍അഖ്‌റബിലെ പീഢനപര്‍വ്വങ്ങള്‍ താണ്ടാന്‍ വിധിക്കപ്പെട്ട പ്രമുഖരില്‍ ചിലര്‍ ഇവരാണ്: ഇസ്‌ലാമിക പ്രവര്‍ത്തകനായ ശൈഖ് അബ്ദുല്‍ ഹമീദ് കിശ്ഖ്, മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ അമീന്‍,ഈജിപ്തിലെ വിപ്ലവ സംഘടനാ അംഗങ്ങള്‍, മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍, ജമാഅഃ ഇസ്‌ലാമിയ്യ അംഗങ്ങള്‍, ഇടതുപക്ഷ നേതാവ് കമാല്‍ ഖലീല്‍, ജേര്‍ണലിസ്റ്റ് ഗമാല്‍ ഫഹ്മി, രാഷ്ട്രീയക്കാരായ അയ്മന്‍ നൂര്‍, തൗഫീഖ് അബ്ദു ഇസ്മാഈല്‍, മുന്‍ ഗവര്‍ണര്‍ മാഹിര്‍ അല്‍ജുന്‍ദി, ഇസ്രായേല്‍ ചാരന്മാരായ അസ്സാം അസ്സാം, മുസ്തഫ അല്‍ ബാലിദി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

എന്നാല്‍ ജയിലിലെ ഇസ്രായേല്‍ ചാരന്‍മാരുടെയും മറ്റുള്ള രാഷ്ട്രീയ തടവുകാരുടെയും അവസ്ഥകള്‍ തമ്മില്‍ വളരെ വലിയ അന്തരമുള്ളതായി കാണാന്‍ സാധിക്കും. ഇസ്രായേല്‍ ചാരനായ അസ്സാം അസ്സാമിനെയും ഈജിപ്ഷ്യന്‍ ചാരനായ താരിഖ് ഇമാദുദ്ദീനെയും വളരെ വൃത്തിയുള്ളതും സൗകര്യങ്ങള്‍ ഉള്ളതുമായ സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. ചാരന്‍മാര്‍ക്കെല്ലാം തന്നെ മനുഷ്യത്വപൂര്‍ണ്ണമായ പരിചരണം ലഭിച്ചിരുന്നതായി തടവുകാര്‍ക്ക് വേണ്ടിയുള്ള സൊസൈറ്റിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈജിപ്തിന്റെ ഏറ്റവും വലിയ ശത്രുവായ ഇസ്രായേലിന് വേണ്ടിയാണ് ഈ ചാരന്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഓര്‍ക്കണം. ചാരന്‍മാരോട് കാണിക്കുന്ന മനുഷ്യത്വമൊന്നും തന്നെ രാഷ്ട്രീയ തടവുകാരോട് കാണിക്കരുത് എന്നായിരുന്നു മുബാറക് ഭരണകൂടത്തിന്റെ നയം. കാരണം ചാരന്‍മാരേക്കാള്‍ കൂടുതല്‍ അപകടകാരികള്‍ രാഷ്ട്രീയ തടവുകാരാണ് എന്നായിരുന്നു മുബാറകിന്റെ വിശ്വാസം.

തടവുകാരെ പട്ടിണിക്കിട്ട് കൊല്ലുക എന്ന സമീപനമാണ് ഇപ്പോഴത്തെ പട്ടാള ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നതിന് തെളിവാണ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ട ഡോ. ഇസ്സാം സുല്‍ത്താന്‍, സഅ്ദുദ്ദീന്‍ അല്‍കതാത്‌നി, അലാ അബ്ദുല്‍ ഫത്താഹ് എന്നിവരുടെ ഫോട്ടോകള്‍. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ജയില്‍ അധികൃതര്‍ മരുന്നും ഭക്ഷണവും നിഷേധിക്കുകയാണെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് മുതല്‍ പത്ത് മിനുട്ട് വരെ മാത്രമേ ബന്ധുക്കള്‍ക്ക് തടവുകാരുമായി സംസാരിക്കാന്‍ അനുവാദമുള്ളു. കൂടാതെ തണുപ്പ് കാലത്ത് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കൊടുക്കാന്‍ വരെ ജയില്‍ അധികൃതര്‍ ബന്ധുക്കളെ അനുവദിക്കാറില്ല. അല്‍അഖ്‌റബില്‍ നടക്കുന്ന പീഢന മര്‍ദ്ദനമുറകളെയും, മനുഷ്യാവകാശ ലംഘനങ്ങളെയും കുറച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ‘ഞങ്ങളെ നാല് കാലില്‍ മൃഗങ്ങളെ പോലെ നടത്തിക്കും. എന്നിട്ട് ഗുദദ്വാരത്തില്‍ ഒരു വടി കുത്തികയറ്റിയിറക്കും. ഇതാണ് പുതിയതായി ഞങ്ങളുടെ മേല്‍ അവര്‍ പരീക്ഷിക്കുന്ന പീഢനമുറ.’ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധിയോട് ഒരു തടവുകാരന്‍ പറഞ്ഞതാണിത്.

വധശിക്ഷ വിധിക്കപ്പെട്ട് അല്‍അഖ്‌റബ് ജയിലില്‍ കഴിയുന്ന പത്ത് ചെറുപ്പകാരുടെ കാര്യം വളരെ ദയനീയമാണ്. വധശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലും ജയില്‍ അധികൃതര്‍ അവരെയും അവരുടെ ബന്ധക്കളെയും അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അവര്‍ക്ക് വധശിക്ഷ വിധിക്കപ്പെടാനുണ്ടായ കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപോവുക തന്നെ ചെയ്യും. മുഹമ്മദ് അല്‍ദവാഹിരി എന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുടെ സഹതടവുകാരായി പോയി എന്നതാണത്രെ അവര്‍ ചെയത് കുറ്റം!

പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം എത്ര പേര്‍ ജയിലികത്ത് കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കണക്കെടുക്കുക അസാധ്യമാണ്. കാരണം പുറത്താക്കപ്പെട്ട ഏകാധിപതി ഹുസ്‌നി മുബാറക് പ്രസിഡന്റായിരുന്ന കാലത്ത് മാധ്യമങ്ങളിലൂടെ അതിനെ കുറിച്ച് സംസാരിക്കുക സാധ്യമായിരുന്നില്ല. മുബാറകിന്റെ ഭരണകാലത്ത് കൈയ്യുകണക്കുമില്ലാതെ അല്‍അഖ്‌റബില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയുന്നു. എന്നാല്‍ മുബാറകിന്റെ പുറത്താക്കലിലേക്ക് നയിച്ച ജനുവരി വിപ്ലവത്തിന് ശേഷം മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ അല്‍അഖ്‌റബിനെ കുറിച്ച് മാധ്യമങ്ങളും സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളും അന്വേഷിക്കാന്‍ തുടങ്ങുകയും, ജയിലിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 2013 ജൂലൈ 3-ന് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. പട്ടാളം അധികാരമേറ്റതിന് ശേഷം അല്‍അഖ്‌റബില്‍ 300-ലധികം തടവുകാര്‍ കൊല്ലപ്പെട്ടതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാണ്. 2015-ലെബലിപെരുന്നാള്‍ തലേന്നാണ് ജമാഅഃ ഇസ്‌ലാമിയ്യ നേതാവ് ഇമാദ് ഹസ്സന്‍ ഉദര കാന്‍സര്‍ രോഗബാധിതനായി അല്‍അഖ്‌റബില്‍ മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നത് വരേക്കും ഒരിക്കല്‍ പോലും ഇമാദ് ഹസ്സന് വൈദ്യസഹായം നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല.

അല്‍അഖ്‌റബ് ജയില്‍ എത്രകാലം നിലനില്‍ക്കും? ആര്‍ക്കുമറിയില്ല. എതിരാളികളെയെല്ലാം അല്‍അഖ്‌റബില്‍ കൊണ്ടു പോയി വലിച്ചെറിയുന്ന പ്രവര്‍ത്തനം ഭരണകൂടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ദൈവിക സഹായത്തിനായി ഞങ്ങളും അല്‍അഖ്‌റബിലെ തടവുകാരും ഒരുപോലെ കാത്തിരിക്കുകയാണ്. അവരെ ആ നരകതുല്ല്യമായ യാതനകളില്‍ നിന്നും രക്ഷിക്കാനുള്ള ക്യാമ്പയിനുകളുമായി മുന്നോട്ട് പോകണമെന്നാണ് അവര്‍ക്ക് നമ്മോട് പറയാനുള്ളത്. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനകളില്‍ അവരെ കൂടി ഉള്‍പ്പെടുത്തണമെന്നും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles