Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ ദീനിനെ പരിഹാസ പാത്രമാക്കുന്നവരോട്

സിസ്റ്റര്‍ അഭയ കേസ് കത്തി നില്‍ക്കെ ക്രിസ്ത്യാനി അല്ലാത്ത പലരും പറയുന്നത് കേട്ടു : അച്ചന്മാര്‍ പലരും ഇങ്ങിനെയാ. എന്നാല്‍ ഒരു  ക്രിസ്ത്യന്‍ വിശ്വാസിയോട് ചോദിച്ചാല്‍ അയാള്‍ പറയും അത് നമ്മുടെ വിഭാഗത്തില്‍ പെട്ടവര്‍ അല്ല. മറ്റേ ഗ്രൂപ്പുകാരൊക്കെ അങ്ങിനെയാ. ഇവിടെ ഇത് പറഞ്ഞത് അച്ചന്മാര്‍ എല്ലാവരും മോശക്കാര്‍ ആണെന്ന് ചിത്രീകരിക്കാന്‍ അല്ല. മറിച്ചു നല്ലവരായിരിക്കേണ്ട വിഭാഗത്തില്‍ തെറ്റുകള്‍ കാണുമ്പോള്‍ പുറത്തു നിന്നും നോക്കി കാണുന്ന ആളുകള്‍ അവരുടെ ഗ്രൂപ്പ് നോക്കിയല്ല വിലയിരുത്തുക. മറിച്ചു ആ വിഭാഗത്തെ മൊത്തം ചീത്തയായി വിലയിരുത്തുന്നു.
കേരളത്തിലെ മുസ്‌ലിം മത വിശ്വസികളിലെ ഗ്രൂപ്പ് തര്‍ക്കം അതിന്റെ എല്ലാ സീമകളും ഭേദിച്ച് മുന്നേറുകയാണ്. കൊലപാതകങ്ങളും തെരുവ് പോരാട്ടങ്ങളും ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നശിപ്പിക്കലും പണവും സമയവും ചിലവഴിച്ചു ശബ്ദ മലിനീകരണം നടത്തി വാദപ്രതിവാദങ്ങളും അരങ്ങു തകര്‍ക്കുന്നു. അതിന്റെ ഒരു പ്രതിച്ഛായ സോഷ്യല്‍ മീഡിയകളിലും കാണുന്നു. മുസ്‌ലിമിന് നിര്‍ബന്ധമായ നമസ്‌കാരം വരെ നിര്‍വഹിക്കാത്തവര്‍ എതിര്‍ ഗ്രൂപ്പിലെ ഏറ്റവും ഉന്നതനായ നേതാവിനെപ്പോലും ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങളുടെ പേരില്‍ പൊതു ജനങ്ങളുടെ ഇടയില്‍ ഏറ്റവും നിന്ദ്യനായി ചിത്രീകരിക്കുന്നു. പ്രിയ മുസ്‌ലിം സഹോദരാ, നിന്റെ ഈ പ്രവര്‍ത്തികൊണ്ട് എതിര്‍ വിഭാഗത്തിന് നിങ്ങളോടുള്ള എതിര്‍പ്പും വെറുപ്പും കൂടിയതല്ലാതെ എപ്പോഴെങ്കിലും അവര്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് സമ്മതിച്ചു അവരുടെ നിലപാടുകള്‍ മാറ്റിയിട്ടുണ്ടോ? നിങ്ങള്‍ ഈ പേക്കൂത്തുകള്‍ കാണിക്കുന്നത് കൊണ്ട് അമുസ്‌ലിം സഹോദരന്മാര്‍ എങ്ങിനെ ഇസ്‌ലാമിനെ മനസ്സിലാക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എതിര്‍ ഗ്രൂപ്പിലെ നേതാവിനെ താറടിച്ചു കാണിക്കാനുള്ള നിങ്ങളുടെ ശ്രമം മൂലം യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ മുഖത്ത് കരി വാരി തേക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഒരു ഗ്രൂപ്പ് നേതാവിനെ വൃത്തി കെട്ടവന്‍ എന്ന് നിങ്ങള്‍ ആരോപികുമ്പോള്‍ ഇസ്‌ലാമിലെ ഗ്രൂപ്പുകളെ കുറിച്ച് അറിയാത്തവര്‍ മനസ്സിലാക്കുന്നത് മുസ്‌ലിം നേതാക്കള്‍ എല്ലാംവൃത്തികെട്ടവരാണെന്നാണ്.
തെറ്റുകള്‍ മനുഷ്യ സഹജമാണ്. സംഘടനകള്‍ക്കും നേതാക്കള്‍ക്കുമൊക്കെ തെറ്റു പറ്റും. അത് തിരുത്തേണ്ടത് മുസ്‌ലിമിന്റെ കടമയും ആണ്. പക്ഷെ അതിനു ഇസ്‌ലാമികമായ രീതിയുണ്ട്. അത് അവലംബിക്കുക. അതിനു ആദ്യമായി തെറ്റ് ചെയ്യുന്നവന് അത് ചൂണ്ടി കാണിച്ചു കൊടുക്കുകയും അവനെ നല്ലത് ഉപദേശിക്കുകയും ചെയ്യുക. അതിനു നിങ്ങള്‍ നേരിട്ട് പോകണമെന്നില്ല ഫോണിലൂടെയോ, കത്ത് മുഖേനയോ ഇമെയില്‍ മുഖേനയോ ഒക്കെ മുസ്‌ലിമിന്റെ ആദ്യ കടമ നിര്‍വഹിക്കുക. എന്നിട്ടും തുടരുന്നു എങ്കില്‍ ശക്തി കൊണ്ട് തടയാന്‍ കഴിയുമെങ്കില്‍ തടയുക. അതിനും സാധിക്കുന്നില്ലെങ്കില്‍ മാത്രം ഏറ്റവും മാന്യമായ രീതിയില്‍ വ്യക്തി ഹത്യ നടത്താതെ പൊതു ജനത്തോട് അത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുക. ഇതല്ലേ കരണീയമായ രീതി.
പ്രിയ നേതാക്കളേ, സംഘടനാ ഭാരവാഹികളേ… നിങ്ങളുടെ സംഘടനക്ക് എന്ത് കൊണ്ടാണ് ഒരു തെറ്റും സംഭവിക്കാത്തത്? നടക്കാന്‍ ശ്രമിക്കുമ്പോള്‍ വീഴുക എന്നത് തെറ്റല്ല. അതു പോലെ നല്ലത് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തെറ്റ് പറ്റുക എന്നത് സ്വാഭാവികം മാത്രം. പശ്ചാതപിക്കുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. കാരണം തെറ്റ് പറ്റുക മനുഷ്യ സഹജമാണെന്നു അല്ലാഹുവിന്നു അറിയാം. തെറ്റ് പറ്റിയാല്‍ ന്യായീകരിക്കുന്നതല്ല നന്മ. തെറ്റ് സമ്മതിക്കുകയും പശ്ചാത്തപിക്കുകയും അതില്‍ നിന്ന് പാഠം ഉള്‍കൊണ്ട് അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ അല്ലാഹുവും മനുഷ്യരും ഇഷ്ടപ്പെടും. ഇന്നത്തെ കാലത്ത് തങ്ങള്‍ക്കു ഒരു തെറ്റും ഇത് വരെ സംഭവിച്ചിട്ടില്ല എന്ന് പറയുന്ന നേതാവും സംഘടനയും പറയുന്നത് കള്ളമാണെന്ന് ഏതു സാമാന്യ ബുദ്ധിയുള്ളവനും മനസ്സിലാക്കും. സത്യം പറയാന്‍ നേതാക്കള്‍ മടിച്ചാല്‍ അനുയായികളും അത് പകര്‍ത്തുകയും ഭാവിയില്‍ അത്തരം നേതാക്കളുടെ സംഘടനകള്‍ എല്ലാം കള്ളം പറയാന്‍ മടിയില്ലാത്തവരുടെ കൂട്ടവും നേതാക്കള്‍ ആ കള്ളന്മാരെ നയിക്കുന്നവര്‍ ആയി മാറുകയും ചെയ്യും. അല്ലാഹു കാത്തു രക്ഷിക്കട്ടെ…. ആമീന്‍.

Related Articles