Current Date

Search
Close this search box.
Search
Close this search box.

അറബ് വിപ്ലവം ബാധിക്കാത്ത മതേതര കോടതികള്‍

വിപ്ലവാനന്തര ഈജിപ്തിലെയും തുണീഷ്യയിലെയും കോടതികള്‍ ഇതുവരെ സ്വാതന്ത്യം പ്രാപിച്ചിട്ടില്ല. അതിനാല്‍ തന്നെ നീതി സ്ഥാപിക്കുകയും സാക്ഷാല്‍കരിക്കുകയും ചെയ്യുക എന്നത് ഒരു തലവേദനയായി കിടക്കുന്നു. കോടതിയിലെ കാര്യസ്ഥന്മാര്‍ ഏകാധിപതിയായ മുബാറക്കിന്റെയും ബിന്‍ അലിയുടെയും ഭരണ വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നിതാന്ത ശ്രമത്തിലാണ് ഇപ്പോഴുമുള്ളത്. ധിക്കാരികളായ ഭരണാധികാരികളെ തൂത്തെറിഞ്ഞ ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍കരിക്കുന്നതില്‍ കോടതികള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. ഭരണാധികാരികളുടെ ഉദ്ദേശങ്ങളെ പോലും അതിജയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലാണ് അവരുള്ളത്ന്നത്. മാത്രമല്ല, ഈ ഏകാധിപതികളെ ജനങ്ങള്‍ക്ക് ഫിറ്റാക്കാനുള്ള അതീവ ശ്രമത്തിലാണ് കോടതികള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.

വിപ്ലവത്തിനു മുമ്പുള്ള നിരവധി കലാപങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളേയും വിസ്മരിക്കാന്‍ ശ്രമിക്കുന്നതു പോലെ മതേതര കോടതി ജനതയുടെ അഭിലാഷങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിയമം, കോടതി എന്ന ആയുധശാലകളെ നീതി സാക്ഷാല്‍കരിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റാതെ നിയമത്തിന്റെ നൂലാമാലകള്‍ ഇഴപിരിച്ച് കൊണ്ട് ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളെ അപഹരിക്കാനുള്ള ഫാക്ടറികളാക്കി മാറ്റുകയാണ് കപട മതേതര വ്യവസ്ഥകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

 നീതി സാക്ഷാല്‍കരിക്കാനുള്ള അന്നഹ്ദ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ തുണീഷ്യന്‍ ജഡ്ജസ് അസോസിയേഷന്‍  ‘നീതിപീഠത്തെ സ്വതന്ത്രമാക്കുക’ എന്ന പ്രമേയത്തില്‍ പൊതു ഹര്‍ത്താലിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്യുകയുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. ജഡ്ജിമാര്‍ക്കെതിരെ താല്‍ക്കാലിക ജഡ്ജിമാരെ നിയോഗിച്ചുകൊണ്ട് മുമ്പ് ബിന്‍ അലി സുപ്രീം കോടതിക്ക് വിധേയനാകാതെ പ്രവര്‍ത്തിച്ചപ്പോള്‍ നീതി പീഠത്തെ സ്വതന്ത്രമാക്കുക എന്നതു പോലുള്ള ഒരു മുദ്രാവാക്യവും തുണീഷ്യയില്‍ നിന്നുയര്‍ന്നില്ല എന്ന വസ്തുത നമ്മുടെ മുമ്പിലുണ്ട്. ബിന്‍ അലിയുടെ സേഛ്വാധിപത്യത്തിന് കീഴ്‌പ്പെടുക മാത്രമായിരുന്നു അന്ന് അവരുടെ ജോലി.

ഇതേ പ്രതിസന്ധി തന്നെയാണ് ഈജിപ്തും അഭിമുഖീകരിക്കുന്നത്. ജനങ്ങള്‍ വിപ്ലവത്തിലൂടെ തെരഞ്ഞെടുത്ത ഭരണകൂടത്തിന് ഭരണഘടനയുടെ അടിസ്ഥാന സതംഭമായ മതേതര കോടതിയോട് നിരന്തരമായി പോരാടേണ്ടിവരുന്നു എന്ന ദുര്യോഗമാണുള്ളത്.  ഈജിപ്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  പ്രസിഡണ്ട് മുര്‍സി നിയമിച്ച അറ്റോണി ജനറല്‍ തന്നെ അദ്ദേഹത്തിനെതിരെ വഞ്ചനാത്മക നടപടികളുമായി മുന്നോട്ട് പോകുന്നതാണ് കാണാന്‍ കഴിയുന്നത്. പഴയ ഭരണത്തിന് വിധേയനാകാത്ത സ്വതന്ത്ര നിയമനിര്‍മാതാവിനെ പുറത്താക്കാനുള്ള കുതന്ത്രങ്ങളിലാണ് ഭരണഘടനാ കോടതി ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്.
വിപ്ലവ ഭരണകൂടത്തിന്റെ സംവിധാനങ്ങളെ ശുദ്ധീകരിച്ച് പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ നിര്‍ണായക സ്ഥാനത്തേക്ക് ഉയര്‍ത്തി അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന വിരോധാഭാസമാണ് ഈജിപ്തിലേതുപോലെ തുണീഷ്യയിലും അരങ്ങേറുന്നത്.
അവലംബം : almoslim.net

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles