Current Date

Search
Close this search box.
Search
Close this search box.

അറബ് മൗനം ഇസ്രയേലിന്റെ വന്യതക്ക് ഉണര്‍വേകുന്നു

വര്‍ധിച്ചു വരുന്ന സയണിസ്റ്റ് ധിക്കാരത്തിനെതിരെയുള്ള ഫലസ്തീന്‍ വിപ്ലവത്തിന്റെ സൂചനകളാണ് ജറൂസലേമില്‍ നിന്നും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ ഏറ്റുമുട്ടലുകളില്‍ എത്തിയിരിക്കുന്നു. ഓരോ ദിവസവും ഇരകളാക്കപ്പെടുന്നരുടെ എണ്ണവും വര്‍ധിക്കുന്നു. എന്നാല്‍ അറബ് രാഷ്ട്രീയാന്തരീക്ഷത്തില്‍ അതിന്റെ അലയൊലികള്‍ നമുക്ക് കാണാനാവുന്നില്ല. കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന അതിനേക്കാള്‍ വലിയ മറ്റ് വേദനകള്‍ അവിടത്തെ രാഷ്ട്രീയ നേതാക്കളിലുണ്ടെന്നതാണ് ശരി. വലിയ വേദനകള്‍ക്ക് മുന്നില്‍ ചെറിയ വേദനകള്‍ അപ്രസക്തമാവുന്നത് സ്വാഭാവികം മാത്രം. ഈയടുത്ത കാലം വരെ ഇസ്രയേല്‍ അധിനിവേശമായിരുന്നു നമ്മുടെ ഏറ്റവും വലിയ വേദന. ഫലസ്തീന്‍ അറബ് ലോകത്തിന്റെ മുഖ്യവിഷയവുമായിരുന്നു. അറബ് ലോകത്ത് വീശിയ മലിനമാക്കപ്പെട്ട കാറ്റ് അവരുടെ മുന്‍ഗണനാക്രമങ്ങളെ അപ്പാടെ മാറ്റിമറിച്ചു. അധിനിവേശ ശക്തികള്‍ ചിലരുടെ സഖ്യകക്ഷികളായി മാറി. മറ്റു ചിലരുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭീരകരരായി ഫലസ്തീനികള്‍ മുദ്രകുത്തപ്പെട്ടു. പ്രതിരോധം പലര്‍ക്കും വെറുപ്പും നീരസവുമുണ്ടാക്കുന്ന ഒരു പദമായി തീര്‍ന്നു. ഈ മുഖ്യവിഷയം നാളെ പഴമ്പുരാണം മാത്രമായി അവശേഷിക്കും.

അറബ് ലോകം കീഴ്‌പ്പെട്ടിരിക്കുന്ന നഷ്ടത്തിന്റെയും പിന്‍വാങ്ങലിന്റെയും അന്ധാളിപ്പിന്റെയും നിമിഷം ഇസ്രയേലികളുടെ വന്യതയെ ഉണര്‍ത്തിയിരിക്കുകയാണ്. ഫലസ്തീന്‍ വിഷയത്തെ ഇല്ലാതാക്കുക മാത്രമല്ല, ഖുദ്‌സിനെ കടപുഴക്കിയെറിയാനും അതിന്റെ എല്ലാ അടയാളങ്ങളും തുടച്ചു നീക്കാനും അവര്‍ ഒരുങ്ങിയിരിക്കുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും വിശുദ്ധമായി കരുതുന്ന ഒന്നും അവിടെ അവിശേഷിക്കരുതെന്ന തരത്തിലാണിത്. ഭൂമിശാസ്ത്രപരമായ ബലാല്‍കാരം കൊണ്ട് മതിയാക്കാത്ത അവര്‍ അതിന്റെ ചരിത്രത്തെ കൂടി വ്യഭിചരിക്കാന്‍ അവരുടെ ആര്‍ത്തിയെ തുറന്ന് വെച്ചിരിക്കുന്നു.

ഈയടുത്ത കാലത്ത് സയണിസ്റ്റ് തീവ്രവാദികള്‍ തങ്ങളുടെ ലക്ഷ്യമാക്കിയത് മസ്ജിദുല്‍ അഖ്‌സയും അതിന്റെ വിശുദ്ധ ഹറമുമാണ്. തീവ്രവലതുപക്ഷ കക്ഷികളുടെ പിന്തുണ നേടാനുള്ള തുറുപ്പു ചീട്ടായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉപയോഗിച്ചതും അതിനെ തന്നെയാണ്. പോലീസ് അകമ്പടിയോടെ നിരവധി തവണ അവര്‍ ഹറമില്‍ ഇരച്ചു കയറി. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് നമസ്‌കരിക്കാനെത്തിയവരുടെ മുന്നില്‍ അഖ്‌സയുടെ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്തു. മസ്ജിദുല്‍ അഖ്‌സയെയും ഹറമിനെയും വിഭജിക്കാനുള്ള പദ്ധതി ഇസ്രയേല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഏകദേശം പതിനെട്ട് വര്‍ഷം മുമ്പ് ഹറം ഇബ്‌റാഹീമി വിഭജിച്ച കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള ശ്രമം. തുടര്‍ന്ന് ഹറം ഇബ്‌റാഹീമിയുടെയും കിഴക്കന്‍ ജറൂസലേമിന്റെയും ഹൃദയ ഭാഗത്ത് തന്നെ അവര്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കും പദ്ധതി തയ്യാറാക്കി. വിഭജനം എന്നത് മസ്ജിദുല്‍ അഖ്‌സയെ തകര്‍ക്കാനും തല്‍സ്ഥാനത്ത് അവിടെയുണ്ടായിരുന്നെന്ന് അവര്‍ വാദിക്കുന്ന ജൂതദേവാലയം പണിയാനുമുള്ള ആമുഖ നടപടിയാണെന്നത് ആര്‍ക്കും അറിയാത്ത ഒന്നല്ല. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഇസ്രയേലിനായിരിക്കണമെന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നെസറ്റ് ഉപാധ്യക്ഷന്‍ നിര്‍ദേശിച്ചിരുന്നു. അതായത് മസ്ജിദുല്‍ അഖ്‌സയുടെയും ഹറമിന്റെയും മേല്‍നോട്ട ചുമതല ജോര്‍ദാന്‍ ഔഖാഫ് മന്ത്രാലയത്തില്‍ നിന്നും എടുത്തുമാറ്റി ഇസ്രയേല്‍ ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കണം.

മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ഭൂമിയുടെ ഉടമസ്ഥാവകാശം പിടിച്ചെടുക്കല്‍, അറബ് ഭവനങ്ങള്‍ കയ്യേറല്‍, വ്യാജ രേഖകള്‍ നിര്‍മിച്ച് അവ ഉടമപ്പെടുത്തല്‍, അറബ് തെരുവുകളുടെ അസ്ഥിത്വം മാറ്റിയെടുക്കുന്നതിനായി നുഴഞ്ഞ് കയറല്‍ (അറബ് വംശജര്‍ക്ക് ഭീഷണിയും പ്രകോപനവും സൃഷ്ടിച്ച് ഇസ്രയേല്‍ ഭവനകാര്യ വകുപ്പ് മന്ത്രി ഊറി ഏരിയല്‍ പുരാതന ഖുദ്‌സിലെ സില്‍വാന്‍ സ്ട്രീറ്റിലേക്ക് താമസം മാറ്റി.) തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നു. നഗരത്തില്‍ ഉണ്ടായേക്കാവുന്ന അറബ് വിപ്ലവത്തെ നേരിടാനുള്ള പ്രത്യേക സേനയെയും ഒരുക്കി. അറബ് രോഷം അടിച്ചമര്‍ത്തലും പ്രകടനക്കാരെ വിചാരണ ചെയ്യലുമാണ് ഈ സേനയുടെ മുഖ്യ ദൗത്യം. പോലീസുമായി ഏറ്റുമുട്ടുകയോ അവരെ കല്ലെറിയുകയോ ചെയ്യുന്നത് പോലും 20 വര്‍ഷം വരെ തടവ്ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി മാറി.

ഈ നടപടികള്‍ അറബ് വംശജര്‍ക്കിടയില്‍ വളരെ പെട്ടന്ന് അലയൊലികള്‍ സൃഷ്ടിച്ചു. ന്യായമായ കാരണങ്ങളുടെ പേരിലുള്ള തങ്ങളുടെ രോഷം പല രൂപത്തിലും ഭാവത്തിലും അവര്‍ പ്രകടിപ്പിച്ചു. അവര്‍ പ്രകടനം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും അവര്‍ക്ക് നേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞു. ഒരാള്‍ തന്റെ കാര്‍ ഓടിച്ചു കയറ്റി ഒരു ഇസ്രയേല്‍ പോലീസ് ഓഫീസറെ വകവരുത്തുകയും മറ്റ് പതിനാല് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മറ്റൊരാള്‍ ഹെബ്രോണില്‍ സൈനികര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റി. ഒന്നാമത്തെ സംഭവത്തിലെ ഇബ്‌റാഹീം അകാരി കൊല്ലപ്പെടുകയും രണ്ടാമത്തെ സംഭവത്തിലെ അജ്ഞാതനായ വ്യക്തി ഓടി രക്ഷപ്പെടുകയും ചെയ്തു. അകായില്‍ കുടിയേറ്റക്കാരന് അറബ് യുവാവിന്റെ കുത്തേല്‍ക്കുകയും കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ്സിന് നേരെ കല്ലുകള്‍ വര്‍ഷിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ സംഭവങ്ങള്‍ മാധ്യമങ്ങളിലും അലകള്‍ ഉയര്‍ത്തി. ഇസ്രയേല്‍ മാധ്യമങ്ങള്‍ മൂന്നാം ഇന്‍തിഫാദയുടെ ആമുഖമായിട്ടാണ് ഇവയെ വിലയിരുത്തിയത്. അതോടൊപ്പം സംഘര്‍ഷത്തില്‍ പങ്കാളിയാവുന്ന ഏത് അറബിയെയും കൊല്ലണമെന്ന പരസ്യ പ്രസ്താവനയുമായി ആഭ്യന്തര സുരക്ഷാ മന്ത്രിയും രംഗത്തെത്തി.

ഫലസ്തീനികളുടെ ഉള്ളിലെ രോഷം നമുക്ക് മനസ്സിലാക്കാവുന്നതാണ്, എന്നാല്‍ ആ രോഷത്തോടുള്ള ഉപരോധവും അടിച്ചമര്‍ത്തലിന്റെ കാരണവും മനസ്സിലാവുന്നില്ല. ഇവക്കൊന്നും യാതൊരു പ്രാധാന്യവും നല്‍കാത്ത് അറബ് ഭരണകൂടങ്ങളുടെയോ അറബ് ലീഗിന്റെയോ നിലപാടില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ അറബ് രാഷ്ട്രീയ ശക്തികളെയും അത് ബാധിച്ചിരിക്കുന്നു. ഇതിന്നൊരപവാദമായി നിലകൊള്ളുന്നത് ഫലസ്തീന്‍ രോഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജോര്‍ദാന്‍ മാത്രമാണ്. ഒരു പക്ഷെ ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഏക അറബ് തലസ്ഥാനവും അവരായിരിക്കും.

ഖുദ്‌സിലെ സഹോദരങ്ങളെ അഭിസംബോധന ചെയ്തും അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും അവര്‍ മുദ്രാവാക്യം വിളിച്ചതായി ഞാന്‍ വായിച്ചു. സയണിസ്റ്റുകളോടും ഇസ്രയേല്‍ പോലീസിനോടുമുള്ള തങ്ങളുടെ രോഷം അവരുടെ മുദ്രാവാക്യങ്ങളില്‍ പ്രകടമായിരുന്നെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും അറബ് ലോകത്ത് നിന്നും ഒരു പ്രകടനത്തിന്റെ ശബ്ദം കേള്‍ക്കാത്തതെന്ത് എന്ന ചോദ്യത്തിന് ‘വരിയുടക്കപ്പെട്ട കുതിരകള്‍ ഒച്ചവെക്കില്ല’ എന്ന അറബി പഴഞ്ചൊല്ലില്‍ നിന്നും ഒരുപക്ഷെ ഉത്തരം കണ്ടെത്താനായേക്കും. ഇതിന് ഇതല്ലാത്ത മറ്റുവല്ല വിശദീകരണവുമുള്ളവര്‍ എന്നെ അറിയിക്കുമല്ലോ.

മൊഴിമാറ്റം : നസീഫ്‌

Related Articles