Current Date

Search
Close this search box.
Search
Close this search box.

അറബ് മനസാക്ഷിയെ ഉണര്‍ത്താന്‍ ഇനിയെത്ര ചിത്രങ്ങള്‍ വേണം?

തുര്‍ക്കിയുടെ ബോദ്‌റം തീരത്തടിഞ്ഞ ഐലാന്‍ കുര്‍ദിയെന്ന മൂന്നുവയസുകാരന്‍ സിറിയന്‍ ബാലന്റെ ചിത്രമുയര്‍ത്തിയ അലയടി ലോകമാകെ ഇന്നും പ്രതിധ്വനിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി സിറിയന്‍ ജനത അനുഭവിക്കുന്ന ദുരിതപര്‍വങ്ങളിലേക്ക് മിഴിതുറക്കുന്ന ചിത്രമാണത്. രണ്ടര ലക്ഷം മനുഷ്യര്‍ മരിച്ചുവീഴുകയും 12 മില്യണ്‍ ആളുകള്‍ ഭവനരഹിതരാവുകയും ചെയ്ത വാര്‍ത്തകള്‍ അറിഞ്ഞിട്ടില്ലാത്തവരിലേക്ക് പോലും ആ ദാരുണചിത്രം ചെന്നെത്തി. 2000- ത്തില്‍ ഇസ്രയേല്‍ സൈന്യം മുഹമ്മദുദ്ദുര്‍റ എന്ന ഫലസ്തീനി ബാലനെ തന്റെ പിതാവിന്റെ മടിയിലിട്ട് ക്രൂരമായി വെടിവെച്ച് കൊല്ലുന്ന ഫോട്ടോയാണ് സമാനമായ ആഗോളപ്രതികരണമുണ്ടാക്കിയ മുന്നനുഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് ആദ്യത്തില്‍ ജൂത കുടിയേറ്റക്കാര്‍ വീടിന് തീവെച്ച് കൊന്ന അലി ദവാബിശ എന്ന ഫലസ്തീനി കുഞ്ഞിന്റെ സംഭവവും വ്യത്യസ്തമല്ല. ആ കുഞ്ഞിന്റെ പിതാവും മാതാവും ഇതേ അപകടത്തെ തുടര്‍ന്ന് പിന്നീട് മരണപ്പെട്ടു. തന്റെ വീടിനകത്തെ ഇരുട്ടില്‍ കത്തിയെരിയെരിയാന്‍ വിധിക്കപ്പെട്ട ആ പൈതലിന്റെ പടമെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. യമനില്‍ വധിക്കപ്പെട്ട് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മറവ് ചെയ്യപ്പെടുന്ന കുട്ടികളുടെ ദൃശ്യങ്ങളും, മരണം തളംകെട്ടിയ ഇറാഖും മറ്റു സംഘര്‍ഷ പ്രദേശങ്ങളും നമ്മുടെ പുതുമകളില്ലാത്ത നിത്യകാഴ്ചകളുടെ ഭാഗമാണല്ലോ.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഗസ്സാ തീരത്തായിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനെ. യൂറോപിന്റെ ഞെട്ടലോ ജാഗ്രതയോ അപ്പോള്‍ സംഭവിക്കുമായിരുന്നില്ല. 2014- ലെ ഇസ്രയേലിന്റെ ഗസ്സാ ആക്രമണത്തില്‍ നാമത് കണ്ടതാണ്. ഒന്നല്ല, നാല് കുഞ്ഞുങ്ങളാണ് അന്ന് കടല്‍ തീരത്ത് കളിച്ചുകൊണ്ടിരിക്കെ കൊലചെയ്യപ്പെട്ടത്. അറബ്, പാശ്ചാത്യ നാടുകളിലൊന്നു പോലും അത്കണ്ട് അനങ്ങിയില്ല.

വിഷയത്തിലെ യൂറോപിന്റെ ജാഗ്രത നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. കാരണം, മരണം രചിച്ചതും കൊലപാതകങ്ങളോട് രാജിയായതും നാമാണല്ലൊ? മൃതദേഹങ്ങള്‍ നമുക്കൊരു അസാധാരണ കാഴ്ചയല്ല. യഥാര്‍ഥ കുറ്റത്തെക്കാളും നമ്മുടെ മാധ്യമങ്ങള്‍ പരിഗണിച്ചത് യൂറോപിന്റെ പ്രതികരണങ്ങളെയായിരുന്നു. ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന കൊലയാളിയെ മറന്ന് അഭയാര്‍ഥികളെയും അവരുടെ യാതനകളെയും തേടിപ്പോകാനാണ് നമ്മുടെ മീഡിയക്ക് താല്‍പര്യം. അതിന്റെ ഫലമായി, യൂറോപിന്റെ ആകുലതകളില്‍ നമ്മള്‍ വ്യാപൃതരായി. യമനിലെ രകതച്ചൊരിച്ചിലും ലിബിയയിലെ അധിനിവേശവും ഫലസ്തീന്‍ പ്രശനവുമൊക്കെയടങ്ങുന്ന നമ്മുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ അതിനിടക്ക് നാം മറന്നു.

കടലില്‍ മുങ്ങിമരിച്ച സിറിയന്‍ ബാലന്റെ ചിത്രം യൂറോപിനെ ഞെട്ടിച്ചു എന്ന വാര്‍ത്ത എന്നെ അമ്പരപ്പിച്ചു. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്ന് കൊടുക്കണമെന്ന ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ഇസാഖ് ഹെര്‍സോഗിന്റെ ഇസ്രയേല്‍ ഗവണ്‍മെന്റിനോടുള്ള അഭ്യര്‍ഥന വായിച്ചപ്പോള്‍ സ്വയംനിന്ദയാണ് തോന്നിയത്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപിനോടുള്ള പോപിന്റെ അഭ്യര്‍ഥനലജ്ജ തോന്നിച്ചു. പാശ്ചാത്യ ഫുട്‌ബോള്‍ താരങ്ങളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയായപ്പോള്‍ ലജ്ജാബോധം ഇരട്ടിച്ചു. പ്രശസ്ത ഫ്രഞ്ച്ഗായകന്‍ ചാള്‍സ് അസ്‌നവോര്‍ മിഡിലീസ്റ്റിലെ പീഡിതരെ ഒഴിഞ്ഞഫ്രഞ്ച് ഗ്രാമങ്ങളില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ലയണല്‍ മെസി അഭയാര്‍ഥികള്‍ക്ക് തന്റെ ചാരിറ്റിസ്ഥാപനത്തിന്റെ പിന്തുണ അറിയിച്ചു. ഹാരിപോര്‍ട്ടര്‍ നോവലിസ്റ്റ് ജെ.കെ റൗളിംഗ് അഭയാര്‍ഥികളോട് ഐക്യദാര്‍ഢ്യപ്പെടാന്‍ ആഹ്വാനംചെയ്തു. അമേരിക്കന്‍ നോവലിസ്റ്റ് ജോണ്‍ഗ്രീന്‍ അഭയാര്‍ഥികള്‍ക്കായി ബ്രിട്ടീഷ് ചൈല്‍ഡ്ഹുഡ് റിലീഫ് ഫണ്ടിലേക്ക് 20000 ഡോളര്‍ സംഭാവന നല്‍കുകയും 24 മണിക്കൂറിനകം അരമില്യണ്‍ ബ്രിട്ടീഷ് പൗണ്ട് ശേഖരിക്കുകയും ചെയ്തു. ബയേണ്‍ മ്യൂണിക് ഒരു മില്യണ്‍ യൂറോയും അന്താരാഷ്ട്ര ഒളിംബിക് കമ്മിറ്റി രണ്ട് മില്യണ്‍ ഡോളറും റയല്‍ മാഡ്രിഡ് ഒരു മില്യണ്‍ യൂറോയും വാഗ്ദാനം ചെയ്തു.

ഫിന്‍ലന്റ് പ്രധാനമന്ത്രി ജൂഹാസിപില തന്റെ വസതി തന്നെ അഭയാര്‍ഥി കേന്ദ്രമാക്കി മാറ്റി മാതൃക കാണിച്ച് തന്റെ രാജ്യക്കാരോട് അതേ മാതൃക പിന്തുടരാനാവശ്യപ്പെട്ടു. ‘അഭയാര്‍ഥിസംഘങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രവേശനമില്ല’ എന്ന് പ്രഖ്യാപിച്ച ഡേവിഡ് കാമറൂണിന്റെ പ്രസ്താവന ശക്തമായി അപലപിക്കപ്പെട്ടു. ലജ്ജാകരമെന്ന് ആംനസ്റ്റിയും ബ്രിട്ടീഷുകാര്‍ക്ക് ഒന്നടങ്കം അപമാനകരമെന്ന് ഗാര്‍ഡിയന്‍ പത്രവും അതിനെ വിലയിരുത്തി. ഇതിനിടക്ക് അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന ജര്‍മന്‍ ചാന്‍സ്‌ലറുടെ ആഹ്വാനവും ഓസ്ട്രിയയുമായി ചേര്‍ന്ന് ഇരുകൂട്ടരും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധമായതും ശ്രദ്ധേയമായ നീക്കങ്ങളായി. ഫ്രഞ്ച് പ്രസിഡണ്ടുമായി ചേര്‍ന്ന് ജര്‍മനി അഭയാര്‍ഥി പ്രശ്‌നത്തെ നേരിടാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടക്ക് വിതരണം ചെയ്തു.

ഇത്തരം വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്ത നമ്മുടെ പത്രങ്ങള്‍ വായിച്ചാല്‍ തോന്നുക ഇതൊരു യൂറോപ്യന്‍ പ്രശ്‌നമാണെന്നും, അതിനു പിന്നില്‍ ഏതോ ഉപഗ്രഹത്തില്‍ നിന്ന് വന്ന അജ്ഞാത കൂട്ടരാണെന്നും.

അഭയാര്‍ഥികളുടെ എണ്ണത്തെ കുറിച്ച കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. യു.എന്‍ അഭയാര്‍ഥി കമ്മീഷന്‍ (UNHCR) റിപ്പോര്‍ട്ട് പ്രകാരം 40 ലക്ഷമാണ് അഭയാര്‍ഥികളുടെ എണ്ണം. അതില്‍ മൂന്ന് ലക്ഷം പേരാണ് ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടല്‍ കടന്നത്. അതില്‍ 2500 നും 3500 നുമിടക്ക് ആളുകള്‍ കരപറ്റും മുമ്പേ കടലില്‍ മുങ്ങിമരിച്ചു. യു.എന്‍ രജിസ്റ്റര്‍ പ്രകാരം ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികളുള്ളത് ലെബനാനിലാണ്. 10 ലക്ഷത്തിലധികം പേര്‍. അതു കഴിഞ്ഞാല്‍ തുര്‍ക്കി, 8 ലക്ഷം പേര്‍. ജോര്‍ദാനില്‍ മൂന്നു ലക്ഷവും ഇറാഖില്‍ രണ്ടര ലക്ഷവും ഈജിപ്തില്‍ ഒരു ലക്ഷം പേരുമാണ് സിറിയയില്‍ നിന്ന് അഭയം തേടിയെത്തിയത്.

അഭയാര്‍ഥികളെല്ലാം സിറിയക്കാരല്ല. രൂക്ഷ സംഘട്ടനം നടക്കുന്ന സിറിയയില്‍ നിന്ന് തന്നെയാണ് ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം. അഭയാര്‍ഥികളില്‍ ഫലസ്തീനികളും, ഇറാഖികളും, സുഡാനികളുമൊക്കെയുണ്ട്. മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് വലിയൊരു ജനസമൂഹത്തെ അഭയാര്‍ഥികളാക്കിയതെങ്കില്‍, തങ്ങളുടെ നാടുകളിലെ സാമ്പത്തിക പ്രതിസന്ധിയാണ് മറ്റു ചിലരെ യൂറോപ്യന്‍ തീരങ്ങളിലേക്ക് അഭയം തേടാന്‍ പ്രേരിപ്പിച്ചത്.

യൂറോപിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നേരിടാന്‍ അംഗരാജ്യങ്ങള്‍ അഭയാര്‍ഥികളെ വീതിച്ചെടുക്കണമെന്ന നിര്‍ദേശമാണ് യുറോപ്യന്‍ കമീഷന്‍ മുന്നോട്ടുവെച്ചത്. അതിന്റെ സാമ്പത്തിക ബാധ്യത വീതിക്കണമെന്നാണ് ഇറ്റലിയും ഗ്രീസും നിര്‍ദേശിച്ചത്. എന്നാല്‍ ചെക്ക് റിപബ്ലിക്കും സ്ലോവാക്യയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ മടിച്ചു. അഭയാര്‍ഥി പ്രവാഹത്തിന് തടയിടാന്‍ ഹംഗറി തങ്ങളുടെ സെര്‍ബിയന്‍ അതിര്‍ത്തിയില്‍ നാലു മീറ്റര്‍ ഉയരത്തില്‍ വേലി കെട്ടാന്‍ ഉത്തരവിട്ടു. ക്രിസ്ത്യാനികളെ മാത്രം സ്വീകരിക്കാം എന്ന നിലപാടാണ് പോളണ്ടിന്റേത്. ഓസ്ട്രിയയുമായുള്ള തങ്ങളുടെ അതിര്‍ത്തി തുറന്ന് കൊടുത്തുകൊണ്ട് ജര്‍മ്മനിയാണ് ഏറ്റവും ധീരമായ നിലപാട് സ്വീകരിച്ചത്. ഈ തീരുമാനത്തിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ കുടിയേറ്റ പ്രക്രിയകള്‍ ഏകീകരിക്കുന്നതിനെ കുറിച്ച ഡബ്‌ളിന്‍ കരാറിനെ പാലിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് ജര്‍മനി വിശദീകരിക്കുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കാത്തതല്ല യൂറോപ്യന്‍ രാഷ്ട്രീയക്കാരുടെ പ്രശ്‌നം. മറിച്ച,് അതിലിടപെട്ടാലുണ്ടാകുന്ന പ്രതികരണങ്ങളെ ഭയക്കുന്നതാണ്. വിഷയത്തെ ഭരണകൂടങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള അവസരമായിട്ടാണ് യൂറോപിലെ വലതുപക്ഷപാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്. പുതു അധിനിവേശകരെന്നും യൂറോപിനെ ഇസ്‌ലാമീകരിക്കാനുള്ള ശ്രമമെന്നും പറഞ്ഞാണ് അവര്‍ ഭീതി സൃഷ്ടിക്കുന്നത്. അഭയാര്‍ഥികളോട് അനുഭാവം കാണിച്ചതിനാല്‍ ജര്‍മന്‍ ചാന്‍സ്‌ലര്‍ അംഗലാ മെര്‍കലിന്റെ ജനപ്രീതി ഇടിഞ്ഞതായ റിപ്പോര്‍ട്ടുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. ചില തീവ്ര ജര്‍മന്‍ യുവാക്കള്‍ അഭയാര്‍ഥികളൂടെ താമസ സ്ഥലങ്ങള്‍ അക്രമിച്ചതും തീവെച്ചതുമായ വാര്‍ത്ത അതിന്റെ അനുബന്ധങ്ങളാണ്. ഇറ്റലിയിലെ നോര്‍ത്തേണ്‍ ലീഗ് എന്ന പാര്‍ട്ടി അഭയാര്‍ഥികളെ അറസ്റ്റ് ചെത്ത് തിരിച്ചയക്കണമെന്നാണ് അവിടുത്തെ തദ്ദേശ തിരഞ്ഞെടുപ്പിനിടെ ആവശ്യപ്പെട്ടത്. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ പലായന നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ആവശ്യപ്പെട്ട ഡന്‍മാര്‍ക്കിലെ പീപ്ള്‍സ് പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 21 ശതമാനം വോട്ട് നേടുകയുണ്ടായി. 2010- ല്‍ അവര്‍ നേടിയ വോട്ടിന്റെ ഇരട്ടിയാണിത്. ഭീകരവാദത്തിന്റെ ആഗമനവും, ഭൂഖണ്ഡത്തിന്റെ ഇസ്‌ലാമികവത്കരണവും യൂറോപിന്റെ അഖണ്ഢതക്കേല്‍ക്കുന്ന ഭീഷണിയുമൊക്കെ ഉയര്‍ത്തിക്കാട്ടി ജര്‍മനിയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഉണ്ടായേക്കാവുന്ന രാഷ്ട്രീയ, സാമൂഹിക പ്രക്ഷോഭങ്ങളുടെ സാധ്യതിയിലേക്ക് യൂറോപ്യന്‍ പത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

പ്രശ്‌നത്തിലെ ശ്രദ്ധേയമായ അസാന്നിധ്യം അറബ് രാജ്യങ്ങളുടേതാണെങ്കില്‍ ഈ പരീക്ഷയിലെ വലിയ തോല്‍വി അറബ് ലീഗിന്റേതാണ്. അറബ് ഭരണസംവിധാനങ്ങളുടെ തകര്‍ച്ച അറബ് ലീഗിലും കൃത്യമായി നിഴലിക്കുന്നുണ്ട്. അഭയാര്‍ഥി പ്രതിസന്ധി മാത്രം പരിഗണിച്ചാല്‍ തന്നെ, യു.എന്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ അറബ് ലീഗ് തീരെ ചിത്രത്തിലുണ്ടായിരുന്നില്ല എന്ന് ബോധ്യപ്പെടും. യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രതിനിധികളാണ് സിറിയയിലും യമനിലും ലിബിയയലും പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയത്. അറബ് സംവിധാനങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ നിന്ന് എത്രയോ മുമ്പ് തന്നെ തലയൂരി. എന്നിട്ട്, അക്കാര്യം അന്താരാഷ്ട്ര സംവിധാനങ്ങളെ ഏല്‍പിച്ച് കൊലയാളിയും ഇരയും തമ്മിലുള്ള സംവാദത്തിന് വിട്ടുകൊടുത്തു. അതോടെ അറബ് ലോകത്തിന്റെ ഭാവി, അറബ് ലീഗിന്റെയും അറബ് ഭരണകൂടങ്ങളുടെയും പരിഗണനയിലുള്ള വിഷയമല്ല എന്ന് നമുക്ക് ബോധ്യപ്പെടുന്നു.

വിഷയത്തിലെ അറബ് പ്രമുഖരുടെയും പൗര സമൂഹത്തിന്റെ തന്നെയും അസാന്നിധ്യമാണ് ഞെട്ടലുണ്ടാക്കുന്നത്. അഭയാര്‍ഥി സഹായത്തിന് സന്നദ്ധരായവരുടെ പട്ടികയില്‍ അറബികളുടെ പേരുകള്‍ വളരെകുറച്ച് മാത്രമേ കണ്ടുള്ളൂ. ഈജിപ്തിലെ അല്‍ അഹ്‌ലി ക്ലബ് ബയേണ്‍ മ്യൂണിച്ചുമായി മല്‍സരം നടത്തി അതിന്റെ വരുമാനം അഭയാര്‍ഥി ഫണ്ടിലേക്ക് സംഭാവന പ്രഖ്യാപിച്ചു. ക്ലബിന്റെ കളിക്കാരനായ വലീദ് സുലൈമാന്‍ തന്റെ വക അമ്പതിനായിരം പൗണ്ട് ഫണ്ടിലേക്ക് സംഭാവന നല്‍കി. ഈജിപ്ഷ്യന്‍ കോടീശ്വടന്‍ നജീബ് സവറെസ് അഭയാര്‍ഥികളെ പാര്‍പിക്കാനായി മെഡിറ്ററേനിയന്‍ കടലില്‍ ദ്വീപ് വാങ്ങാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ് ആ പട്ടികയിലെ ശ്രദ്ധേയമായ മറ്റൊരുവാഗ്ദാനം.

ഒരു കുഞ്ഞിന്റെ ചിത്രംകണ്ട യൂറോപിന്റെ മനസാക്ഷി ഉണര്‍ന്നു. എന്നാല്‍, അറബ് മനസാക്ഷിയുണരാന്‍ ഇനിയുമെത്ര കുഞ്ഞുങ്ങള്‍ മരിച്ചുവീഴണം?

വിവ: നാജി ദോഹ

Related Articles