Current Date

Search
Close this search box.
Search
Close this search box.

അറബി ഭാഷാദിന ചിന്തകള്‍

ആധുനിക ലോകത്തെ ജീവല്‍ഭാഷയായ അറബി ഭാഷക്ക് ലോകഭാഷകളില്‍ അദ്വിതീയ സ്ഥാനമാണുള്ളത്. വര്‍ത്തമാനകാലത്ത് ഏറ്റവും പ്രചാരമുള്ള വ്യവഹാരഭാഷ എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പദവിയും അംഗീകാരവും സെമിറ്റിക് ഭാഷയായ അറബി ഭാഷക്ക് ലഭിച്ചിട്ടുണ്ട്. അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം മുന്നിര്‍ത്തി അന്താരാഷട്ര അറബിഭാഷ ദിനമായി ഡിസംബര്‍ 18 ഐക്യരാഷ്ട്രസഭ തെരഞ്ഞെടുക്കുകയുണ്ടായി. ഈ ദിനാചരണത്തോടെ അറബി ഭാഷയുടെ അന്തര്‍ദേശീയ പ്രാധാന്യം സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് ഏറെ ആഹ്ലാദകരമാണ്.

ഇസ്‌ലാമിക്, മുസ്‌ലിം ഭാഷ എന്ന ബിംബകല്‍പനകളുടെ അപരവല്‍കരണത്തിന് വിധേയമായ ഭാഷ ഇന്ന് ഒരു വിശ്വഭാഷയുടെ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സെമിറ്റിക് ഭാഷകളില്‍ പലതും അകാല ചരമം പ്രാപിക്കുകയോ നിലനില്‍പ് ഭീഷണിയായി മൃതാവസ്ഥയില്‍ തുടരുകയോ ചെയ്യുന്ന കാലത്ത് അറബി ഭാഷ ഏറ്റവും സജീവമായ ജീവല്‍ വ്യവഹാരഭാഷയായി നിലകൊള്ളുന്നു എന്നതിന് ചരിത്രപരമായി മാനങ്ങളും കാരണങ്ങളുമുണ്ട്.

ക്രൈസ്തവയഹൂദര്‍ തുടങ്ങിയ മുസ്‌ലിമേതര സമൂഹങ്ങളുടെ കൂടി മാതൃഭാഷയാണ് അറബി. കേരളത്തില്‍ പ്രാഥമികതലം മുതല്‍ ബിരുധ ബിരുധാനന്തരം വരെ  അറബി പഠിക്കാന്‍ ഇതര മതസ്ഥരായ വിദ്യാര്‍ഥികള്‍ക്കും  സംവരണാനുകല്യത്തിന്റെ പിന്ബലത്തില്‍ ഉദ്യോഗത്തിന് അധ്യാപകര്‍ക്കും ഔദ്യോഗിക സംവിധാനങ്ങളുണ്ട് എന്നത് ശ്രദ്ദേയമാണ്. വിശ്വോത്തര അറബി ഭാഷാ നിഘണ്ടുവായ അല്‍മുന്‍ജിദിന്റെ കര്‍ത്താവ് െ്രെകസ്തവനായ ലൂയിസ് മഅ്‌ലൂഭാണ്. സര്‍വാംഗീകൃത ഇംഗ്ലീഷ് അറബി നിഘണ്ടുവായ കോവന്‍ െ്രെകസ്തവനായ ജോണ് കോവനാണ് രൂപകല്‍പന ചെയ്തത്. ഖലീല്‍ ജിബ്രാന്‍, ജോര്‍ജ് സൈദാന്‍, ഖലീല്‍ മത്രാന്‍, തുടങ്ങിയ ലോകപ്രശസ്ത അറബി സാഹിത്യകാരന്മാര്‍ െ്രെകസ്തവരായിരുന്നു. മുസ്‌ലിംകളും അറബികളുമല്ലാത്തവരായ നിരവധി പേര്‍ കഥകളിലൂടെയും കവിതകളിലുൂടെയും നോവലിലൂടെയുമെല്ലാം അറബിഭാഷയെയും സാഹിത്യത്തെയും സമ്പുഷ്ടമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ദേയമാണ്. ജൂതരാഷ്ട്രമായ ഇസ്രായേലില്‍ ഇന്ന് 600  സ്‌കൂളുകളില്‍ അറബിഭാഷ പഠനസൗകര്യമുണ്ട്. ഇസ്രായേലിലെ ഹീബ്രു, തെല്‍ അവീവ്, ബെര്‍ഗന്‍ യൂനിവേഴ്‌സിറ്റികളിലെല്ലാം ശ്രദ്ദേയമായ അറബിക് ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. വിജ്ഞാനോല്‍പാദനത്തിനും അത് ഇതരരില്‍ നിന്ന് സ്വായത്തമാക്കാനും മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കാനും പൗരാണിക കാലം മുതലേ അറബികള്‍ ശ്രദ്ധപുലര്‍ത്തിയിരുന്നു. വിജ്ഞാനസമ്പാദനത്തിന്‍ ഇസ്‌ലാം നല്‍കിയ പ്രാധാന്യവും പ്രചോദനവും തന്നെയാണ് ഇതിന്റെ അന്തര്‍ധാര. ഗ്രീക്ക് റോമന്‍ ക്ലാസിക്കുകളും മറ്റുവിശ്വപ്രസിദ്ധ എഴുത്തുകാരുടെ രചനകളും നേരത്തെ തന്നെ അറബി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാഷപഠനത്തിനും വിവര്‍ത്തനത്തിനും ശ്രദ്ദേയമായ കോളേജുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കഴിവുള്ള വിദ്യാര്‍ഥികളെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് വിദേശ സര്‍വകലാശാലകളില്‍ പഠനത്തിനായി അയക്കുകയും അവരുടെ സേവനങ്ങള്‍ രാഷ്ട്രത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിജ്ഞാനത്തിന്റെ ആദാന പ്രദാനങ്ങളില്‍ നിന്നാണ് ആയിരത്തൊന്നു രാവുകളും മുഖദ്ദിമയും ഖാനൂന്‍ ഫി ത്വിബ്ബും റുബാഇയ്യാത്തുമെല്ലാം ഉടലെടുത്തത്.

വേറിട്ട പ്രമേയങ്ങളിലൂടെയും തനിമയാര്‍ന്ന ശൈലി സ്വീകരിച്ചും വായന സമൂഹത്തെ അഗാധമായി സ്വാധീനിച്ച മുഹമ്മദ് ദര്‍വീശ്, മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍, തൗഫീഖുല്‍ ഹഖീം, നജീബ് കീലാനി, നജീബ് മഹ്ഫൂസ്, ത്വാഹാ ഹുസൈന്‍, ഹാഫിസ് ഇബ്രാഹീം, അഹ്മദ് ശൗഖി തുടങ്ങിയ ജനപ്രിയ എഴുത്തുകാര്‍ അറബി ഭാഷയിലുണ്ടായിട്ടുണ്ട്.

യൂറോപ്പ് വൈജ്ഞാനികമായും സാമൂഹികമായും കൂരിരുട്ടില്‍ കഴിഞ്ഞ കാലത്ത് വൈജ്ഞാനിക പ്രബുദ്ധതയിലൂടെ തത്വശാസ്ത്രം മുതല്‍ ചികിത്സ ശാസ്ത്രം വരെയും ഗോളശാസ്ത്രം മുതല്‍ ഗണിതശാസ്ത്രം വരെയും നീണ്ടുനില്‍ക്കുന്ന അതിബൃഹത്തും വിപുലവുമായ വിജ്ഞാന ശാഖകളിലൂടെ ലോകത്തിന് വെളിച്ചവും ദിശാബോധവും പകര്‍ന്നുനല്‍കാന്‍ അറബികള്‍ക്കും അറബിഭാഷക്കും സാധിച്ചിട്ടുണ്ട്. കൊറദോവയും ഡമാസ്‌കസും ബാഗ്ദാദുമെല്ലാം വിജ്ഞാനത്തിന്റെ കളിത്തൊട്ടിലായ പരിലസിച്ചിരുന്നതും അന്നായിരുന്നു. അധിനിവേശത്തിലൂടെ പ്രസ്തുത രാഷ്ട്രങ്ങള്‍ കീഴടക്കിയ പശ്ചാത്യന്‍ ശക്തികള്‍ നിരവധി വിഞ്ജാനങ്ങള്‍ തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തുകൊണ്ട് അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ഗ്രന്ഥശാലകളുള്‍പ്പെടെ നിരവധി വൈജ്ഞാനിക സംഭാവനകളെ ചുട്ടുകരിക്കുകയുമാണ് ചെയ്തത്.

കേരളത്തില്‍ പ്രാഥമികതലം മുതല്‍ ബിരുദാനന്തര തലം വരെയും ഗവേഷണമേഖലകളില്‍ വരെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി അറബി ഭാഷ പഠനരംഗത്ത് നിരവധി വിദ്യാര്‍ഥികള്‍ വ്യാപൃതരാണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അറബി ഭാഷക്ക് വലിയ സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി അനൗപചാരിക സംവിധാനങ്ങളുമുണ്ട്. പൗരാണിക കാലത്ത് കച്ചവടാവശ്യര്‍ഥം അറബികള്‍ കേരളത്തിലേക്ക് വന്നതാണെങ്കില്‍ ഇന്ന് ജീവിതായോധനത്തിനായി അറബ് നാടുകളെ ലക്ഷക്കണക്കിന് മലയാളികള്‍ ആശ്രയിക്കുന്നു.  അവിടെ ജോലി ചെയ്യുന്നവരില്‍ അറബി ഭാഷാ പ്രാവീണ്യം നേടിയവര്‍ ഉയര്‍ന്ന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.  കേരളത്തില്‍ ഇന്ന് അറബി ഭാഷാ പഠനത്തിന് നിരവധി സംവിധാനങ്ങളുണ്ടെങ്കിലും അതെല്ലാം കാര്യക്ഷമമാണെന്ന് പൂര്‍ണാര്‍ഥത്തില്‍ വിലയിരുത്താന്‍ നമുക്ക് സാധ്യമല്ല. ഏകീകൃതമായ പരിഷ്‌കരണവും ശക്തമായ മേല്‍നോട്ടവും കാലഘട്ടത്തിന്റെ നൂതനമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിലബസ് പരിഷ്‌കരണവും തദനുസൃതമായ ഗവേഷണങ്ങളൊന്നും ഇവിടെ നടക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അറബി ഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും അവരുടെ ക്രയശേഷി ക്രിയാത്മകമായി നമുക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്. ഇതിന് സഹായകമാകുന്ന ഒരു അറബി സര്‍വകലാശാല എന്ന ആശയം പതിറ്റാണ്ടുകളായി ഭാഷാസ്‌നേഹികള്‍ ഉയര്‍ത്തിയെങ്കിലും ഇതുവരെ അത് യാഥാര്‍ഥ്യമായിട്ടില്ല. നിലവിലെ ഭരണകൂടം അതിനുള്ള ചില പ്രാഥമിക ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ നിരര്‍ഥകമായ ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതിനെ കുഴിച്ചുമൂടാന്‍ അസഹിഷ്ണുത കൈമുതലാക്കിയ ഉദ്യോഗസ്ഥ ലോബിയും മറ്റുപരിവാരങ്ങളും കുത്സിതശ്രമങ്ങളിലേര്‍പ്പെടുന്നു എന്നത് ഏറെ ഖേദകരമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കാനും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഈ അറബി ഭാഷദിനം നമുക്ക് പ്രചോദനമാകട്ടെ.

Related Articles