Current Date

Search
Close this search box.
Search
Close this search box.

അറഫയിലെ തിരിച്ചറിവ്

അറഫ എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്കന്ന് കിട്ടുക. തിരുത്തുവാനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ, ഒരു ദു:ഖസത്യമുണ്ട്. തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല. പലപ്പോഴും തിരിച്ചറിവുകള്‍ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ ഉപയോഗിച്ച പദം മശ്അറുല്‍ ഹറാം എന്നാണ്. പവിത്രബോധം അങ്കുരിപ്പിക്കുന്ന ഇടം എന്നര്‍ഥം.

ദുല്‍ഹജ്ജ് ഒമ്പതിന്റെ പകലത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍ രാത്രിയില്‍ മുസ്ദലിഫയില്‍ നമ്മുടെ അകതാരില്‍ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ‘എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴിപിഴപ്പിക്കരുത്. എന്നെയും മറ്റു സകലരെയും പിഴപ്പിച്ച സകല ദുശ്ശക്തികള്‍ക്കെതിരെയും നിറുത്താത്ത പോരാട്ടം നടത്തും. ഞാന്‍ സ്വയം പിഴച്ചതിനും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികള്‍ക്കുമെതിരെ നിരന്തരപോരാട്ടമാണ്.

ഇന്‍ശാ അല്ലാഹ്, അതാണ് ഇനി എന്റെ ശിഷ്ടകാലജീവിതം. ഈ തീരുമാനം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രതീകാത്മക ആയുധമായി ഏഴു കല്ലുകള്‍ ശേഖരിച്ചു. 10 ന് രാവിലെ പ്രാര്‍ഥനാപൂര്‍വം ആവേശഭരിതരായി, തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചു കൊണ്ട് ഏറ് പൂര്‍ത്തിയാക്കുന്നു. തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് പോയ ഹാജിമാര്‍ വിജയശ്രീലാളിതരായി സാഹ്ലാദം തകബീര്‍ ചൊല്ലിയാണ് മടങ്ങുന്നത്. ഇന്ന് പെരുന്നാളാണ്. ലോക മുസ്‌ലിംകള്‍ ആബാലവൃദ്ധം ഹാജിമാരോടൊപ്പം തക്ബീര്‍ ചൊല്ലുന്നു. ഇന്നലെ ഹാജിമാര്‍ അറഫയിലായിരുന്നപ്പോള്‍ ലോകമുസ്‌ലിംകള്‍ വ്രതമനുഷ്ഠിച്ചും പ്രാര്‍ഥനാനിരതരായും അറഫാസമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

പിശാചിനെതിരെ പോരാടി ജയിച്ച ആഹ്ലാദത്തിന് ശേഷം പോരാട്ടമാര്‍ഗത്തിലെ ത്യാഗസന്നദ്ധത ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ തല മുണ്ഡനം ചെയിതിരിക്കവെ ഒരു ശങ്കയുദിക്കുന്നു: പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല, ബദ്‌റില്‍ തോറ്റോടിയവര്‍ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദില്‍ വീണ്ടും വന്നത് ചരിത്രമാണ്.

അതുകൊണ്ട് പോരാട്ടം നിര്‍ത്തിവെച്ചു കൂടാ. അങ്ങിനെ ദുല്‍ഹജ്ജ് 11,12,13 ദിവസങ്ങളിലും ഏറ് തുടരുന്നു. ഒടുവില്‍ കരുണാവാരിധിയായ റബ്ബ് ഇങ്ങനെ പറയുന്നതായി നമുക്ക് കരുതാം. ‘പാവപ്പെട്ട ഹാജി, നീ വിദൂരദിക്കില്‍ നിന്ന് വന്ന് കുറേ നാളായി കര്‍മ്മനിരതനാണ്. പരിക്ഷീണിതനാണ്. തല്‍ക്കാലം ഇവിടെ ഏറ് നിറുത്താം. പക്ഷെ ഒന്നുണ്ട്; നാട്ടില്‍ തിരിച്ചെത്തി നിന്റെ ജീവിതാന്ത്യം വരെ തുടരണം.’ അങ്ങനെ തിരിച്ചറിവ്, തീവ്രമായ അവബോധം, തിന്മക്കെതിരായ നിരന്തരപോരാട്ടം എന്നീ കാര്യങ്ങള്‍ ഹജ്ജിലൂടെ ഉള്‍ക്കൊള്ളുന്നു.

Related Articles