Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥി ക്യാമ്പിലെ പെണ്‍ജീവിതം

refugee.jpg

”ഞങ്ങള്‍ എല്ലാവരും ഒരുമിച്ച്  ഉറങ്ങാറില്ല. ആരെങ്കിലും ഒരാള്‍ ഉണര്‍ന്നിരിക്കും. കൊള്ളയടിക്കപ്പെട്ട സ്ത്രീകളുടെ ധാരാളം കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്”, ബഗ്ദാദില്‍ നിന്നുള്ള 38-കാരിയായ സമാഹിര്‍ പറയുന്നു. അവര്‍ക്ക് മൃദുലമായ ശബ്ദവും ദുഃഖം ഘനീഭവിച്ച ഇരുണ്ട കണ്ണുകളുമാണുള്ളത്. മൂന്നാഴ്ച മുമ്പാണ് തന്റെ ചെറിയ മകനും രണ്ട് വനിതാ സുഹൃത്തുക്കള്‍ക്കുമൊപ്പം അവര്‍ ഇറാഖ് വിട്ടത്. ഇപ്പോള്‍ ഗ്രീക്ക്-മാസിഡോണിയ അതിര്‍ത്തിയിലുള്ള വിനോജഗിലെ അഭയാര്‍ത്ഥി ക്യാമ്പിലാണുള്ളത്, സെര്‍ബിയയിലേക്കുള്ള ട്രെയിനും കാത്ത്. ”ഞാന്‍ വളരെ ക്ഷീണിതയാണ്. എന്നാല്‍ എന്റെ ഊഴമെത്തിയാലും എനിക്ക് ഉറങ്ങാന്‍ കഴിയാറില്ല. എന്തെങ്കിലും സംഭവിക്കും എന്ന് എപ്പോഴും പേടിയാണ്”, സമാഹിര്‍ പറയുന്നു.

നല്ല വെയിലുണ്ടെങ്കിലും ക്യാമ്പില്‍ തണുപ്പ് ഇറങ്ങിയിട്ടില്ല. നൂറോളം അഭയാര്‍ത്ഥികള്‍ വിവിധ കൂടാരങ്ങളിലായി ഹീറ്ററുകള്‍ക്ക് ചുറ്റും ചൂടു കായാന്‍ ഇരിക്കുന്നത് കാണാം. അടുത്തൊരു മരബെഞ്ചില്‍ ദമാസ്‌കസില്‍ നിന്നുള്ള 30-കാരിയായ മനാല്‍ ഇരിക്കുന്നു. അവളുടെ മൂന്നും നാലും വയസ്സുള്ള പെണ്‍മക്കള്‍ അവളുടെ ഓരം പറ്റി നില്‍ക്കുന്നുണ്ട്. പത്തുവയസ്സുകാരനായ സഹോദരന്‍ കൂടാരത്തിനടുത്ത് എവിടെയോ കളിക്കുന്നുണ്ടെന്ന് അവള്‍ പറഞ്ഞു. വയറ്റില്‍ തന്റെ നാലാമത്തെ കുഞ്ഞിനേയും പേറി രണ്ടാഴ്ചത്തോളമായി മനാല്‍ യാത്ര ചെയ്യുകയാണ്. ചെറിയ ഒരു റബ്ബര്‍ ബോട്ടില്‍ മെഡിറ്ററേനിയന്‍ കടല്‍ കടന്ന അവള്‍ക്ക് അവിടുന്നും നാലു കിലോമീറ്റര്‍ നടക്കേണ്ടി വന്നു. ”ഗര്‍ഭിണിയായിരിക്കെ ഈ യാത്ര വളരെ ദുഷ്‌കരമാണ്. ചിലപ്പോള്‍ കുറേയധികം നടക്കേണ്ടിവരും”, അവള്‍ നെടുവീര്‍പ്പിടുന്നു.

പുരുഷനെ അപേക്ഷിച്ച് ഒരു സ്ത്രീ അഭയാര്‍ത്ഥിയായി തീരുന്നതാണ് വെല്ലുവിളിയേറിയത് എന്നാണ് മനാലിന്റെ പക്ഷം. ”ഞങ്ങള്‍ക്ക് കുട്ടികളെ നോക്കേണ്ടി വരും. അത് അവസാനമില്ലാത്ത ഒരു ദൗത്യമാണല്ലോ. എന്നാല്‍ പുരുഷന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. അവര്‍ക്ക് അവരെ മാത്രം നോക്കിയാല്‍ മതിയല്ലോ”, മനാല്‍ പരിഭവം പറയുന്നു. ക്യാമ്പിലെ ‘ശിശു-സൗഹൃദ’ പ്രദേശത്തിരുന്ന് ഹിംസില്‍ നിന്നുള്ള 25-കാരിയായ നമീന്‍ അവളുടെ കുഞ്ഞു മോളെ മുലയൂട്ടുകയാണ്. ”തുര്‍ക്കിയിലൂടെയുള്ള യാത്രക്കിടെയാണ് എന്റെ പ്രസവം നടന്നത്. കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചതിനാല്‍ സുഖപ്രസവം നടന്നു”, അവള്‍ ഒരു നേര്‍ത്ത ചിരിയോടെ പറഞ്ഞു. നമീന്‍ രണ്ടുദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടി. പിന്നീട് പത്തുദിവസം തുര്‍ക്കിയിലും തങ്ങി. പിന്നെയാണ് തന്റെ കൈക്കുഞ്ഞിനെയുമെടുത്ത് അവള്‍ മെഡിറ്ററേനിയന്‍ കടന്നത്. ”ഞാന്‍ ചിന്തിച്ചതൊക്കെ എന്റെ കുഞ്ഞു മോളെ കുറിച്ചായിരുന്നു. അവളെ എനിക്ക് നഷ്ടപ്പെടുമോ, അവള്‍ക്ക് വല്ല രോഗവും ബാധിക്കുമോ എന്നൊക്കെ ഞാന്‍ ഭയപ്പെട്ടു. അപ്പോള്‍ തണുപ്പ് കഠിനമായിരുന്നു. രാവും പകലും എന്റെ കുഞ്ഞിനെ കുറിച്ചാണ് ഇപ്പോഴും എനിക്ക് വേവലാതി”, നമീന്‍ പറയുന്നു. വിനോജഗിലെ മറ്റൊരു അഭയാര്‍ത്ഥി വനിതയും സമ്മതിക്കുന്നു, പുരുഷനേക്കാള്‍ അഭയാര്‍ത്ഥിത്വം സ്ത്രീകള്‍ക്കാണ് ഏറെ വെല്ലുവിളി എന്ന്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനായ ആംനെസ്റ്റിയും യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറും (UNHCR) വനിതാ അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചും അവര്‍ നേരിടുന്ന അപകടങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ സമര്‍പിച്ചിരുന്നു. അവര്‍ക്ക് അടിസ്ഥാന സംരക്ഷണം നല്‍കുന്നതില്‍ യൂറോപ്പ് പരാജയമാണെന്നാണ് ആംനെസ്റ്റി നിരീക്ഷിക്കുന്നത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അഭയാര്‍ത്ഥികളായി യൂറോപ്പിലേക്ക് കടക്കുന്നവരില്‍ 55%-വും സ്ത്രീകളാണെന്ന് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. കൊള്ള, ശാരീരികാക്രമണം എന്നിങ്ങനെ പലവിധ വെല്ലുവിളികള്‍ യാത്രയുടെ ഓരോ ഘട്ടത്തിലും തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നതായി ആംനെസ്റ്റി അഭിമുഖം നടത്തിയ സ്ത്രീകളൊക്കെ സമ്മതിക്കുന്നു. മനാല്‍ പറയുന്നു: ”സ്ത്രീകളാണ് പണം കയ്യില്‍ സൂക്ഷിക്കാറുള്ളത്. കാരണം, സ്ത്രീകള്‍ ആക്രമിക്കപ്പെടില്ലെന്നാണ് പുരുഷന്മാര്‍ കരുതുന്നത്. എന്നാല്‍ ഒരു അഭയാര്‍ത്ഥി വനിതയെ അവരുടെ പണം തട്ടിയെടുക്കുന്നതിനായി കുറച്ച് സിറിയക്കാര്‍ കഴത്തറുത്ത് കൊന്നത് എന്റെ ഭര്‍ത്താവ് നേരിട്ട് കണ്ടതാണ്”. പിടിച്ചുപറിക്കാരില്‍ നിന്നും സുരക്ഷാ ഗാര്‍ഡുകളില്‍ നിന്നും പോലീസുകാരില്‍ നിന്നും അഭയാര്‍ത്ഥികളില്‍ നിന്നുമൊക്കെ ലൈംഗിക അതിക്രമങ്ങളും സ്ത്രീകള്‍ നേരിടേണ്ടി വരാറുണ്ട്. കുറച്ചു സമയം ക്യൂവില്‍ നിന്നാല്‍ മതി, കുറഞ്ഞ ചെലവില്‍ അക്കരെ കടത്താം എന്നൊക്കെ പറഞ്ഞു പകരം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്ന ആളുകളുമുണ്ട്.

പല അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് ഉറങ്ങേണ്ടിവരിക. ഒരേ ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യങ്ങളും ഉപയോഗിക്കേണ്ടി വരും. ആംനെസ്റ്റി റിപ്പോര്‍ട്ട് പ്രകാരം പല സ്ത്രീകളും ടോയ്‌ലറ്റ് ഉപയോഗിക്കാതിരിക്കാനായി തിന്നുകയോ കുടിക്കുകയോ ചെയ്യാറില്ല. ചിലര്‍ രാത്രി കൂടാരങ്ങള്‍ ഒഴിവാക്കി തുറസ്സായ സ്ഥലത്താണ് കിടക്കാറുള്ളത്. കാരണം അവിടെ അവര്‍ കൂടുതല്‍ സുരക്ഷിതരാണ്. ”സ്ത്രീകളുടെ ഈ ദുരവസ്ഥ മുതലെടുക്കാന്‍ എല്ലായിടങ്ങളിലും ആളുകള്‍ ഉണ്ടാകും”, വിനോജഗില്‍ ‘ലാ സ്ട്രാഡ’ എന്ന എന്‍.ജി.ഒ നടത്തുന്ന വ്‌ലാദിമിര്‍ ബിസ്‌ലിമോവ്‌സ്‌കി പറയുന്നു. സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറയില്ല. പ്രത്യേകിച്ച് ലൈംഗിക അതിക്രമങ്ങളൊക്കെ ആവുമ്പോള്‍. അവര്‍ക്ക് അതൊക്കെ പരസ്യപ്പെടുത്താന്‍ ലജ്ജയാണ്, ബിസ്‌ലിമോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.

”ഹംഗറിക്കും സിറിയക്കുമിടയിലെ അതിര്‍ത്തിപ്രദേശത്ത് വെച്ച് രണ്ട് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു”, സെര്‍ബിയന്‍ എന്‍.ജി.ഒ ആയ ‘ആറ്റിന’ പ്രവര്‍ത്തക ജെലേന ഹെറെന്‍ജാക്ക് പറഞ്ഞു. ആ സംഘത്തിലെ ആളുകള്‍ക്കിടയില്‍ നടന്ന വഴക്കിനിടെയാണ് പെണ്‍കുട്ടികളെ പീഢിപ്പിച്ച കാര്യം അവര്‍ പരസ്യപ്പെടുത്തുന്നത്. ഇല്ലെങ്കില്‍ അതും പുറംലോകമറിയാതെ പോയേനെ. അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ ഭക്ഷണവും വസ്ത്രവുമൊക്കെ അവര്‍ക്ക് ലഭ്യമാക്കാനാണ് ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ആരും പരിഗണിക്കാറില്ല. റോഡിലായാലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ കൂടാരങ്ങളിലായാലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. തങ്ങളുടെ പണം കൊള്ളയടിക്കപ്പെട്ടതിന്റെ പേരില്‍ യാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത ധാരാളം സ്ത്രീകളുണ്ട്. അങ്ങനെയുള്ളവര്‍ക്ക് 72 മണിക്കൂര്‍ മാത്രമേ ആ രാജ്യത്ത് തങ്ങാനാകൂ. അപ്പോള്‍ പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറാവാറുണ്ട്, ജെലേന വ്യക്തമാക്കി.

എട്ടും പതിനഞ്ചും വയസ്സുള്ള രണ്ട് സിറിയന്‍ പെണ്‍കുട്ടികളുടെ കഥ ബിസ്‌ലിമോവ്‌സ്‌കി പറയുന്നുണ്ട്. അവരുടെ ബന്ധുക്കള്‍ അല്ലാത്ത കുറച്ചാളുകളാല്‍ വിനോജഗിലെ ക്യാമ്പില്‍ ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവര്‍. കാരണം, പെണ്‍കുട്ടികളെയും കൊണ്ട് യൂറോപ്പിലേക്ക് കടക്കുക എന്നത് ചിലവേറിയ ബാധ്യതയായി കണ്ടതുകൊണ്ടാണ് അവര്‍ ഉപേക്ഷിക്കപ്പെട്ടത്. അങ്ങനെയുള്ള പെണ്‍കുട്ടികളും വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിക്കപ്പെടാറുണ്ട്. കൂട്ടത്തില്‍ ചെറിയ കുട്ടി വരച്ച രക്തം നിറഞ്ഞ മഴുവിന്റെ ചിത്രം ഞാന്‍ കണ്ടു, ബിസ്‌ലിമോവ്‌സ്‌കി പറയുന്നു. മറ്റൊരു കൂടാരത്തിന് അകത്തിരുന്ന് 50-കാരിയായ നൂറാ ഹസ്സന്‍ സിഗരറ്റിന് തീ കൊളുത്തി. ഇറാഖില്‍ നിന്നുള്ള ഖുര്‍ദ് വനിതയാണ് അവര്‍. ”എന്റെ വീട് ബോംബിംഗിലാണ് തകര്‍ന്നത്. ബന്ധുക്കളൊക്കെ മരിച്ചുപോയി. കുറച്ചു കാലം മുമ്പ് ഭര്‍ത്താവ് ലെബനാനിലേക്ക് കുടിയേറി. ജര്‍മനിയിലുള്ള എന്റെ മക്കളുടെ അടുത്തേക്കാണ് ഞാന്‍ പോകുന്നത്”, അവര്‍ പറഞ്ഞു.

നൂറ ഒറ്റക്കാണ് യാത്രയാരംഭിച്ചത്. എന്നാല്‍ ഗ്രീസിലേക്ക് കടക്കവേ മറ്റൊരു കുടുംബവുമായി പരിചയത്തിലായി. അവരോടൊപ്പമാണ് ഇപ്പോള്‍ യാത്ര. ”സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. എനിക്ക് തനിച്ചു യാത്രചെയ്യാന്‍ ഭയമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് സംഭവിച്ച ധാരാളം അനുഭവങ്ങള്‍ ഞാനും കേട്ടിട്ടുണ്ട്”, അവര്‍ പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയില്‍ തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി അവര്‍ വിവരിക്കുന്നത്, ”സുരക്ഷാ ഗാര്‍ഡുകള്‍ എന്നെ അതിര്‍ത്തി കടത്തിവിട്ടില്ല. പല ആളുകളോടും അവര്‍ ആക്രോശിക്കുകയും അവരെ മര്‍ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകിയതിന് ശേഷം അവരുടെ കണ്ണുവെട്ടിച്ചാണ് ഞാന്‍ അതിര്‍ത്തി കടന്നത്”. കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് തന്നെ സംഘത്തിലെ പുരുഷന്മാരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരാറുണ്ടെന്ന് ജെലേന പറയുന്നു. ചില പുരുഷന്മാര്‍ യാത്രയിലെ സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളും കാരണം പെട്ടെന്ന് ദേഷ്യം പിടിക്കുകയും പലപ്പോഴും ആളുകള്‍ കാണ്‍കെ തന്നെ ഭാര്യമാരെ മര്‍ദിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

സമാഹിര്‍ ഇപ്പോള്‍ രക്തസമ്മര്‍ദം അളക്കാനായി കയ്യില്‍ കഫ് ചുറ്റി റെഡ് ക്രോസ് സ്‌റ്റേഷനില്‍ ഇരിക്കുകയാണ്. അവര്‍ക്ക് തലവേദന അനുഭവപ്പെടുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം ഏറിയതുകൊണ്ടാവാം അവരുടെ രക്തസമ്മര്‍ദ്ദവും വര്‍ധിച്ചിട്ടുണ്ട്. ”പലരും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാത്തതിനാല്‍ തന്നെ മൂത്രാശയ രോഗങ്ങളുമായി ഇവിടെ വരുന്ന സ്ത്രീകള്‍ കുറവല്ല”, റെഡ് ക്രോസ് സ്‌റ്റേഷനിലെ അലക്‌സാണ്ടര്‍ ജനുസോസ്‌കി പറയുന്നു.

ക്യാമ്പുകള്‍ക്ക് മേല്‍ രാത്രിയുടെ ഇരുട്ടുമറ വന്നുമൂടുകയായി. മഞ്ഞുമലകള്‍ക്ക് അപ്പുറത്ത് ആകാശം കടും ചുവപ്പു നിറമായി. രോമക്കുപ്പായങ്ങള്‍ വിതരണം ചെയ്യുന്ന ഷെഡിന് പുറത്ത് ആളുകളുടെ തിരക്ക് തുടങ്ങി. സിറിയയിലെ അലപ്പോയില്‍ നിന്നുള്ള 18-കാരിയായ മര്‍വയും അക്കൂട്ടത്തിലുണ്ട്. ചെറിയ പൂക്കള്‍ തുന്നിപ്പിടിച്ച തൊപ്പിയുടെ വശങ്ങളിലൂടെ അവളുടെ കറുത്തിരുണ്ട മുടി പുറത്തേക്ക് ഒഴുകുന്നു. തന്റെ കുടുംബത്തിനും കാമുകനുമൊപ്പം പത്തു ദിവസമായി അവള്‍ യാത്ര ചെയ്യുകയാണ്. ”ഗ്രീസിലേക്ക് കടക്കുന്നതിനിടെ ഞങ്ങളുടെ വസ്ത്രങ്ങളടങ്ങിയ ലഗേജുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. അന്നുമുതല്‍ തണുത്തു വിറച്ചാണ് ഞങ്ങള്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ വലിയ ദുരനുഭവമുണ്ടായത് സിറിയയില്‍ വെച്ചാണ്. സൈനികര്‍ എന്നോട് പണമെടുക്കാന്‍ ആവശ്യപ്പെട്ടു. അതിനായി അവര്‍ എന്റെ ശരീരം മൊത്തം തപ്പി പരിശോധിക്കുകയും ചെയ്തു. ഞാന്‍ ആകെ ഭയന്നുപോയിരുന്നു. എന്നാല്‍ അവര്‍ക്ക് അത് കണ്ടെത്താന്‍ സാധിച്ചില്ല. കാരണം, ഞാന്‍ അവ എന്റെ അടിവസ്ത്രത്തിലാണ് ഒളിപ്പിച്ചിരുന്നത്”, അവള്‍ നാണത്തോടെ ചിരിച്ചു.

”ഒരു പെണ്‍കുട്ടിക്ക് അഭയാര്‍ത്ഥിയായിരിക്കുക എളുപ്പമല്ല. വഴിയില്‍ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം. ആരെയും വിശ്വസിക്കാനും കൊള്ളില്ല”, അവളുടെ കണ്ണില്‍ ഭയം നിഴലിച്ചതു പോലെ.

(അഭയാര്‍ഥി പ്രശ്‌നങ്ങളെ കുറിച്ചെഴുതുന്ന ഡച്ച് മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

വിവ: അനസ് പടന്ന

Related Articles