Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥികളുടെ പേരില്‍ കണ്ണീരൊഴുക്കുന്നവര്‍ ആരെല്ലാം!

obama-refu.jpg

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ പൊതുസഭയോടനുബന്ധിച്ച് ഒരു ‘അഭയാര്‍ഥി ഉച്ചകോടി’ സംഘടിപ്പിച്ചിരുന്നു. അഭയാര്‍ഥികളുടെ ദുരിതത്തില്‍ കരഞ്ഞും കണ്ണീരൊലിപ്പിച്ചും, അവരെ സഹായിക്കേണ്ടതിന്റെയും ദുരന്തത്തിന്റെ മൂലകാരണങ്ങളെ ചികിത്സിക്കേണ്ടതിന്റെയും അനിവാര്യതയെ കുറിച്ചും വാചാലമാകുന്നതുമായിരുന്നു അവിടത്തെ ഓരോ പ്രഭാഷണവും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ളവര്‍ അവിടെ സംസാരിച്ചു. എന്നാല്‍ സംസാരിച്ച ഒരാളും തന്നെ വിഷയത്തിന്റെ കാമ്പിലേക്ക് കടന്നു ചെന്നില്ല. പാശ്ചാത്യ സൈനിക ഇടപെടലുകളും സമ്പന്ന രാഷ്ട്രങ്ങളുടെ നെറികേടുമാണത്.

സിറിയയിലെയും യുദ്ധക്കെടുതികള്‍ ബാധിച്ച മറ്റ് പ്രദേശങ്ങളില്‍ നിന്നും ഓടിപ്പോയ അഭയാര്‍ഥികളെ സഹായിക്കുന്നതിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രസിഡന്റ് ഒബാമ ആഹ്വാനം ചെയ്തു. ഈ സംഘട്ടനങ്ങളില്‍ തന്റെ രാഷ്ട്രത്തിനുള്ള പങ്കിനെയോ, പരിഹാരം കാണുന്നതില്‍ അതിന്റെ പരാജയത്തെയോ, പരിമിതമായ അഭയാര്‍ഥികളെ മാത്രം സ്വീകരിച്ച് അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചതിനെയോ കുറിച്ചൊന്നും ഒരു പരാമര്‍ശവും നടത്താതെ എല്ലാവരുടെയും കണ്ണില്‍ പൊടിയിടുന്ന പ്രഭാഷണമാണ് ഒബാമ നടത്തിയത്.

ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ അഭയാര്‍ഥികളെ സഹായിക്കാനുള്ള ഫണ്ടിന്റെ തുടക്കമെന്ന നിലയില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ ശേഖരിക്കാന്‍ നോക്കുന്നുണ്ട്. വളരെ നിസ്സാരമായ തുകയാണത്. സിറിയന്‍ സംഘട്ടനത്തില്‍ ഇടപെട്ട ഒരൊറ്റ രാഷ്ട്രം തന്നെ സാമ്പത്തിക സഹായത്തിന്റെയും ആയുധ ഇടപാടിന്റെയും രൂപത്തില്‍ അതിന്റെ ഇരട്ടി ചെലവഴിച്ചിട്ടുണ്ട്. 300 വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും അവരുടെ ആയുധത്തിനുമായി അമേരിക്ക ചെലവഴിച്ചത് 50 കോടി ഡോളറാണ്. എന്നിട്ട് ഒന്നാമത്തെ ഏറ്റുമുട്ടലില്‍ തന്നെ അവരെല്ലാം ഓടിരക്ഷപ്പെടുകയാണുണ്ടായത്.

ജര്‍മനി ഒഴികെയുള്ള മുഴുവന്‍ സമ്പന്ന രാജ്യങ്ങളും അഭയാര്‍ഥികള്‍ക്ക് മുന്നില്‍ തങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ചവരാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ അതിര്‍ത്തി അടക്കുന്നതിന് തുര്‍ക്കിക്ക് ആറ് ബില്യണ്‍ ഡോളര്‍ ‘കൈക്കൂലി’യാണ് വകയിരുത്തിയത്. അവര്‍ സുരക്ഷിതത്വവും അന്തസ്സോടെയുള്ള ജീവിതവും അന്വേഷിച്ച് മരണത്തിന്റെ ബോട്ടുകളില്‍ കയറി യൂറോപിലേക്ക് കടക്കുന്നത് തടയാനായിരുന്നു അത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 7000 അഭയാര്‍ഥികള്‍ മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ചു. ‘രക്ഷാ പ്രവര്‍ത്തനങ്ങള്‍’ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചില ബോട്ടുകള്‍ ബോധപൂര്‍വം മുക്കപ്പെടുകയായിരുന്നു എന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള അഭയാര്‍ഥികാര്യ ഹൈക്കമ്മീഷണറുടെ റിപോര്‍ട്ട് പറയുന്നത് വരും വര്‍ഷത്തില്‍ ഇരകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാവുമെന്നാണ്.

സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്ത കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞത് തന്റെ രാജ്യം 25 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ടെന്നാണ്. അവര്‍ എങ്ങനെയാണ് സൗദിയിലെത്തിയതെന്ന് നമുക്കറിയില്ല. അബാബീല്‍ പക്ഷികളുടെ പുറത്ത് കയറിയായിരുന്നോ? സൗദിയുടെ ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഒരു ഈച്ചക്ക് പോലും അതിലൂടെ കടക്കാനാവില്ല. സിറിയന്‍ വിഷയത്തില്‍ ഏറ്റവുമധികം ഇടപെട്ട രാഷ്ട്രമല്ലെങ്കിലും സൈനികമായും രാഷ്ട്രീയമായും അവിടെ ഏറ്റവുമധികം ഇടപെട്ട രാഷ്ട്രങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. അതിനായി കോടികള്‍ അവര്‍ ചെലവഴിച്ചിട്ടുണ്ട്. ഖത്തര്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളെ കുറിച്ചും അത് തന്നെയാണ് പറയാനുള്ളത്. അവയുടെ ഇടപെടലിന്റെ തോതില്‍ ഏറ്റവ്യത്യാസങ്ങളുണ്ടാവുമെന്ന് മാത്രം.

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ പരമ ദരിദ്രരായ അറബ് രാഷ്ട്രങ്ങള്‍ തങ്ങളുടെ വാതിലുകളും അവിടത്തെ ജനത തങ്ങളുടെ ഹൃദയങ്ങളും തുറന്നു കൊടുത്തിട്ടുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതി വരുന്ന 20 ലക്ഷം അഭയാര്‍ഥികളെ കുടിയിരുത്തിയ ലബനാന്‍ ഒരുദാഹരണമാണ്. ജോര്‍ദാനും 20 ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട്. അവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്നാണ് ഈ സംഖ്യ. ഫലസ്തീനില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് വേറെയും അഭയാര്‍ഥികള്‍ അവിടെയുണ്ട്. സുഡാനും ഒരു സിറിയന്‍ അഭയാര്‍ഥിക്ക് മുന്നിലും തങ്ങളുടെ വാതില്‍ അടച്ചിട്ടില്ല. ഈ പട്ടിക ഇങ്ങനെ നീണ്ടു പോകുന്നു.

ലിബിയയിലെ സൈനിക ഇടപെടല്‍ തന്റെ ഭരണകാലത്തെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ഒബാമ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് കീഴിലുള്ള സമിതിയും സമാന വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. ചെത്തിക്കൂര്‍പ്പിച്ച വാക്കുകളുപയോഗിച്ച് വളരെ സമര്‍ഥമായിട്ടാണ് അവരത് പ്രകടിപ്പിച്ചിരിക്കുന്നത്. പെട്രോളിയത്തിന്റെയോ സ്വര്‍ണത്തിന്റെയോ നിക്ഷേപങ്ങളില്ലാത്ത രണ്ട് ദരിദ്ര അറബ് രാജ്യങ്ങളില്‍ കഴിയുന്ന മൂന്ന് ദശലക്ഷത്തിലേറെ വരുന്ന ലിബിയന്‍ അഭയാര്‍ഥികളോട് അനുകമ്പ പ്രകടിപ്പിക്കുന്ന ഒരു വാക്കുപോലും പ്രസിഡന്റ് ഒബാമയുടേയോ ബിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെയോ നാവില്‍ നിന്ന് പുറത്തുവന്നില്ല. തുനീഷ്യയും ഈജിപ്തുമാണ് ആ അറബ് രാഷ്ട്രങ്ങള്‍.

അഭയാര്‍ഥികളില്‍ മഹാഭൂരിപക്ഷവും അറബികളും മുസ്‌ലിംകളുമാണെന്നത് ദുഖകരമാണ്. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ നാടുകളില്‍ സൈനിക ഇടപെടല്‍ നടത്തുന്നും അവിടേക്ക് സൈനികരെ അയക്കുന്നതും അവസാനിപ്പിക്കുകയാണ് ഒന്നാമതായി വേണ്ടത്. അതിന്റെ ഫലമായിട്ടാണ് അവരുടെ രാജ്യം തകര്‍ക്കപ്പെടുകയും അവിടെ അരാജകത്വവും രക്തച്ചൊരിച്ചിലും വ്യാപകമാവുകയും വിഭാഗീയ സംഘര്‍ഷങ്ങളുടെയും ആഭ്യന്തര യുദ്ധങ്ങളുടെയും വിത്തുകള്‍ പാകപ്പെടുകയും ചെയ്യുന്നത്.

മിഡിലീസ്റ്റിനെ ഒന്നടങ്കം പിച്ചിചീന്താനും യുദ്ധത്തില്‍ മുക്കികളയാനും അവിടത്തെ സമ്പത്ത് കവര്‍ന്നെടുക്കാനും ഭീകരതയുടെ വാള്‍ അതിന്റെ തലക്കുമുകളിലൂടെ വീശാനും പിന്നീട് നിയമപരമായി പിടികൂടാനുമുള്ള ഗൂഢാലോചനക്കാണ് പ്രദേശം വിധേയമാക്കപ്പെടുന്നത്. അവിടത്തെ ഒരു രാഷ്ട്രവും അതില്‍ നിന്ന് ഒഴിവാകുന്നില്ല. ഒന്നാമതായി അവിടത്തെ സമ്പത്ത് ഊറ്റിയെടുക്കാനും വരും പതിറ്റാണ്ടുകളിലേക്കായി പെട്രോളിയവും ഗ്യാസും പണയപ്പെടുത്താനുമാണത്. നമുക്ക് കാത്തിരുന്ന് കാണാം.

വിവ: നസീഫ്‌

Related Articles