Current Date

Search
Close this search box.
Search
Close this search box.

അഭയം തേടുന്ന മനുഷ്യാവകാശം

ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും അവരുടെ ഭാഷകള്‍ കൊണ്ടും ദേശങ്ങള്‍ കൊണ്ടും വര്‍ണ്ണങ്ങള്‍ കൊണ്ടും വ്യത്യസ്തരാണ്. ഒരു രാജ്യത്ത് ജീവിക്കുന്ന ആളുകള്‍ തന്നെ അവരുടെ മതങ്ങളിലും വംശങ്ങളിലും വ്യത്യസ്തരാണ്. സമൂഹത്തിലെ ഓരോ ചെറുയൂണിറ്റുകളിലും ഈ വൈവിധ്യവും വ്യത്യസ്തതയും നമുക്ക് കാണാനാകും. പുരാതന കാലങ്ങളില്‍ മനുഷ്യര്‍ പരസ്പരം പോരടിച്ചതും രക്തം ചിന്തിയതും അതിര്‍ത്തികളുടെയും സമ്പത്തിന്റെയും പേരിലായിരുന്നു. വര്‍ണ്ണവ്യത്യാസങ്ങളേയും വംശവ്യത്യാസങ്ങളേയും ശത്രുതയോടെയാണ് അവര്‍ പരസ്പരം കണ്ടത്. എന്നാല്‍, ആധുനിക ലോകത്തിന്റെ പ്രസക്തി എന്നു പറയുന്നത്, ഭരണകൂടങ്ങളും പൗരത്വവും നിയമാവലികളും സംജാതമായി എന്നുള്ളിടത്താണ്. അഥവാ കൃത്യമായ അതിര്‍ത്തികളുള്ള രാഷ്ട്രസങ്കല്‍പങ്ങളും അതില്‍ ലിഖിതനിയമങ്ങള്‍ പാലിച്ച് ദൈനംദിന ജീവിതം മുന്നോട്ട് നയിക്കുന്ന ജനവിഭാഗങ്ങളും ഉണ്ടായി. ഈ പരിധികള്‍ ലംഘിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ വന്യതയിലേക്ക് തിരിച്ചുപോകുന്നു എന്നു വേണം മനസ്സിലാക്കാന്‍.
 
ലോകമഹായുദ്ധങ്ങള്‍ അരങ്ങേറിയ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാതെ ലോകം മുന്നോട്ട് പോകവേ മറ്റൊരു മനുഷ്യാവകാശ ദിനം കൂടി വന്നെത്തിയിരിക്കുന്നു. രണ്ടായിരാമാണ്ട് യഥാര്‍ത്ഥത്തില്‍ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. ശാസ്ത്ര-സാങ്കേതികവിദ്യകളില്‍ മനുഷ്യന്‍ കൈവരിച്ച പുരോഗതികളെ കൃത്യമായി വേര്‍തിരിക്കാവുന്ന ഒരു രേഖ. എന്നാല്‍ അതിന്റെ നല്ല വശങ്ങളല്ല ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് സിറിയയുടെയും ഫലസ്തീന്റെയും പേരില്‍ ലോകം കരഞ്ഞുകൊണ്ടിരിക്കുന്നു. ആധുനിക ജനാധിപത്യ രാഷ്ട്രസങ്കല്‍പം വെറും സങ്കല്‍പമായി മാറുന്ന കാലത്ത് സൈനികരേക്കാള്‍ കൂടുതലായി നിരപരാധികളായ സാധാരണക്കാര്‍ മരിച്ചുവീഴുന്നു. ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം തീവ്രവാദവും അഭയാര്‍ത്ഥി പലായനവുമാണെന്ന് പ്രഖ്യാപിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ലോകത്ത് ഉന്മൂലനസിദ്ധാന്തം നടപ്പിലാക്കിയതിന്റെ പാപം കഴുകിക്കളഞ്ഞ് മാറിനില്‍ക്കുന്നു. ആഭ്യന്തര ഭദ്രതയെ ആകെ ശിഥിലമാക്കി സിറിയയില്‍ ഐ.എസ് എന്ന ഭീകരഗ്രൂപ്പ് ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പാശ്ചാത്യന്‍ രാജ്യങ്ങള്‍. ഇറാഖിനെയും അഫ്ഗാനിനെയും ന്യായം പറഞ്ഞ് ഉഴുതുമറിച്ചവര്‍ കളം മാറ്റി ചവിട്ടിയാണ് സിറിയയില്‍ അവതരിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തി അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങള്‍ നടത്തിയ നരമേധം അവര്‍ ഇന്ന് മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ തീവ്രവാദത്തില്‍ നിന്നും അഭയാര്‍ത്ഥിത്വത്തില്‍ നിന്നും രക്ഷിക്കേണ്ട ദൗത്യം സ്വയം ഏറ്റെടുക്കുന്നു.നേരിട്ടുള്ള അധിനിവേശം എന്ന പഴഞ്ചന്‍ രീതി മാറ്റി ആഭ്യന്തരമായി രാജ്യങ്ങളെ തകര്‍ക്കുക എന്ന പുതിയ അടവ് അവര്‍ പിന്തുടരുന്നു. പാവ ഭരണകൂടങ്ങളെ സൃഷ്ടിച്ചും തീവ്രവാദ ഗ്രൂപ്പുകളെ രംഗത്തിറക്കിയും അവര്‍ ഈ അജണ്ടകള്‍ ഭംഗിയായി നടപ്പാക്കുന്നു. അതിനെതിരെ രക്ഷക റോളില്‍ വരാന്‍ ഈ നാടകം അവരെ സഹായിക്കുകയും ചെയ്യുന്നു.
 
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് അറിയപ്പെടുന്ന ഇന്ത്യയിലാകട്ടെ ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത്. മുസ്‌ലിമായി ജനിച്ചതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും അവഗണനകള്‍ക്ക് അവര്‍ പാത്രമാകുന്നു. കരിനിയമങ്ങള്‍ അടിച്ചേല്‍പിച്ച് വിചാരണ കൂടാതെ തടവില്‍ പാര്‍പിക്കുന്നു. ഒരു പശുവിന്റെ വില പോലും ലഭിക്കാതെ ക്രൂരമായി കൊല്ലപ്പെടുന്നു. ഭരണഘടനയില്‍ സമത്വത്തിനുള്ള അവകാശം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്ത് അത് വെറും കെട്ടുകഥ മാത്രമായി തുടരുന്നു. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപിടിച്ച രാജ്യത്തു നിന്ന് ഇന്ന് വര്‍ഗീയതയുടെ വിഷപ്പുകയാണ് ഉയരുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും നമ്മുടെ രാജ്യവും ലോകവും ഒട്ടും മാറിയിട്ടില്ല. ഇന്നും നിരപരാധികള്‍ ധാരാളമായി കൊല്ലപ്പെടുന്നു, മതത്തിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നു, സ്വന്തം നാട്ടില്‍ പോലും അഭയാര്‍ത്ഥികളായി ജീവിക്കേണ്ടി വരുന്നു, പട്ടിണി മൂലം മരിച്ചുവീഴുന്നു. ശാസ്ത്രവും സാങ്കേതികവിദ്യവും പുരോഗമിച്ചപ്പോള്‍ ലോകത്ത് മാറിയത് ആയുധങ്ങളും യുദ്ധകോപ്പുകളും മാത്രം. നമുക്ക് വര്‍ധിച്ചത് ഭയവും ആശങ്കകളും മാത്രം. നമുക്ക് കുറഞ്ഞത് മനസ്സമാധാനവും സുരക്ഷിതത്വവും മാത്രം. എല്ലാ വര്‍ഷവും സംഭവിക്കുന്നതു പോലെ ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നുവരുന്നു. ഒട്ടും ആര്‍ഭാടങ്ങളില്ലാതെ. കുറെ ചര്‍ച്ചകളുടെയും ഉച്ചകോടികളുടെയും ബഹളങ്ങള്‍ മാത്രം അന്തരീക്ഷത്തില്‍ ബാക്കിയാക്കി അത് കടന്നുപോവുകയും ചെയ്യും.

Related Articles