Current Date

Search
Close this search box.
Search
Close this search box.

അബ്ബാസ്; നമ്മുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു

abbas9k.jpg

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കുറിച്ച് പുതുതായി വല്ലതും എഴുതാനാവുമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തിനായി കാത്തിരുന്നത്. മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ ഘാതകരുടെ പേര് വെളിപ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സന്തോഷ വാര്‍ത്തയറിയിച്ച സാഹചര്യത്തില്‍ ആ പ്രതീക്ഷ ന്യായമായിരുന്നു. ഒരു ദിവസം വൈകിയെത്തിയ അദ്ദേഹത്തിന്റെ സംസാരം രണ്ടു മണിക്കൂര്‍ നീണ്ടെങ്കിലും പ്രസ്തുത വിഷയം വിദൂരമായി പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഫലസ്തീന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ ഇതൊരു പുതുമയുള്ള കാര്യമൊന്നുമല്ല. വിരമിക്കാനും ഉത്തരവാദിത്വം യുവാക്കളെ ഏര്‍പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള ഒരാളാണ് അബ്ബാസ്. ഭരണകൂടം പിരിച്ചു വിട്ട് താക്കോലുകള്‍ നെതന്യാഹുവിനെ ഏല്‍പിക്കുകയാണ്, ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കുകയാണ് എന്നൊക്കെയുള്ള വാഗ്ദാനങ്ങളും അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധകുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഐക്യരാഷ്ട്രസഭയിലും മറ്റും നടത്തിയ പ്രസംഗങ്ങളില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വാഗ്ദാനങ്ങളില്‍ ഒന്നും പോലും നടപ്പാക്കപ്പെട്ടില്ല. ഞാന്‍ ഈ പറയുന്നത് വസ്തുതയല്ലെന്ന് പറയുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ.

നമ്മെയെല്ലാം ഞെട്ടിപ്പിക്കുന്ന കൈയ്യടിയോടെയാണ് പ്രസിഡന്റ് അബ്ബാസ് ഹാളിലേക്ക് പ്രവേശിച്ചത്. തെരെഞ്ഞെടുപ്പോ എതിര്‍ സ്ഥാനാര്‍ഥികളോ ഇല്ലാതെ ഫതഹിന്റെ നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തെ വീണ്ടും തെരെഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വന്നപ്പോള്‍ അതിലേറെ നീണ്ട കൈയ്യടിയാണ് സദസ്സില്‍ നിന്നും ഉയര്‍ന്നത്. അയ്യൂബ് നബിയുടെ ക്ഷമയേക്കാള്‍ ദീര്‍ഘിച്ച അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിലുണ്ടായ കൈയ്യടികള്‍ അതിലേറെ നമ്മെ അമ്പരിപ്പിച്ചു. മുമ്പില്ലാത്ത ഈ കൂട്ടകൈയ്യടിയിലൂടെ അബ്ബാസ് തന്റെ അഞ്ച് നേതൃസ്ഥാനങ്ങളും നിലനിര്‍ത്തുമെന്നാണ് മനസ്സിലാക്കേണ്ടത്. ഫതഹ് പ്രസിഡന്റ്, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ്, പി.എല്‍.ഒ പ്രസിഡന്റ്, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ്, ഫലസ്തീന്‍ സായുധ സേനയുടെ പരമാധികാരി എന്നിവയാണ് ആ സ്ഥാനങ്ങള്‍. അതിനിടയില്‍ ഏതെങ്കിലും പദവികള്‍ പരാമര്‍ശിക്കാതെ വിട്ടുപോയെങ്കില്‍ മുന്‍കൂറായി ക്ഷമാപണം നടത്തുകയാണ്.

പി.എല്‍.ഒക്ക് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പ്രസിഡന്റ് അബ്ബാസ് യോഗം വിളിച്ചു ചേര്‍ത്തത്. ദീര്‍ഘകാലം തന്റെ കൂടെ കൊണ്ടു നടന്ന യാസര്‍ അബ്ദുറബ്ബിനെ പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. അറഫാത്തിനെതിരെയുളള ഗൂഢാലോചനകളില്‍ അബ്ബാസിന്റെ പങ്കാളിയും കൂട്ടാളിയുമായ വൈസ് പ്രസിഡന്റ് മുഹമ്മദ് ദഹ്‌ലാനെയും പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തോട് ചായ്‌വ് പുലര്‍ത്തുന്നവരെയും പിരിച്ചുവിടാനുള്ള ‘നിയമനിര്‍മാണം’ നടത്തുകയെന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ഫതഹ് പാര്‍ട്ടിയുടെ ഒരു സമ്മേളനം അദ്ദേഹം സംഘടിപ്പിക്കുന്നുണ്ട്.

ഫത്ഹ് സമ്മേളനത്തിലെ ഒന്നും രണ്ടും ദിനങ്ങളിലെ ചില സെഷനുകളെല്ലാം ഞാന്‍ നിരീക്ഷിച്ചിരുന്നു. എഴുതാന്‍ വല്ല വിഷയവും കിട്ടിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാല്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കി അവതരിപ്പിച്ച വിരസമായ പ്രഭാഷണങ്ങള്‍ എന്റെ ക്ഷമ കെടുത്തി. നിറഞ്ഞ ഹാളിലെ ബഹുഭൂരിപക്ഷവും അറുപത് പിന്നിട്ട അംഗങ്ങളായിരുന്നു. യുവാക്കളുടെ സാന്നിദ്ധ്യം വളരെ കുറവായിരുന്നു. പാര്‍ട്ടിക്ക് അറുപതിലെത്തിയിട്ടും മുന്‍നിരയിലെ മുഖങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സുരക്ഷാ സഹകരണം ഭരണകൂടത്തിന്റെ ‘മഹാനേട്ടമാണെന്നും’ ഓസ്‌ലോ കരാര്‍ തുടരുമെന്നും ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം നേടുന്നതിനുള്ള പോരാട്ടം തുടരുമെന്നും അബ്ബാസ് പറഞ്ഞു. കേന്ദ്ര സമിതിയിലെയും മറ്റു സമിതികളിലെയും മിക്ക അംഗങ്ങളെയും തല്‍സ്ഥാനത്ത് തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ശങ്കയോടെയാണെങ്കിലും പ്രസിഡന്റിനെ പ്രതികൂലിക്കുകയോ മറക്കു പിന്നില്‍ ദഹ്‌ലാനോട് ചായ്‌വ് പുലര്‍ത്തുകയോ ചെയ്തവര്‍ക്ക് മാത്രമാണ് സ്ഥാന ചലനം സംഭവിച്ചിരിക്കുന്നത്.

ഈ നിന്ദ്യത ഏറ്റുവാങ്ങിയിരിക്കുന്ന ഫലസ്തീന്‍ ജനത ഇനിയും അഞ്ചോ പത്തോ വര്‍ഷം കൂടി, മറ്റൊരു ‘ദഹ്‌ലാന്‍’ ഉയര്‍ന്നു വരുമ്പോള്‍ അയാളെ ഒഴിവാക്കാന്‍ ഫതഹ് സമ്മേളനം വിളിച്ചു ചേര്‍ക്കപ്പെടുന്നത് വരെ 81 പിന്നിട്ടിരിക്കുന്ന അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നു. ‘ഫതഹ്’ പ്രസ്ഥാനം പല കഷണങ്ങളായി ചിതറിപ്പോകുന്നതിന് മുമ്പുള്ള അവസ്ഥയിലെ അവസാന സമ്മേളനമായിരിക്കും ഇക്കഴിഞ്ഞതെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവുമോ? ഈ ഫതഹ് തന്നെയായിരുന്നില്ലേ പ്രതിരോധത്തിന്റെ ആദ്യ വെടിയുതിര്‍ത്തത്? പോരാട്ടത്തിന്റെ പാതയില്‍ ആയിരക്കണക്കിന് രക്തസാക്ഷികളെ സമര്‍പിച്ചതും  തന്നെയല്ലേ?

നിറഞ്ഞ കരഘോഷത്തില്‍ ആനന്ദിച്ചും പ്രശംസയില്‍ നിര്‍വൃതിയടഞ്ഞും അബ്ബാസ് പുറത്തുവരും. എന്നാല്‍ അദ്ദേഹത്തിന്റെയും ഫലസ്തീനികളുടെയും പ്രശ്‌നം മാറ്റമില്ലാതെ തുടരും. പ്രദേശത്തെ വന്‍ശക്തികളുടെ പിന്തുണയുള്ള എതിരാളികളുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദങ്ങളും ഇരട്ടിക്കും. പ്രസിഡന്റ് അബ്ബാസ് ആക്ഷേപിക്കപ്പെടുകയില്ല. കാരണം ഈ അവസ്ഥ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു പ്രസ്ഥാനം അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. നിന്ദ്യതയും അപമാനവും കടിച്ചിറക്കാന്‍ തയ്യാറായ ഫലസ്തീന്‍ ജനതയെയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഈ നേട്ടങ്ങളുടെ പേരില്‍ മുന്‍കൂറായി നമുക്കദ്ദേഹത്തെ അഭിനന്ദിക്കാം.

വിവ: നസീഫ്‌

Related Articles