Current Date

Search
Close this search box.
Search
Close this search box.

‘അഫ്‌സ്പ’ ഭരിക്കുന്ന കാശ്മീര്‍

കാശ്മീര്‍ ഭരിക്കുന്നത് ‘അഫ്‌സ്പ’ യാണ്. ജമ്മുകാശ്മീരില്‍ സായുധസൈന്യത്തിന് നമ്മുടെ ഭരണകൂട ഏമാന്‍മാര്‍ കണ്ടറിഞ്ഞ് നല്‍കിയിരിക്കുന്ന പ്രത്യേകാധികാര നിയമമാണ് ( ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) ‘അഫ്‌സ്പ’. മനുഷ്യര്‍ തന്നെ രൂപം നല്‍കിയ മനുഷ്യത്വരഹിതമായ നിയമത്തിന്റെ ഭീകരത ഒരിക്കല്‍ കൂടി ചര്‍ച്ചാ വിഷയമാക്കാന്‍ രണ്ട് പേരുടെ ഇളം ജീവനുകള്‍ കൂടി കുരുതി കൊടുക്കേണ്ടി വന്നിരിക്കയാണിപ്പോള്‍. ഏഴാം ക്ലാസുകാരനായ ഫൈസല്‍ ഭട്ട്, 21 വയസ്സുകാരനായ മിഅ്‌റാജുദ്ദീന്‍ എന്നിവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ‘സന്ദര്‍ഭോചിതമായ’ ഇടപെടലിന്റെ ഫലമായി കൊല്ലപ്പെട്ട ഭീകരവാദികളായി മാറുമായിരുന്നു ഒരു വേള. പക്ഷെ ഇവര്‍ രണ്ട് പേരുടെ കൂടെയുണ്ടായിരുന്ന 14 കാരന്‍ ബാസിം സൈന്യത്തിന്റെ കിരാതമായ ആക്രമണത്തില്‍ രക്ഷപ്പെട്ടിലായിരുന്നെങ്കില്‍ അതു തന്നെ സംഭവിക്കുമായിരുന്നു. എങ്ങനെയാണ് സൈന്യം തന്റെ കളികൂട്ടുകാരെ ബോധപൂര്‍വ്വം കൊലപ്പെടുത്തിയത് എന്ന് ബാസിം ലോകത്തോട് വെളിപ്പെടുത്തിയതോടു കൂടി പേരു കേട്ട ഇന്ത്യന്‍ സൈന്യം മാപ്പ് പറഞ്ഞും, കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചും തടിതപ്പുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ബാസിം ജീവനോടെ അവശേഷിച്ചിരുന്നില്ലെങ്കില്‍ ഒരു ബോളിവുഡ് ഫിലിം സമാനമായ ഏറ്റുമുട്ടല്‍ കഥ കൂടി വിശ്വസിച്ച് മൂക്കത്ത് വിരലും വെച്ചും നമ്മളൊക്കെ പിരിഞ്ഞു പോകുമായിരുന്നു.

ആരെയാണ് ഈ ദുര്‍ഗതിക്ക് പഴിപറയേണ്ടത് എന്ന ചോദ്യത്തിന് സൈന്യത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തുന്നത് ഒരുപരിധി വരെ നീതിക്ക് നിരക്കാത്തതാണ്. കാശ്മീരില്‍ ഉടനീളം നടപ്പാക്കിയിട്ടുള്ള ‘അഫ്‌സ്പ’ യില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് സൈന്യം അജ്ഞരല്ല എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. മുന്‍ ആര്‍മി ചീഫ് ജനറല്‍ എന്‍.സി വിജ് ‘അഫ്‌സ്പ’ ക്കെതിരെയുള്ള, ജനവിരുദ്ധം, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടാത്ത വിധം സൈന്യത്തിന് എന്ത് അക്രമത്തിനും അനുമതി നല്‍കുന്നു തുടങ്ങിയ ആരോപങ്ങളെ കുറിച്ച് വിശദമായി പഠിക്കുകയുണ്ടായി. ജനറല്‍ വിജ് പറയുന്നു ‘രാജ്യത്ത് അല്ലെങ്കില്‍ ഒരു പ്രദേശത്ത് ക്രമസമാധാനാന്തരീക്ഷം താറുമാറായതായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിന് ശേഷം മാത്രമാണ് ‘അഫ്‌സ്പ’ പ്രയോഗത്തില്‍ വരിക. അഥവാ സര്‍ക്കാറിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സംഭവിക്കുകയും, ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെ വിന്യസിക്കുകയല്ലാതെ വേറെയൊരു മാര്‍ഗവും ഇല്ലാതിരിക്കുമ്പോള്‍ മാത്രം. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു  പറയട്ടെ, സമാധാനാന്തരീക്ഷം തകര്‍ന്നതായി ഒരിക്കല്‍ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശം, പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലും, അക്രമ സംഭവങ്ങള്‍ അവസാനിച്ചാലും ശരി,  പിന്നീടങ്ങോട്ട് പ്രശ്‌നബാധിത മേഖലയായി തന്നെ വര്‍ഗീകരിക്കപ്പെടുന്നു. നേരെമറിച്ച്, നിര്‍ണിത കാലത്തേക്ക് മാത്രമായി, നിയമാനുസൃതമായിട്ടാണ് സൈന്യത്തെ പ്രശ്‌നബാധിത മേഖലകളില്‍ വിന്യസിക്കേണ്ടത്. ഇത് പാലിക്കാത്തതിന്റെ ദുരന്തങ്ങളാണ് നാഗാലാന്റിലും, ആസാമിലും നാം കണ്ടു കൊണ്ടിരിക്കുന്നത്’. മുന്‍ ആര്‍മി ചീഫ് സമ്മതിക്കുന്നു.

കാശ്മീരില്‍ സൈന്യത്തെ നയിച്ച ചില പ്രമുഖ സൈനികര്‍ അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ ലഫ്. ജനറല്‍ എച്ച്. എസ് പനാഗ് വെളിപ്പെടുത്തുകയുണ്ടായി ‘1996 മുതല്‍ നാല് സര്‍ക്കാറുകള്‍ അധികാരത്തില്‍ വരികയുണ്ടായി. സജീവമായി രംഗത്തുണ്ടായിരുന്നു ഭീകരവാദികളുടെ എണ്ണം രണ്ടായി ചുരുങ്ങി. അക്രമ സംഭവങ്ങള്‍ വളരെയധികം കുറഞ്ഞ നിലയിലെത്തി. അതേ സമയം രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ ഇന്നും കൃത്യമായി നിര്‍ണയിക്കപ്പെടുകയോ, നേടാന്‍ കഴിയുകയോ ചെയ്തിട്ടില്ല. ജനങ്ങള്‍ അപരവത്കരിക്കപ്പെട്ടു. നേരിയ പുരോഗതി മാത്രം ദൃശ്യമായി. രാഷ്ട്രീയ നയതന്ത്രത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കൂട്ടായി യത്‌നിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. സൈനിക നയത്തിലെ മാറ്റം ഈ പ്രക്രിയയെ സഹായിക്കും, പക്ഷെ രാഷ്ട്രീയതലത്തില്‍ കൈകൊള്ളുന്ന നയങ്ങളാണ് സൈനിക നയത്തെ രൂപീകരിക്കുന്നത്. അല്ലാതെ മറിച്ച് സംഭവിക്കുന്നില്ല.’

‘നിങ്ങളുടെ സ്വപ്‌നത്തിലെ ഭാരതം ഞാന്‍ നിര്‍മിക്കും’ എന്ന് പ്രധാനമന്ത്രി സ്വദേശത്തും വിദേശത്തും ഇന്ത്യന്‍ ജനതയെ അഭിമുഖീകരിച്ച് സംസാരിക്കുകയുണ്ടായി. ഇന്ത്യ തങ്ങളുടെ കയ്യില്‍ സുരക്ഷിതമാണ് എന്ന ബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ അതിര്‍ത്തിയും, ചെക്‌പോസ്റ്റുകളും കടന്നെത്തുന്ന ‘ഭീകരര്‍’ നിരന്തരം കൊല്ലപ്പെട്ടു കൊണ്ടിരിക്കണം എന്നത് എക്കാലത്തും രാഷ്ട്രീയ നേതൃത്തിന്റെ നിലനില്‍പ്പ് തന്ത്രത്തിന്റെ ഭാഗമാണ്. ആ തന്ത്രത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണം മാത്രമാണ് നിലവിലെ സൈനിക സംവിധാനങ്ങള്‍. ഭരണഘടന അനുശാസിക്കുന്ന 21 ാം വകുപ്പ് പ്രകാരമുള്ള അടിസ്ഥാന അവകാശങ്ങളില്‍ പെട്ട ജീവിക്കാനുള്ള അവകാശമാണ് കാശ്മീരിലെ പൗരന്‍മാര്‍ക്ക് ‘അഫ്‌സ്പ’ മൂലം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഭരണഘടന മുന്നോട്ട് വെക്കുന്ന അടിസ്ഥാനമൂല്യങ്ങളെ ഹനിക്കുന്ന നിയമനിര്‍മാണങ്ങള്‍ അനിവാര്യമായും റദ്ദു ചെയ്യപ്പെടണം.

Related Articles