Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍; അമേരിക്കയുടെ മയക്കുമരുന്ന് കൃഷിയിടം

opium-afgan.jpg

അല്‍ഖാഇദയെ തകര്‍ക്കാനും താലിബാനെ ശിക്ഷിക്കാനുമായാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ സൈനിക അധിനിവേശം നടത്തിയത്. യുദ്ധം അവസാനിച്ചു തുടങ്ങിയിരിക്കുന്നെങ്കിലും അമേരിക്കയുടെയും നാറ്റോയുടെയും അധിനിവേശം ഇന്നും തുടരുക തന്നെയാണ്. അതോടൊപ്പം മയക്കുമരുന്നിനത്തില്‍ പെട്ട കറുപ്പിന്റെ ( ഇതിന്റെ ഒരു ഉപോല്‍പ്പന്നമാണ് ഹെറോയിന്‍) ഉല്‍പ്പാദനത്തില്‍ ആഗോളാടിസ്ഥാനില്‍ ഒന്നാം സ്ഥാനം അഫ്ഗാനിസ്ഥാന് സ്വന്തമാവുകയും ചെയ്തു.

1978-ല്‍ അഫ്ഗാനിലെ മതേതര സര്‍ക്കാറിന്റെ അമേരിക്കന്‍ പിന്തുണയോടെ തല്‍പ്പരകക്ഷികള്‍ അട്ടിമറിച്ചതോടെയാണ് അഫ്ഗാനില്‍ കറുപ്പുല്‍പ്പാദനം ആരംഭിച്ചത്. പിന്നീടുണ്ടായ തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങള്‍, റഷ്യന്‍ അധിനിവേശം, അമേരിക്കയുടെ പിന്തുണയോടെ മതാടിസ്ഥാനില്‍ ഉണ്ടായ ചെറുത്ത് നില്‍പ്പ് എന്നീ സംഭവങ്ങള്‍ക്കൊപ്പം കറുപ്പുല്‍പ്പാദനവും അഭിവൃദ്ധി പ്രാപിച്ചു.

റഷ്യക്കാര്‍ അഫ്ഗാന്‍ വിട്ടോടിയതോടെ അഫ്ഗാനിലെ കറുപ്പുല്‍പ്പാദനം കൂടുതല്‍ ശക്തിപ്പെട്ടു. പക്ഷെ 2000-ല്‍ താലിബാന്‍ പോരാളികള്‍ കാബൂള്‍ പിടിച്ചെടുത്തതോടെ, കറുപ്പുല്‍പ്പാദനം നിരോധിക്കപ്പെട്ടു. അതോടു കൂടി 2000-ല്‍ 76 ശതമാനമുണ്ടായിരുന്ന വളര്‍ച്ച 2001-ഓടെ 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ജാക്ക് ബാള്‍ക്ക് വെല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി, ‘2001-ല്‍ അമേരിക്ക അഫ്ഗാന്‍ അധിനിവേശം നടത്തുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷിക്ക് താലിബന്‍ പൂര്‍ണ്ണമായും കൂച്ചുവിലങ്ങിട്ടിരുന്നു. 14 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം, ഇന്ന് ലോകത്തിലെ 90 ശതമാനം ഹെറോയിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറിക്കഴിഞ്ഞു.’

അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തി ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ താലിബാന്‍ ഭരണത്തിന് കീഴില്‍ 2001-ല്‍ 6 ശതമാനമുണ്ടായിരുന്ന ആഗോള കറുപ്പ് ഉല്‍പ്പാദനം, 2002-ല്‍ 74 ശതമാനത്തിലെത്തി. പിന്നീട് 2006-ല്‍ 93 ശതമാനം, 2007-ല്‍ 95 ശതമാനം, 2008-ല്‍ 94 ശതമാനം എന്ന നിരക്കിലായിരുന്നു അഫ്ഗാനിലെ കറുപ്പുല്‍പ്പാദനത്തിലെ വളര്‍ച്ചാ നിരക്ക്.

അമേരിക്കയുടെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ ഏജന്റ് മൈക്കല്‍ ലെവിന്‍ ഒരിക്കല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന വ്യാപാരികളെ അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. പക്ഷെ ഓരോ തവണയും അദ്ദേഹത്തിന് പകുതിവെച്ച് ഉദ്യമം അവസാനിപ്പിക്കേണ്ടി വന്നു. കാരണം ഈ കുറ്റവാളികളെല്ലാം തന്നെ സി.ഐ.എയുമായി ബന്ധമുള്ളവരാണ്, അതു കൊണ്ട് അവരെ വെറുതെ വിടണം എന്നായിരുന്നത്രെ അദ്ദേഹത്തിന് മുകളില്‍ നിന്നും കിട്ടിയ ഉത്തരവ്. അവസാനം മൈക്കല്‍ ലെവിന്‍ തന്റെ ഏജന്റ് പദവി ഉപേക്ഷിക്കുകയാണ് ചെയ്തത്.

2001-ല്‍ അമേരിക്ക അഫ്ഗാനില്‍ ബോംബ് വര്‍ഷം തുടങ്ങി. തുടര്‍ന്ന് അഫ്ഗാനിലെ മയക്കുമരുന്ന് നിര്‍മാജ്ജന പരിപാടിയുടെ ചുമതല ബ്രിട്ടീഷ് സര്‍ക്കാറിന് ഏല്‍പ്പിക്കപ്പെട്ടു. കറുപ്പ് കൃഷിയില്‍ നിന്നും ബാക്കിയുള്ള കൃഷിക്കാരെ പിന്തിരിപ്പിക്കുകയും പകരം ബദല്‍ വിളകളിലേക്ക് കൃഷിക്കാരെ ആകര്‍ഷിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. അതേസമയം അമേരിക്കയുടെ ‘ഓപ്പറേഷന്‍ കണ്ടൈന്‍മെന്റുമായി’ രഹസ്യമായി ബ്രിട്ടന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ബ്രിട്ടന്റെ മയക്കുമരുന്ന നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പുകമറയായിരുന്നു. 2001 ഒക്ടോബറോടെ കറുപ്പുല്‍പ്പാദനം വീണ്ടും പുഷ്ടിപ്പെട്ടു. രാഷ്ട്രീയനേതാക്കള്‍ വാഗ്ദാനം ചെയ്ത പോലെ അധിനിവേശ സൈന്യത്തിന്റെ സാന്നിധ്യം അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് ഉല്‍പ്പാദനം കുറക്കാനല്ല, മറിച്ച് വര്‍ധിപ്പിക്കാനാണ് സഹായിച്ചത്.

അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് താലിബന്‍ അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ മയക്കുമരുന്ന നിരോധനത്തിന്റെ ഫലമായി ‘2001 അവസാനത്തോടെ യൂറോപ്പിലാകമാനം ഹെറോയിന്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. അത് ഐക്യരാഷ്ട്രസഭ സമ്മതിച്ചതുമാണ്. പക്ഷെ 2001 ഒക്ടോബറില്‍ അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തിയതോടെ, ഹെറോയിന്‍ മാര്‍ക്കറ്റ് വീണ്ടും സജീവമാവുകയും, വില കുതിച്ചുയരുകയും ചെയ്തു. 2002-ല്‍ 2000-ല്‍ ഉണ്ടായിരുന്നതിനേക്കാല്‍ പത്ത് മടങ്ങ് അധികമായിരുന്നു വില.

ടോം റെറ്റര്‍ ബുഷ് എഴുതുന്നു, ‘സി.ഐ.എ ആണ് അന്താരാഷ്ട്രാ മയക്കുമരുന്ന് വിപണി മൊത്തത്തില്‍ നിയന്ത്രിക്കുന്നത്. തെക്കനമേരിക്കന്‍ രാജ്യങ്ങളിലെയും മധ്യഅമേരിക്കയിലെയും മയക്ക് മരുന്ന് വ്യാപാരം സി.ഐ.എയുടെ കൈകളിലാണ്. മെക്‌സിക്കൊ പൂര്‍ണ്ണമായും അവരുടെ നിയന്ത്രിലാണ്. അഫ്ഗാനില്‍ അമേരിക്ക അധിനിവേശം നടത്തിയതിന്റെ കാരണങ്ങളില്‍ ഒന്ന് അഫ്ഗാന്‍ മയക്കുമരുന്ന വ്യാപാരത്തിന്റെ അമരസ്ഥാനത്ത് സി.ഐ.എ പ്രതിഷ്ഠിക്കുക എന്നതായിരുന്നു.’

അമേരിക്കന്‍ അധിനിവേശാന്തരം അഫ്ഗാനിസ്ഥാനില്‍ നിലവില്‍ വന്ന ഹാമിദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പ്രധാനശക്തി കറുപ്പ് ഉല്‍പ്പാദനമായിരുന്നു. ഈ കച്ചവടത്തില്‍ ഹാമിദ് കര്‍സായിയും കൂട്ടരും സജീവമായി തന്നെ ഇടപെട്ടു. നിയമപരമായി തന്നെ താജിക്കിസ്ഥാനിലേക്ക് മയക്കുമരുന്ന കടത്താനുള്ള എല്ലാ സൗകര്യങ്ങളും കര്‍സായി സര്‍ക്കാര്‍ ചെയ്തുകൊടുത്തിരുന്നു. ഇത് ലോകാടിസ്ഥാനത്തില്‍ തന്നെ കറുപ്പ് വിപണനം വര്‍ദ്ധിപ്പിച്ചു. പ്രത്യേകിച്ച് റഷ്യയിലേക്കും യൂറോപ്പിലെ മറ്റു രാഷ്ട്രങ്ങളിലേക്കും പിന്നീട് കറുപ്പിന്റെ ഒരു വന്‍കുത്തൊഴുക്ക് തന്നെ നടന്നു. ഇത് ഹെറോയിന്‍ ഉപയോഗിക്കുന്ന രാഷ്ട്രങ്ങളില്‍ റഷ്യയെ ഏറെ മുന്നിലെത്തിക്കുന്നതിന് ഇടയാക്കിയതായി റഷ്യന്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ച കാര്യമാണ്.

അമേരിക്കയിലെ തന്നെ സെന്റര്‍ ഫോര്‍ ഡിസീസ് ക്യുഅറിംഗ് ആന്റ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് ‘2002-2013 കാലയളവില്‍ അമേരിക്കയില്‍ ഹെറോയിന്‍ അമിതമായി ഉപയോഗിച്ച് മരണപ്പെട്ടവരുടെ സംഖ്യ നാലിരട്ടിയായി വര്‍ദ്ധിച്ചിരുന്നു. 2013-ല്‍ മാത്രം 8200 ആളുകളാണ് ഹെറോയിന്റെ അമിതോപയോഗം മൂലം മരണപ്പെട്ടത്.’

കറുപ്പ് മാത്രമല്ല അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തേക്കൊഴുകുന്നതെന്ന് മനസ്സിലാക്കുക. യു.എന്‍.ഒ.ഡി.സിയുടെ (യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍) 2011-ലെ കണക്കനുസരിച്ച് ലോകത്തിലെ പ്രധാന കഞ്ചാവ് ഉല്‍പ്പാദന രാഷ്ട്രങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയില്‍ കറുപ്പുല്‍പ്പാദനത്തില്‍ നിന്നും കഞ്ചാവ് ഉല്‍പ്പാദനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് വളരെ വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ ഈ അവസ്ഥക്ക് പെട്ടെന്നൊരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

Related Articles