Current Date

Search
Close this search box.
Search
Close this search box.

അന്ന് നമ്മള്‍ നോറ്റ അര നോമ്പുകള്‍

നമുക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ ആദ്യമായി നോറ്റ നോമ്പ്…..
ഉസ്താദാണ് പറഞ്ഞത് കുട്ടികള്‍ അര നോമ്പ് നോറ്റാല്‍ മതിയെന്ന്..
എന്ന് വെച്ചാല്‍ ഉച്ച വരെ… രണ്ട് അര നോമ്പ് നോറ്റാല്‍ ഒരു നോമ്പാകുമത്രെ ..
അങ്ങനെ നമ്മള്‍ കുഞ്ഞുനാളുകളില്‍ നോറ്റ എത്ര അര നോമ്പുകള്‍ …

അബസ്വരങ്ങള്‍ (വേേു://www.absarmohamed.com) എന്ന ബ്ലോഗിലൂടെ ശ്രദ്ധേയനാണ് അബ്‌സാര്‍….

ഒരു നോമ്പ് കള്ളന്റെ കഥ
എന്ന അബ്‌സാറിന്റെ പോസ്റ്റില്‍ ബാല്യകാലത്തെ നിഷ്‌കളങ്കത മുഴുവന്‍ ഉള്ളടങ്ങിയിരിക്കുന്നു..

‘സ്‌കൂള്‍ പഠനകാലത്ത് റമദാന്‍ വരിക എന്ന് വെച്ചാല്‍ പേടി ഉളവാക്കുന്നതായിരുന്നു..
പകല്‍ മുഴുവന്‍ ആഹാരം കഴിക്കാന്‍ പറ്റില്ല..
ക്ഷീണം കൊണ്ട് കളിക്കാനും കഴിയില്ല…

നോമ്പ് ഒഴിവാക്കിയാലും പ്രശ്‌നമാണ്….
വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് വേണ്ടത്ര പരിഗണന കിട്ടില്ല എന്നത് തന്നെ..

എന്തായാലും നോമ്പ് നോല്‍ക്കുക എന്നത്  വല്ലാത്ത മടിയുള്ള ഒരു കാര്യമായിരുന്നു…
ഇതില്‍ നിന്നെങ്ങനെ ഊരാം എന്നായിരുന്നു ചിന്ത..
ഒടുവില്‍ ഒരു ആശയം വീണുകിട്ടി..

വീട്ടില്‍ നോമ്പുള്ള ദിവസം സ്‌കൂളില്‍ നോമ്പുണ്ടാകില്ല…
സ്‌കൂളില്‍ നോമ്പുള്ള ദിവസം വീട്ടിലും നോമ്പുണ്ടാകില്ല..
ഇടക്ക് ഒഴിവ് ദിവസം മാത്രം ഒറിജിനല്‍ നോമ്പ്കാരനായി….

ഒന്ന് രണ്ട് വര്‍ഷങ്ങള്‍ അങ്ങനെ വിജയശ്രീലാളിതനായി കടന്നുപോയി..

ഒരു ദിവസം ട്യൂഷന്‍ കഴിഞ്ഞ് ഉച്ചക്ക് ഞാന്‍ വീട്ടിലെത്തി..
അന്ന് ഒരു അഞ്ചുമണി ആയിക്കാണും…
ട്യൂഷന്‍ സെന്ററിലെ മൂന്ന് അധ്യാപകരുണ്ട് എന്റെ വീട്ടില്‍ വന്നിരിക്കുന്നു..
ആ മൂന്ന് പേരില്‍ ഒരാള്‍ എല്‍ ഐ സി ഏജന്‍സി എടുത്തിരിക്കുന്നു…
അതിന് ആളെ ചേര്‍ക്കാന്‍ വന്നതാണ്….

ആ വന്നവരില്‍ രണ്ട് പേര്‍ മുസ്‌ലീംകള്‍ ആയിരുന്നില്ല…..
ഉമ്മ അവര്‍ക്ക് കുടിക്കാന്‍ സ്‌പെഷ്യല്‍ തരിക്കഞ്ഞിയുമായി വന്നു……

നമ്മുടെ എല്‍ ഐ സി മാഷ് എന്നോട് ചോദിച്ചു …
‘നിനക്ക് വേണ്ടേ…………’

(ഞാനിന്ന് അങ്ങോരോട് ചോദിച്ച് വെള്ളം കുടിക്കാന്‍ പോയിരുന്നു… ഇന്നെനിക്ക് ട്യൂഷന്‍ സെന്ററില്‍ നോമ്പില്ലായിരുന്നു…. വീട്ടില്‍ ഞാന്‍ നോമ്പുകാരനായിരുന്നു.)

എന്റെ നാവ് ഇറങ്ങിപ്പോയി…തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി…

എല്‍ ഐ സി മാഷോട് ഉത്തരം പറഞ്ഞത് ഉമ്മ…..

‘അവന് ഇന്ന് നോമ്പാണ്.. അവന്‍ മിക്കവാറും നോമ്പ് എടുക്കാറുണ്ട് ‘

ഉമ്മയുടെ വാക്കുകളില്‍ മകനെ കുറിച്ച് വല്ലാത്തൊരു അഭിമാനം..

*********************************************************************
ഇന്ന് മെയിലിലും ഫേസ്ബുക്കിലുമൊക്കെ അശ്രദ്ധമായി സഞ്ചരിക്കുമ്പോഴാണ്
റമദാന്‍ ആശംസകള്‍ മെസേജുകളായി കണ്ണില്‍ പെടുന്നത്….
അത്തരം മെസേജുകള്‍ പഴയ കാലങ്ങളിലേക്ക് വഴി നടത്തുന്നു എന്ന് പറയുന്നു ഉമ്മു അമ്മാര്‍ അക്ഷരി ചിന്തുകള്‍ (http://vanithavedi.blogspot.in)ബ്ലോഗില്‍ ..

‘അന്നൊക്കെ …….നോമ്പിന് മുന്‍പ് എന്തൊക്കെ ഒരുക്കങ്ങളാകും ..
നനച്ചു കുളി എന്നായിരുന്നു അതിനു പഴമക്കാര്‍ വിളിച്ചിരുന്നത് തന്നെ .

വീടൊക്കെ പെയിന്റ് ചെയ്തു വീടിന്റെ സിമന്റു തേക്കാത്ത നിലം ആണെങ്കില്‍ അതില്‍ തേങ്ങയുടെ ചകിരി ചുട്ടെടുത്ത കരിയും വെള്ളില പുഴുങ്ങിയതും കൂട്ടി കരിയിട്ടു കറുപ്പിക്കും…
വീട്ടിലെ ഉപകരണങ്ങളായ മേശ ,മരം കൊണ്ടുള്ള കസേര,ചിരവ,അളുകള്‍,ഭരണികള്‍ ഇരിക്കാനുപയോഗിക്കുന്ന പലകള്‍ അങ്ങിനെയെല്ലാമെല്ലാം പെറുക്കി കൂട്ടി .. അടുത്തുള്ള കുളത്തില്‍ കൊണ്ട് പോയി തേച്ച് കഴുകി പുതിയത് പോലെ നിറം വെപ്പിക്കും..
അതിനൊക്കെ ഉത്സാഹത്തോടെ അയല്‍പക്ക വീടുകളിലെ കൂട്ടുകാരും കൂടെ കൂടുന്നു ……
അന്നൊക്കെ ഉമ്മ തൊറ മാങ്ങ ഉണ്ടാക്കുമ്പോള്‍ കാണാതെ എടുത്തു രുചിച്ചതിന്റെ ആ ഓര്‍മ്മ നാവിനിപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല .
പാവയ്ക്കയും കപ്പയുമൊക്കെ മുറിച്ചു മുളകും ഉപ്പും തേച്ചു വെയിലത്ത് വെച്ചുണക്കിയെടുത്ത് കുപ്പികളിലാക്കി അടച്ചു വെക്കും അത്താഴത്തിനു ചോറിനൊപ്പം കഴിക്കാന്‍ അങ്ങിനെ തയാറെടുപ്പുകള്‍ ……..  
അരിയും മുളകും മഞ്ഞളും ഗോതമ്പും മല്ലിയുമൊക്കെയായി മില്ലില്‍ പോയി കൂട്ടുകാരിക്കൊപ്പം സമയം ചെലവഴിച്ചതുംഎല്ലാം മനസ്സില്‍ മായാതെ കിടക്കുന്നു ഇന്ന് ജീവിതത്തിന്റെ ദിശകള്‍ പല വഴികളിലായി…
കൂട്ടുകാരി അവളുടെ കുടുംബവുമായി… അങ്ങിനെ ഉള്ള തയാറെടുപ്പുകള്‍ നോമ്പിന്റെ വിശുദ്ധിയെ എടുത്തു കാണിക്കുന്നു ശാരീരികമായും മാനസീകമായും അവര്‍ നോമ്പിനെ വരവേല്‍ക്കുന്നു. ഇന്ന് അവയെല്ലാം അപൂര്‍വ്വമായേ കാണുന്നുള്ളൂ ….

തിരക്ക് പിടിച്ച ജീവിതത്തില്‍ അനുഷ്ടാനങ്ങളും ,യാന്ത്രിക മാകുന്നുവോ ? അതോപ്രവാസ ജീവിതത്തിലെ കുഞ്ഞുങ്ങളുടെ മനസ്സും നാല് ചുമരുകളില്‍ തളച്ചിടുമ്പോള്‍ വരും തലമുറയോട് അവര്‍ക്ക് പറയാനുണ്ടാകുക നോമ്പിന്റെ ചൈതന്യം വെറും ചൂടിലും തണുപ്പിലും മാത്രം ഒതുങ്ങുന്ന ഒരു അനുഷ്ഠാനം മാത്രമാണെന്നാകുമോ അതല്ല ‘റംസാന്‍ എന്നാല്‍ പകല്‍ ഉറക്കവും രാത്രി കറക്കവും ഔട്ടിങ്ങും ഒക്കയാണെന്ന പുതിയ സങ്കല്പ്പമാവുമോ?’

Related Articles