Current Date

Search
Close this search box.
Search
Close this search box.

അനാവശ്യ വിവാദങ്ങള്‍ക്ക് അറുതി

അഹമ്ദിയ സംഘടനയില്‍ പെട്ട മൂന്നാളുകള്‍ ഒരു ദിവസം ഓഫീസില്‍ വന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ചോദിച്ചു : ‘ഈസാ നബി മരിച്ചിട്ടുണ്ടോ?’
‘മരിച്ചെങ്കില്‍ മരിക്കട്ടെ, ഇല്ലെങ്കില്‍ വേണ്ട.’ ഞാന്‍ പറഞ്ഞു.
‘എന്താ അങ്ങനെ പറയാന്‍ കാരണം?’
‘അത് അടിസ്ഥാന വിശ്വാസ കാര്യത്തില്‍ പെട്ടതല്ല. മരിച്ചെന്ന് വിശ്വസിച്ചാലും മരിച്ചിട്ടില്ലെന്ന് വിശ്വസിച്ചാലും അതിന്റെ പേരില്‍ ആരും മുസ്‌ലിമാവാതിരിക്കില്ല. നരകത്തില്‍ പോകേണ്ടി വരികയുമില്ല.’ ഞാന്‍ വിശദീകരിച്ചു.
‘ഈസാ നബി മരിച്ചിട്ടുണ്ട്.’ അവര്‍ പറഞ്ഞു.
‘നിങ്ങള്‍ അങ്ങനെ വിശ്വസിച്ചു കൊള്ളുക.’
‘ഈസാ നബിയുടെ കബര്‍ കാശ്മീരിലുണ്ട്.’
‘അതില്ലെന്നുറപ്പാണ്.’
‘അതെന്താ അങ്ങനെ പറയാന്‍.’ അവര്‍ ചോദിച്ചു.
‘ഈസാ നബിയുടെ കബര്‍ കാശ്മീരിലുണ്ടെങ്കില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും അതിനെ വെറുതെ വിടില്ല.’
‘ഈസാ നബി വരുമോ?’ അടുത്ത ചോദ്യം.
‘വരികയാണെങ്കില്‍ വരട്ടെ, വരുമ്പോള്‍ നോക്കാം.’
‘അപ്പോള്‍ അതിലും താങ്കള്‍ക്ക് അഭിപ്രായമില്ലേ?’
‘അഭിപ്രായമുണ്ട്. അത് മൗലിക വിശ്വാസ കാര്യമല്ലെന്നു തന്നെയാണ്. വന്നിട്ട് വിശ്വസിക്കുന്നില്ലെങ്കില്ലേ പ്രശ്‌നമാക്കേണ്ടതുള്ളൂ!’ ഞാന്‍ തിരിച്ചു ചോദിച്ചു.
‘ഈസാ നബി വന്നിട്ടുണ്ട്.’ അവര്‍ തറപ്പിച്ചു പറഞ്ഞു.
‘വന്നിട്ടില്ലെന്നുറപ്പ്, വീരപ്പന്‍ വന്നിട്ട് ഞാനറിഞ്ഞിട്ടുണ്ട്. പിന്നെ ഈസാ നബി വന്നാല്‍ അറിയാതിരിക്കുമോ?’
‘ഈസാ നബി വന്നാല്‍ നാലാള്‍ അറിയേണ്ടേ? ഉഴപ്പി പോകുന്ന ഒരു ഈസാ നബി വന്നിട്ട് എന്തുകാര്യം?’ ഞാന്‍ കൂട്ടിചേര്‍ത്തു.
‘ഖിലാഫത്ത് സ്ഥാപിച്ചില്ലേ?’ അവര്‍ ചോദിച്ചു.
‘ആര്‍? എവിടെ?’
‘മിര്‍സാ ഗുലാം അഹ്മദ്, അദ്ദേഹം ഖിലാഫത് സ്ഥാപിച്ച ശേഷമാണ് ഈ ലോകത്തു നിന്ന് യാത്രയായത്.’
‘ഏതു രാജ്യത്ത്? ഏത് പ്രദേശത്ത്?’ ഞാന്‍ അന്വേഷിച്ചു.
‘ഭൂമിയിലല്ല, അഹ്മദിയാക്കളുടെ മനസ്സിലാണ് ഖിലാഫത്ത് സ്ഥാപിച്ചത്.’
‘അങ്ങനെയെങ്കില്‍ കോടിക്കണക്കിന് വിശ്വാസികളുടെ മനസ്സില്‍ ആദരവും അംഗീകാരവും നേടിയത് മിര്‍സാ ഗുലാമിനേക്കാള്‍ നാലു ഇമാമുകളും ഇമാം ഹസനുല്‍ ബന്നയും സയ്യിദ് മൗദൂദിയുമൊക്കെയാണല്ലോ.’
‘അവരാരും ഖലീഫമാരല്ലല്ലോ?’
‘നിങ്ങളുടെ ഖലീഫയോ? അത് വെള്ളിയില്ലാത്ത വെള്ളിക്കോലു പോലെയല്ലേ?’

ഞങ്ങളുടെ സംവാദവും സംഭാഷണവും ഇവിടെ അവസാനിച്ചു. നേര്‍ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം അവരെ അനാവശ്യ വിവാദങ്ങളില്‍ കുരുക്കിയിടാനാണ് ശ്രമിക്കുക. അഹ്മദിയാക്കള്‍ ഈസാ നബി മരിച്ചോ ഇല്ലേ എന്ന പ്രശ്‌നമുന്നയിച്ച്  വിവാദത്തിന് വഴിവെക്കുന്ന പോലെ. മൗലികമല്ലാത്ത വിഷയങ്ങളിലെ വിവാദങ്ങള്‍ക്ക് വിരാമമിടലാണ് വിവേകത്തിന്റെ വഴി.

Related Articles