Current Date

Search
Close this search box.
Search
Close this search box.

അധ്യാപക ദിനമോ ഗുരു ഉത്സവമോ?

51 കൊല്ലം മുമ്പ് ഒരു കുട്ടിക്കിട്ട പേര് 52-ാമത് ജന്മദിനത്തില്‍ മാറ്റുന്നത് ശരിയാണോ? മതം മാറിയാല്‍ ചിലര്‍ പേര് മാറ്റാറുണ്ടത്രെ. ദൈവിക പാതയില്‍ കര്‍ത്താവിന്റെ വാഴ്ത്തപ്പെട്ടവരായി വാഴാന്‍ പോകുന്നവരും പേര് മാറ്റുന്നതായി കേട്ടിട്ടുണ്ട്. ഇത് ഇന്ന് ഓര്‍ത്തുപോയത് നാളെ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായതുകൊണ്ട് മാത്രമല്ല. 1952 മുതല്‍ 10 വര്‍ഷം ഇന്ത്യയുടെ വൈസ് പ്രസിഡന്റും 1962 മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ചില വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സമീപിച്ച് സെപ്തംബര്‍ 5-ന് ജന്മദിനം നന്നായി ആഘോഷിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന് പകരം ആ ദിനം അധ്യാപകരുടെ ദിനമായി ആചരിക്കാനാണ് താനിഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്നുമുതല്‍ അധ്യാപക ദിനം ഇന്ത്യയില്‍ പിറവിയെടുത്തത്. എന്നാല്‍ ഹിന്ദുത്വതാല്‍പര്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുളള ശ്രമങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്ന മോദിയുടെ മോടിയുള്ള പരിണാമങ്ങള്‍ക്കിടയില്‍ ഇതിന് ഒരു പുതിയ പേരുകൂടി ചാര്‍ത്തപ്പെട്ടിരിക്കുന്നു, ഗുരു ഉത്സവ് 2014. മാനവ ജനതയുടെ വിഭവശേഷിക്കായി നിലനില്‍ക്കുന്ന മന്ത്രാലയത്തില്‍ നിന്ന് സ്മൃതി ഇറാനിയുടെ നേതൃത്വത്തിലിറങ്ങിയ സര്‍ക്കുലറാണ് പ്രസ്തുത പേര് മാറ്റി വിളിച്ചുനോക്കിയത്. പക്ഷേ ഇട്ട പേര് കുട്ടിക്ക് ചേരാത്തതുകൊണ്ടോ, ആ പേരിട്ട ആള്‍ക്ക് പേരുമാറ്റം അത്രക്കങ്ങ് പിടിക്കില്ല എന്നോര്‍ത്തതുകൊണ്ടോ എതിര്‍പ്പുകള്‍ പിറന്നുകൊണ്ടിരിക്കുന്നു.

ഒരു കാര്യം കൂടി അങ്ങേര് പറഞ്ഞിരുന്നു, രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും അന്നത്തെ പ്രധാനമന്ത്രിയുടെ പ്രഭാഷണം ശ്രവിക്കാന്‍ വേണ്ടി ഒരുക്കങ്ങള്‍ നടത്തണം. ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമുള്ള അധ്യാപകരും രാഷ്ട്രീയക്കാരും പ്രതിഷേധങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മമത മേമിന് നല്ല ധൈര്യമുള്ളതുകൊണ്ടും ഇനിയും ജയിക്കേണ്ടതുളളതുകൊണ്ടും ബംഗാളില്‍ പ്രഭാഷണ പ്രക്ഷേപണം നടക്കില്ലെന്ന് വെട്ടിത്തുറന്ന് പറയാന്‍ കഴിഞ്ഞു. ഇതൊന്ന് തണുത്ത് കിട്ടാനായിരിക്കണം സ്മൃതി വീണ്ടും രംഗത്തെത്തി അധ്യാപകദിനത്തിന് ആരെങ്കിലും ഗുരു ഉത്സവ് എന്നു പറയാന്‍ പാടുണ്ടോ, അതൊരു പ്രബന്ധ മത്സരത്തിന്റെ വിളിപ്പേരല്ലേ എന്നൊക്കെ പറഞ്ഞത്. പ്രധാനമന്ത്രിയുടെ വര്‍ത്തമാനത്തിന് ചെവികൊടുക്കേണ്ടതും ഐഛികമായി മാറിയിട്ടുണ്ട്.

എങ്കിലും ചില സംശയങ്ങള്‍ അങ്ങനെത്തന്നെയങ്ങ് നിന്നു കളയും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആഗസ്റ്റ് 29-ന് ഇറക്കിയ സര്‍ക്കുലറില്‍ നിര്‍ബന്ധമായും കുട്ടികള്‍ പ്രഭാഷണം കേള്‍ക്കണമെന്ന് പറഞ്ഞത് തമാശയായിരിക്കും. നാളെ വൈകുന്നേരം മൂന്ന് മണി മുതല്‍ 4.30 വരെ നടക്കേണ്ട പരിപാടിക്ക് വേണ്ട ഒരുക്കങ്ങള്‍ 2.30-ന് തന്നെ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞതായി കേട്ടിരുന്നു. അതും പോരാഞ്ഞ് ട്രയല്‍ ഡിസ്‌പ്ലേക്കും പരിഭാഷക്കും കേള്‍പ്പിക്കേണ്ട മാധ്യമങ്ങള്‍ക്കും ഒരുക്കങ്ങള്‍ ഉറപ്പുവരുത്താനും എസ്.എസ്.എ ഫണ്ട് ഉപയോഗപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ കേട്ടാല്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല എന്നല്ലല്ലോ മനസ്സിലാക്കാന്‍ കഴിയുക.

ഇന്ത്യ എന്റെ രാജ്യമാണ്. ഒരു ജനാധിപത്യ രാജ്യമാണ് എന്നൊക്കെ ചൊല്ലിപ്പഠിച്ചിരുന്നിടത്ത് പ്രധാനമന്ത്രിയുടെ അമിതാധികാര പ്രയോഗം മൂലം ഇതൊക്കെ മാറ്റിച്ചൊല്ലണമോ എന്ന് സംശയിച്ചു പോകുന്നു. പ്രധാനമന്ത്രി കസേരയിലെ സ്റ്റൈല്‍ മന്നനെന്ന് തലക്കെട്ടടിച്ച് പല ചേലിലും കോലത്തിലുമുള്ള വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകള്‍ മന്ത്രിപദം ഏറ്റെടുത്ത ഉടനെ മലയാളത്തിലെ ഒരു പ്രമുഖ വനിതാമാസികയില്‍ പ്രസിദ്ധീകരിച്ചത് ഓര്‍മയുണ്ട്. അതുപോലെ സ്വന്തം പ്രഭാഷണങ്ങളും ചെവിയുള്ളവരൊക്കെ കേള്‍ക്കട്ടെയെന്ന് ആഗ്രഹിക്കാന്‍ ഒരിന്ത്യന്‍ പൗരനെന്ന നിലക്ക് അദ്ദേഹത്തിന് അവകാശമുണ്ടല്ലോ. ഈ ഇന്ത്യാ മഹാരാജ്യം വികസിപ്പിച്ച് വലുതാക്കണമെന്ന വലിയ സ്വപ്‌നം പ്രജകളെക്കൊണ്ട് കൂടി കാണിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ രാജ്യധര്‍മമുണ്ടോ?

എന്നാല്‍ ഇതിനുമുമ്പും ഇന്ത്യയില്‍ പ്രധാനമന്ത്രിമാരുണ്ടായിരുന്നല്ലോ. നെഹ്‌റുവും ഡോ: എസ് രാധാകൃഷ്ണനും അബ്ദുല്‍കലാമുമെല്ലാം കുട്ടികളോട് ഏറെ പിരിശമുള്ളവരായിരുന്നു. ജനാധിപത്യ മര്യാദകള്‍ കണിശമായി പാലിച്ചിരുന്ന അവരൊന്നും ഇതിനുവേണ്ടി അധികാരം ദുരുപയോഗപ്പെടുത്തിയിട്ടില്ല.

Related Articles