Current Date

Search
Close this search box.
Search
Close this search box.

അത്യപൂര്‍വ ആത്മവിമര്‍ശനം

khalid-mishal.jpg

ഒരു അറബ് നേതാവിന്റെ ഭാഗത്തു നിന്നുള്ള ആത്മ വിമര്‍ശനം അപൂര്‍വമായിട്ടേ നാം കേള്‍ക്കാറുള്ളൂ. പ്രസ്തുത വിമര്‍ശനം ജനങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി നടത്തുന്നത് അതിലും അപൂര്‍വമാണ്. എന്നാല്‍ ഹമാസിന്റെ രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ അത് ചെയ്തിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ച (24/9/2016) അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖ സംഭാഷണത്തിലാണ് ആത്മവിമര്‍ശനത്തിന് അദ്ദേഹം ധൈര്യം കാണിച്ചിരിക്കുന്നത്. ഗസ്സയിലെ ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രം അദ്ദേഹം വിമര്‍ശനം ഒതുക്കിയില്ല. അറബ് വസന്തത്തിനിടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടുകളും സമീപനങ്ങളും വിമര്‍ശന വിഷയമായി മാറി.

ഫലസ്തീന്റെ അവസ്ഥയെയും ഫതഹിനും ഹമാസിനും ഇടയിലെ ബന്ധത്തെയും ചെറുത്തുനില്‍പുകളെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ അബുല്‍ വലീദ് (ഖാലിദ് മിശ്അല്‍) സംസാരിച്ചു. ‘ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പരിവര്‍ത്തനങ്ങളുമായി’ അടുത്ത ബന്ധമുള്ള വ്യക്തിയെന്ന നിലയില്‍ ശ്രദ്ധേയമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പ്രസ്തുത പരിവര്‍ത്തനങ്ങള്‍ എന്താണെന്ന് നോക്കാം.

അറബ് വസന്തത്തിനിടെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് രണ്ട് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ ശക്തിയും അറബ് വസന്തം പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളിലുണ്ടാക്കുന്ന തിരിച്ചടികളെയും വിലയിരുത്തുന്നതില്‍ സംഭവിച്ച വീഴ്ച്ചയാണ് അതില്‍ ഒന്നാമത്തേത്. തങ്ങളുടെ ശക്തിയില്‍ ഇസ്‌ലാമിസ്റ്റുകള്‍ അമിത പ്രതീക്ഷ വെക്കുകയും അതോടൊപ്പം പ്രതിവിപ്ലവത്തിന്റെ ശക്തിയെ നിസ്സാരമായി ഗണിക്കുകയും ചെയ്തു. പല രംഗത്തും ആ അബദ്ധം സംഭവിച്ചിട്ടുണ്ട്. പരിചയക്കുറവും സാഹചര്യത്തെ കൂറിച്ച സൂക്ഷ്മമായ വിവരങ്ങളുടെ അഭാവവും നിലനില്‍ക്കെ തന്നെ സ്വന്തം ശക്തിയില്‍ അമിത പ്രതീക്ഷ വെച്ചു. അതോടൊപ്പം മറുവശത്ത് പല കെണികളിലും അകപ്പെടുകയും ചെയ്തു. രാജ്യത്തെ മറ്റു ശക്തികളുമായി ഇടപഴകുന്നതിലുള്ള ശേഷിക്കുറവാണ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് സംഭവിച്ച രണ്ടാമത്തെ വീഴ്ച്ച. ബാലറ്റ് ബോക്‌സുകളിലൂടെയുള്ള ഭൂരിപക്ഷം പ്രധാനമാണെങ്കിലും ഭരണം നടത്തുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും അത് മാത്രം പോരെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ഗസ്സയില്‍ ഹമാസിന് സംഭവിച്ച വീഴ്ച്ചയെ കുറിച്ചും മിശ്അല്‍ പറയുന്നു: ദമസ്‌കസില്‍ ഹമാസ് സാന്നിദ്ധ്യമുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഫതഹിന്റെ കേന്ദ്ര സമിതിയില്‍ പെട്ട ഒരാള്‍ എന്നെ സന്ദര്‍ശിച്ചിരുന്നു. അയാളോട് ഞാന്‍ പറഞ്ഞു: ഫതഹിന്റെ കാലം കഴിഞ്ഞിരിക്കുന്നു, ഇനി ഞങ്ങളാണ് അവര്‍ക്ക് ബദല്‍ എന്നു കരുതിയ ഞങ്ങള്‍ക്ക് തെറ്റുപറ്റി. ഹമാസുമായി പങ്കാളിത്തം ആവശ്യമില്ലെന്നും ‘ക്വാട്ട’ വ്യസ്ഥയില്‍ അവരെ തൃപ്തിപ്പെടുത്താമെന്നും തീരുമാനിച്ചപ്പോള്‍ നിങ്ങള്‍ക്കും വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ഒറ്റക്ക് ഭരിക്കല്‍ വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ബദലാണെന്ന തരത്തിലുള്ള ഞങ്ങളുടെ ചിന്തയും തെറ്റാണെന്ന് ബോധ്യമായി. പങ്കാളിത്തവും അനുരഞ്ജനവുമാണ് ഏറ്റവും ശരിയായ രീതി.

അതുകൊണ്ട് തന്നെ സ്വതന്ത്രമായ തെരെഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ പങ്കാളിത്തത്തിലേക്കും ദേശീയ അനുരഞ്ജനത്തിലേക്കുമായിരുന്നു വരേണ്ടിയിരുന്നത്. ഹമാസ് ഒറ്റക്ക് യുദ്ധത്തിന് തീരുമാനമെടുക്കാത്ത, ഫതഹ് ഒറ്റക്ക് ഒത്തുതീര്‍പ്പ് തീരുമാനിക്കാത്ത സാഹചര്യം നടപ്പാക്കപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവരെയും ചേര്‍ത്തി നിര്‍ത്തി കൊണ്ടുള്ള ഒത്തൊരുമിച്ചുള്ള പരിപാടി വളരെ അനിവാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മിശ്അലിന്റെ സംസാരത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം, ഉയര്‍ന്ന തലത്തിലുള്ള ഒരു നേതാവ് ആദ്യമായിട്ടാണ് ഈ വിഷയത്തില്‍ ഉള്ളു തുറക്കുന്നത്. തുനീഷ്യയിലെ അന്നഹ്ദ അധ്യക്ഷന്‍ ശൈഖ് റാശിദുല്‍ ഗന്നൂശി അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ ഈ വിഷയത്തിലുള്ള ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈജിപ്തിന്റെ അനുഭവങ്ങളെ വിമര്‍ശിക്കുന്നതിലാണ് അത് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഖാലിദ് മിശ്അലിന്റെ കൃത്യമായ സംസാരം പുതുമയുള്ളതാണ്. ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്കും സംഭവങ്ങളെ വിലയിരുത്തി പാഠങ്ങളുള്‍ക്കൊള്ളുന്നതിനും അത് വഴിതുറക്കും.

വിവ: നസീഫ്‌

Related Articles