Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തിയില്‍ സമാധാനത്തിന്റെ അധ്യായം തുറക്കുമോ?

അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമായി രണ്ട് സഹോദരങ്ങള്‍ 67 കൊല്ലങ്ങളായി പോരടിക്കുന്നു. സുരക്ഷാസേനയും രഹസ്യന്വേഷണ വകുപ്പും നാട്ടിനകത്ത് ഉറക്കമൊഴിഞ്ഞ് കാവലിരിക്കുമ്പോഴും നുഴഞ്ഞുകയറ്റങ്ങളും ഏറ്റുമുട്ടലുകളും അതിരു ലംഘനങ്ങളും നിരന്തരം തുടരുന്നു. ഇന്ത്യാ-പാക് അതിര്‍ത്തിപ്രദേശത്തെ ജനജീവിതത്തില്‍ അശാന്തി നിലനിര്‍ത്തിക്കൊണ്ട് വെടി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

ഹൈന്ദവതയിലൂന്നിയ സാംസ്‌കരിക ദേശീയതയുടെ കടും പിടുത്തവും അസഹിഷ്ണുതയും കാരണം മതനിരപേക്ഷ ദേശീയതയുടെ വക്താക്കള്‍ സ്വാതന്ത്ര്യത്തിനായി ദ്വിരാഷ്ട്രവാദം അംഗീകരിച്ചുകൊണ്ട്  രാഷ്ട്രം വിഭജിച്ച് സ്വാതന്ത്ര്യം നേടി.  പ്രത്യയശാസ്ത്രപരമായ ഈ വൈരുദ്ധ്യമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതക്ക് മൂലകാരണം.

1947-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ  ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് പ്രകാരം ഭാരതം വിഭജിക്കപ്പെട്ടു. ഇതേ നിയമമനുസരിച്ച് അന്ന് ബ്രിട്ടീഷ് ഇന്ത്യയില്‍ നാട് ഭരിച്ചിരുന്ന 662 നാട്ടുരാജാക്കന്മാര്‍ക്ക് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരുകയോ സ്വതന്ത്രമായി നില്‍ക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യവും അംഗീകരിച്ചുനല്‍കി. പാക്കിസ്താനിലും ഇന്ത്യയിലും ലയിക്കാതെ വേറിട്ടുനിന്നവര്‍ ഹൈദരാബാദും, ജൂനാഗാഡും, കാശ്മീറും മാത്രമായിരുന്നു. ഹരിസിങ് എന്ന രാജാവ് ഭരിച്ചിരുന്ന മുസ്‌ലിം ഭൂരിപക്ഷരാജ്യമായ കാശ്മീറിനെ കീഴടക്കാന്‍  വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഗോത്രവര്‍ഗപ്പോരാളികള്‍ കുതിച്ചെത്തിയപ്പോള്‍ ചെറുത്തുനില്‍ക്കാനാവാതെ ഹരിസിങ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യന്‍സേന ഗോത്രവര്‍ഗസേനയെ തുരത്തിയെങ്കിലും അവരില്‍പെട്ട പാക്‌സേന എത്ര അഭ്യര്‍ത്ഥിച്ചിട്ടും പിന്‍വാങ്ങിയില്ല.  ഇതോടെ പ്രശ്‌നം ഗുരുതരമായി. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ പരാതി സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം 1948 ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ വെടിനിറുത്തല്‍ അംഗീകരിച്ചപ്പോള്‍ കാശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം പാകിസ്താന്റെ അധീനതയിലായി.

ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടേയും, റഷ്യയുടേയും ഇടപെടലുകളിലൂടെ സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. താഷ്‌കെന്റ് കരാറും, ഉച്ചകോടിയും, സിംലാകരാറും, ലാഹോര്‍ പ്രഖ്യാപനവുമെല്ലാം നടന്നെങ്കിലും ഒന്നും ശാശ്വതമായ സമാധാനമുണ്ടാക്കിയില്ല. ജനസമ്മതിയും സൗഹാര്‍ദവും നേടാന്‍ പ്രധാനമന്ത്രി വാജ്‌പേയി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. മന്‍മോഹന്‍ സിങ് ശ്രീനഗറില്‍നിന്ന് പാക്കധീനകാശ്മീറിന്റെ തലസ്ഥാനത്തേക്കും ഇന്ത്യന്‍ അതിര്‍ത്തിയായ പൂഞ്ചില്‍നിന്ന് സിയാല്‍കോട്ടിലേക്കും ബസ് സൗകര്യം ഏര്‍പ്പെടുത്തി ജനസമ്മതി നേടിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. വിദേശ നയത്തിലോ പാകിസ്താനുമായുള്ള നിലപാടിലോ ഇന്ത്യയില്‍ ഭരണത്തിലിരുന്ന സര്‍ക്കാറുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. പാകിസ്താനില്‍ സാമുദായിക രാഷ്ട്രീയ നേതൃത്വവും ഭാരതത്തില്‍ തീവ്ര ഹൈന്ദവദേശീയതയുടെ വക്താക്കളും ഭരണം നടത്തുന്ന സമകാലിക ചരിത്രത്തിന്റെ ദശാസന്ധിയില്‍ മുന്‍ഗാമികള്‍ വെട്ടിത്തെളിയിച്ചപാതയില്‍ നിന്ന് ഇവര്‍ മാറിസഞ്ചരിക്കുമോ? സഹോദര രാഷ്ട്രങ്ങളുടെ ബന്ധത്തില്‍ ശാശ്വത സമാധാനത്തിന്റെ പുതിയ അധ്യായം തുറക്കപ്പെടുമോ?

Related Articles