Current Date

Search
Close this search box.
Search
Close this search box.

അടിസ്ഥാന ഗുണമാണ് നാം വീണ്ടെടുക്കേണ്ടത്‌

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പ്രതികൂലമായ വാര്‍ത്തകളാണ് ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത്. പ്രാദേശിക തലം മുതല്‍ അന്താരാഷ്ട്ര തലം വരെ ഇതുതന്നെയാണ് അവസ്ഥ. സമൂഹത്തിന് ഉപകാരമില്ലാത്ത അവര്‍ക്ക് ദ്രോഹം ചെയ്യുന്ന ഒരു വിഭാഗമായിട്ടാണ് മുസ്‌ലിംകള്‍ മുദ്ര കുത്തപ്പെടുന്നത്. സത്യവിശ്വാസികളായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍ എന്ന് അല്ലാഹു വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ അവസ്ഥയാണിത്. എല്ലായിടത്തും ‘അത്യുന്നതര്‍’ അടിച്ചമര്‍ത്തപ്പെടുകയും അപമാനിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. എവിടെയാണ് നമുക്ക് വീഴ്ച്ച പറ്റിയത് എന്ന വിലയിരുത്തലിന്റെ സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.

ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും നമുക്ക് അവയുടേതായ അടിസ്ഥാന സ്വഭാവമുണ്ട്. പ്രസ്തുത സ്വഭാവമാണ് അതിനെ മറ്റുള്ളവയില്‍ സവിശേഷവും വ്യതിരിക്തവുമാക്കി മാറ്റുന്നത്. അടിസ്ഥാന സ്വഭാവം നഷ്ടപ്പെടുന്നതോടെ ആ വസ്തു അതല്ലാതെയായി മാറുകയാണ് ചെയ്യുന്നത്. ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ പിന്നെ അതിനെ ഉപ്പ് എന്നു വിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ചൂടും വെളിച്ചവും നല്‍കുന്നില്ലെങ്കില്‍ പിന്നെ സൂര്യന് എന്ത് പ്രസക്തിയാണുള്ളത്. നിലവിലെ മുസ്‌ലിം സമൂഹത്തെ ഇത്തരത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയാല്‍ മുസ്‌ലിം എന്ന വിശിഷ്ടമായ നാമത്തിന് എത്രത്തോളം അര്‍ഹത അതിനുണ്ടെന്ന് ബോധ്യമാകും.

വിശുദ്ധ ഖുര്‍ആന്‍ നിരന്തരം മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന ഗുണമായി ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒന്നാണ് നന്മ കല്‍പിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമാണവര്‍ എന്നുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നവരാണ് മുസ്‌ലിംകള്‍. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സന്മാര്‍ഗത്തിന്റെ പ്രഭ മറച്ചു വെക്കുന്നവനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കടുത്ത അക്രമി എന്നാണെന്ന് നാം പ്രത്യേകം ഓര്‍ക്കണം. ‘തന്റെ വശം അല്ലാഹുവിങ്കല്‍നിന്നുള്ള സാക്ഷ്യമുണ്ടായിരിക്കുകയും എന്നിട്ടതിനെ ഒളിച്ചുവെക്കുകയും ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്?’ എന്നാണ് അല്ലാഹു ചോദിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഓരോ അംഗവും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണിത്. അതിന് തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ സാധിക്കുന്നവര്‍ക്കാണ് ഈ സമൂഹത്തിന്റെ പേരില്‍ അറിയപ്പെടാനുള്ള അര്‍ഹത. ചുറ്റുപാടും നടക്കുന്ന തിന്മകള്‍ക്കെതിരെ പ്രതികരിക്കേണ്ടതും പകരം അവിടെ നന്മ നട്ടുവളര്‍ത്തേണ്ടതും വിശ്വാസികളാണ്. എന്നാല്‍ നന്മക്കും നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളേണ്ടവര്‍ തന്നെ അധര്‍മത്തിന്റെയും അധാര്‍മികതയുടെയും വക്താക്കളായിരിക്കുന്ന ദുഖകരമായ കാഴ്ച്ചയാണ് നമ്മുടെ സമൂഹത്തിലുള്ളത്.

മുസ്‌ലിം സമൂഹത്തിന്റെ പ്രതാപവും അന്തസ്സും വീണ്ടെടുക്കാനുള്ള മാര്‍ഗം ഇസ്‌ലാമിലേക്ക് മടങ്ങുകയെന്നുള്ളത് മാത്രമാണ്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ട് അത് സ്വജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ ഓരോ മുസ്‌ലിമിനും സാധിക്കേണ്ടത്. മുസ്‌ലിമിലൂടെ ഇസ്‌ലാമിനെ വായിക്കാനും മനസ്സിലാക്കാനും സമൂഹത്തിന് സാധിക്കണം. സത്യസാക്ഷ്യത്തിന്റെ ഏറ്റവും ഫലവത്തായ രീതി ജീവിതം കൊണ്ടുള്ള സാക്ഷ്യമാണ്. ജീവിതം കൊണ്ട് മാതൃകയാകുന്നതോടൊപ്പം താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലേക്ക് മറ്റുള്ളവരെ വിളിക്കലും നമ്മുടെ ബാധ്യതയാണ്. ഈ അടിസ്ഥാന ബാധ്യതയാണ് മുസ്‌ലിം സമൂഹം വിസ്മരിച്ചിരിക്കുന്നത്. അതിന്റെ ഫലമായി ഇഹലോകത്ത് ഇസ്‌ലാമും മുസ്‌ലിംകളും പഴികേള്‍ക്കേണ്ടി വരുന്നു എന്ന് മാത്രമല്ല, പരലോകത്ത് ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയ നമുക്ക് എന്ത് ന്യായമാണ് നാഥന്റെ മുമ്പില്‍ ബോധിപ്പിക്കാനുണ്ടാവുക?

Related Articles