”പതിവ് പോലൊരു സായാഹ്നം ആയിരുന്നു അത്. അത്താഴത്തിനുള്ള കായ്കറികള്‍ ശേഖരിക്കാനായി വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു ഉമ്മ. കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ട്. തത്സമയം ആകാശത്ത് പ്രത്യക്ഷപ്പെട്ട അമേരിക്കയുടെ ഡ്രോണ്‍ വിമാനത്തില്‍ നിന്ന് രണ്ടു മിസൈലുകള്‍ അവിടെ പതിച്ചു. ഉമ്മയുടെ ശരീരം ചിന്നിച്ചിതറി. മകള്‍ നബീല ഉള്‍പ്പെടെ കുഞ്ഞുങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. എനിക്കറിയില്ല എന്തിനു അവരെന്റെ ഉമ്മയെ വധിച്ചുവെന്ന്, എന്തിനു എന്റെ കുടുംബത്തെ നശിപ്പിച്ചെന്ന്. എനിക്ക് ഉത്തരം വേണമായിരുന്നു. ഞാനും കുഞ്ഞുങ്ങളും അമേരിക്കയിലേക്ക് തിരിച്ചു. അവിടെച്ചെന്നു പലരെയും കണ്ടു. അന്വേഷണം നടത്താം എന്നൊരു സൂചന തരാന്‍ പോലും അധികൃതര്‍ തയാറായില്ല. ലോകത്തിന്റെ ഇരട്ടത്താപ്പ് അതിക്രൂരമാണ്. താലിബാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലാലയെ കുറിച്ചോര്‍ത്ത് നമ്മള്‍ അഭിമാനിക്കാറുണ്ട്. പ്രസിഡന്റ് ഒബാമ അവരെ വൈറ്റ്ഹൗസില്‍ ക്ഷണിച്ചു വരുത്തി പിന്തുണ വാഗ്ദാനം ചെയ്യുക വരെയുണ്ടായി. എന്നാല്‍ അതുപോലൊരു ഭീകരാക്രമണത്തെ അതിജീവിച്ച എന്റെ മകളോ? അവളും നിങ്ങളുടെയൊക്കെ സഹതാപം അര്‍ഹിക്കുന്നില്ലേ… നീതി മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.”
ഇത് പാകിസ്ഥാനിലെ നോര്‍ത്ത് വസീറിസ്ഥാനില്‍ ജീവിക്കുന്ന റഫീഖുറഹ്മാന്‍ എന്ന അധ്യാപകന്റെ വാക്കുകള്‍. 2012 ഒക്ടോബര്‍ 24 നാണ് അദ്ദേഹത്തിന്റെ ജീവിതം അട്ടിമറിക്കപ്പെട്ടത്. യു.എസ് പൈലറ്റില്ലാ വിമാനങ്ങളുടെ വിവേചനരഹിതമായ ബോംബാക്രമണത്തില്‍ സ്വന്തം ഉമ്മയെ നഷ്ടമായ റഫീഖിന്റെ കഥ ഒറ്റപ്പെട്ടതല്ല. 2001 മുതല്‍ മുതല്‍ പാകിസ്ഥാനിലെ ഗോത്രമേഖലകള്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സോമാലിയ എന്നിവിടങ്ങളില്‍ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ഭീകരവിരുദ്ധയുദ്ധം എന്ന പേരില്‍ അമേരിക്ക നടത്തുന്ന സിവിലിയന്‍ കശാപ്പില്‍ ഇരകളാകുന്ന പേരും മുഖവുമില്ലാത്ത അനേകായിരങ്ങളില്‍ ഒരാള്‍ മാത്രമാണ് റഫീഖിന്റെ ഉമ്മയും ജീവിക്കുന്ന രക്തസാക്ഷിയായ മകള്‍ നബീലയും.
ഒബാമ തന്റെ മുന്‍ഗാമികളെ പോലെ ഒരു രാജ്യത്തിലും നേരിട്ട് സൈനികാധിനിവേശം നടത്തിയിട്ടില്ല എന്ന വസ്തുത സാങ്കേതികമായി ശരിയാണ്. എന്നാല്‍ അനൗദ്യോഗികമായി മറ്റൊരു യുദ്ധമുഖം അയാള്‍ തുറന്നിട്ടിരിക്കുകയാണ്. തീവ്രവാദികളെ ലക്ഷ്യം വെച്ച് മറ്റു പരമാധികാര രാഷ്ട്രങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് ഡ്രോണ്‍ ആക്രമണം നടത്തുന്നതിനെ ഭീകരാക്രമണം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഗണ്യമായൊരു വിഭാഗവും നിരപരാധികളായ സാധാരണക്കാര്‍ ആണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്രോണ്‍ ആക്രമങ്ങളെ കുറിച്ചുള്ള നിജസ്ഥിതി പുറത്തുവിടണം എന്ന് വര്‍ഷങ്ങളായി വിവിധ എന്‍.ജി.ഒകള്‍ ആവശ്യപ്പെന്നുണ്ട്. ഈ ആവശ്യത്തോട് കാലമിത്രയും നിഷേധാത്മക നിലപാട് പുലര്‍ത്തിയ ഭരണകൂടം ഏതാനും ദിവസം മുന്‍പ് ഒബാമ ഭരണകൂടത്തിനു കീഴില്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണം എന്നപേരില്‍ ഒരു ‘കണക്ക്’ പുറത്തു വിട്ടിരുന്നു. പാകിസ്ഥാന്‍, യമന്‍, സോമാലിയ, ലിബിയ എന്നിവിടങ്ങളിലായി 64 മുതല്‍ 116 ആളുകള്‍ വരെ ഇത്തരത്തില്‍ ‘അബദ്ധത്തില്‍’ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി സാധാരണ പൗരന്മാര്‍ ഡ്രോണ്‍ മൂലം കൊല്ലപ്പെട്ടതായി ബദല്‍ മാധ്യമങ്ങള്‍ തെളിവ് നിരത്തി സ്ഥാപിക്കുന്നു. The Intercept എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ വ്യവഹാരങ്ങളെയും അധിനിവേശ യുക്തിയെയും തുറന്നു കാട്ടുന്നുണ്ട്. ഒന്നുമങ്ങനെ നിഷ്‌കളങ്കമായി സംഭവിക്കുന്ന അബദ്ധങ്ങളല്ല എന്ന വസ്തുതക്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു. എത്ര സാധാരണക്കാര്‍ കൊല്ലപ്പെട്ടാലും സൈന്യം ഉന്നംവെക്കുന്ന വ്യക്തി ഇല്ലാതാകണം എന്ന സൈനിക മുഷ്‌കിനെയാണ് അവര്‍ തീര്‍ത്തും സ്വാഭാവികമെന്നോണം യാദൃശ്ചിക നാശനഷ്ടമെന്ന് (collateral damagse) വിശേഷിപ്പിക്കുന്നത്.
തല്‍ക്കാലം ഔദ്യോഗിക ഭാഷ്യം അംഗീകരിച്ചു കൊണ്ട് ഒരു കാര്യം ചോദിക്കട്ടെ, സിവിലിയന്‍മാരെ കൊല്ലാന്‍ നിര്‍ദേശം കൊടുത്ത ഏതെങ്കിലും സൈനിക ഓഫീസര്‍മാരെ കുറ്റവിചാരണ നടത്തുമോ? റഫീഖിനെയും നബീലയെയും പോലുള്ളവര്‍ക്ക് നീതി ലഭിക്കുമോ? ചോദ്യങ്ങള്‍ ചോദ്യങ്ങളായി മാത്രം അവശേഷിക്കുകയും സാമ്രാജ്യത്വം അതിന്റെ ചോരക്കളി തുടരുകയും ചെയ്യുമെന്ന് നമുക്കറിയാം. ഇറാഖ് അധിനിവേശത്തിന് അമേരിക്കയും ബ്രിട്ടനും നിരത്തിയ കാരണങ്ങള്‍ പച്ചക്കള്ളമായിരുന്നെന്ന് തെളിയിക്കുന്ന ചില്‍കോട്ട് റിപ്പോര്‍ട്ട് കഴിഞ്ഞ വാരമാണ് ബ്രിട്ടനില്‍ പുറത്തിറങ്ങിയത്. അതിന്റെ പേരില്‍ ടോണി ബ്ലയറിനെ യുദ്ധക്കുറ്റവാളിയായി ആരും വിചാരണ ചെയ്യില്ല. 13 മുതല്‍ 20 ലക്ഷം വരെ ജനങ്ങളെ കൊന്നു തള്ളുകയും പശ്ചിമേഷ്യയെ ഒരിക്കലും അവസാനിക്കാത്ത കലാപത്തിലേക്ക് നയിക്കുകയും ചെയ്ത ഭീകരവിരുദ്ധ യുദ്ധങ്ങളുടെ പേരില്‍ ഒരിക്കല്‍ പോലും ജോര്‍ജ് ബുഷ് വിചാരണ നേരിടേണ്ടി വരില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇട്ടതിനു ചരിത്രത്തില്‍ ഏതെങ്കിലും അമേരിക്കന്‍ പ്രസിഡന്റുമാര്‍ മാപ്പ് പറഞ്ഞിട്ടുണ്ടോ?
നീതി ഒരു മരീചിക മാത്രമായി അവശേഷിക്കുന്നു. ഒരു തെറ്റും ചെയ്യാതെ കൊല്ലപ്പെട്ടവര്‍ യുദ്ധ ചരിത്രത്തിലെ വെറും സംഖ്യകള്‍ മാത്രം.
അവലംബം: time.com
പൈലറ്റില്ലാ വിമാനങ്ങളും പൗരന്മാരും മനുഷ്യാവകാശ ധ്വംസനവും