Current Date

Search
Close this search box.
Search
Close this search box.

ബൈഡന്‍ ഉറങ്ങുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടി!

2021 ഒക്ടോബര്‍ 30, 31ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടന്ന ജി-20 ഉച്ചകോടിയില്‍, കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, ചരിത്രപരമായ നികുതി കരാര്‍, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ആഗോളതാപനം (Global warming) വ്യവസായികത്തിന് മുമ്പുള്ളതിനെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുന്ന പ്രധാന പാരിസ് ഉടമ്പടിയുടെ ലക്ഷ്യം പ്രായോഗികമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്ര നേതാക്കള്‍ ഉച്ചകോടിയില്‍ തീരുമാനിച്ചിട്ടുണ്ട്. 2050ല്‍ കൃത്യമായ തീയതി നിശ്ചയിക്കുന്നതിന് പകരം നൂറ്റാണ്ടിന്റെ മധ്യത്തിലായി കാര്‍ബണ്‍ പുറന്തള്ളല്‍ (Carbon emissions) പൂജ്യമെന്ന ( Net zero) നിലയിലെത്തിക്കുമെന്നത് ആ തീരുമാനങ്ങളില്‍ പ്രധാനമാണ്. കൊറോണ മഹാമാരിക്ക് ശേഷം ആദ്യമായാണ് ലോക നേതാക്കള്‍ റോം ഉച്ചകോടിയില്‍ മുഖാമുഖ ചര്‍ച്ചയില്‍ സംബന്ധിക്കുന്നത്. ആരോഗ്യം, സാമ്പത്തികം എന്നീ വിഷയങ്ങളായിരുന്നു ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം. രണ്ടാം ദിനമായ ഞായറാഴ്ചയിലെ മുഖ്യ അജണ്ട കാലാവസ്ഥയും പ്രകൃതിയുമായിരുന്നു. കാലാവസ്ഥ വ്യതിയാനം ആഗോളതലത്തില്‍ വലിയരീതിയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്തും ആശാവഹമായ കാര്യമാണിത്; രാഷ്ട്രങ്ങള്‍ ഒന്നിക്കുകയും ലോക പ്രതിസന്ധി പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നത്.

കണക്കാക്കപ്പെടുന്ന 80 ശതമാനം ആഗോള ഹരിതഗൃഹ വാതകം (Global greenhouse gas) പുറന്തള്ളുന്ന ജി-20 രാഷ്ട്രങ്ങള്‍ കാലാവസ്ഥ ദുരന്തം ഒഴിവാക്കുന്നതിന് ഹരിതഗൃഹ വാതകം വലിയതോതില്‍ നിയന്ത്രിക്കണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ വാരാന്ത്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് കൂടിച്ചേരുന്നത് യു.എന്‍ സി.ഒ.പി-26 (26th Conference of the Parties) കാലാവസ്ഥ ഉച്ചകോടിയുടെ സുപ്രധാനമായ കാല്‍വെപ്പായിട്ടാണ് കാണുന്നത്. സ്‌കോട്ട്ലാന്റിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ നൂറിലധികം രാഷ്ട്രങ്ങളാണ് സംബന്ധിക്കുന്നത്. റോമിലെ ജി-20 ഉച്ചകോടിയില്‍ നിന്ന് നേരിട്ട് മിക്ക നേതാക്കളും ഗ്ലാസ്ഗോയിലെത്തുകയാണ്. 80 ശതമാനം ആഗോള കാര്‍ബണ്‍ നിര്‍ഗമനത്തിന് കാരണക്കാരായ രാഷ്ട്രങ്ങളില്‍ നിന്ന് നിര്‍ണായകമായ ഉത്തരവാദിത്തം ജി-20 ഉറപ്പുവരുത്തുമെന്ന് ഇറ്റലി പ്രതീക്ഷിക്കുന്നു. ഏറ്റവും വലിയ തോതില്‍ കാര്‍ബണ്‍ പുറന്തുള്ളുന്ന ചൈന 2060ഓടെ പൂജ്യത്തിലെത്താനാണ് ലക്ഷ്യമിടുന്നത്. അതുപോലെ, പ്രധാനമായും മലിനീകരണത്തിന് കാരണക്കാരായ ഇന്ത്യയും റഷ്യയും നൂറ്റാണ്ടിന്റെ മധ്യത്തില്‍ കാര്‍ബണ്‍ നിര്‍ഗമനം പൂജ്യത്തിലെത്തിക്കുമെന്ന കാലയളവ് നിശ്ചയിക്കുന്നില്ല. 2070ല്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് പൂജ്യത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കാര്‍ബണ്‍ പുറന്തള്ളുന്നത് പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിക്കുന്ന അവസാനത്തെ രാജ്യമാണ് ഇന്ത്യ. 2015ലെ പാരിസ് ഉടമ്പടി പ്രകാരം, കാര്‍ബണ്‍ നിയന്ത്രിക്കുന്ന പദ്ധതി മുന്നോട്ടുവെച്ച രാജ്യങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2020 അവസാനത്തോടെ പുതിയ വിവരം നല്‍കണമെന്നായിരുന്നു.

2030 അവസാനത്തോടെ വന, ഭൂമി നശീകരണം തടയുമെന്ന് നൂറിലധികം രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. വനം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി 19 ബില്യണ്‍ പൊതു-സ്വകാര്യ ധനം നിക്ഷേപിക്കുമെന്നും രാഷ്ട്രങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ലോകത്തിലെ 85 ശതമാനം വനങ്ങളും ഉള്‍കൊള്ളുന്ന ബ്രസീല്‍, റഷ്യ, ഇന്തോനേഷ്യ, ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ തിങ്കളാഴ്ച ഗ്ലോാസ്ഗോയിലെ സി.ഒ.പി-26 കാലാവസ്ഥ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയെ പിന്തുണച്ചു. ലോക രാഷ്ട്രങ്ങള്‍ ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയില്‍ നിന്നാണ് ഈ വിഷയം ഇവ്വിധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 30 ശതമാനം ആഗിരണം ചെയ്യുന്നത് വനമാണെന്ന് വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. വിനാശകരമായ കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതില്‍ ദ്വീപസമൂഹങ്ങളിലെ മഴക്കാടുകളും, കണ്ടല്‍ക്കാടുകളും, കടലുകളും, തണ്ണീര്‍തടങ്ങളും പ്രധാനമാണെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡും വ്യക്തമാക്കിയിരുന്നു. പ്രകൃതി സമ്പത്ത് സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ ബോധം കാലാവസ്ഥ വ്യതിയാനം നല്‍കുന്ന ദുസ്സൂചനയുടെ പ്രതികരണമാണ്; അദ്ദേഹത്തിന്റെ മാത്രമല്ല ലോക രാഷ്ട്രങ്ങളുടെയും. ആഗോളതാപനം വ്യാവസായികത്തിന് മുമ്പുള്ളതിനെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കുറക്കാനാണ് സി.ഒ.പി-26 ലക്ഷ്യമിടുന്നത്. ഇത് ആഗോളതാപനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ തടയുന്നതിന് ആവശ്യമാണ്. ഇതിന് പ്രകൃതിപരമായ പരിഹാരങ്ങളാണ് ഏറ്റവും ഉചിതമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ 1000ത്തിലധികം കുടുംബങ്ങളില്‍ നടത്തിയ സര്‍വേയില്‍ പ്രതികരിച്ച 70 ശതമാനവും കാലാവസ്ഥ ദുരന്തങ്ങള്‍ ഉണ്ടായ ഉടന്‍ തന്നെ കുടിയേറിപ്പാര്‍ത്തതായി ഐ.ഐ.ഇ.എ.ഡി (International Institute for Environment and Development) ചൊവ്വാഴ്ച (26.10.2021) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വരള്‍ച്ചയും വെള്ളപ്പൊക്കവും മതുല്‍ ഉഷ്ണതരംഗങ്ങളും ആലിപ്പഴവര്‍ഷവും വരെയുള്ള ഇന്ത്യയിലെ അതിരൂക്ഷമായ കാലാവസ്ഥ പ്രശ്നങ്ങള്‍ കാലാവസ്ഥ കുടിയേറ്റത്തിന് ആക്കം കൂട്ടുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ വലിയ തോതില്‍ ലോകത്തിന്റെ പല ഭാഗങ്ങളെയും ബാധിച്ചു. വെള്ളപ്പൊക്കവും കാട്ടുതീയും മുതല്‍ റെക്കോഡ് മഴയും ചൂടും യു.എസ്, ഗ്രീസ്, ഇന്തോനേഷ്യ, ചൈന ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളെയും ശക്തമായി ബാധിച്ചു. തീവ്രമായ കാലാവസ്ഥ സംഭവങ്ങള്‍ വലിയ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സൂചന നല്‍കുകയാണ്. ഗ്ലാസ്ഗോയിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട യു.എന്‍ സി.ഒ.പി-26ല്‍ പങ്കെടുക്കുന്ന ലോക നേതൃത്വങ്ങളോട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2021ല്‍ സംഭവിച്ച പ്രധാന കാലാവസ്ഥ സംഭവങ്ങള്‍, നവംബര്‍ 12ന് അവസാനിക്കുന്ന ഗ്ലാസ്ഗോ ഉച്ചകോടിയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുമെന്ന് പ്രത്യാശിക്കാം.

2021ലെ വിവിധ രാഷ്ട്രങ്ങളിലെ കാലാവസ്ഥ സംഭവങ്ങള്‍ കാലാവസ്ഥാ വ്യതിയാനം എത്രയളവിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു. ഇത് മുന്നില്‍വെച്ച് രാഷ്ട്രങ്ങള്‍ പ്രശ്‌നങ്ങളെ ഗൗരവതരത്തില്‍ കാണുമെന്നും കരുതാം. സ്പെയിന്‍: ജനുവരി ആദ്യവാരത്തിലുണ്ടായി സ്പെയിനിലെ വിവിധ മേഖലിയലെ മഞ്ഞുവീഴ്ചയില്‍ നാല് പേര്‍ മരിച്ചു. മഞ്ഞുവീഴ്ച മൂലം വാഹനം നിരത്തിലിറക്കാന്‍ കഴിയാതെ വരികയും, തലസ്ഥാനമായി മാഡ്രിഡിലെ വ്യോമ, റെയില്‍വേ അടക്കുകയും ചെയ്തു. 1971ന് ശേഷമുള്ള സ്പെയിനിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് ഫിലോമിന കൊടുങ്കാറ്റ് മൂലം മാഡ്രിഡിലുണ്ടായത്. ‘അസാധാരണവും ചരിത്രപരവുമായിരിക്കുമെന്നാണ്’ സ്പെയിനിലെ കാലാവസ്ഥ ഏജന്‍സി ഇതിനെ വിശേഷിപ്പിച്ചത്. മഞ്ഞുവീഴ്ച 1.4 ബില്യണ്‍ യൂറോയുടെ (1.6 ബില്യണ്‍ ഡോളര്‍) നാശനഷ്ടങ്ങള്‍ വരുത്തിയിതായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി. യു.കെ: ജനുവരി 18ന് ദശാബദത്തിലെ കനത്ത മഴക്കാണ് യു.കെ സാക്ഷ്യംവഹിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ക്രിസ്റ്റോഫ് കൊടുങ്കാറ്റ് ശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവുമാണ് സൃഷ്ടിച്ചത്. അതേസമയം, മഞ്ഞുവീഴ്ച കാരണമായി യാത്ര തടസ്സപ്പെടുത്തുകയും റോഡുകള്‍ അടക്കുകയും ചെയ്തു.

ഫിജി: ജനുവരി അവസാനം ഫിജിയില്‍ ആഞ്ഞടിച്ച അന കൊടുങ്കാറ്റില്‍ ഒരാള്‍ മരിക്കുകയും, മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ കാണാതാവുകയും ചെയ്തു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ദ്വീപസമൂഹത്തെ നേരത്തെ കൊടുങ്കാറ്റ് ബാധിച്ചിരുന്നെങ്കിലും രണ്ടാം വരവിന്റെ ശക്തിയും തീവ്രവതയും അമ്പരിപ്പിക്കുന്നതായിരുന്നു. മഴയും വെള്ളപ്പൊക്കവും മൂലം 10000ത്തോളം പേര്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറി. കൃഷിയിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിച്ചു.

ടെക്സസ്, യു.എസ്: ഫെബ്രവരിയില്‍ ടെക്സസിലെ ചില പ്രദേശങ്ങളിലെ താപനില 13 ഡിഗ്രി സെല്‍ഷ്യസ് (8.6 ഡിഗ്രി ഫാരന്‍ഹീറ്റ്) ആയി കുറഞ്ഞു. ഇത് വ്യാപകമായ വൈദ്യുതി വിച്ഛേദത്തിന് കാരണമായി. മുമ്പെങ്ങുമില്ലാത്ത ശക്തമായ തണുപ്പ് ടെക്സസിലെ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായി. ദിവസങ്ങളോളം ആളുകളെ ഇരുട്ടില്‍ നിര്‍ത്തുകയും ചെയ്തു. വെസ്റ്റ് ടെക്സസ് ഷെയ്ല്‍ മേഖലയുടെ ഹൃദയഭാഗമായ മിഡ്ലാന്‍ഡില്‍ റെക്കോഡ് മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. താപനില 32 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് ഓഫീസുകളും ബിസിനസ്സുകളും അടച്ചുപൂട്ടി.

ചൈന: മാര്‍ച്ചില്‍ ചൈന ദശാബ്ദത്തിലെ ഏറ്റവും മോശം മണല്‍ക്കാറ്റിനാണ് സാക്ഷ്യംവിഹിച്ചത്. സ്‌കൂളുകള്‍ അടക്കുകയും വിമാനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കൊറോണ മഹാമാരിക്കിടെ രാജ്യത്തെ മലിനീകരണ തോതും, വായുവിന്റെ ഗുണനിലവാരവും കൊടുങ്കാറ്റ് കൂടുതല്‍ ശക്തമാക്കി. ശ്വാസം മുട്ടുന്ന വായുവില്‍നിന്ന് സ്വയം പരിരക്ഷിക്കാന്‍ നഗരത്തിലെ നിവാസികള്‍ സുരക്ഷാ കണ്ണടകളും, മാസ്‌കുകളും, ഹെയര്‍നെറ്റുകളും ഉപയോഗിച്ചു.

ഇന്തോനേഷ്യ: ഏപ്രിലില്‍ ഇന്ത്യോനേഷ്യയയെും കിഴക്കന്‍ തിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റില്‍ 150ലധികം ആളുകളാണ് മരിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും മരങ്ങള്‍ കടപുഴകി. റോഡുകള്‍ അടക്കുകയും ചെറിയ സമൂഹങ്ങള്‍ ചെളിയുടെ തരിശുഭൂമികളായി മാറുകയും ചെയ്തു. ഒരുപാട് പേരെ കാണാതാവുകയും ആയിരിക്കണക്കിന് പേര്‍ ഭവനരഹിതരാവുകും ചെയ്തു. അതേസമയം, 10000ത്തോളം പേര്‍ അയല്‍രാജ്യമായ തെക്കുകിഴക്കന്‍ രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്തു.

Related Articles