Current Date

Search
Close this search box.
Search
Close this search box.

ചൈനയുടെ ഉയിഗൂർ വംശഹത്യ; നശിപ്പിക്കപ്പെടുന്ന സ്ത്രീത്വം

ബലാത്സംഗവും ലൈംഗികാതിക്രമവും യുദ്ധായുധങ്ങളായി ചരിത്രത്തിലുടനീളം ഉപയോഗിക്കപ്പെട്ടിരുന്നു എന്നത് ഒരു വസ്തുതയാണ്. സുരക്ഷയുടെ അഭാവം സ്ത്രീകളെയും പെൺകുട്ടികളെയും വളരെ വേഗം ഇരകളായി മാറ്റും. ഒരുപാടു കാലം, ഇത് സംഘർഷങ്ങളിൽ അനിവാര്യമാണെന്ന് അംഗീകരിക്കപ്പെട്ടു, കൂട്ടബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും നേതൃത്വം നൽകിയവരെ ശിക്ഷിക്കാനുള്ള ശ്രമങ്ങൾ വളരെ കുറിച്ച് മാത്രമേ നടക്കുകയും ചെയ്തിട്ടുള്ളു. 1990കളിലെ ബോസ്നിയ അതിന് ഉദാഹരണമാണ്, യുദ്ധതന്ത്രമെന്ന നിലയിൽ 50000 സ്ത്രീകളെയാണ് ബോസ്നിയൻ സെർബുകൾ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യു.എൻ.എച്ച്.സി.ആർ റിപ്പോർട്ട് ചെയ്തു.

സംഘർഷ മേഖലകളിലെ അക്രമ ഭീഷണികളിൽ നിന്നും ബലാത്സംഗത്തിൽ നിന്നും 1946ലെ ജനീവ കൺവെൻഷൻ വ്യക്തികൾക്ക് സൈദ്ധാന്തിക സംരക്ഷണം നൽകിയിരുന്നു. എന്നാൽ, സംഘർഷമേഖലകളിലെ ബലാത്സംഗം അടക്കമുള്ള ലൈംഗിക അതിക്രമങ്ങളെ യുദ്ധകുറ്റമായി കണക്കാക്കി ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കാൻ 1998 വരെ കാത്തിരിക്കേണ്ടി വന്നു.

ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുപ്രകാരം, ലോകത്തിലെ മൂന്നിലൊരു സ്ത്രീയും ലൈംഗികാതിക്രമത്തിന്റെ ഇരകളാണ്. ലോകത്തെമ്പാടുമുള്ള സമൂഹങ്ങളെല്ലാം തന്നെ ഭാവി തലമുറയുടെ പരിപാലകരായി സ്ത്രീകളെ കാണുന്നതോടൊപ്പം തന്നെ, ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു മേൽ അധികാരം സ്ഥാപിക്കാനുള്ള മാർഗമായി, സ്ത്രീകൾക്കെതിരെ ബലാത്സംഗവും പീഢനവും ഉപയോഗിക്കുക പതിവാണ്.

ഇന്ന് സിൻജിയാംങ് പ്രവിശ്യ എന്നറിയപ്പെടുന്ന കിഴക്കൻ തുർക്കിസ്ഥാനിലെ ഉയിഗൂർ സ്ത്രീകൾക്കെതിരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന വംശഹത്യാ നയങ്ങൾ ഐക്യരാഷ്ട്രസഭ ഉയർത്തിക്കാട്ടുകയുണ്ടായി. ഗ്രാമീണ ഉയിഗൂർ പ്രദേശങ്ങളിലെ പ്രസവശേഷിയുള്ള സ്ത്രീകളിൽ 34 ശതമാനത്തെ കൂട്ടമായി വന്ധ്യംകരണം നടത്താനുള്ള ചൈനീസ് സർക്കാറിന്റെ പദ്ധതി 2019 മുതലുള്ള ഔദ്യോഗിക രേഖകൾ വെളിപ്പെടുത്തുന്നുണ്ടെന്ന് Newslines Institute കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര നിയമം, വംശഹത്യ, ചൈന എന്നീ വിഷയങ്ങളിലെ അമ്പതിലധികം വിദഗ്ദർ ചേർന്നാണ് പ്രസ്തുത സ്വതന്ത്ര റിപ്പോർട്ട് തയ്യാറാക്കിയത്. സിൻജിയാംഗിൽ ചൈനീസ് സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ ഐക്യരാഷട്ര സഭയുടെ വംശഹത്യ കൺവെൻഷനിലെ ഓരോ വ്യവസ്ഥയെയും ലംഘിക്കുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു. “ഉയിഗൂർ വംശജരുടെ ബയോമെട്രിക്ക് ഡാറ്റ ശേഖരണം, ഉയിഗൂർ കുടുംബങ്ങളെ നിരീക്ഷിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി കേഡർമാരുടെ സംഘങ്ങൾ, ഉയിഗൂർ സാംസ്കാരിക പൈതൃകങ്ങൾ, തീർഥാടക കേന്ദ്രങ്ങൾ, ഭാഷ, സാഹിത്യം, കവിത തുടങ്ങി ഉയിഗൂർ ജീവിതത്തിന്റെയും സ്വത്വത്തിന്റെയും എല്ലാവിധ അടിസ്ഥാനങ്ങളെയും നശിപ്പിക്കൽ, ഉയിഗൂർ മതാചാരങ്ങളുടെ ക്രിമിനൽവത്കരണം, തടങ്കൾ പാളയങ്ങൾ, നിർബന്ധിത തൊഴിൽ, നിർബന്ധിത ഗർഭച്ഛിദ്രം, ഉയിഗൂർ സ്ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കൽ, ബലാത്സംഗം, ലൈംഗിക അതിക്രമം, അപ്രത്യക്ഷരാക്കപ്പെടുന്ന മാതാപിതാക്കളിൽ നിന്നും ഉയിഗൂർ കുട്ടികളെ വേർപ്പെടുത്തൽ തുടങ്ങി നിരവധി രൂപത്തിലാണ് ഉയിഗൂർ വംശജർക്കെതിരെയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ വംശീയ ഉൻമൂലന പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്.” റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം, ജർമൻ ഗവേഷകനായ അഡ്രിയാൻ സെൻസ് സംഘടിപ്പിക്കുകയും ‘അസോസിയേറ്റഡ് പ്രസ്’ റിപ്പോർട്ട് ചെയ്യുകയും ചെയ്ത ഒരു അന്വേഷണത്തിൽ “നിരന്തരമുള്ള പ്രെഗനൻസി ചെക്കുകൾ, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിക്കൽ, നിർബന്ധിത വന്ധ്യംകരണം, ആയിരക്കണക്കിന് സ്ത്രീകളുടെ നിർബന്ധിത ഗർഭച്ഛിദ്രം എന്നിവയിലൂടെ ഉയിഗൂർ വംശജരുടെ ജനനനിരക്ക് കുറക്കാൻ ചൈന ശ്രമിക്കുകയാണെന്ന്” കണ്ടെത്തിയിരുന്നു. ഇതിനുള്ള തെളിവുകൾ കെൻസിന്റെ ഗവേഷണം പുറത്തുകൊണ്ടുവന്നിരുന്നു.

ഉയിഗൂറുകൾ ഉൾപ്പെടെ വിവിധ മുസ്ലിം വംശീയ വിഭാഗങ്ങളിൽപ്പെട്ട എട്ടു ലക്ഷം മുതൽ 20 ലക്ഷം വരെ ആളുകളെയാണ് 2017 മുതൽ ചൈനീസ് അധികൃതർ തടങ്കലിൽ അടച്ചത്. ചൈനീസ് സർക്കാറിനെതിരെ പ്രതിഷേധിക്കുന്ന ഒരു ഉയിഗൂർ സ്ത്രീയുമായി ഞാൻ സംസാരിക്കുകയുണ്ടായി. രണ്ടു വർഷമായത്രെ അവർ സ്വന്തം ഭർത്താവിനെ കണ്ടിട്ട്. “എന്റെ ഭർത്താവ് എവിടെയാണ്? ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് പിറ്റേന്ന് അവർ അദ്ദേഹത്തെ കൊണ്ടുപോയി. എന്റെ പ്രദേശമായ കഷ്ഗറുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാർ ഒരു പ്രോപഗണ്ട വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോകളിലൊന്നും ഒരു ഉയിഗൂർ പുരുഷനെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. അവരൊക്കെ എവിടെപ്പോയി? അവർ കൊല്ലപ്പെട്ടോ ?”

അവരുടെ സഹോരിമാരിൽ ഒരാൾക്ക് രണ്ടു മാസം തടങ്കൽ പാളയത്തിൽ കഴിയേണ്ടി വരികയും, അവരുടെ പ്രദേശത്തെ മറ്റു ഉയിഗൂർ സ്ത്രീകളോടൊപ്പം നിർബന്ധിത വന്ധ്യംകരണത്തിന് വിധേയയാകേണ്ടി വരികയും ചെയ്ത സംഭവം അവർ എന്നോട് പറഞ്ഞു. “ശരീരത്തിന്റെ ഒരു ഭാഗമാണ് അവൾക്ക് നഷ്ടമായത്. ഞങ്ങളുടെ സ്ത്രീ സ്വത്വം നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം”.

തന്റെ ഭർത്താവിനു വേണ്ടി 16 വർഷമായി കാത്തിരിക്കുന്ന ഒരു ഉയിഗൂർ സ്ത്രീ, ഉയിഗൂർ ഹ്യൂമൻ റൈറ്റ്സ് പ്രൊജക്റ്റിനോട് മനസ്സു തുറന്നിരുന്നു. അവർക്ക് അഞ്ചു വയസ്സുള്ളപ്പോൾ സർക്കാർ അവരുടെ പിതാവിനെ കൊണ്ടുപോയി, ശേഷം ഭർത്താവിനെയും. ഉയിഗൂർ കുടുംബങ്ങളെ തകർക്കാനുള്ള ചൈനീസ് തന്ത്രത്തിന്റെ ഇരയാണ് ആ സ്ത്രീ.

ചൈനയുടെ ഉയിഗൂർ വംശഹത്യയിൽ സ്ത്രീകളാണ് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത്. അവരുടെ ശരീരങ്ങൾക്കും കുടുംബങ്ങൾക്കും മേൽ ഓരേസമയം അതിക്രമം അഴിച്ചുവിടുന്നു എന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ വംശഹത്യാ പദ്ധതിയെ കൂടുതൽ മനുഷ്യത്വരഹിതമാക്കുന്നത്.

മൊഴിമാറ്റം: അബൂ ഈസ

Related Articles