Current Date

Search
Close this search box.
Search
Close this search box.

ആരാണ് മുസ്ലിം ബ്രദർഹുഡിനെ ഭയപ്പെടുന്നത്?

മുസ്ലിം ബ്രദർഹുഡ് അറബ് ഭരണകൂടങ്ങളുടെ ഹൃദയാന്തരങ്ങളിൽ ഭയം ഉളവാക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലുടനീളമുള്ള ജയിലുകൾ മുസ്ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിലും അംഗത്വത്തിലും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് രാഷ്ട്രീതടവുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘തീവ്രവാദ സംഘടന’ യെന്ന് മുദ്രകുത്തി പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലിലെ തീവ്രവലതുപക്ഷവും പുറത്തേക്ക് പോകുന്ന ട്രംപ് ഭരണകൂടവും അത് തുല്യഅളവിൽ പങ്കുവെക്കുന്ന മുസ്ലിം ബ്രദർഹുഡിനെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച ഭയം ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പൈശാചിക രാഷ്ട്രീയ സംഘങ്ങളിൽ ഒന്നായി അതിനെ മാറ്റിയിരിക്കുന്നു. അറബ് ഭരണകൂടങ്ങളുടെ പ്രസ്താവനകൾ ശ്രവിക്കുന്ന ആർക്കെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ അപകടകാരികളും അക്രമാസക്തരുമായ ഭീകരവാദികളെയാണ് അവർ വളഞ്ഞിട്ട് പിടിച്ച് ജയിലിലടച്ചിരിക്കുന്നത് എന്ന് തോന്നിയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്. മുസ്ലിം ബ്രദർഹുഡ് നടത്തിയതോ അല്ലെങ്കിൽ ഉത്തരവാദിത്തമേറ്റെടുത്തതോ ആയ ഏതെങ്കിലും തരത്തിലുള്ള ‘തീവ്രവാദ’ പ്രവർത്തനം കണ്ടെത്താൻ നിങ്ങൾ വളരെയധികം പ്രയാസപ്പെടും.

വാസ്തവത്തിൽ, ജയിലുകളിൽ അടക്കപ്പെട്ടിരിക്കുന്ന അംഗങ്ങളിൽ ഭൂരിഭാഗവും യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ, പി.എച്ച്.ഡി ചെയ്യുന്നവർ, മറ്റു മുതിർന്ന അക്കാദമിക് വിദഗ്ധർ തുടങ്ങിയവരാണ്. ശിക്ഷ വിധിച്ച ന്യായാധിപൻമാരെക്കാളും, കാവൽ നിൽക്കുന്ന ജയിലർമാരേക്കാളും ബുദ്ധിശക്തിയും ചിന്താശേഷിയും ഉള്ളവരാണ് ജയിലുകൾക്കുള്ളിൽ കഴിയുന്നവർ, എന്നാൽ സ്വേച്ഛാധിപതികളുടെ അധികാര ഇടനാഴികളിൽ അലഞ്ഞുനടക്കുന്ന ബുദ്ധിഹീനരായ കീടജന്മങ്ങളാൽ ആ പണ്ഡിതശ്രേഷ്ഠർ അവഹേളിക്കപ്പെടുകയാണ്. അക്കൂട്ടർ തന്നെയാണ് അവരെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്, കാരണം വളരെ ലളിതമാണ്, എന്തു വിലകൊടുത്തും അവർക്ക് അവരുടെ സ്വർണസിംഹാസനങ്ങൾ ഇളക്കംതട്ടാതെ സംരക്ഷിക്കേണ്ടതുണ്ട്.

ഭരണകൂട നിർദ്ദേശാനുസാരം മുസ്ലിം ബ്രദർഹുഡിനെ അപലപിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണത്താൽ മക്കയിലെയും അൽഖാസിമിലെയും പള്ളികളിൽ പ്രഭാഷണം നടത്തിയ നൂറോളം ഇമാമുകാരെ സൗദി അറേബ്യ പുറത്താക്കി എന്ന വാർത്ത അൽവത്വൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നു എന്ന കാരണം ചൂണ്ടികാണിച്ച് മുസ്ലിം ബ്രദർഹുഡിനെ അപലപിക്കാൻ എല്ലാ ഇമാമുമാർക്കും പ്രഭാഷകർക്കും ഇസ്ലാമികകാര്യ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഏകദേശം 20 വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഇസ്ലാം ആശ്ലേഷിച്ചത്, ഇസ്ലാം എനിക്ക് നൽകുന്ന ബൗദ്ധിക സ്വാതന്ത്ര്യമാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. വെള്ളിയാഴ്ച ഖുതുബകളിൽ ഭരണകൂടങ്ങൾ എഴുതിക്കൊടുക്കുന്നത് മാത്രം പ്രസംഗിക്കുന്ന ‘കൊട്ടാര പണ്ഡിതൻമാരെ’ കേൾക്കാൻ തീർച്ചയായും ഞാൻ പോകാറില്ല. അത്തരം ഭരണകൂട നിർദ്ദേശങ്ങൾ മതവിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല, തീർച്ചയായം അത് ‘ഇസ്ലാമികം’ അല്ലെന്ന് മാത്രമല്ല, മതകാര്യങ്ങളിലെ ഭരണകൂട ഇടപെടലിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ്.

ധാർമികമൂല്യങ്ങളുടെയും ധീരതയുടെയും അഭാവം വിളിച്ചോതിക്കൊണ്ട് മുതിർന്ന പണ്ഡിതസഭ മൊഴിഞ്ഞു: ‘മുസ്ലിം ബ്രദർഹുഡ് ഒരു ഭീകരവാദ സംഘമാണ്, അവർ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല, മറിച്ച് നമ്മുടെ മഹത്തായ മതത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ദമായ പക്ഷപാതപരമായ പാർട്ടി ലക്ഷ്യങ്ങളെയാണ് അത് അന്ധമായി പിന്തുടരുന്നത്. രാജ്യദ്രോഹം, നാശം വിതക്കൽ, അക്രമം, ഭീകരവാദം തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തെ മറച്ചുവെക്കാനുള്ള ഒരു മുഖംമൂടിയായാണ് അവർ മതത്തെ ഉപയോഗിക്കുന്നത്.’

സൗദിയു.എ.ഇഈജിപ്ത് എന്നിവരടങ്ങിയ രാഷ്ട്രീയഗൂഢസംഘം അറബ് വസന്തം പരാജയപ്പെടുന്നതിന് വേണ്ടിയുള്ള എല്ലാകാര്യങ്ങളും ഉറപ്പുവരുത്തിയിരുന്നു, യെമൻ, ലിബിയ, സിറിയ തുടങ്ങിയ ഇടങ്ങളിൽ അവർ ഇടപെട്ടതിന്റെ ദുരന്തഫലങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. മുഹമ്മദ് മുർസിയെ സ്ഥാനഭ്രഷ്ടനാക്കി ജനറൽ അബ്ദുൽ ഫത്താഹ് സീസി ഭരണം പിടിച്ചെടുക്കുന്നതിലേക്ക് നയിച്ച 2013ലെ പട്ടാള അട്ടിമറിയെ സൗദിയും യു.എ.ഇയും പിന്തുണക്കുകയാണ് ചെയ്തത്. അടുത്ത വർഷം, മുസ്ലിം ബ്രദർഹുഡിനെ ഭീകരവാദസംഘടനയായി സൗദി പ്രഖ്യാപിച്ചു. സംഘടനയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് കരുതുന്നവരുടെ അറസ്റ്റിനും വേട്ടയാടലിനും 2019ൽ തുടക്കം കുറിക്കപ്പെട്ടു.

1950കളിൽ ഈജിപ്തിലും സിറിയയിലും മേഖലയിലെ മറ്റു രാജ്യങ്ങളിലും അടിച്ചമർത്തലും തടങ്കലും നേരിട്ട ആയിരക്കണക്കിന് ബ്രദർഹുഡ് പ്രവർത്തകർക്ക് അഭയം നൽകിയ രാജ്യമാണ് സൗദി അറേബ്യയെന്ന് ഓർക്കുമ്പോൾ, ചരിത്രപരമായ മറവി പിടികൂടിയ ഒരു അറബ് രാഷ്ട്രത്തിന്റെ മറ്റൊരു നിലപാടു മാറ്റമാണിത്.

മതം, നീതി, മാനവികത എന്നിവയോട് യാതൊരു ബഹുമാനവുമില്ലാത്ത ഈജിപ്തിലെ ഇന്നത്തെ ജയിൽ ഭരണത്തിന് ഉത്തരവാദികളാവരെ നരകത്തിൽ പ്രത്യേകസ്ഥാനം തന്നെ കാത്തിരിക്കുന്നുണ്ട്. പണത്തിനും സ്വാധീനത്തിനു വശംവദരായ അഴിമതിക്കാരായ ന്യായാധിപൻമാർ, ജയിൽ ഭരണത്തിന്റെ കാഠിന്യം ഉറപ്പാക്കുന്ന ജയിലർമാർ, എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാവുന്ന മന്ത്രിമാരും രാഷ്ട്രീക്കാരും, ഈ ക്രൂരതകൾ നാളേക്കു നാളെ അവസാനിപ്പിക്കാൻ അധികാരമുള്ള അൽസീസി എന്നിവരൊക്കെയാണ് ഇതിന്റെ ‘ഉത്തരവാദികൾ’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഈജിപ്ഷ്യൻ ജയിൽ സംവിധാനത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കുറച്ചെങ്കിലും അറിയണമെന്നുള്ളവർക്ക്, കണ്ണീരോടെയല്ലാതെ സൈനബുൽ ഗസ്സാലിയുടെ ജയിലനുഭവങ്ങൾ വായിച്ചുതീർക്കാൻ കഴിയില്ല.

ബ്രദർഹുഡ് തടവുകാരിൽ ഭൂരിഭാഗവും അറുപതും എഴുപതും എൺപതും വയസ്സുള്ള സ്ത്രീ പുരുഷൻമാരാണ്. ഇവരെല്ലാം തന്നെ ഏകാന്തതടവിലാണ് കഴിയുന്നത്. കുടുംബസന്ദർശനം, അടിയന്തര വൈദ്യസഹായം, അടിസ്ഥാന ഭക്ഷണം എന്നിവ അവർക്ക് നിഷേധിക്കപ്പെടുന്നു.

ഇതൊന്നും പുതിയ കാര്യങ്ങളല്ല. 2007 ജൂലൈ മാസത്തിൽ, മുസ്ലിം ബ്രദർഹുഡ് അംഗങ്ങളുടെ സൈനിക വിചാരണ നിരീക്ഷിക്കുന്ന മറ്റു മനുഷ്യാവകാശ നിരീക്ഷകരോടൊപ്പം ചേരാൻ ഞാൻ ഈജിപ്തിലേക്ക് യാത്ര ചെയ്യുകയുണ്ടായി. ബ്രദർഹുഡ് പ്രവർത്തകർ അപകടകാരികളായ ഭീകരവാദികളാണെന്ന് എന്നെ വിശ്വസിപ്പിക്കാൻ ഈജിപ്ഷ്യൻ സർക്കാർ ശ്രമിച്ചിരുന്നു. അതിനാൽ ഞാൻ ബ്രദർഹുഡ് നേതാക്കളുമായി അഭിമുഖസംഭാഷണം നടത്തുന്നതിന് സമയം ചെലവഴിച്ചു; അച്ചടക്കമുള്ള, നല്ല രീതിയിൽ പ്രവർത്തിക്കുന്ന, ഇസ്ലാമിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ബൗദ്ധിക സംഘടനയെയാണ് എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്.

അന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങളോട് സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ, അന്നത്തെ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനോട്, ബ്രദർഹുഡിനെ ആശ്ലേഷിക്കാനും, ‘അവരുടെ അറിവും ശക്തിയും ഈജിപ്ഷ്യൻ ജനതയുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കാനും’ ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് രാത്രി, ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ, മുറിയുടെ വാതിൽ തുറന്നുകിടക്കുന്നതാണ് ഞാൻ കണ്ടത്, കിടക്ക തലകീഴായി മറിക്കപ്പെട്ടിരുന്നു, സാധനങ്ങൾ നിലത്ത് വാരിവലിച്ചിടപ്പെടിരുന്നു. അവിടെ നടന്നത് ഒരു പോലീസ് റെയ്ഡായിരുന്നു.

അതിലൊന്നും തളരാതെ, പിറ്റേന്നും ഞാൻ കോടതിമുറിയിൽ പോയി, അവിടെ ധാരാളം മുസ്ലിം ബ്രദർഹുഡ് പ്രവർത്തകർ കെട്ടിച്ചമക്കപ്പെട്ട കേസുകളുടെ പേരിൽ വിചാരണക്ക് വിധേയമായി കൊണ്ടിരിക്കുകയായിരുന്നു. വിചാരണ കേൾക്കുന്നതിൽ നിന്നും ഞാൻ തടയപ്പെട്ടു. എപ്പോഴൊക്കെ അധികാരങ്ങളിൽ ഇരിക്കുന്നവർ മാധ്യമപ്രവർത്തകരെ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലയോ, അപ്പോഴൊക്കെ അധാർമിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടാവും എന്നാണ് ഞാൻ മനസ്സിലാക്കിയ കാര്യം.

ഭരണകൂട അടിച്ചമർത്തൽ ഭരണാധികാരികളുടെ തന്നെ ദൗർബല്യത്തിന്റെയും പരാജയത്തിന്റെയും അടയാളമല്ലാതെ മറ്റൊന്നുമല്ലെന്ന് എന്നാണ് സീസിയെ പോലെയുള്ള നേതാക്കൾ തിരിച്ചറിയുക. മുസ്ലിം ബ്രദർഹുഡിനെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം കഴിയുന്നത്ര ശ്രമിച്ചാലും, ഒരു ആശയത്തെ കൊല്ലാനോ അത്തരമൊരു പ്രസ്ഥാനത്തെ ഇല്ലാതാക്കാനോ കഴിയില്ല.

2015ൽ മുസ്ലിം ബ്രദർഹുഡിനെ നിരോധിക്കാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് മേൽ അബൂദാബി സമ്മർദ്ദം ചെലുത്തിയെങ്കിലും ഡേവിഡ് കാമറൂൺ അതിന് വഴങ്ങിയിരുന്നില്ല. മുസ്ലിം ബ്രദർഹുഡിനെ പോലെയുള്ള ഇസ്ലാമിക സംഘങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ‘മികച്ച ഫയർവാളുകൾ’ ആണെന്നാണ് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് റിപ്പോർട്ട് വിശേഷിപ്പിച്ചത്. ഇതിന്റെ പേരിൽ നയതന്ത്രപരമോയ സാമ്പത്തികമോ ആയ എന്തെങ്കിലും നഷ്ടങ്ങൾ ബ്രിട്ടനെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, ബ്രിട്ടീഷ് ഗവൺമെന്റ് ബ്രദർവിരോധികളുടെ സമ്മർദ്ദത്തിന് വഴങ്ങിയില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്. എന്നിരുന്നാലും, അത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായ സ്വേച്ഛാധിപതികളുമായി ബ്രിട്ടൻ ഇപ്പോഴും കച്ചവടബന്ധങ്ങൾ തുടരുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.

അതേസമയം, നിഷ്‌ക്രിയ നിലപാട് സ്വീകരിച്ച് സംസാരിക്കാൻ ഭയന്ന് നിൽക്കുന്ന ഈ നികൃഷ്ട പണ്ഡിതൻമാരോട് എനിക്ക് സഹതാപം മാത്രമേയുള്ളു. ഒരു ഭീരുവിന്റെ വസ്ത്രം എളുപ്പം ധരിക്കാൻ കഴിയുന്ന ഒന്നല്ല. തങ്ങളുടെ ആദർശവിശ്വാസത്തിൽ നിന്നും ഒരണുവിട പോലും വ്യതിചലിക്കാത്ത പശ്ചിമേഷ്യയിലെ ആയിരക്കണക്കിന് വരുന്ന രാഷ്ട്രീയ തടവുകാരെ ഞാൻ അങ്ങേയറ്റം ആദരിക്കുന്നു. സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.

സ്വതന്ത്രാഖ്യാനം: അബൂ ഈസ
അവലംബം: middleeastmonitor

Related Articles