Current Date

Search
Close this search box.
Search
Close this search box.

ഖൈസ് സഈദിനോട് ടുണീഷ്യക്കാർക്ക് പറയാനുള്ളത്

സ്വേച്ഛാധിപത്യ കാലഘട്ടത്തിലായാലും ജനാധിപത്യ നാളുകളിലായാലും നിലവിലെ ടുണീഷ്യൻ പ്രസിഡൻറ് ഖൈസ് സഈദിനെ പോലെ മുൻ പ്രസിഡന്റുമാരിൽ ആരും തന്നെ ടുണീഷ്യൻ ജനതയെ ഇത്രത്തോളം കഷ്ടപ്പെടുത്തിയിട്ടില്ല. നിലവിലെ പ്രസിഡന്റ് ആരോപിക്കുന്നത് പോലെ അവരാരും തന്നെ ടുണീഷ്യൻ ജനതക്കെതിരെ വധശ്രമം ആരോപിച്ചിട്ടില്ല. വധശ്രമത്തിന് വിധേയനായ ബൂർഗിബയോ ഇബ്ൻ അലിയോ ബാജി ഖൈദ് അസ്സബീസിയോ ടുണീഷ്യൻ ജനതക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല.

രണ്ടു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഖൈസ് സഈദ് തനിക്കെതിരെയുള്ള വധശ്രമത്തെ കുറിച്ച് സംസാരിക്കുന്നത്. രണ്ടു തവണ അദ്ദേഹത്തിന്റെ ഓഫീസ് മുഖേനയായിരുന്നു. സോഷ്യൽ മീഡിയ വക്താക്കൾ പറയുന്നത് പോലെ ഇനി നാലാം തവണയും അഞ്ചാം തവണയും പത്താം തവണ തന്നെയും ഉണ്ടാകാൻ സാധ്യതയുണ്ട്. യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ്‌ ഓരോ തവണയും ഖൈസ് സഈദ് ആരോപണവുമായി എത്തുന്നത്.

ജനങ്ങളോടുള്ള പരിഹാസം

രാഷ്ട്രീയ വിഷാരദനായ സമീർ ഹംദി ‘അൽ മുജ്‌തമഉ്’ മാ​ഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവ്, കടകളിലെ അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ്, സ്കൂൾ തുറക്കാൻ അടുത്തിരിക്കെ പാഠപുസ്തകങ്ങൾക്ക്‌ ഏർപ്പെടുത്തുന്ന അമിത വില, അംഗീകാരം ലഭിക്കും വരെ ടുണീഷ്യൻ വായ്പകൾക്ക് വേൾഡ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക്, ക്രെഡിറ്റില്ലാതെ പൈസ അച്ചടിച്ച് ഇറക്കാനുള്ള സെൻട്രൽ ബാങ്ക് ഓഫ് ടുണീഷ്യയുടെ ശ്രമങ്ങൾ തുടങ്ങി ജനഹിതം മാനിക്കാത്ത ഒരുപാട് വിഷയങ്ങൾ പരിഹരിക്കേണ്ടതായുണ്ട്. ഇതിനെയെല്ലാം മറ്റു ചില വാർത്തകൾ കൊണ്ട് മറച്ചുവെക്കാനാണ്‌ അവർ ശ്രമിക്കുന്നത്.

അദ്ദേഹം ചോദിക്കുന്നു: എത്രകാലം ഇതിങ്ങനെ തുടർന്ന് കൊണ്ടുപോകാനാകും? ഇതെല്ലാം തന്നെ ടുണീഷ്യയുടെ നന്മയെ ബാധിക്കും. ഒട്ടും സുരക്ഷിതമല്ലാത്ത നാടാക്കി മാറ്റും. പ്രസിഡന്റിന് തന്നെ ഇവിടെ നിർഭയത്വമില്ലെങ്കിൽ പിന്നെ സഞ്ചാരികളുടെയും നിക്ഷേപകരുടെയും അവസ്ഥയെക്കുറിച്ച് ചിന്തിക്കാനുണ്ടോ?

ടുണീഷ്യയിൽ നിലവിലുള്ള സുരക്ഷ, സാമ്പത്തിക, നിക്ഷേപ പ്രതിസന്ധികൾക്ക് പിന്നിൽ അവിടെ നടക്കുന്ന വ്യക്തി സ്വാതന്ത്ര്യ, മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുകയെന്ന രാഷ്ട്രീയ താൽപര്യവും ഉണ്ടാകാമെന്ന സാധ്യതയെ സമീർ ഹംദി തള്ളിക്കളയുന്നില്ല. അടുത്തവസാനിക്കാനിരിക്കുന്ന അടിയന്തരാവസ്ഥ ഇനിയും നീട്ടുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടാകാം എന്നും അദ്ദേഹം പറയുന്നു.

സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം

ടുണീഷ്യൻ വിപ്ലവത്തിന് ശേഷം ചില വ്യക്തികളുടെ യാത്രകൾ തടഞ്ഞുവെക്കൽ‌, മറ്റു ചിലരെ നിയമത്തിന്റെ യാതൊരു പിൻബലവും ഇല്ലാതെതന്നെ വീട്ടുതടങ്കലിലാക്കൽ പോലെയുള്ള അഭൂതപൂർവമായ നിയമ നടപടികൾ നിലവിൽ വന്ന അതേ സാഹചര്യത്തിൽ തന്നെയാണ് സഈദിന്റെ വധശ്രമ ആരോപണവും ഉയരുന്നത്.

ടുണീഷ്യൻ ലീഗ് ഫോർ ഡിഫൻസ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെക്രട്ടറി ജനറൽ ബഷീർ അൽ‌ഉബൈദി പറയുന്നു: കഴിഞ്ഞ ജൂലൈ 25 മുതൽ ഇന്നേ ദിവസം വരെ പ്രസിഡന്റ് ഖൈസ് സഈദ് നടപ്പിൽ വരുത്തിയ നടപടികൾ എല്ലാം തന്നെ സഞ്ചാര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയ്ക്ക് വിരുദ്ധമായവയാണ്. ശനിയാഴ്ച സ്വകാര്യ റേഡിയോ സ്റ്റേഷനായ ഷംസ് എഫ്.എമ്മിന് നൽകിയ വിശദീകരണത്തിൽ യാത്രാ വിലക്ക്, നിർബന്ധിത അറസ്റ്റ് അടക്കം അതിനുള്ള ധാരാളം ഉദാഹരണങ്ങൾ സൂചിപ്പിച്ചിരുന്നു. സഈദിന്റെ നടപടികൾ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയാണെന്ന് അദ്ദേഹമതിൽ ഊന്നിപ്പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണത്. അഭ്യന്തര മന്ത്രാലയം കൈകൊണ്ട ഈ നടപടിയെ അടിയന്തിര യോഗം വിളിച്ചു പുനപ്പരിശോധിക്കാൻ വകുപ്പ് ചുമതലയുള്ള വക്താവിനോട് ബഷീർ ആവശ്യപ്പെട്ടു.

മൂന്നിൽ മൂന്നാമത്തേത്

പ്രശസ്ത എഴുത്തുകാരനും യൂണിവേഴ്സിറ്റി പ്രൊഫസറുമായ മുഹമ്മദ് ളൈഫുല്ലാഹ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്: ആഗസ്റ്റ് 20ലെ ഖൈസ് സഈദിന്റെ പ്രസംഗത്തിൽ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നവരെ കുറിച്ചും രക്തം കൊതിക്കുന്നവരെ കുറിച്ചും പരാമർശമുണ്ടായിരുന്നു. എല്ലാ അധികാരവും കൈവശമുള്ള ഒരാൾ എന്ത് ചെയ്യണമെന്ന് അറിയാതെ സംസാരിക്കുന്നത് കണ്ട് എനിക്ക് വലിയ കൗതുകം തോന്നി. ഭക്ഷണത്തിലോ കത്തിലോ വിഷം ചേർത്തല്ല കൊലപാതക ശ്രമം എന്നിരിക്കെ അതിന് ശ്രമിക്കുന്ന ആളുകളെ നിയമനത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാവിധ ശക്തിയുമുണ്ടായിട്ടും അദ്ദേഹം ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നെ വല്ലാതെ അൽഭുതപ്പെടുത്തി (ഇതേക്കുറിച്ച് നേതാക്കൾ നേരത്തെ സംസാരിച്ചിരുന്നു. പക്ഷേ, സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയും ജുഡിഷ്യൽ അന്വേഷണം നടത്താതെയും കേസ് മരവിപ്പിച്ചു).

ഊരാക്കുടുക്കായി മാറിയ പേരുകൾ

ഖൈസ് സഈദിന്റെ ആരോപണത്തെ ന്യായീകരിക്കുന്നവരുമുണ്ട്. അദ്ദേഹത്തിന് വിവരങ്ങൾ എത്തിച്ചു കൊടുക്കാൻ നിരവധി രഹസ്യ ഏജൻസികൾ ഉള്ളതിനാൽ തന്നെ അദ്ദേഹം എല്ലായ്പ്പോഴും കള്ളം പറയാൻ സാധ്യതയില്ലെന്നാണ് അവരുടെ ന്വായം. അതേസമയം, ഇപ്പറഞ്ഞത് വാസ്തവമാണെങ്കിൽ രഹസ്യാന്വേഷണ ഏജൻസികൾ അദ്ദേഹത്തിന് വിശദാംശങ്ങളും പേരുകളും നൽകുകയും അതിനനുസരിച്ച് കുറ്റവാളികളെ അറസ്റ്റ് നടത്തുകയും ചെയ്യാത്തതെന്താണെന്ന മറുചോദ്യവും ഉയരുന്നുണ്ട്. ഇതെല്ലാം കേവലം ആരോപണങ്ങൾ മാത്രമാണ്. അന്വേഷണങ്ങളും നടപടികളുമെല്ലാം എവിടെയെത്തി? അതെല്ലാം കുഴിച്ചു മൂടിയോ?

പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ബസ്സാം ഇബ്ൻ ഉമർ പറയുന്നു: പതിവ് പോലെ എല്ലാം അസംബന്ധമാണ്. തന്റെ അന്നത്തിൽ തന്നെത്താൻ വിഷം ചേർക്കുന്ന പണിയാണിത്. ഖൈസ് സഈദ് വധശ്രമം ഉണ്ടായെന്നു പറയുന്നു. ഇങ്ങനെയൊരു വിഷയം നടക്കുമ്പോൾ എവിടെയാണ് അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥരും സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും? ചുരുക്കത്തിൽ, താൻ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് തനിക്ക് തന്നെ അറിയാത്ത ഒരു അധികാരിയുടെ കൗശലമാണിത്. അതുകൊണ്ട് തന്നെ അധികാരത്തിൽ തുടരാൻ അദ്ദേഹത്തിന് യാതൊരു അർഹതയുമില്ല.

വധശ്രമം ഉണ്ടായേക്കാം

വ്യാജനാമ‍ത്തിൽ ഒരാൾ എഴുതിയത് ഇങ്ങനെയാണ്: ടുണീഷ്യയിലെ നവംബർ സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം(1987 നവംബറിലെ ബിൻ അലിയുടെ ഭരണകൂട അട്ടിമറിയുമായി ബന്ധപ്പെട്ട്), നിലവിലെ പ്രസിഡന്റിനെ ഒഴിവാക്കാനുള്ള ചരിത്രപരമായ അവസരമാണിത്. ഖൈസ് സഈദിനെ കൊലപ്പെടുത്തിയതിന് ശേഷം അദ്ദേഹം വധശ്രമം ആരോപിക്കുന്നവരുടെ മേൽ കുറ്റം ചാർത്തുകയും ചെയ്യാം. അതുവഴി ബിൻ അലിയുടെ ഭരണകൂടത്തെ പുനഃസ്ഥാപിക്കാനാകും. ബിൻ അലിയുടെ വിശ്വസ്തനായ രിളാ അൽഗർസലാവിയുടെ ചിന്തകളും നിരീക്ഷണങ്ങളും ഇവ്വിഷയകമായി അദ്ദേഹത്തിനുള്ള അസംതൃപ്തിയും അസ്വസ്ഥതയുമാണ് സൂചിപ്പിക്കുന്നത്. പോസ്റ്റ് എഴുതിയ വ്യക്തി, സഈദിനെ വധിക്കാൻ ബിൻ അലി ഭരണകൂട അനുകൂലികൾ ശ്രമിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. അറബ് സ്വേച്ഛാധിപതികൾ സാധാരണ ചെയ്യുന്ന രീതിയിലേക്ക് തന്നെയാണ് ഖൈസ് സഈദിന്റെയും പോക്കെന്ന് കണ്ടതോടെ അദ്ദേഹത്തിനൊരു ബദൽ ശത്രുവിനെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണവർ.

അന്നഹ്ദയും നേതൃത്വവും

ഞങ്ങളിപ്പോൾ പ്രസിഡന്റ് ഖൈസ് സഈദ് വിഷയവുമായി വ്യാപൃതരാണെന്നും ആരോപണ വിധേയരായ ആളുകളെ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് ഉടനെ പുറത്ത് കൊണ്ടുവരണമെന്നും അന്നഹ്ദ മൂവ്മെന്റ് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഒരു ജനാധിപത്യ രാജ്യത്തിന്റെ നേതാവിൽ നിന്ന് വരുന്ന നിരന്തര പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ ആശങ്കയും ഉത്കണ്ഠയും വർധിപ്പിക്കുന്നതാണെന്നും സമീപ ഭാവിയിൽ തന്നെ അത് അപകടകരമായ രീതിയിലേക്ക് രാജ്യത്തെ മാറ്റിയേക്കാം എന്നും അന്നഹ്ദ മൂവ്മെന്റ് നേതാവ് അലി അൽഅരീളു പറഞ്ഞു.

ഏതു രാജ്യവും നേരിടുന്ന ഭയാനകമായ പ്രതിസന്ധിയാണിത്. വിഷയത്തിൽ അടിയന്തിരമായ ഒരു അന്വേഷണവും തീരുമാനവും വരുത്തേണ്ടതുണ്ടെന്നും പ്രശ്നത്തിന് ഉത്തരവാദികളായവരെ പൊതു ജനങ്ങൾക്ക് മുമ്പിൽ കാണിക്കേണ്ടതുണ്ടെന്നും തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വിഷയങ്ങളിൽ ഒരു വ്യക്തതയും നൽകാതെ സാമാന്യവൽകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഒന്നാമതായി പൊതുജനത്തെയും രണ്ടാമതായി രാജ്യത്തേയുമാണത് സാരമായി ബാധിക്കുക.

ഈ ആരോപണങ്ങൾ നിയമങ്ങളും നിയമ നിർമ്മാണ സ്ഥാപനങ്ങളും ഉപയോഗിച്ചുള്ള സ്വാതന്ത്ര്യ, അവകാശ ധ്വംസനത്തിലേക്ക് നയിച്ചേക്കുമോ എന്ന് ഞാൻ ഭയക്കുന്നുവെന്ന് അലി അൽഅരീളു ആശങ്കയും പ്രകടിപ്പിക്കുന്നു.

വർത്തമാന കാലത്തെയും ഭാവിയെയും അപകപ്പെടുത്തിയേക്കാവുന്ന ഈ മൂടുപടത്തെ എത്രയും പെട്ടെന്ന് വലിച്ചു കീറുകയെന്നതാണ് ടുണീഷ്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അനിവാര്യമായ കാര്യം. ടുണീഷ്യൻ പൗരനായാലും അല്ലെങ്കിലും പൊതു ജനവും സർക്കാർ സംവിധാനങ്ങളും നിക്ഷേപകരും അടക്കം എല്ലാവരും ഇപ്പോൾ പ്രതീക്ഷിക്കുന്നത് ഇത് മാത്രമാണ്. ഇതിൽ വ്യക്തത വരാത്ത കാലത്തോളം അത് ജനങ്ങളിൽ ആശങ്കയും ഉത്കണ്ഠയും വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല, അദ്ദേഹം മുന്നറിയിപ്പു നൽകി.

കേസ് അന്വേഷണം

ടുണീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദിന് നേരെയുള്ള വധശ്രമം അന്വേഷിക്കാൻ അന്നഹ്ദ വക്താവ് ഫത്ഹി അൽ‌ഇയാദിയും പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. 2021 ആഗസ്റ്റ് 21നു മോസായ്ക് എന്ന സ്വകാര്യ റേഡിയോക്ക്‌ നൽകിയ അഭിമുഖത്തിൽ അൽ‌ഇയാദി പറഞ്ഞു: “പ്രസിഡന്റ് ഖൈസ് സഈദിന് നേരെയുള്ള വധശ്രമത്തിൽ പ്രസ്ഥാനം ശ്രദ്ധാലുവാണ്. രാജ്യത്തിന്റെയും പ്രസിഡന്റിന്റെയും സുരക്ഷ വിഷയമായതിനാൽ കേസ് അന്വേഷിക്കാനും പൊതുജനാഭിപ്രായം രേഖപ്പെടുത്താനും പബ്ലിക് പ്രോസിക്യൂട്ടറോട് ഞാൻ ആവശ്യപ്പെടുന്നു”.

ജുഡീഷ്യറിയിലുള്ള വിശ്വാസക്കുറവ്

സഈദിന്റെ വധശ്രമം ജുഡീഷ്യറി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സഈദിന്റെ അനുയായികളിൽ ചിലർ ജുഡീഷ്യറിയുടെ സത്യസന്ധത ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. ജുഡീഷ്യറി കള്ളക്കടത്ത് നടത്തുന്നവരാണെന്നാണ് ചിലരുടെ ആരോപണം. സഈദിന്റെ കുടുംബത്തോട് ശത്രുത ഉള്ളവരാണ് ജുഡീഷ്യറിയിൽ ഉള്ളവരെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം എങ്ങനെയെങ്കിലും കേസാക്കി അന്വേഷിക്കാതിരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ജുഡീഷ്യൽ കൗൺസിൽ, ജുഡീഷ്യറിയെയും ജഡ്ജിമാരെയും അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ ആശയക്കുഴപ്പത്തിലാക്കുകയോ അവരുടെ ബഹുമാനം ലംഘിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്തുകൊണ്ട് സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള അപകീർത്തി പ്രചാരണങ്ങളെ ശക്തമായി അപലപിച്ചു കൊണ്ട് 2021 ആഗസ്റ്റ് 21 ശനിയാഴ്ച ഒരു പ്രസ്താവന ഇറക്കി.

ന്യായാധിപന്മാർക്ക്, എന്താണ് ആരോപിക്കപ്പെടുന്നതെന്ന് പരിഗണിക്കാനും അതിനനുസരിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കാനും നിയമപരമായി പ്രാപ്തിയുള്ള അധികാരിയാണ് താനെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ജുഡീഷ്യറിയുടെ ശരിയായ പെരുമാറ്റത്തിലും അതിന്റെ സമഗ്രതയിലും ഉള്ള തന്റെ വിശ്വാസം കാരണം ഈ കേസ് ആരംഭിക്കുകയും തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഇതുവഴി പൊതുജനങ്ങളുടെ വിശ്വാസം കൂടി ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതക്കും മുൻതൂക്കം നൽകുന്ന ജഡ്ജി ഒരു തരത്തിലുള്ള സമ്മർദ്ദത്തിനും സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രസ്താവനയിൽ പറയുന്നു. മറ്റു പൗരന്മാരെ പോലെത്തന്നെ ന്യായാധിപന്മാരും നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി അച്ചടക്കത്തിനും നിരീക്ഷണത്തിനും വിധേയരായിരിക്കുമെന്നും സുപ്രീം ജുഡിഷ്യൽ കൗൺസിൽ സൂചിപ്പിക്കുന്നു.

ജുഡീഷ്യറി ഒരു സ്വതന്ത്ര അധികാര കേന്ദ്രമാണെന്നും അതിന്റെ അന്തസ്സ് ഭരണകൂടത്തിന്റെ അന്തസ്സിൽ നിന്നുള്ളതാണെന്നും ഭരണഘടനക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കും അനുസൃതമായി, അതിന്റെ കഴിവുകളിൽ സമ്പൂർണ്ണമായ രീതിയിൽ ഇടപെടുന്നതിൽ നിന്ന് എല്ലാവരെയും വിലക്കിയിട്ടുണ്ടെന്നും സുപ്രീം ജുഡിഷ്യൽ കൗൺസിൽ സത്യസന്ധതയെ ചോദ്യം ചെയ്തവർക്ക് മുന്നറിയിപ്പ് നൽകി.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles