Current Date

Search
Close this search box.
Search
Close this search box.

സാവിത്രിഭായിയുടെയും ഫാത്തിമ ശൈഖിന്റെയും പെൺമക്കൾ

കടുത്ത ശൈത്യത്തെ അവഗണിച്ച് ആഴ്ചകളോളമായി ഡൽഹിക്കും നോയ്ഡക്കും ഇടയിലുള്ള പ്രധാനഹൈവേയിൽ കുത്തിയിരിപ്പ് സമരം തുടരുന്ന ഷഹീൻബാഗിലെ ധീരവനിതകൾ, എൻ.പി.ആർ-എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭത്തിന്റെ ദേശീയമുഖമായി മാറിക്കഴിഞ്ഞു. ഡിസംബർ 15ന്, ജാമിഅ മില്ലിയയിൽ പോലീസ് നടത്തിയ ഭീരുത്വമാർന്ന ആക്രമണത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് രംഗത്തിറങ്ങിയത് അഖ്തരിസ്ത അൻസാരി, ചന്ദ യാദവ്, ലദീദ ഫർസാന, ആയിശ റെന്ന തുടങ്ങിയ ജാമിഅ വിദ്യാർഥിനികളാണ്, രാജ്യവ്യാപകമായി നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃനിരയിലേക്ക് അവർ ഉയർത്തപ്പെട്ടു.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം നയിച്ചുകൊണ്ടിരിക്കുന്ന ഐഷി ഘോഷ്, സമരത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ആക്രമണത്തിന് ഇരയായിരുന്നു. വിദ്യാഭ്യാസ അവകാശസമരത്തിന്റെ പ്രതീകമായാണ് ഐഷി ഘോഷിനെ ഒരുപാടു പേർ കണക്കാക്കുന്നത്.

Also read: NRC, CAA : സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്

സ്ത്രീകൾ നയിക്കുന്ന ഈ പ്രക്ഷോഭങ്ങളിലെല്ലാം തന്നെ സാവിത്രിഭായി ഫൂലെയുടെയും ഫാത്തിമ ബീഗം ശൈഖിന്റെയും പേരുകൾ പൊതുവായി ഉയർന്നുകേൾക്കാം. പ്രസ്തുത ഊർജസ്രോതസ്സ് ഈ സ്ത്രീകളുടെ മുദ്രാവാക്യങ്ങളിൽ തെളിഞ്ഞുകാണാൻ കഴിയും – “നഹീം ഹിന്ദു, നഹീം മുസൽമാൻ, ഹം ഹേം സാവിത്രി-ഫാത്തിമ കി സന്താൻ” (ഹിന്ദുവല്ല, മുസ്ലിമല്ല, ഞങ്ങൾ സാവിത്രഭായി ഫൂലെയുടെയും ഫാത്തിമ ബീഗത്തിന്റെയും മക്കൾ).

ഏകദേശം 170 വർഷങ്ങൾക്കു മുൻപ്, സ്ത്രീകളുടെയും ശൂദ്രരുടെയും വിദ്യാഭ്യാസ അവകാശത്തിനായി പോരാടുന്നതിനായി ബ്രാഹ്മണ അടിച്ചമർത്തലിനെതിരെ സാവിത്രിഭായി ഫൂലെ നിലകൊണ്ടു. അന്നത്തെ കാലത്തെ സാമൂഹികവിരുദ്ധ ശക്തികൾ സാവിത്രിഭായി ഫൂലെയെയും ഫാത്തിമ ശൈഖിനെയും കല്ലുകൾ കൊണ്ട് എറിഞ്ഞ് മുറിപ്പെടുത്തിയിരുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭസമയത്ത് ഉയർന്നുവന്നവർ അടക്കമുള്ള, സാമൂഹിക വിവേചനങ്ങൾക്കെതിരെ പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച സ്ത്രീകളുടെ തലമുറകളെല്ലാം തന്നെ സാവിത്രഭായിയുടെയും ഫാത്തിമാബിയുടെയും പെൺമക്കൾ തന്നെയാണ്.

Also read: സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍: കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും

1848 ജനുവരി 1ന്, സാവിത്രിഭായി ഫൂലെയും ജ്യോതിഭ ഫൂലെയും ഫാത്തിമ ബീഗവും ചേർന്ന് പെൺകുട്ടികൾക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ തുറന്നു. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം തന്നെ മേൽജാതി പുരുഷൻമാരുടെ ആധിപത്യത്തിനു കീഴിലായിരുന്ന അക്കാലത്ത്, ബഹുജൻ സമുദായത്തിൽ നിന്നുള്ള സാവിത്രിഭായ് എന്ന സ്ത്രീ, ജാതിവിരുദ്ധ ഫെമിനിസ്റ്റ് നവോത്ഥാന മുന്നേറ്റത്തിന്റെ ഒരു പേരായി മാറി. അക്കാലത്തെ ബ്രാഹ്മണിക്കൽ സാമൂഹിക ഘടന സ്ത്രീകൾക്കും പിന്നോക്കവിഭാഗക്കാർക്കും അതിശ്രൂദർക്കും (ദലിതർ) വിദ്യാഭ്യാസം വിലക്കിയിരുന്നു, കൂടാതെ എല്ലാ ആചാരങ്ങളും ബ്രാഹ്മണിക്കൽ ഘടനയെ സംരക്ഷിക്കുന്ന വിധത്തിലുള്ളതുമായിരുന്നു. സാവിത്രിഭായിയുടെയും ജ്യോതിഭയുടെയും സമകാലികരായ നവോത്ഥാനനായകർ വിധവാപുനർവിവാഹം, ശൈശവവിവാഹം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിദേശയാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കിലും, അവരിൽ ഭൂരിഭാഗവും ശൂദ്രരെയും അതിശൂദ്രരെയും ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തികൊണ്ടുവരികയോ, അതിന്റെ മൂലകാരണമായ ബ്രാഹ്മണിക്കൽ വേദഗ്രന്ഥങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ എതിരിടുകയോ ചെയ്തിരുന്നില്ല.

ബ്രാഹ്മണിസവും മനുസ്മൃതിയും എങ്ങനെയാണ് “അസമത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹം നിർമിക്കുന്നത്” എന്ന് ആദ്യമായി വിശദീകരിച്ചവരിൽ ഒരാണ് സാവിത്രിഭായ് ഫൂലെ. “തന്ത്രശാലികളായ മനുഷ്യരുടെ മനുഷ്യത്വവിരുദ്ധമായ തന്ത്രം” എന്നാണ് തന്റെ കവിതയിൽ ബ്രാഹ്മണിസത്തെ അവർ വിശേഷിപ്പിച്ചത്. സ്ത്രീകളെ പുറത്തുകാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരു കാലത്ത് ആദ്യമായി പുസ്തകം രചിച്ച് പ്രസാധനം ചെയ്ത സ്ത്രീയാണ് സാവിത്രിഭായ്. സത്യശോധക് സമാജ്, സത്യശോധക് വിവാഹങ്ങൾ തുടങ്ങിയ ബദൽ സംവിധാനങ്ങൾക്ക് അവർ രൂപംനൽകി. 1889-ൽ ബ്രാഹ്മിൺ വിധവകളുടെ തലമുണ്ഡനം ചെയ്യുന്ന കിരാതമായ ആചാരണത്തിനെതിരെ പാർശ്വവത്കൃതജനവിഭാഗമായ ബാർബർമാരെ സംഘടിപ്പിച്ച് സാവിത്രഭായ് ഹർത്താൽ നടത്തിയിരുന്നു. വ്യത്യസ്ത ജനവിഭാഗങ്ങളുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് പൊതുശത്രുവിനെതിരെ സമരം ചെയ്യുക എന്ന ബുദ്ധിപൂർവകമായ നീക്കമാണ് സാവിത്രഭായ് നടത്തിയത്.

ബ്രാഹ്മണ ശക്തികൾ രണ്ടാംതരം പൗരൻമാരായി കണക്കാക്കിയ എല്ലാവരുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടജീവിതമായിരുന്നു സാവിത്രിഭായിയുടെയാണ്. അതുകൊണ്ടായിരിക്കാം, അവരുടെ 189-മത് ജന്മദിനത്തിൽ, അവരുടെ ഓർമകൾ ഉയർത്തിപിടിച്ചുകൊണ്ട് സ്ത്രീകളും എൽ.ജി.ബി.ടി.ക്യൂ സമൂഹവും രാജ്യവ്യാപകമായി സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്.

എൻ.പി.ആർ-എൻ.ആർ.സി-സി.എ.എ എന്നിവയുമായി ബന്ധപ്പെട്ട സ്ത്രീകൾ, ദലിത്, ഗോത്രവിഭാഗങ്ങൾ, എൻ.ജി.ബി.ടി.ക്യൂ സമൂഹങ്ങൾ, ശാരീരിക-മാനസിക അവശത അനുഭവിക്കുന്നവർ തുടങ്ങിയവരുടെ ആശങ്കകൾ അസ്ഥാനത്തല്ലെന്ന് എൻ.ആർ.സി നടപ്പിലാക്കപ്പെട്ട ആസാമിൽ ഡബ്യൂ.എസ്.എസ് (Women Against Sexual Violence and State Repression) നടത്തിയ പഠനം വ്യക്തമാക്കുന്നു. സ്ത്രീകൾ പൊതുവിലും പാർശ്വവത്കൃത വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾ പ്രത്യേകിച്ചും ചരിത്രപരമായി തന്നെ ഭൂവുടമസ്ഥാവകാശത്തിൽ നിന്നും വിദ്യാഭ്യാസം നേടുന്നതിൽ നിന്നും മാറ്റിനിർത്തപ്പെട്ടതിനാൽ, തങ്ങളുടെ അസ്തിത്വം തെളിയിക്കുന്ന രേഖകൾ ഒന്നും തന്നെ അവരിൽ ഭൂരിഭാഗത്തിനും ഇല്ലെന്നതാണ് വാസ്തവം. ചരിത്രപരമായി തന്നെ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ട ദലിത്, ആദിവാസി, നാടോടി സമൂഹങ്ങളെയാണ് എൻ.പി.ആർ-എൻ.ആർ.സി-സി.എ.എ നിയമങ്ങൾ മോശമായി ബാധിക്കുകയെന്ന ആശങ്ക ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും പങ്കുവെച്ചിരുന്നു.

Also read: ജാമിഅ നഗർ: വായിക്കപ്പെടേണ്ട ചരിത്രം

ശൂദ്ര, അതിശൂദ്ര, സ്ത്രീജനവിഭാഗങ്ങളെ രണ്ടാംതരം പൗരൻമാരായാണ് മനുസ്മൃതി കണക്കാക്കുന്നത് എന്ന കാര്യം സുവ്യക്തമാണ്. മുസ്ലിംകൾ, സ്ത്രീകൾ, ദലിതർ, ബഹുജൻ, ആദിവാസികൾ, എൽ.ജി.ബി.ടി.ക്യൂ സമൂഹങ്ങൾ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരെ പുറന്തള്ളുന്നതിനു വേണ്ടിയും, അധികാരം ഏതാനും ബ്രാഹ്മണശക്തികളുടെ കൈകളിൽ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയും രൂപകൽപന ചെയ്തതാണ് പ്രസ്തുത നിയമങ്ങൾ. ഇതിനെതിരെയുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിൽ സാവിത്രഭായ് ഫൂലെ, ബിർസ മുണ്ഡ, ജ്യോതിഭ ഫൂലെ, ബാബാസാഹേബ് അംബേദ്കർ തുടങ്ങിയവരുടെ സമരജീവിതം നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കേണ്ടതുണ്ട്.

ഈ സമരപ്രസ്ഥാനത്തിന്റെ നേതാക്കളമായി ഉയർന്നുവന്നിട്ടുള്ള സാവിത്രഭായിയുടെയും ഫാത്തിമ ശൈഖിന്റെയും പെൺമക്കൾ അവർ ചെയ്തതു പോലെ തന്നെ വ്യത്യസ്ത വിഭാഗങ്ങളുമായി സഖ്യത്തിലേർപ്പെട്ട് സമരത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. നാം എഴുതുകയും സംസാരിക്കുകയും കളത്തിലിറങ്ങി പണിയെടുക്കുകയും വേണം. ‘നീതി, സ്വാതന്ത്ര്യം, സമത്വം’ എന്ന ഭരണഘടനാ സ്വപ്നം യാഥാർഥ്യമാക്കാൻ നാം നമ്മുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഉറക്കെ സംസാരിക്കേണ്ടതുണ്ട്.

ഈ ഫാസിസ്റ്റ് കാലത്ത്, വിപ്ലവവെളിച്ചമായി സാവിത്രിഭായിയും ഫാത്തിമ ശൈഖും തെളിഞ്ഞുകത്തുകയാണ്. ആ വെളിച്ചത്തിൽ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി അവർ നടന്ന വഴിത്താരകളിലൂടെ നമുക്കും ഒത്തൊരുമിച്ചു നടക്കാം.

(ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകയാണ് ലേഖിക.)

വിവ. മുഹമ്മദ് ഇർഷാദ്

Related Articles