Current Date

Search
Close this search box.
Search
Close this search box.

സുപ്രീം കോടതിയിൽ കൂടുതൽ മുസ്ലിം ജഡ്ജിമാർ വേണം

“ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് പറയുകായാണെങ്കിൽ, ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവ‍‍‌‍‍ർ ഒരിക്കലും ജഡ്ജിയായി നിയമിക്കപ്പെടാതിരിക്കാനുള്ള ഒരു പ്രത്യേക തരം മനഃസ്ഥിതി ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്ന് പറയാൻ എനിക്ക് യാതൊരു ശങ്കയുമില്ല. ഈ മനസ്ഥിതി നിലനിൽക്കുന്നത് ജഡ്ജിമാരുടെ മനസ്സിലല്ല, മറിച്ച് സർക്കാർ തലത്തിലാണ്.” കഴിഞ്ഞ മാസം അലഹാബാദ് ചീഫ് ജസ്റ്റിസ് സ്ഥാനം രാജിവെച്ച ശ്രീ. ഗോവിന്ദ് മാത്തൂർ മാധ്യമങ്ങോട് സംസാരിക്കവേ പറഞ്ഞ വാക്കുകളാണിത്. തീർച്ചയായും അതീവ ഗൗരവത്തോടെ സമീപിക്കേണ്ടതാണ് ജസ്റ്റിസ് മാത്തൂറിന്റെ ഈ പ്രസ്താവന.

ഇന്ത്യൻ സുപ്രീം കോടതിയുടെ അനുവദിക്കപ്പെട്ട അംഗബലം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഉൾപ്പെടെ 34 ജഡ്ജിമാരാണ്. എന്നാൽ നിലവിൽ സുപ്രീം കോടതിയിൽ വനിത, മുസ്ലിം, പാർസി, ക്രിസ്ത്യൻ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഓരോ ജഡ്ജിമാർ വീതമാണുള്ളത്. മാത്രമല്ല, സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങളിൽ നിന്നും ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള ഒരു ജഡ്ജി പോലും ഇന്ന് സുപ്രീം കോടതിയിലില്ല താനും. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ ഭീഷണമായ അവസ്ഥയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

സുപ്രീം കോടതി സ്ഥാപിതമായതിന് ശേഷം പ്രഗത്ഭരായ നിരവധി മുസ്ലിം ജഡ്ജിമാർ കടന്നുപോയിട്ടുണ്ട്. ചരിത്രപ്രധാനമായ ആയിരിക്കണക്കിന് വിധികൾ പുറപെടുവിച്ച് കൊണ്ട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയെ സമ്പുഷ്‌ടമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരായിരുന്നവർ. ഇവരിൽ ജസ്റ്റിസുമാരായ എം.ഹിദായത്തുല്ല, എം ഹമീദുല്ല ബേഗ്​,എ.എം അഹമ്മദി, അൽത്തമസ്​ കബീർ എന്നീ നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്ന മഹത്തായ പദവിയലങ്കരിച്ചവരാണ് . ഇതിന് പുറമേ, ചീഫ് ജസ്റ്റിസ്, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ മൂന്ന് ഉന്നത ഭരണഘടനാ പദവികളികളിലും സേവനമനുഷ്ഠിച്ചിട്ടിക്കുകയെന്ന വലിയ നേട്ടവും ജസ്റ്റിസ് ഹിദായത്തുല്ല കൈവരിച്ചിട്ടുണ്ട്. സയ്യിദ് ഫസൽ അലി, ഗുലാം ഹസൻ, സയ്യിദ് ജാഫർ ഇമാം, സയ്യിദ് മുർതസ ഫസൽ അലി, ബഹറുൽ ഇസ്ലാം, വി. ഖാലിദ്, ഫാത്തിമ ബീവി, ഫൈസാനുദ്ദീൻ, എസ്. സാഗിർ അഹ്മദ്, എസ്.എസ്.എം ഖാദ്രി, അഫ്ത്താബ് ആലം, എം.വൈ. ഇക്ബാൽ, എഫ്. എം ഇബ്രാഹിം കലിഫുള്ള എന്നിവരാണ് സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ച മറ്റ് മുസ്ലിം ജഡ്ജിമാർ. നിലവിൽ ജസ്റ്റിസ് അബ്ദുൽ നസീർ മാത്രമാണ് പരമോന്നത കോടതിയിലുള്ള ഏക മുസ്ലീം ജഡ്ജി. കൂടാതെ രണ്ട് മുസ്ലിം ജഡ്ജിമാർ ഹൈക്കോടതിയിലും നിലവിലുണ്ട്. ത്രിപുര ഹൈക്കോടതിയിലുള്ള ജസ്റ്റിസ് കുരേഷി, മധ്യപ്രദേശ് ഹൈക്കോടതിയിലുള്ള ജസ്റ്റിസ് മുഹമ്മദ് റഫീഖ് എന്നിവരാണവർ. എന്നാൽ ഇരുവരുടെയും കാലാവധി അടുത്ത വർഷം അവസാനിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാൻ കഴിയുന്ന സമഗ്രവും വൈവിധ്യപൂർണ്ണവുമായൊരു ബെഞ്ചാണ് സുപ്രീംകോടതിയിൽ ഉണ്ടായിരിക്കേണ്ടതെന്ന പൊതുവായൊരു വിശ്വാസം നമ്മുടെ സമൂഹത്തിലുണ്ട്. ഏറെ പ്രധാന്യമർഹിക്കുന്ന ഈ പൊതു വിഷയത്തിലേക്കാണ് ഞാൻ വെളിച്ചം വീശാൻ ആഗ്രഹിക്കുന്നത്.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ പതിനഞ്ചു ശതമാനവും മുസ്ലീങ്ങളാണെന്നത് എടുത്തുപറയേണ്ടൊരു വസ്തുതയാണ്. എന്നാൽ ഉയർന്ന ജുഡീഷ്യറി തസ്തികളിലെ മുസ്ലിം പ്രാതിനിധ്യമാകട്ടെ തുലോം തുച്ഛവുമാണ്. മുസ്ലിം ജനവിഭാഗത്തിന്റെ രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയും മതേതര ബോധവും കണക്കിലെടുത്താൽ ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നമുക്ക് ബോധ്യമാകും. നിലവിലെ കണക്കനുസരിച്ച് സുപ്രീം കോടതിയിൽ ഒരു മുസ്ലീം ജഡ്ജിയും, ഹൈക്കോടതികളിൽ രണ്ട് മുസ്ലിം ചീഫ് ജസ്റ്റിസുമാരും മാത്രമാണുള്ളത്. ഇനി രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിലെ ആകെ മുസ്ലിം ജഡ്ജിമാരുടെ എണ്ണമാണേൽ ഒരു ഡസനിലും കുറവുമാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ രാജ്യത്തിന്റെ സുപ്രധാനമായ വിധികൾ നിർണ്ണയിക്കുന്ന ഉയർന്ന ജുഡീഷ്യറി പദത്തിൽ ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകാൻ ആവശ്യമായ നടപടികൾ നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നവർ സ്വീകരിക്കേണ്ടതുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു ഗുരുതര പ്രശ്നം തന്നെയാണിത്. നിലവിലെ അവസ്ഥയുടെ പേരിൽ സർക്കാരിനെ പഴിക്കാനും കൊളീജിയത്തിന് സാധ്യമല്ല. എന്തെന്നാൽ, ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുമ്പോൾ എല്ലാ വിഭാഗക്കാർക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന്റെ ഉത്തരവാദിത്തം കൊളീജിയം തന്നെ ഏറ്റെടുക്കേണ്ടതാണ്. ഗവണ്മെന്റിന്റെ ഊഴം കൊളീജിയത്തിന് ശേഷമാണ് വരുന്നതും. അതുകൊണ്ട് തന്നെ ജുഡീഷ്യറിയെ സമഗ്രവും വൈവിധ്യപൂർണ്ണവുമാക്കാനുള്ള ശക്തമായ ഇച്ഛാശക്തിയും തന്റേടവും കൊളീജിയത്തിനുണ്ടെങ്കിൽ, അതിനെ എതിർക്കുകയെന്നത് ഗവണ്മെന്റിന് അപ്രാപ്യമാകും. ആയതിനാൽ ആദ്യം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ടാണ് കൊളീജിയം അതിന്റെ മുന്നേറ്റ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കേണ്ടത്. ന്യൂനപക്ഷങ്ങൾക്കിടയിൽ സമർത്ഥരായ അഭിഭാഷകർക്ക് യാതൊരു പഞ്ഞവുമില്ല. മാത്രമല്ല, ഇക്കൂട്ടത്തിൽ ചിലരെ ഉയർന്ന ഭരണഘടനാ കോടതികളിലെ ജുഡീഷ്യൽ സ്ഥാനങ്ങൾക്കും പരിഗണിക്കാവുന്നതാണ്.

അതിശയകരമെന്നു പറയട്ടെ, 2019 സെപ്റ്റംബറിൽ ചീഫ് ജസ്റ്റിസായി എസ്. എ. ബോബ്ഡെ അധികാരമേറ്റത് മുതൽ
സുപ്രീം കോടതി കൊളീജിയത്തിൽ നിരന്തരമായ പ്രതിസന്ധി നിലനിൽക്കുകയാണ്. സുപ്രീം കോടതിയിൽ അവസാനമായി ഒരു ജഡ്ജിയെ നിയമിച്ചത് 2019 സെപ്റ്റംബറിൽ, അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗോഗോയിയുടെ ഭരണകാലത്താണ്. എന്നാൽ എസ്. എ. ബോബ്ഡെയുടെ അധികാര കാലയളവിൽ കൊളീജിയത്തിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ കാരണം പുതുതായി ഒരു സുപ്രീം കോടതി ജഡ്ജിയെ പോലും നിയമിക്കാൻ സാധിച്ചില്ല. അങ്ങനെ സ്വന്തം കാലയളവിൽ ഒരു സുപ്രീം കോടതി ജഡ്ജിയുടെ നിയമനം പോലും ശുപാർശ ചെയ്യാൻ കഴിയാത്ത ആദ്യത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ബോബ്ഡെ മാറുകയും ചെയ്തു. എന്നിരുന്നാലും, നിരവധി കൊളീജിയം മീറ്റിംഗുകൾ വിളിച്ചുചേർത്തുകൊണ്ട് കൊളീജിയത്തിൽ ഒരു സമവായം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങളുണ്ടായിരുന്നു. പക്ഷേ സുപ്രീം കോടതിയിലേക്കുള്ള പുതിയ ജഡ്ജിമാരുടെ പേരുകൾ അന്തിമമാക്കുന്ന വിഷയത്തിൽ തന്റെ ചില സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ ബോബ്ഡെ പരാജയപ്പെടുകയായിരുന്നു.

സീനിയൊരിറ്റിയും ഹൈക്കോടതിയിലെ പ്രവർത്തി പരിചയവുമാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡങ്ങളായി പരിഗണിക്കാറുള്ളത്. അതുകൊണ്ട് തന്നെ സീനിയോറിറ്റി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിനെ കൊളീജിയത്തിലെ ചില അംഗങ്ങൾ അനുകൂലിച്ചിരുന്നില്ല. യഥാർത്ഥത്തിൽ ഈ പറയപ്പെടുന്നത് പോലെ, സുപ്രീം കോടതിയിലെ ജഡ്ജി നിയമനം സീനിയോരിറ്റി അടിസ്ഥാനമാക്കിയുള്ളതാകണമെന്ന ഖണ്‌ഡിതമായ നിയമമൊന്നും നിലവിലില്ല. സീനിയോരിറ്റി ചട്ടത്തിൽ കൊളീജിയം തന്നെ ഇളവു വരുത്തിയ പല അവസരങ്ങലും മുൻ കാലങ്ങളിലുണ്ടായിട്ടുണ്ട്.

കൊളീജിയത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ, തന്റെ സഹപ്രവർത്തകരുടെ കാഴ്ചപ്പാടുകൾ അവഗണിക്കാൻ ചീഫ് ജസ്റ്റിസിന് സാധ്യമല്ല. രണ്ടോ അതിലധികമോ കൊളീജിയം അംഗങ്ങൾ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ച ഒരു പേരിനെ എതിർക്കുകയാണെങ്കിൽ, അത്തരമൊരു പേര് അംഗീകരിക്കപ്പെടുകയില്ല. അതുപോലെ ചീഫ് ജസ്റ്റിസ് വിയോജിക്കുന്നുവെങ്കിൽ നാല് കൊളീജിയം അംഗങ്ങൾക്കും ഒരു ജഡ്ജിയുടെ പേര് അന്തിമമാക്കാനും സാധിക്കില്ല. കൊളീജിയത്തിലെ നാല് അംഗങ്ങൾക്ക് അവരുടെ ശുപാർശകൾ രാഷ്ട്രപതിക്ക് നേരിട്ട് അയയ്ക്കാൻ കഴിയില്ല. ജുഡീഷ്യൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയും കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ ചീഫ് ജസ്റ്റിസിന് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ കൊളീജിയം അംഗങ്ങളെ തന്നോടൊപ്പം കൊണ്ടുപോകൽ ചീഫ് ജസ്റ്റിസിന് നിർബന്ധവുമാണ്.

മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, നിലവിലെ ചീഫ് ജസ്റ്റിസ് എൻ. വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, സമഗ്രത, വിശ്വാസ്യത എന്നിവ സംരക്ഷിക്കുന്നതിനായി കൂട്ടായ്‌മയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്നതാണ്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമുള്ള ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തിക്കൊണ്ടായിരിക്കണം നിലവിലെ സ്തംപനാവസ്ഥ പരിഹരിച്ച് തുടങ്ങേണ്ടത്. കൂടാതെ, കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുവാനും ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ തുടങ്ങിയ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള മതേതര മൂല്യബോധമുള്ള, സമർത്ഥരായ ജഡ്ജിമാരെയായിരിക്കണം കൊളീജിയം പരിഗണിക്കേണ്ടത്. സർവ്വ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ജുഡീഷ്യറിയാണ് കാലത്തിന്റെ ആവശ്യം. എല്ലാത്തിനുപരി ഭരണഘടനയുടെ രക്ഷാധികാരിയാണ് സുപ്രീം കോടതി. ആയതിനാൽ സ്വതന്ത്രവും നീതിയുക്തവുമായി എല്ലാവർക്കും നിയമം നടപ്പാക്കുന്നതിന് ആത്മാർത്ഥമായ പ്രതിബദ്ധതയോടെ, മികച്ച ജുഡീഷ്യൽ ആക്ടിവിസവും, സർഗ്ഗാത്മകതയും സജീവമായി നിലനിർത്തുകയെന്നത് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവാദിത്തമാണ്.

( സുപ്രിം കോടതിയിൽ അഭിഭാഷകനാണ് ലേഖകൻ )

വിവ- മുബഷിർ മാണൂർ

Related Articles