Current Date

Search
Close this search box.
Search
Close this search box.

ഇഖ് വാനുൽ മുസ്ലിമൂനിൽ എന്താണ് നടക്കുന്നത്?

കുറച്ചു കാലമായി ഇഖ് വാനുൽ മുസ്ലിമൂൻ എന്ന സംഘടനക്കകത്ത് നിന്ന് പലതരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇനിയും അത്തരം സംഭവങ്ങൾ ഉണ്ടായേക്കാം. വളരെക്കാലത്തെ നിശ്ചലാവസ്ഥക്ക് ശേഷം സംഘടനാ സംവിധാനങ്ങൾ ഭദ്രമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പരസ്പര വിരുദ്ധമായ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നത്. ഇഖ് വാനുൽ മുസ്ലിമൂൻ്റെ ഉപാധ്യക്ഷനായ ഇബ്രാഹീം മുനീർ, ഡോ.മഹ്മൂദ് ഹുസൈൻ ഉൾപ്പെടെയുള്ള ആറ് നേതാക്കളെ അവർ വഹിക്കുന്ന നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കി സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് ഒരു വാർത്ത. ഈ തീരുമാനത്തെ തലകീഴായി മറിച്ച് ഈ ആറംഗ സംഘം ഉപാധ്യക്ഷനെ തൽസ്ഥാനത്ത് നീക്കാൻ ശൂറാ വിളിച്ചു കൂട്ടുന്നു എന്ന് മറ്റൊരു വാർത്ത. ഉപാധ്യക്ഷൻ്റെ തീരുമാനത്തോടെ സംഘടനയിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ആറംഗ സംഘത്തിന് അതെങ്ങനെ കഴിയും എന്ന ചോദ്യം മറുഭാഗത്ത്.

ഇപ്പോഴത്തെ സംഭവങ്ങളുടെ രത്ന ചുരുക്കമാണിത്. സംഘടനക്കകത്ത് മഹ്മൂദ് ഹുസൈൻ നേതൃത്വം നൽകുന്ന നന്നേ ചെറിയ ഒരു ഗ്രൂപ്പുണ്ട്. അവർ സംഘടനാ സംവിധാനങ്ങളെയാകെ റാഞ്ചിയെടുത്തു എന്നു പറയുന്നതാവും ശരി. കൂടിയാലോചനയിലൂടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാനോ തെരഞ്ഞെടുപ്പുകൾ നടത്താനോ അവർ ഒരുക്കമല്ല. മഹ്മൂദ് ഹുസൈൻ പറയുന്നതിനുസരിച്ചേ കാര്യങ്ങൾ നടക്കൂ എന്ന സ്ഥിതിവിശേഷം സംജാതമായി. ഈ ഗ്യാങ്ങിന് എല്ലാവരും വഴിപ്പെട്ടുകൊള്ളണം.

ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള സംഘടനയുടെ ശ്രമങ്ങൾക്ക് ഈ ഗ്യാങ് തുരങ്കം വെച്ചു കൊണ്ടിരുന്നു. പ്രശ്ന പരിഹാരത്തിനായി ഡോ. യൂസുഫുൽ ഖറദാവി ഇടപെട്ടപ്പോൾ അദ്ദേഹത്തിൻ്റെ നിർദേശങ്ങളൊന്നും ഇക്കൂട്ടർക്ക് സ്വീകാര്യമായില്ല. ഇഖ് വാൻ പാർലമെൻ്ററി സമിതിയുടെ അനുരഞ്ജന ശ്രമങ്ങൾക്കും ഇവർ തടയിട്ടു. ഐക്യനീക്കങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും ന്യായമായ യാതൊരു കാരണവുമില്ലാതെ അതൊക്കെയും തള്ളപ്പെട്ടു. എല്ലാറ്റിനും പിന്നിൽ മഹ്മൂദ് ഹസൻ ആയിരുന്നു; പിന്നെ അദ്ദേഹത്തോടൊപ്പമുള്ള ആ ചെറിയ സംഘവും.

തടവിൽ കഴിയുന്ന ഇഖ് വാൻ അധ്യക്ഷൻ മുഹമ്മദ് ബദീഅ സംഘടനക്കകത്തെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മഹ്മൂദ് ഹസന് കത്തയച്ചിരുന്നെങ്കിലും കത്ത് അവഗണിക്കപ്പെട്ടു. പിന്നെയാണ് ഇബ്രാഹീം മുനീറിന് അധ്യക്ഷൻ്റെ കത്ത് കിട്ടുന്നത്. മുനീർ അത് സംബന്ധമായി നീക്കങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ മഹ്മൂദ് ഹുസൈൻ തടഞ്ഞു. സംഘടനയുടെ ഇൻചാർജ് ഡോ.മഹ്മൂദ് ഇസ്സത്തിനാണെന്നും അദ്ദേഹത്തിന് ഇതൊന്നും സ്വീകാര്യമല്ലെന്നുമായിരുന്നു ന്യായം. പിന്നെ മഹ്മൂദ് ഇസ്സത്തും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നെയാണ് അധ്യക്ഷൻ്റെ പകരക്കാരനായി ഇബ്രാഹീം മുനീർ ചുമതലയേറ്റത്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ മുനീർ ഒരു സമിതിക്ക് രൂപം നൽകിയെങ്കിലും അതിനെയും തടസ്സപ്പെടുത്തുകയായിരുന്നു മഹ്മൂദ് ഹുസൈൻ.

ഒടുവിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. മഹ്മൂദ് ഹുസൈന്നും സംഘത്തിന്നും കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ്. അവർ തൂത്ത് മാറ്റപ്പെട്ടു. പക്ഷെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ അവർ കൂട്ടാക്കിയില്ല. കൃത്രിമത്വം നടന്നു എന്ന് നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നു. ഇഖ് വാൻ്റെ വിദേശകാര്യങ്ങൾ ശ്രദ്ധിക്കുന്ന സംഘടനാ വിഭാഗമായ റാബിത്വ തുൽ ഇഖ് വാനുൽ മുസ്ലിമൂൻ്റെ സാരഥിയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചില്ല. അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്യപ്പെട്ട ആറംഗ ഗ്രൂപ്പിൽ പെട്ട ഡോ.മുഹമ്മദ് അബ്ദുൽ വഹാബായിരു ന്നു അതിൻ്റെ ചുമതലക്കാരൻ.

തുർക്കിയിലെ ഇഖ്‌വാൻ ഗ്രൂപ്പ് ഇതെല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. അവർ ഉപാധ്യക്ഷൻ മുനീറിനൊപ്പം നിന്നു. ഹുസൈൻ്റെ ഗ്രൂപ്പിനെതിരെ തങ്ങളുടെ കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തു. ഹുസൈൻ്റെ ഗ്രൂപ്പ് മാറ്റി നിർത്തിയ ഈജിപ്തിൽ നിന്നുള്ള മറ്റു ഇഖ് വാൻ നേതാക്കളും തുർക്കി ഗ്രൂപ്പിനൊപ്പം ചേർന്നു. ഒറ്റ ലക്ഷ്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ഐക്യവും സംഘടനാ ഭദ്രതയും തിരിച്ചു കൊണ്ട് വരണം. അതിന് തുരങ്കം വെക്കുന്ന ഗ്രൂപ്പിനെ എന്ത് വില കൊടുത്തും പുറത്തെറിയണം.

ഞാൻ കരുതുന്നത് സംഘടനക്കകത്തുള്ള ഈ ആഭ്യന്തര വടംവലിയിൽ തുർക്കിയിലെ ഇഖ് വാൻ നേതൃത്വം ആരുടെ പക്ഷത്താണോ അവർക്കാകും വിജയം എന്നാണ്. സംഘടനയുടെ ഫെയ്സ് ബുക്കും ഇൻ്റർനെറ്റ് പേജുമൊക്കെ നിയന്ത്രണത്തിലുള്ളത് കൊണ്ട് മാത്രം മഹ്മൂദ് ഹുസൈൻ്റെ ഗ്രൂപ്പ് മേധാവിത്തം നേടാൻ പോകുന്നില്ല. ഇസ്തംബൂളിലെ ഇഖ് വാനാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക എന്നു പറയാൻ കാരണമുണ്ട്. ഖത്വ റിൽ ഉണ്ടായിരുന്ന ഇഖ് വാൻ നേതാക്കൾ വരെ തുർക്കിയിൽ എത്തിക്കഴിഞ്ഞു. സുഡാൻ പോലുള്ള രാജ്യങ്ങളും കുരുക്ക് മുറുക്കാൻ തുടങ്ങിയതോടെ ഇഖ് വാനികൾ കൂട്ടത്തോടെ എത്തിച്ചേർന്നിരിക്കുന്നത് തുർക്കിയിലാണ്. ഇഖ് വാൻ്റെ ഏത് സംഘടനാ കാര്യത്തിലും ഒന്നാമത്തെ സമ്മർദ്ദശക്തി തുർക്കിയിലുള്ള ഈ ഗ്രൂപ്പ് തന്നെയാണ്. മഹ്മൂദ് ഹുസൈൻ്റെ കൂടെയുണ്ടായിരുന്നവർ പോലും മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഹുസൈൻ്റെ നീക്കങ്ങൾ സംഘടനയുടെ പൊതുതാൽപ്പര്യങ്ങൾക്ക് വലിയ തോതിൽ പരിക്കേൽപ്പിക്കുമെന്ന് ഇന്നവർക്ക് ബോധ്യമുണ്ട്. അധികകാലമെടുക്കാതെ തന്നെ കാര്യങ്ങൾ ഇബ്റാഹീം മുനീറിന് അനുകൂലമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വിവ- അശ്റഫ് കീഴുപറമ്പ്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles