Current Date

Search
Close this search box.
Search
Close this search box.

നാഗരിക ലോകം എന്ന മിഥ്യ!!

നാഗരിക ലോകം(Civilized world) എന്ന സങ്കൽപ്പത്തെ പോലെ കള്ള പ്രചാരം നൽകപ്പെടുകയും പ്രസിദ്ധി കെട്ടിച്ചമക്കപ്പെടുകയും ചെയ്ത, മറ്റൊരു കളവിനെയും ലോകം ഇന്നേ വരെ അഭിമുഖീകരിച്ചിട്ടില്ല.

നാഗരികത(civilization) എന്നത് ഒരു കാലത്തും ധാർമ്മിക മൂല്യങ്ങളിൽ നിന്നും വേറിട്ട ഒന്നായിരുന്നില്ല. മറിച്ച്, മുൻകാല നാഗരിക ചരിത്രങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ, അതിന്റെ ആളുകളുടെ മതം ഏതുമാവട്ടെ, ധാർമ്മിക മൂല്യങ്ങൾ അവക്കിടയിലെ പൊതു ഘടകമായിരുന്നു എന്ന് കാണാവുന്നതാണ്. നാഗരികതയെന്നാൽ ധാർമ്മികമൂല്യങ്ങളുടെ നിറവും സാധ്യതകളുടെ ഉണർവും സമ്മേളിക്കുന്നതാണ്.

എന്നാൽ പാശ്ചാത്യ നാഗരികത എന്ന പേരിൽ ഇന്ന് നാം കാണുന്നത് നാഗരികതയുമായോ മാനവികതയുമായി പോലുമോ ഒരു ബന്ധവുമില്ലാത്ത വലിയ കള്ളം മാത്രമാണ്. അത് സാധ്യതകളുടെ ഉണർവാണ്, പക്ഷേ ധാർമ്മികമൂല്യങ്ങളുടെ തകർച്ചയിലൂടെയാണ് അത് സാധ്യമാകുന്നത്.

നാഗരിക വാദികൾ അധിനിവേശത്തിന്റെ പേരിൽ നടത്തിയ കൊലപാതകങ്ങൾ, മുതലാളിത്തത്തിന്റെ പേരിൽ നടത്തിയ അടിമവൽക്കരണം, സ്വാതന്ത്ര്യത്തിന്റെ പേരിൽ നടത്തിയ ധാർമ്മികമൂല്യങ്ങളുടെ അപചയം എന്നിവ അവരെ നിന്ദ്യതയുടെ പടുകുഴികളിലേക്ക്‌ ആഴ്ന്നിറങ്ങാൻ യോഗ്യരാക്കുന്നു.

തുടർച്ചയായ ആഗോള യുദ്ധങ്ങളിൽ അമ്പത് ദശലക്ഷത്തിലധികം മനുഷ്യരെ, കേവലം അധികാരത്തിനും പരസ്പര മേൽക്കോയ്മക്കും വേണ്ടി മാത്രം, വധിക്കുന്നതിന് ഹേതുവായ ഒന്നിനെ എന്ത് നാഗരികതയായിട്ടാണ് പരിചയപ്പെടുത്തേണ്ടത്!!

Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

ആണവ ബോംബുകളും രാസായുധങ്ങളും ജൈവമഹാമാരികളും അടക്കം മനുഷ്യകുലത്തെ ഒന്നടങ്കം നശിപ്പിക്കുന്ന സകലതിന്റെയും നിർമാണത്തിൽ വിവിധങ്ങളായ നൈപുണ്യം നേടുന്ന ഒന്നിനെ ഏത് നാഗരികതയുടെ ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത്.!!

ഭിന്ന ലൈംഗിക ബന്ധങ്ങൾ നിയമാനുസൃതമാക്കുകയും അതിനായി കൂട്ടായ്മകൾ സ്ഥാപിക്കുകയും നിയമങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതും, അതിന്റെ മോഡി കൂട്ടാനും പേരുകൾ മാറ്റാനും പരിശ്രമിക്കുന്നതും, അതിനുവേണ്ടി ക്ലബുകൾ തുറക്കുകയും കൊടികൾ ഉയർത്തുകയും ചെയ്യുന്നതും, പള്ളികളിൽ കുർബാന നടത്തുന്നതും ഒക്കെ ഏത് നാഗരികതയുടെ ഭാഗമാണ്!!

ദേശങ്ങൾ പിടിച്ചടക്കുകയും ജനങ്ങളെ ഉന്മൂലനം ചെയ്യുകയും ഖജനാവുകൾ കൊള്ളയടിക്കുകയും ബാക്കിയുള്ളവരെ അടിമത്തത്തിന്റെ ഏറ്റവും ഹീനമായ രൂപത്തിന് വിധേയമാക്കുകയും ചെയ്യുന്നതിനെ എന്ത് നാഗരികതയായിട്ടാണ് നിർവചിക്കേണ്ടത്!!

ജീവിക്കാനായി മാത്രം, മനുഷ്യനെ ആട്ടുകല്ലിന് ചുറ്റും കറങ്ങുന്ന കഴുതയെ പോലെ മുതലാളിത്ത വ്യവസ്ഥയിൽ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഒരു നാഗരികത ഏതാണ്!!

ലോകത്ത്‌ അധിനിവേശം നടത്തുകയും, ലിബിയയിൽ ഇറ്റലിക്കാരുടെ കയ്യാലും അൾജീരിയയിലും മൊറോക്കോയിലും ഫ്രഞ്ചുകാരാലും ഈജിപ്റ്റിൽ ബ്രിട്ടീഷുകാരാലും കോടിക്കണക്കിന് ജനങ്ങളെ കൊന്ന് തള്ളുകയും ചെയ്ത ഒന്ന് എന്ത് നാഗരികതയാണ്. അസ്ഹർ ചവിട്ടിയരക്കുകയും അവിടുത്തെ ശൈഖുമാരെ വധിക്കുകയും ചെയ്ത ഫ്രഞ്ച് പടയുടേത്‌ എന്ത് നാഗരികതയാണ്.

Also read: പ്ലാസ്മ തെറാപ്പി: പ്രതീക്ഷയുടെ പൊൻകിരണം

ഇറാഖിൽ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നതും അഫ്ഗാനിസ്ഥാനെ നശിപ്പിച്ചതും ബോസ്നിയയിലും ഹെർസഗോവിനയിലും മുസ്‌ലിംകളെ കൂട്ടക്കൊല നടത്തിയതും ആരാണ്!!

സ്വന്തം ജനതയിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും സ്‌ഫോടനാത്മക ബാരലുകളാൽ അവരെ നശിപ്പിക്കാനും ബശ്ശാറിനെ സഹായിച്ചതാരാണ്!! കൊലപാതകം, ദാഹം, ഭയം, ദാരിദ്ര്യം, ഭിന്നിപ്പ്, നിന്ദ്യത എന്നിവ കൊണ്ട് ഈജിപ്തുകാരെ നശിപ്പിക്കാനും, ജനാധിപത്യത്തെ കുറിച്ച് വലിയ വർത്തമാനങ്ങൾ പറയുകയും സ്വാതന്ത്ര്യത്തിന്റെ കാവലാളുകളെന്ന് പ്രൗഢി കൊള്ളുകയും ചെയ്യുന്ന ലോകത്തിന്റെ ആശീർവാദത്തോടെ സമ്പൂർണ്ണ സൈനിക അട്ടിമറി നടത്താനും സീസിയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്തതാരാണ്!!

ജനങ്ങളുടെ മതത്തെ നിന്ദ്യമാക്കാനും അവരുടെ വിശ്വാസത്തെ തകർക്കാനും മുസ്‌ലിംകളുടെ സമ്പത്ത് ആഡംബരത്തിലും അശ്രദ്ധയിലും പാഴാക്കാനും അങ്ങനെ മർദ്ദകരെ സൃഷ്ടിക്കാനും സ്വേച്ഛാധിപത്യത്തെ വളർത്താനും ആൽ സുഊദ് ഭരണകൂടത്തെ പിന്തുണച്ചത് ആരാണ്!!

റെഡ് ഇന്ത്യൻ ജനതയെ അവരുടെ ദേശത്ത് നിന്ന് ഉന്മൂലനം ചെയ്യുകയും അവരുടെ അവശിഷ്ടങ്ങൾക്ക് മേൽ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി അമേരിക്കയെ പടുത്തുയർത്തുകയും ചെയ്യുന്ന ഒരു നാഗരികത ഏതാണ്!!

ലഹരിയുടെയും മയക്കുമരുന്നിന്റെയും വ്യാപനത്തിനും അധാർമ്മികതയുടെയും അശ്ലീലതയുടെയും പ്രചാരണത്തിനും ലോകത്തെങ്ങുമുള്ള മൂല്യഘടനയെ തകർക്കുന്നതിനും കൈമെയ് മറന്ന് പണിയെടുക്കുന്നതിന് പിന്നിൽ ആരാണ്!!

വിശുദ്ധഗേഹങ്ങൾ പിടിച്ചെടുക്കാനും സമ്പത്ത് കൊള്ളയടിക്കാനും രാജ്യങ്ങൾ കയ്യടക്കാനും പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങളെ കൊന്നൊടുക്കാനുമായി സയണിസ്റ്റ് ലോബിയെ കെട്ടിപ്പടുത്തതാരാണ്!!

Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

ഇവിടെ ചില ദൗത്യങ്ങൾ നാം നിർവ്വഹിക്കേണ്ടതായുണ്ട്:
• നമ്മുടെ തലമുറകളെ സുരക്ഷിതമാക്കുകയും നമ്മുടെ വ്യക്തിത്വത്തെ സംരക്ഷിക്കുകയും മൂല്യങ്ങളിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നതിന് ജീർണ്ണിച്ച ഈ വ്യവസ്ഥയെ തുറന്ന് കാട്ടുകയും അതിന്റെ മാനുഷികവും ധാർമ്മികവുമായ അധഃപതനത്തെ പുറത്തു കൊണ്ടുവരികയും ചെയ്യുക.
• ഈ കാപട്യത്തിന് പുറകേയുള്ള സഞ്ചാരം നിർത്തുകയും നമ്മുടെ പക്കലുള്ള ആധുനിക മാനവിക സങ്കൽപ്പങ്ങളിലും ഉയർന്ന സാമൂഹിക മൂല്യങ്ങളിലുമാണ് വിജയത്തിലേക്കുള്ള ശരിയായ താക്കോലെന്നും സമുദായത്തിന്റെ യഥാർത്ഥ പുതുജന്മമെന്നും നാം തിരിച്ചറിയുക.
• ജനം ഇസ്‌ലാമിക മൂല്യങ്ങളിൽ നിന്നും സങ്കൽപങ്ങളിൽ നിന്നും അകലെയാണെന്നും ശക്തിയുള്ളവർ ദുർബലരെ നശിപ്പിക്കുകയും ധനികർ ദരിദ്രർക്ക് മേൽ അധീശ്വത്വം പുലർത്തുകയും ചെയ്യുന്ന ഒരു കൂട്ടം മാത്രമാണ് അവരെന്നും ബോധ്യമുണ്ടാവുക.

സമുദായത്തിന്റെ കഴിവുകൾക്കും മൂല്യങ്ങൾക്കും സമ്പത്തിനും മേൽ ആധിപത്യം സ്ഥാപിക്കുകയും അതിനെ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന കറുത്ത കരങ്ങളെ പടിഞ്ഞാറ് ഇസ്‌ലാമിക ലോകത്തിന് മുന്നിൽ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ വൈജ്ഞാനികമായ പിന്നാക്കാവസ്ഥയും സാംസ്കാരികമായ തകർച്ചയും അടക്കമുള്ള ഈ അവസ്ഥയിൽ ഇന്ന് സമുദായം എത്തിച്ചേരില്ലായിരുന്നു. അവരുടെ പാതയാലുള്ള മാർഗദർശനവും അതിലൂടെയുള്ള സഞ്ചാരവും, പിന്നോക്കാവസ്ഥയും ഭിന്നതയുമല്ലാതെ ഇസ്‌ലാമിക ലോകത്തിന് ഒരു നേട്ടവും സമ്മാനിച്ചിട്ടില്ല. നമ്മുടെ പക്കലുള്ള നാഗരിക പൈതൃകവും മാനുഷിക പാരമ്പര്യവും ദൈവിക മാർഗദർശനവും, നാം അതിനെ നന്നായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ ബൗദ്ധിക തകർച്ചയിൽ നിന്ന് നാഗരിക സാക്ഷ്യത്തിലേക്കും അഭിശപ്തമായ ആശ്രിതത്വത്തിൽ നിന്ന് ജാഗ്രത്തായ നായകത്വത്തിലേക്കും നമ്മെ നയിക്കുമെന്നും നമുക്ക് ഉറച്ച് വിശ്വസിക്കാം.

വിവ- ഉമര്‍ സഈദ്

Related Articles