Current Date

Search
Close this search box.
Search
Close this search box.

എല്ലാം കൈപ്പിടിയിലൊതുക്കുന്ന അറബ് ഭരണാധികാരികൾ ( 1-4 )

അറബ് ഭരണാധികാരികളെക്കുറിച്ച് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. എങ്ങനെയെങ്കിലും ഭരണത്തിൽ തുടരുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. സകല സ്ട്രാറ്റജികളും അതിന്റെ ഭാഗമായി വരുന്നതാണ്. കാലാക്കാലം തങ്ങളെ ഭരണതലപ്പത്ത് നിലനിർത്തുന്നതിന് വേണ്ട നടപടി ക്രമങ്ങൾ അവർ സ്ഥിരമായി സ്വീകരിച്ചു കൊണ്ടിരിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

ഒന്ന്: സമൂഹ സ്ഥാപനങ്ങൾക്ക് മേലുള്ള അധീശത്വം

അറബ് ലോകത്തുള്ളവർക്ക് പ്രത്യേകിച്ച് മുസ്ലിംകൾക്ക് ഒരു ഭരണ ഫിലോസഫിയുണ്ട്. നൂറ്റാണ്ടുകളിലേക്ക് നീളുന്ന രീതികളും കീഴ് വഴക്കങ്ങളുമുണ്ട്. ഇസ്ലാം കൊണ്ട് വന്ന ഈ രാഷ്ട്രീയ ഫിലോസഫി ഭരണാധികാരിയെയും ഭരണീയനെയും വേറെ വേറെയായി നിർത്തുന്നു. ഇസ്ലാമിക സമൂഹത്തെ / അൽ ഉമ്മയെ ഭരണാധികാരിയേക്കാളും വലിയ അസ്തിത്വമായി നിലനിർത്തുന്നു. രാജ്യം ദുർബലമായാലോ ഇല്ലാതെയായാൽ പോലുമോ ജനജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ അൽ ഉമ്മ സ്ഥാപനങ്ങളുണ്ടാകും. അതായത് ഇസ്ലാമിക രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഭരണാധികാരിയേക്കാൾ പ്രധാനമാണ് ഇസ്ലാമിക സമൂഹം. രാഷ്ട്രത്തേക്കാൾ ശക്തിയുണ്ടാകും അൽ ഉമ്മക്ക്. കാരണം രാഷ്ട്രം എന്നു പറയുന്നത് അൽ ഉമ്മയുടെ നിലനിൽപ്പിനുള്ള ഒരു ഉപകരണം മാത്രമാണ്. ഭരണാധികാരിയാകട്ടെ ജനങ്ങളുടെ സേവകനല്ലാതെ മറ്റൊന്നുമല്ല.

അൽ ഉമ്മക്ക് അതിന്റെതായ സ്ഥാപനങ്ങൾ ഉണ്ടായിരിക്കും. ഈ അൽ ഉമ്മ സ്ഥാപനങ്ങളുടെ പ്രത്യേകത അവ സ്വതന്ത്രമായിരിക്കും എന്നതാണ്. സാമ്പത്തിക കാര്യത്തിലെ സ്വതന്ത്രതയാണ് ഏറ്റവും പ്രധാനം. അതിന്റെ തീരുമാനങ്ങളിലും ഓറിയന്റേഷനിലും ഈ സ്വതന്ത്ര നിലപാട് വലിയൊരളവിൽ കാണാൻ കഴിയും. അൽ ഉമ്മയായിരിക്കും, അല്ലാതെ രാഷ്ട്രമായിരിക്കില്ല സമൂഹത്തിന്റെ അടിസ്ഥാന സേവനങ്ങളൊക്കെ നിർവഹിച്ചു കൊടുക്കുന്നത്. വഖ്ഫുകൾ – ഔഖാഫ് – മുഖേനയാണ് അത് സാധിക്കുക. സ്വേഛാപരമായി നീങ്ങുന്ന ഒരു സംവിധാനമേ അല്ല അത്. ജനങ്ങളുടെ രാഷ്ട്രീയ അവബോധവും തുല്യതയില്ലാത്ത സേവന മനസ്കതയുമായിരിക്കും അതിന്റെ നിദാനങ്ങൾ. നൂറ്റാണ്ടുകളിലൂടെ പടർന്നു പന്തലിച്ചതാണ് ഈ രാഷ്ട്രീയ-സേവന അവബോധം.

പണത്തിന്റെ ഉടമസ്ഥത ഭരണാധികാരിക്കാണെങ്കിൽ, തന്നെ പ്രശംസിക്കുന്ന കവികൾക്ക് അയാൾ രാഷ്ട്ര ഖജനാവിൽ നിന്ന് മില്യൻ കണക്കിന് ദിർഹം കൊടുത്തെന്നിരിക്കും. ജീവിക്കാൻ മാർഗ്ഗമില്ലാതെ വിശന്നു കഴിയുന്നവർ രാജ്യത്തുള്ളപ്പോഴാണിത്. ധനത്തിന്റെ കൈകാര്യം വഖ്ഫിലൂടെയാണെങ്കിൽ കാര്യങ്ങളുടെ പോക്ക് തീർത്തും വ്യത്യസ്ത നിലയിലായിരിക്കും. പ്രയോജനമില്ലാത്ത ഒരു കാര്യത്തിലും വാഖിഫ് / വഖ്‌ഫ് ചെയ്യുന്നവൻ തന്റെ ധനം ഒരിക്കലും നീക്കിവെക്കുകയില്ല.

ഇസ്ലാമിക ചരിത്രം പരിശോധിച്ചു നോക്കുക. നായകൾക്കും പൂച്ചകൾക്കും തെണ്ടിത്തിരിയുന്ന മൃഗങ്ങൾക്കും വരെ വഖ്ഫ് ചെയ്ത പൂർവീകർ ഉണ്ടായിരുന്നു. ഒരു ഭൃത്യൻ യജമാനന് വേണ്ടി എന്തോ വാങ്ങാൻ പോയി തിരിച്ച് വരുന്ന വഴി മൺപാത്രം വീണുടഞ്ഞപ്പോൾ ആ നിസ്സാര കാര്യത്തിന് പോലും വഖ്ഫിന്റെ സഹായമെത്തിയിരുന്നു. ചുരുക്കം പറഞ്ഞാൽ സാമൂഹിക ക്ഷേമത്തിന്റെ സൂചികയായിരുന്നു വഖ്ഫ്. ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നുണ്ടെന്ന് അത് ഉറപ്പ് വരുത്തിയിരിക്കും. അന്നത്തെ രീതിയനുസരിച്ച് സ്വീകാര്യമായ മാനദണ്ഡവുമായിരുന്നു ഇത്. മിടുക്കരായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തിയ സംവിധാനം കൂടിയായിരുന്നു വഖ്ഫ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകം വരെ ഈ നില തുടർന്നു (എന്റെ പിതാവ് ഡോ.യൂസുഫൽ ഖറദാവി – അദ്ദേഹത്തിന് ദൈവത്തിന്റെ കാവലുണ്ടാവട്ടെ – ഇങ്ങനെ പഠിച്ചു വന്ന വിദ്യാർഥികളിലൊരാളാണ് ).

ജലസേചനം, കുടിവെള്ളം പോലുള്ള ജലവിതരണ പദ്ധതികളുടെ ഏറിയ പങ്ക് ചെലവും ഔഖാഫിൽ നിന്നായിരുന്നു. തോട് കുഴിക്കാനും പാലം കെട്ടാനും ഔഖാഫ് ഫണ്ട് വിനിയോഗിച്ചു. ഭരണകൂടത്തിൽ നിന്ന് എറെക്കുറെ പൂർണ്ണമായി വേർപ്പെട്ട് സ്വതന്ത്രമായി തന്നെയാണ് ഔഖാഫ് പ്രോജക്ടുകൾ പ്രവർത്തിച്ചത്. ഇപ്പോഴുള്ള അറബ് ഏകാധിപത്യ രാജ്യങ്ങൾ എന്താണ് ചെയ്തതെന്നല്ലേ, ഇവക്കെല്ലാം വേണ്ടി ‘വസാറതുൽ ഔഖാഫ്’ എന്ന പേരിൽ ഒരു മിനിസ്ട്രി അങ്ങുണ്ടാക്കി! ഇങ്ങനെയൊരു വകുപ്പുണ്ടാക്കിയത് എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ഔഖാഫ് സ്വത്തുക്കൾ കൊള്ളയടിക്കാൻ വേണ്ടിയായിരുന്നു. അതിന്റെ നിയന്ത്രണം പൂർണമായും ഭരണാധികാരിയുടെ കീഴിലാക്കി. രാജാവിന്റെ/ഭരണാധികാരിയുടെ കോപം ഏറ്റുവാങ്ങിയ ഒരാൾക്കും അതിൽ നിന്ന് ഫണ്ട് കിട്ടില്ല.

മറ്റൊരു വിധം പറഞ്ഞാൽ സമൂഹത്തിന് സേവനങ്ങൾ ചെയ്ത വന്നിരുന്ന അൽ ഉമ്മ സ്ഥാപനങ്ങളെ ആ സേവന മേഖലയിൽ നിന്ന് ഭരണാധികാരികൾ വേർപ്പെടുത്തി. എല്ലാം രാഷ്ട്രത്തിന്റെ, അല്ലെങ്കിൽ സുരക്ഷാ ഏജൻസികളുടെ കൈയിൽ. സുരക്ഷാ ഏജൻസികൾക്ക് പ്രിയങ്കരനായിരുന്നാലേ ഒരു വിദ്യാർഥിക്ക് വഖ്ഫിൽ നിന്ന് സ്കോളർഷിപ്പ് കിട്ടൂ എന്നായി. ചുരുങ്ങിയ പക്ഷം ‘കോപത്തിന്നിരയായവരി’ൽ അയാൾ ഉൾപ്പെടാതിരിക്കുകയെങ്കിലും വേണം.

എല്ലാം രാഷ്ട്രത്തിന്റെ കഴുത്തിൽ ചുറ്റി വെച്ചിരിക്കുകയാണ്. രാഷ്ട്രം തകരുകയോ ദുർബലമാവുകയോ, തലപ്പത്ത് മറ്റാരുടെയോ ദുർവൃത്തനായ ഏജന്റ് നിയമിതനാവുകയോ, മഹാമാരി പോലുളള വൻ ദുരന്തം പൊട്ടിവീഴുകയോ ചെയ്താൽ, ജനങ്ങൾക്ക് ഒരു രക്ഷയും ഉണ്ടാകില്ല. അവരുടെ സഹായത്തിനെത്താൻ ഒരു സ്ഥാപനവും സ്വതന്ത്രമായി അവശേഷിക്കുന്നുണ്ടാവില്ല.

ഇങ്ങനെ ഔഖാഫിനെ ദേശസാൽക്കരിച്ചപ്പോൾ ഭരണാധികാരിക്ക് കിട്ടിയത് കണക്കില്ലാത്ത സമ്പത്ത്. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ നിക്ഷേപങ്ങളായിരുന്നു ഈ വഖ്ഫുകൾ. ഈജിപ്ത്, സിറിയ, ഇറാഖ് പോലുള്ള നാടുകളിലെ വഖ്ഫ് സ്വത്തുക്കൾക്ക് ആയിരമോ അതിലധികമോ വർഷത്തെ പഴക്കമുണ്ടാകും. ആ പൊതു സ്വത്താണ് ഇന്ന് കള്ളൻമാർ കയ്യടക്കിയിരിക്കുന്നത്. വലിയ എടുപ്പുകൾ, വിശാലമായ കൃഷിത്തോട്ടങ്ങൾ, റിയൽ എസ്റ്റേറ്റ് ഭൂമികൾ തുടങ്ങി സുമനസ്സുകൾ വഖ്ഫായി നൽകിയവ ഈജിപ്തിലെയും മറ്റും സൈനിക ഓഫീസർമാർ തട്ടിയെടുക്കുകയാണ്. ചുളുവിലക്ക് ആ സ്വത്തുക്കൾ തങ്ങളുടെ പേരിലേക്കാക്കാൻ അവർക്ക് കൃത്രിമ ലേലം പോലുള്ള ചില സൂത്രവിദ്യകളുണ്ട്. ഈ സംഘടിത തസ്കര സംഘം ബ്ലാക്ക്മാർക്കറ്റിൽ ചരിത്രശേഷിപ്പുകൾ വിൽപ്പനക്ക് വെക്കുന്നതും അപൂർവമല്ല.

ഈജിപ്തിൽ ഇമാം ശാഫിഈയുടെ മഖ്ബറ നിലകൊള്ളുന്ന സ്ഥലം ഇടിച്ചു നിരത്താനുളള ശ്രമം നടക്കുകയാണ്. കൈറോ യുടെ ഈ ഭാഗത്ത് ചരിത്ര പുരുഷൻമാരുടെ വേറെയും മഖ്ബറകളുമുണ്ട്. നൂറ്റാണ്ടുകളായി വഖ്ഫായി കണക്കാക്കപ്പെടുന്ന ഭൂമിയിലാണ് ഈ മഖ്ബറകൾ. ഒരു ഭരണാധികാരിക്കും ഈ ഭൂമിയിൽ കൈവശാവകാശം ഉണ്ടായിരുന്നില്ല. അങ്ങനെയുളള നൂറുകണക്കിന് ഭരണാധികാരികൾ കഴിഞ്ഞു പോയി. അവരാരും ഈ ഭൂമി കൈയേറാൻ തുനിഞ്ഞിട്ടില്ല. ഇപ്പോൾ അതും സംഭവിക്കുമെന്നായിരിക്കുന്നു. ഇവിടെയുള്ള അതിമനോഹരമായ കൊത്തുപണികളെക്കുറിച്ചും മറ്റും വിവരദോഷികളായ പട്ടാള ഓഫീസർമാരോട് സംസാരിച്ചിട്ടെന്ത് കാര്യം!

അധികാരത്തിൽ തുടരാൻ ഇത്തരം ഭരണാധികാരികൾ സ്വീകരിക്കുന്ന ഒരു വഴിയാണിത്. അഥവാ നൂറ്റാണ്ടുകളായി ഇസ്ലാമിക സമൂഹം കൈവശം വെച്ചു പോരുന്ന അൽ ഉമ്മ സ്ഥാപനങ്ങളെ കൈയേറുക. അവയെ ദേശസാൽക്കരിക്കുക. എന്നിട്ട് പട്ടാള ഉദ്യോഗസ്ഥരുടെ ഇംഗിതം നടപ്പാക്കുന്ന ബാരക്കുകളാക്കി അവയെ മാറ്റുക. (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

[ ഈജിപ്ഷ്യൻ – ഖത്വരി കവിയും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ. ]

Related Articles