Current Date

Search
Close this search box.
Search
Close this search box.

തലവെച്ചു കൊടുക്കാൻ യേശു പറഞ്ഞിട്ടില്ല

“ധൃതരാഷ്ട്രാലിംഗനം” നാം കൂടുതൽ ഉപയോഗിക്കുന്ന പദമാണ്. സ്‌നേഹം നടിച്ചു ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്നേഹപ്രകടനത്തെ ഇങ്ങിനെ വിളിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവന്മാർ തോറ്റു. യുദ്ധക്കളം സന്ദർശിക്കാനായി ദുഃഖാർത്തനായ ധൃതരാഷ്ട്രർ ധർമപത്നിയായ ഗാന്ധാരിയുമൊത്തു പുറപ്പെട്ടു. കോപംകൊണ്ടു കലുഷമായ ധൃതരാഷ്ട്രർ മുഖത്തെ ശാന്തഭാവംകൊണ്ടു ദേഷ്യം മറയ്ക്കാൻ ശ്രമിച്ചു.

അദ്ദേഹം ഭീമ സെനനെ രണ്ടു കൈകളും നീട്ടി ആശ്ലേഷിക്കാൻ തയാറായി. ആ സമയത്തു ധൃതരാഷ്ട്രരുടെ മുഖത്തു കണ്ട ഭാവപ്പകർച്ച മനസ്സിലാക്കിയ ശ്രീകൃഷ്ണൻ നീട്ടിപ്പിടിച്ച കരങ്ങൾക്കിടയിലേക്കു ഭീമൻറെ വലുപ്പമുള്ള ഒരു ഇരുമ്പുപ്രതിമ വച്ചുകൊടുത്തു. ധൃതരാഷ്ട്രർ ബലിഷ്ഠമായ ഇരുകരങ്ങൾ ചേർത്ത് ആ പ്രതിമയെ ആലിംഗനം ചെയ്തു. നെഞ്ചോടു ചേർത്തു ശക്തിയായി അമർത്തി. പതിനായിരം ആനകളുടെ കരുത്തുള്ള ആ കൈകൾക്കിടയിൽപെട്ട ഭീമപ്രതിമ തകർന്നു തരിപ്പണമായി. ഇതൊരു ഐതിഹ്യം. അതിന്റെ ആധുനിക രൂപം നമുക്ക് വേറെ വായിക്കാം.

കേരളത്തിൽ ഹിന്ദു സമൂഹത്തെ കൊണ്ട് മാത്രം സംഘടന വളർത്താൻ പറ്റില്ലെന്ന് സംഘ പരിവാർ മനസ്സിലാക്കിയിരിക്കുന്നു. കേരള ജനസംഖ്യയുടെ നാല്പതു ശതമാനത്തിനു മേൽ ന്യൂനപക്ഷങ്ങളാണ്. അതും ഗോൾവൾക്കർ ദേശത്തിന്റെ ആഭ്യന്തര ശത്രുക്കൾ എന്ന് എടുത്തു പറഞ്ഞവർ. മുസ്ലിം കൃസ്ത്യൻ കമ്യുണിസ്റ്റ് എന്നീ മൂന്നു പേർക്കും ശക്തമായ സ്വാദീനമുള്ള സംസ്ഥാനമാണ് കേരളം. ഇവർ നിലനിൽക്കുന്ന കാലത്തോളം തങ്ങളുടെ കാര്യങ്ങൾ നടക്കാതെ പോകും എന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ അടവുമായി സംഘ പരിവാർ രംഗത്ത്‌ വന്നിരിക്കുന്നത്.

കേരളത്തിൽ മതങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. മതങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു. സങ്കുചിതത്വമാണ് അതിനു പിന്നിലെ അടിസ്ഥാന കാരണം. മതങ്ങൾ തമ്മിൽ മാന്യമായ ആദർശ സംവാദങ്ങൾ നടക്കാറുണ്ട്. സംഘ പരിവാർ കേരള മണ്ണിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനവർ കണ്ട ഒന്നാമത്തെ വഴി മുസ്ലിം കൃസ്ത്യൻ മതങ്ങൾക്കിടയിൽ വിടവുണ്ടാക്കലും. മുസ്ലിംകൾ അവിഹിതമായി എന്തൊക്കെയോ കയ്യടക്കി വെച്ചിരിക്കുന്നു എന്ന പുകമറ ഇതാദ്യത്തെ സംഭവമല്ല. എണ്ണത്തിൽ മുസ്ലിംകളും കൃസ്ത്യാനികളും ന്യൂനപക്ഷമാണ്. അതെ സമയം അവർ രണ്ടു പേരുടെയും സാമൂഹിക അവസ്ഥ ഒരുപോലെയല്ല. ചരിത്ര പരമായ കാരണങ്ങളാൽ മുസ്ലിംകൾ ഇന്നും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്നു. അത് കൊണ്ട് തന്നെ മുസ്ലിം സമുദായം സംവരണത്തിന്റെ കീഴിൽ വരുന്നു. കൃസ്ത്യൻ സമൂഹത്തിലും സംവരണത്തിനു കീഴിൽ വരുന്ന വിഭാഗങ്ങളെ നമുക്ക് കാണാം.

കേരളത്തിലെ ഒരു സംഘ നേതാവ് അടുത്തിടെ ഒരു ക്രസ്ത്യൻ പുരോഹിതനോട് വോട്ടു ചോദിക്കുന്നതിന്റെ വിഡിയോ കാണാനിടയായി. മുസ്ലിംകൾ എന്തോ ഭീകര ജീവികൾ എന്ന നിലയിലാണ് പ്രസ്തുത വീഡിയോവിൽ സംഘ നേതാവ് മുസ്ലിംകളെ പരിചയപ്പെടുത്തി കൊടുക്കുന്നത്. മുസ്ലിംകൾ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ കൃസ്ത്യൻ സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു എന്നും അദ്ദേഹം പറയുന്നത് കണ്ടു. കേരളത്തിൽ ഏതു സർക്കാർ വന്നാലും മുസ്ലിംകളുടെ ഇടപെടലുണ്ടാകും. കാരണം മുസ്ലിം ലീഗാണ് അവരെ നയിക്കുന്നത് ……..അതിനുള്ള പരിഹാര മാർഗം കേരളത്തിൽ ഒരു ഹിന്ദു കൃസ്ത്യൻ സഹകരണം മാത്രം.

രണ്ടു സമുദായങ്ങൾ തമ്മിൽ സഹകരിക്കുന്നത് തെറ്റായ കാര്യമല്ല. മതങ്ങൾ നന്മയിൽ സഹകരിച്ചാൽ അത് സമൂഹത്തിനു കൂടുതൽ ഗുണം ചെയ്യും. ഇവിടെ സംഘ പരിവാർ സഹകരണം ആവശ്യപ്പെടുന്നത് നന്മയിലല്ല പകരം തിന്മയിലാണ്. മുസ്ലിംകളെയും കൃസ്ത്യാനികളെയും സംഘ പരിവാർ ഒരേ രീതിയിൽ തന്നെയാണ് കാണുന്നതും. ഇന്ത്യയിൽ പലയിടത്തും മുസ്ലിംകൾക്ക് നേരെ എന്നത് പോലെ കൃസ്ത്യാനികൾക്ക് നേരെയും സംഘ പരിവാർ നടത്തിയ ആക്രമണം കുപ്രസിദ്ധമായ കാര്യമാണ്. അതെല്ലാം മറച്ചു വെച്ച് കൊണ്ട് സംഘ പരിവാർ നടത്തുന്ന രാഷ്ട്രീയ കാപട്യം അധികം കൃസ്ത്യൻ വിഭാഗങ്ങളും തിരിച്ചരിഞ്ഞിടുണ്ട് എന്നതു ആശ്വാസകരമാണ്.

കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങൽക്കല്ല സംഘ പരിവർ മുൻഗണന നല്കുന്നത്. പകരം കേരളത്തിൽ മത വിദ്വേഷം പ്രചരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ലവ് ജിഹാദാണ് അവരുടെ ഒന്നാമത്തെ കാര്യം. അങ്ങിനെ ഒന്നില്ല എന്ന് പേർത്തും പേർത്തും പറഞ്ഞിട്ടും ഉണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമം അവർ കൊണ്ട് പിടിച്ചു നടത്തുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില കൃസ്ത്യൻ സമൂഹങ്ങൾ കൂടി സംഘ പരിവാറിന്റെ കെണിയിൽ വീണു പോകുന്നു എന്നത് വലിയ സാമൂഹിക ദുരന്തമാണ്. നമ്മുടെ നാട്ടിൽ ഹിന്ദുക്കളും മുസ്ലിംകളും മുസ്ലിംകളും കൃസ്ത്യാനികളും തമ്മിൽ വെറുക്കേണ്ട യാതൊരു കാര്യവുമില്ല. കേരളം കാത്തു സൂക്ഷിച്ചു വരുന്ന സൌഹാർദ്ദത്തിനു ഒരു കോട്ടവും ഇപ്പോഴും സംഭവിച്ചിട്ടില്ല. മതത്തിന്റെ പേരിൽ മനസ്സുകളെ ഭിന്നിപ്പിച്ച ചരിത്രമാണ്‌ വടക്കേ ഇന്ത്യയിൽ. അങ്ങിനെയാണ് അവിടെ “ഹിന്ദു പാനിയും” “മുസ്ലിം പാനിയും” രൂപം കൊണ്ടത്‌. ആ ഒരവസ്ഥ നമ്മുടെ നാട്ടിലും കൊണ്ട് വരണമെന്ന് സംഘ പരിവാർ അതിയായി ആഗ്രഹിക്കുന്നു.

ഇന്ത്യയിൽ പലയിടത്തും കൃസ്ത്യൻ മത പ്രബോധകരെയും കന്യാസ്ത്രീകളെയും കൃസ്ത്യൻ വിശ്വാസികളെയും ആക്രമിച്ചതും മൃഗീയമായി കൊന്നു കളഞ്ഞതും മുസ്ലിംകളല്ല. അതിന്റ പിന്നിൽ സംഘ പരിവാർ മാത്രമാണ്. ഇപ്പോൾ തേൻ പുരട്ടിയ വർത്തമാനം പറയുന്ന സംഘ പരിവർ മനസ്സിൽ വിഷം നിറച്ചു നടക്കുന്നു. അതൊരിക്കൽ തിരിച്ചു ചോദിച്ചാൽ തീരുന്നതാണ് അവരുടെ സുഖിപ്പിക്കൽ. എന്ത് കൊണ്ട് കേരളത്തിൽ അത്തരം അവസ്ഥ വരുന്നില്ല എന്ന് ചോദിച്ചാൽ കേരളത്തിൽ സവർണ ഹിന്ദുക്കൾക്ക് അധീശത്വം ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് മറുപടി. ഇതിനിടയിലും ചില കൃസ്ത്യൻ വിഭാഗങ്ങൾ സംഘ പരിവാറിനെ രക്ഷകനായി കാണുന്നു. മേൽ പറഞ്ഞതു പോലെ ശത്രുവിനെ കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്യാനുള്ള ശ്രമത്തിലാണ് സംഘ പരിവാർ. നേരത്തെ മാറിയില്ലെങ്കിൽ സംഘ പരിവാറിന്റെ കയ്യിൽ കിടന്നു മരിക്കാനാവും വിധി എന്ന് കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.

ശത്രുവിനെയും സ്നേഹിക്കണം എന്നത് യുശുവിന്റെ കല്പ്പനയാണ്‌. പക്ഷെ ഓടുന്ന വണ്ടിക്ക് തലവെച്ചു കൊടുക്കാൻ യേശു പറഞ്ഞിട്ടില്ല എന്ന് കൂടെ ചേർത്ത് വായിക്കണം.

Related Articles