Current Date

Search
Close this search box.
Search
Close this search box.

അത്രമേൽ ശക്തമാണ് അമേരിക്കയിലെ ഇസ്‌ലാമോഫോബിയ

ലോകമെമ്പാടുമുള്ള ഇസ്‌ലാമോഫോബിയയെ നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനും ചുമതലയുള്ള ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫീസ് സൃഷ്ടിക്കുന്നതിനുള്ള ബില്ലിനെ പിന്തുണച്ച് യുഎസ് നിയമനിർമ്മാതാക്കൾ കഴിഞ്ഞ മാസം വോട്ട് ചെയ്യുകയുണ്ടായി. ജനപ്രതിനിധി സഭയിലെ അംഗങ്ങൾ പാർട്ടി ലൈനിലൂടെ വോട്ട് രേഖപ്പെടുത്തിയതോടെ ഡെമോക്രാറ്റുകളുടെ പത്ത് സീറ്റുകളുടെ ഭൂരിപക്ഷം നിർദിഷ്ട നിയമനിർമ്മാണത്തിന് നേരിയ വിജയം ഉറപ്പാക്കിയെങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തു. ചിലർ തങ്ങളുടെ തോൽവിയുടെ നിരാശ സാധാരണ ഇസ്‌ലാമോഫോബിക് പ്രചാരണ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തെടുത്തു. 9/11 ന് ശേഷമുള്ള കാലഘട്ടത്തിൽ സാധാരണവൽക്കരിക്കപ്പെട്ട മുസ്ലീം വിരുദ്ധ മതാന്ധതയുടെ ആഗോള ഉയർച്ചയെ ചെറുക്കുന്നതിൽ അമേരിക്ക നേരിടുന്ന വെല്ലുവിളിയുടെ ആധിക്യം, മുസ്ലീം വിരുദ്ധ സൈബർ ആക്രമണം നടത്തിക്കൊണ്ട് അവർ സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെപ്പോലുള്ളവർ. മിഡിൽ ഈസ്റ്റിലെ പല സ്ഥലങ്ങളിലുമുള്ളത് പോലെ യു എസിന്റെ വാർ ഓൺ ടെറർ ടെംപ്ലേറ്റ് സ്വീകരിച്ചിരിക്കുകയാണ്.

“പടർന്നു പിടിക്കുന്നശരീഅ” യെക്കുറിച്ചുള്ള മുസ്ലീം വിരുദ്ധ ഭയവും ഗൂഢാലോചന സിദ്ധാന്തങ്ങളും യുഎസിൽ മാത്രമല്ല, ലോകമെമ്പാടും സംസ്കാരത്തിലും സമൂഹത്തിലും ആഴത്തിൽ വേരൂന്നിയിരിക്കുകയാണ്.
ഇസ്‌ലാമോഫോബിയയെ നേരിടാനുള്ള നിലവിലെ യുഎസ് ഭരണകൂടത്തിന്റെ ശ്രമം ആഭ്യന്തര മുസ്‌ലിം വിരുദ്ധ വംശീയതയെ കൈകാര്യം ചെയ്യുന്നതിലെ അതിന്റെ ഗൗരവം പ്രകടമാക്കുന്നതാണ്.

പ്രമുഖ മുസ്ലീം വലതുപക്ഷ ഗ്രൂപ്പായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിന്റെ (CAIR) ഒരു റിപ്പോർട്ടിലാണ് ആ ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ അമ്പരപ്പിക്കുന്ന വലിപ്പം വെളിപ്പെട്ടത്. CAIR-ന്റെ ഇസ്‌ലാമോഫോബിയ ഇൻ ദി മെയിൻസ്ട്രീമിന്റെ റിപ്പോർട്ട് അനുസരിച്ച്, 2017-2019 കാലയളവിൽ 26 ഇസ്‌ലാമോഫോബിയ നെറ്റ്‌വർക്ക് ഗ്രൂപ്പുകളിലേക്കായി 105,865,763 യു എസ് ഡോളർ യു എസിൽ മാത്രം സംഭാവന നൽകപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ പോരാടാൻ പ്രതീക്ഷിക്കുന്ന യുഎസ് നിയമനിർമ്മാതാക്കൾ നേരിടുന്ന കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ഈ ഗ്രൂപ്പുകൾ മുസ്‌ലിംകളെയും ഇസ്ലാമിനെയും കുറിച്ച് തെറ്റായ വിവരങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുകയാണ് .

അടുത്ത കാലത്തായി റിപ്പബ്ലിക്കൻ പാർട്ടിയെ ഹൈജാക്ക് ചെയ്ത വലതുപക്ഷ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളും ചാരിറ്റബിൾ ഓർഗനൈസേഷനുകൾ എന്ന് വിളിക്കപ്പെടുന്നവയും അമേരിക്കയിലെ ഇസ്ലാമോഫോബിയ ശൃംഖലയുടെ മുൻനിര ധനസഹായം നൽകുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.ഇസ്രായേൽ അനുകൂല ജൂത സംഘടനകളുടെ വൻ തോതിലുള്ള സ്വാധീനവും ഈ പട്ടികയിൽ കാണാം.

ഇസ്ലാമോഫോബിയ നെറ്റ്‌വർക്ക് അഭിനവ സംഘടനകളുടെയും വ്യക്തികളുടെയും വികേന്ദ്രീകൃത ഗ്രൂപ്പാണ്, അത് തീവ്രമായ മുസ്ലീം വിരുദ്ധ വികാരത്തിന്റെ പ്രത്യയശാസ്ത്രം പങ്കിടുകയും മുസ്ലീങ്ങളെയും ഇസ്ലാമിനെയും കുറിച്ചുള്ള പൊതു അഭിപ്രായത്തെയും സർക്കാർ നയത്തെയും പ്രതികൂലമായി സ്വാധീനിക്കാൻ പരസ്പര സഹായത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. അവരിൽ രാഷ്ട്രീയക്കാരും ചിന്തകരും പണ്ഡിതന്മാരും മതഗ്രൂപ്പുകളും സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടം ലക്ഷ്യമാക്കി ഇസ്ലാമിനെ വളച്ചൊടിക്കുന്ന പ്രവർത്തകരും ഉൾപ്പെടുന്നു.
ഉദാഹരണത്തിന്, 2014-നും 2016-നും ഇടയിൽ ഇസ്ലാമോഫോബിയ നെറ്റ്‌വർക്കിലെ 39 ഗ്രൂപ്പുകൾക്കായി 1.5 ബില്യൺ ഡോളർ വരെ 1,096 ഓർഗനൈസേഷനുകൾ ധനസഹായം നൽകുന്നുണ്ടെന്ന് നേരത്തെയുള്ള ഒരു പഠനം കണ്ടെത്തിയിരുന്നു. മുസ്ലീം വിരുദ്ധ വിദ്വേങ്ങളും ഇസ്ലാമോഫോബിക് സന്ദേശങ്ങളും മുഖ്യധാരാ രാഷ്ട്രീയ, നിയമ, വിദ്യാഭ്യാസ, മാധ്യമ മേഖലകളിലെ വ്യാപകമായ സവിശേഷതയായി മാറുന്നതിന്റെ പ്രധാന കാരണം ഈ അനന്തമായ വിഭവസമാഹരണമാണ്.

വർഷങ്ങളായി പലപ്പോഴും സംഭാവന നൽകുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും പൊതുജനങ്ങളും അറിയാതെ ഈ നെറ്റ്‌വർക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണയ്‌ക്കായി പ്രശസ്തമായ അമേരിക്കൻ ജീവകാരുണ്യ സ്ഥാപനങ്ങളെ ആകർഷിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു .

റിപ്പോർട്ടിൽ ലിസ്റ്റുചെയ്തിരിക്കുന്ന മുൻനിര ഫണ്ടർമാരിൽ ഒന്ന് അഡൽസൺ ഫാമിലി ഫൗണ്ടേഷനാണ്. 2017 നും 2019 നും ഇടയിൽ ഇസ്ലാമോഫോബിയ നെറ്റ്‌വർക്കിനുള്ളിലെ ഗ്രൂപ്പുകൾക്ക് ഏകദേശം ഏഴ് ദശലക്ഷത്തോളം നൽകിയ ഫിഡിലിറ്റി ചാരിറ്റബിൾ ഗിഫ്റ്റ് ഫണ്ട് ഫൗണ്ടേഷന്റെ പിന്നിലായി അഡൽസൺ ഫൗണ്ടേഷൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.കമ്പനി സ്ഥാപകൻ ഷെൽഡൻ ജി അഡൽസൺ, ഇസ്രായേലീ അനുകൂല നിലപാടുകാരനാണ്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന സ്പോൺസറായ അഡെൽസണിന്റെ സമ്പത്തിന്റെ ഒഴുക്ക് റിപ്പബ്ലിക്കൻ പാർട്ടിയെ അഗാധമായ ശത്രുതയുള്ള പലസ്തീനിയൻ വിരുദ്ധ പാർട്ടിയാക്കി മാറ്റുകയും യുഎസിനും ഇസ്രായേലി തീവ്രവലതുപക്ഷത്തിനും ഇടയിൽ മറകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
“എനിക്ക് ഒരു പ്രശ്നമുണ്ട് . ആ പ്രശ്നം ഇസ്രായേൽ ആണ്,” എന്ന് അഡൽസൺ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 2017 നും 2019 നും ഇടയിൽ, അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ ഏകദേശം നാല് ദശലക്ഷം ഡോളർ മുസ്ലീം വിരുദ്ധ ഗ്രൂപ്പുകൾക്ക് നൽകി.

2017-2019 കാലയളവിൽ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (MEMRI) അഡെൽസൺ ഫൗണ്ടേഷൻ 3 ദശലക്ഷം ഡോളർ സംഭാവന നൽകി. ഈ സംഘടന [ MEMRI ]അറബി, പേർഷ്യൻ മാധ്യമങ്ങളുടെ വികലവും കൃത്യമല്ലാത്തതുമായ വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് വിതരണം ചെയ്യുന്നതിൽ സ്ഥാപിതമായ പ്രശസ്തി നേടിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ തിരഞ്ഞെടുപ്പുകളിലൂടെ, മുസ്ലീങ്ങളെയും അറബികളെയും യുക്തിരഹിതരും അക്രമാസക്തരുമായി ചിത്രീകരിക്കാൻ സംഘടന ശ്രമിക്കുന്നു. CNN-ന്റെ അറബിക് ഡിപ്പാർട്ട്‌മെന്റും MEMRI യുടെ പരിഭാഷയിൽ “വലിയ പ്രശ്നങ്ങൾ” കണ്ടെത്തിയതായി പറഞ്ഞിരുന്നു .

ലിസ്റ്റിൽ മൂന്നാമതായുള്ള, ജൂത വർഗീയ ഫണ്ട്, ഇസ്ലാമോഫോബിയ നെറ്റ്‌വർക്കിലെ ഏറ്റവും കുപ്രസിദ്ധമായ ഗ്രൂപ്പുകളിലേക്ക് മൂന്ന് മില്യൺ ഡോളറിലധികം പണം നൽകിയിട്ടുണ്ട്. ജൂയിഷ് കമ്യൂണൽ ഫണ്ട് അമേരിക്കൻ ഫ്രീഡം ഡിഫൻസ് ഇനിഷ്യേറ്റീവിന് (AFDI) 50,000 ഡോളർ നൽകിയിട്ടുണ്ട്. AFDI, ഒരു “തീവ്ര മുസ്ലീം വിരുദ്ധ വിദ്വേഷ ഗ്രൂപ്പായി വിശേഷിപ്പിക്കപ്പെടുന്നവരും, മുസ്ലീങ്ങളെ കാട്ടാളന്മാരോട് ഉപമിച്ചുകൊണ്ട് അച്ചടി മാധ്യമങ്ങളിലൂടെയുള്ള നിന്ദ്യമായ പരസ്യങ്ങൾക്ക് പേരുകേട്ടതുമായ സംഘടനയാണ്. സംഘടനയുടെ പ്രസിഡന്റ് പമേല ഗെല്ലർ അറിയപ്പെടുന്ന ഇസ്ലാമോഫോബുകളിലൊരാളാണ്.

വിവിധ പലസ്തീൻ വിരുദ്ധ ഗ്രൂപ്പുകളും ഫണ്ട് കൈപറ്റിയവരിൽ ഉൾപ്പെടുന്നു. കമ്മറ്റി ഫോർ അക്യുറസി ഇൻ മിഡിൽ ഈസ്റ്റ് റിപ്പോർട്ടിംഗ് ഇൻ അമേരിക്ക (CAMERA) എന്ന ഇസ്രയേൽ അനുകൂല മീഡിയ ഗ്രൂപ്പിന് 2017-2019 കാലയളവിൽ 4 മില്യൺ ഡോളറിലധികം ഗ്രാന്റുകൾ ലഭിച്ചു. ദശലക്ഷക്കണക്കിന് സംഭാവന ലഭിച്ച മറ്റൊരു കുപ്രസിദ്ധ മുസ്ലീം വിരുദ്ധ ഗ്രൂപ്പാണ് മിഡിൽ ഈസ്റ്റ് ഫോറം (MEF) . അതിന്റെ സ്ഥാപകനായ ഡാനിയൽ പൈപ്പ്‌സ്, ഇസ്‌ലാമിനെ അക്രമാസക്തമായ പ്രത്യയശാസ്ത്രമായും “സാമ്രാജ്യത്വ വിശ്വാസമായും” ചിത്രീകരിക്കാനായി തനിക്ക് ലഭിച്ച ഇരുപത് ലക്ഷം ഡോളർ ഉപയോഗിച്ചു എന്നും റിപ്പോർട്ട് പറയുന്നു.

വാഷിംഗ്ടണിലെ നിയോ-കോൺഗ്രസ് ലോബി ഗ്രൂപ്പുകൾ ഏറ്റവും കൂടുതൽ ഫണ്ട് സ്വീകരിക്കുന്നവരിൽ ഉൾപ്പെടുന്നു. ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസി (FDD) 2017-നും 2019-നും ഇടയിൽ ഏകദേശം 10 മില്യൺ ഡോളറിന്റെ ഗ്രാന്റുകൾ നേടി. ഇസ്ലാമോഫോബിക് ആശയമായ “ഭീകരതയ്‌ക്കെതിരായ യുദ്ധ”ത്തിന്റെ നരേഷനുകളും അനുബന്ധ നയങ്ങളും സമ്പ്രദായങ്ങളും FDD മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ബുഷ് ഭരണകൂടം, ഇസ്രായേലിനും പലസ്തീനിനുമിടയിൽ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചത്, “രക്തസാക്ഷിത്വത്തെ ആരാധിക്കുന്ന കാട്ടാളന്മാർക്ക് രാഷ്ട്രപദവി നൽകുന്ന നരകീയതയാണെന്ന് FDD സീനിയർ ഫെലോ, ആൻഡ്രൂ മക്കാർത്തി നാഷണൽ റിവ്യൂവിൽ എഴുതിയിരുന്നു.

പതിറ്റാണ്ടുകളായി ബില്യൺ ഡോളർ വിദ്വേഷ വ്യവസായത്തെ നിലനിർത്തുന്ന പണത്തിന് പുറമേ, മുസ്‌ലിംകളെ അക്രമാസക്തമായി ലക്ഷ്യമിടുന്നതും, പള്ളികൾക്കെതിരായ ആക്രമണങ്ങളും സ്‌കൂളിൽ വെച്ച് മുസ്‌ലിംകൾ നേരിടുന്ന ഉപദ്രവിക്കലുകൾ, മുഖ്യധാരാ മാധ്യമങ്ങളുടെ ഉപദ്രവങ്ങൾ ,ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് അതിന്റെ ഉഛസ്ഥായിലെത്തിയ മുസ്ലീം വിരുദ്ധ പ്രഘോഷങ്ങളുടെ രാഷ്ട്രീയം എന്നിവയുൾപ്പെടെ സമൂഹത്തിലെ ഇസ്‌ലാമോഫോബിയയുടെ യഥാർത്ഥ ജീവിത ഫലങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തി. ഇസ്‌ലാമോഫോബിയ എത്രത്തോളം മുഖ്യധാരയും സമൂഹത്തിന്റെ സ്വീകാര്യവുമായ ഭാഗമായി മാറിയെന്ന് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ തെളിയിക്കുന്നു.

ചാരിറ്റബിൾ സ്ഥാപനങ്ങൾ അവരുടെ ഫണ്ടുകൾ വിദ്വേഷ ഗ്രൂപ്പുകൾക്ക് അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യക്തമായ വിദ്വേഷ വിരുദ്ധ നയങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കാൻ ഈ റിപ്പോർട്ടിന്റെ ശുപാർശകളിൽ അഭ്യർത്ഥിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയ നെറ്റ്‌വർക്ക് ഗ്രൂപ്പുകൾക്ക് മനഃപൂർവമോ അല്ലാതെയോ പണം ഒഴുക്കുന്നുണ്ടോ എന്നറിയാൻ അവരുടെ ഗ്രാന്റ് നിർമ്മാണ നടപടിക്രമങ്ങൾ അന്വേഷിക്കാനും റിപ്പോർട്ട് സംഘടനകളോട് ആവശ്യപ്പെടുന്നു.

ഇസ്‌ലാമോഫോബിയയുടെ ആഗോള വ്യാപനത്തെ നേരിടാനുള്ള ബില്ലിനെ പിന്തുണച്ച് യുഎസ് നിയമനിർമ്മാതാക്കൾ വോട്ട് ചെയ്ത് ആഴ്ചകൾക്ക് ശേഷം അതായത് രണ്ട് ദശാബ്ദക്കാലത്തെ “ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്” ശേഷം, മുസ്ലീം വിരുദ്ധ വിദ്വേഷ ഗ്രൂപ്പുകൾക്ക് യു‌എസ് ഫലഭൂയിഷ്ഠവും ലാഭകരവുമായ സ്ഥലമായി തുടരുന്നു എന്ന സമയോചിതമായ ഓർമ്മപ്പെടുത്തലാണ് റിപ്പോർട്ട്. വളരെ നല്ല ഉദ്ദേശ്യങ്ങൾ ഉണ്ടെകിലും,അമേരിക്കൻ സമൂഹത്തിനുള്ളിലെ വിഷം പുറന്തള്ളാത്തിടത്തോളം കാലം കോൺഗ്രസ്സിലെ ഡെമോക്രാറ്റ് അംഗങ്ങളുടെ പുതിയ നിയമനിർമ്മാണത്തിന് അർത്ഥമില്ല, അങ്ങനെയുള്ള മുസ്ലീം വിരുദ്ധ വംശീയതക്കെതിരെയുള്ള നിയമങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള ഒരു പാതയായി നിലനിൽക്കില്ല, പകരം അത് തിരഞ്ഞെടുപ്പ് പരാജയത്തിലേക്കുള്ള വഴിയായി കാണപ്പെടും.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles