Current Date

Search
Close this search box.
Search
Close this search box.

സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹും ആയാ സോഫിയയും; ചില ചരിത്ര സത്യങ്ങള്‍

ലോകത്തെ സുപ്രധാന നഗരങ്ങളിലൊന്നാണ് ബൈസാന്‍റിയന്‍ രാജാവായ കോണ്‍സ്റ്റന്‍റൈന്‍ ഒന്നാമന്‍ ക്രി. 330ല്‍ നിര്‍മ്മിച്ച കോണ്‍സ്റ്റാന്‍റിനോപ്പിള്‍. ഇതര നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ നഗരത്തിന് ആഗോള തലത്തില്‍ തന്നെ സവിശേഷമായൊരു സ്ഥാനം ഉണ്ടായിരുന്നു. ‘ലോകം മുഴുവന്‍ ഒരു രാജ്യമായി മാറുകയാണെങ്കില്‍ അതിനേറ്റവും അനുയോജ്യമായ തലസ്ഥാന നഗരി കോണ്‍സ്റ്റാന്‍റിനോപ്പിള്‍ മാത്രമായിരിക്കും’ എന്ന് വരെ പറയപ്പെട്ടിരുന്നു. നിര്‍മ്മിക്കപ്പെട്ടത് മുതല്‍ അത് ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായിരുന്നു. ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു കോണ്‍സ്റ്റാന്‍റിനോപ്പിള്‍(സ്വലാബി, 2003, 69).

ബൈസാന്‍റിയന്‍ സാമ്രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടാന്‍ ഒട്ടോമന്‍ സാമ്രാജ്യം തീര്‍ച്ചപ്പെടുത്തുന്നതില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നഗരത്തിന് നിര്‍ണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് പല സന്ദര്‍ഭങ്ങളിലായി ആ നഗരം കീഴടക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ്(സ്വ) സ്വഹാബികളെ സന്തോഷ വാര്‍ത്ത അറിയിച്ചത്. ഖന്‍ദഖ് യുദ്ധത്തിനിടയിലും പ്രവാചകന്‍ അതിനെക്കുറിച്ച് പരാമര്‍ശിച്ചത് അതുകൊണ്ടാണ്. ആ സന്തോഷ വാര്‍ത്ത യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയാണ് മുസ്ലിം ഖലീഫമാരും അവരുടെ സൈന്യാധിപന്മാരും നൂറ്റാണ്ടുകളോളം മത്സരിച്ചു കൊണ്ടിരുന്നത്. സ്വഹാബികളോട് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടായിരുന്നു: ‘ഒരു വ്യക്തിയുടെ മഹനീയ കരങ്ങളാല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കപ്പെടുക തന്നെ ചെയ്യും. എത്ര നല്ല സൈന്യാധിപനായിരിക്കും ആ സൈന്യാധിപന്‍. എത്ര നല്ല സൈന്യമായിരിക്കും ആ സൈന്യം'(സ്വലാബി, 2003, 69).

യൂറോപ്പിലേക്കുള്ള ഇസ്ലാം വ്യാപനത്തിന് വലിയ തടസ്സം സൃഷ്ടിച്ച നഗരമായിരുന്നു അത്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കപ്പെട്ടതോടെ യൂറോപ്പിലേക്കുള്ള ഇസ്ലാമിന്‍റെ പ്രവേശനം ശക്തവും മുമ്പുണ്ടായിരുന്നതിനേക്കാള്‍ സുരക്ഷിതവുമായി. കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കുള്ള ഒട്ടോമന്‍ തേരോട്ടം ലോക ചരിത്രത്തിലെ തന്നെ പ്രാധാന്യമേറിയ ചരിത്രാധ്യായമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ചും യൂറോപ്പിന്‍റെയും യുറോപ്പുമായുള്ള ഇസ്ലാം ബന്ധത്തിന്‍റെയും. അന്നുണ്ടായിരുന്ന യൂറോപ്യന്‍ ചരിത്രകാരന്മാരും അവര്‍ക്ക് ശേഷം വന്ന മധ്യകാല ചരിത്രകാരന്മാരടക്കം സമകാലിക പണ്ഡിതന്മാര്‍ എല്ലാം അതിനെക്കുറിച്ച് വ്യക്തമായി എഴുതി(ഔസന്‍തൂന, 1988, 384). മുസ്ലിംകള്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നഗരം കീഴടക്കിയതും ആയാ സോഫിയ പള്ളിയാക്കി മാറ്റിയതും ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവങ്ങളിലൊന്നാണ്. ആ മഹത്തായ ചരിത്രസംഭവത്തിന്‍റെ പ്രേരണയെന്തായിരുന്നു?

Also read: ശൈഖ് ദിദോ ജീവിതം പറയുന്നു-1

കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കുള്ള ഇസ്ലാമിന്‍റെ വിജയ പാതയും ആയാ സോഫിയയും

സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹിന്‍റെ നേതൃത്വത്തില്‍ ഒട്ടോമന്‍ സൈന്യം നഗരത്തെ ആക്രമിച്ചു. കോണ്‍സ്റ്റന്‍റൈന്‍ രാജാവിന്‍റെ നേതൃത്വത്തില്‍ ബൈസന്‍റൈന്‍ ഒട്ടോമന്‍ ആക്രമണത്തെ ശക്തമായി ചെറുത്തു നില്‍ക്കുകയും ചെയ്തു. എന്ത് തന്ത്രം പ്രയോഗിച്ചും തന്‍റെ പട്ടണത്തെയും നിവാസികളെയും സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ബൈസാന്‍റിയന്‍ രാജാവ്. അതിനുവേണ്ടി പണമായും കപ്പമായും എന്ത് തന്നെ നല്‍കാനും കോണ്‍സ്റ്റന്‍റൈന്‍ തയ്യാറായിരുന്നു. യുദ്ധത്തില്‍ നിന്ന് പിന്തിരിയണമെന്ന ഉപാധിയോടെ അദ്ദേഹം മുഹമ്മദുല്‍ ഫാതിഹിന് മുമ്പില്‍ ഒരുപാട് ഓഫറുകള്‍ വെച്ചു. പക്ഷെ, നഗരം പൂര്‍ണ്ണമായും ഇസ്ലാമിന് കീഴൊതുങ്ങുകയെന്നതല്ലാത്ത മറ്റൊരു അനുനയ ചര്‍ച്ചക്കും ഫാതിഹ് തയ്യാറായിരുന്നില്ല. കീഴടങ്ങുന്ന പക്ഷം നഗരവാസികള്‍ക്കോ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കോ യാതൊരു ആക്രമണവും ബുദ്ധിമുട്ടും നേരിടേണ്ടി വരികയില്ലെന്നും ഫാതിഹ് ഉറപ്പുകൊടുത്തു(സ്വലാബി, 2003, 75).

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നഗരം പരാജയത്തിന്‍റെ വക്കിലാണെന്ന് സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹിന് വ്യക്തമായി. നഗരത്തിലേക്കുള്ള തന്‍റെ പ്രവേശനവും സമാധാനപൂര്‍വ്വമാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം രക്തച്ചൊരിച്ചില്‍ കൂടാതെത്തന്നെ നഗരം മുഴുവന്‍ ഇസ്ലാമിന് കീഴൊതുങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് ബൈസാന്‍റിയന്‍ രാജാവിന് കത്തെഴുതി. രാജാവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും പരിവാരങ്ങള്‍ക്കും അവര്‍ ഉദ്ദേശിക്കുന്നിടത്തേക്ക് സുരക്ഷിതമായി പോകാമെന്നും നഗരവാസികള്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അതിക്രമങ്ങളും നേരിടേണ്ടിവരില്ലെന്നും അദ്ദേഹം കത്തിലൂടെ അവര്‍ക്ക് ഉറപ്പുനല്‍കി. മാത്രമല്ല, നഗരത്തില്‍ തന്നെ താമസിക്കണമെന്നുള്ളവര്‍ക്ക് സുരക്ഷിതമായി താമസിക്കാമെന്നും അല്ലാത്തവര്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് യാത്ര പോകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. കത്ത് രാജാവിന് ലഭിച്ചതോടെ അദ്ദേഹം അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തു. ചിലര്‍ കീഴടങ്ങുന്നതാണ് ഉചിതമെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ മരണം വരെ പ്രതിരോധിച്ച് നില്‍ക്കണമെന്ന് കര്‍ക്കശ തീരുമാനം കൈകൊള്ളുകയും ചെയ്തു. യുദ്ധം ചെയ്യണമെന്ന അഭിപ്രായത്തില്‍ തന്നെയായിരുന്നു കോണ്‍സ്റ്റന്‍റൈനും. അദ്ദേഹം കത്തുമായി വന്ന ദൂതനെ മറ്റൊരു കത്തുമായി ഫാതിഹിന്‍റെ അരികിലേക്ക് തിരിച്ചയച്ചു. അതില്‍ അദ്ദേഹം എഴുതി: ‘സുല്‍ത്താന്‍ കീഴടങ്ങാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ ദൈവത്തിന് സ്തുതി പറയും. വേണമെങ്കില്‍ കപ്പം നല്‍കാനും തയ്യാറാണ്. എന്നാല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിനെ സംബന്ധിച്ചെടുത്തോളം, എന്‍റെ അവസാന ശ്വാസം വരെ അതിനായി ഞാന്‍ പ്രതിരോധിച്ച് നില്‍ക്കും. ഒന്നുകില്‍ ഞാന്‍ സിംഹാസനം സംരക്ഷിച്ച് നിലനിര്‍ത്തും അല്ലെങ്കില്‍, ആ മണ്ണില്‍ ഞാന്‍ അടക്കം ചെയ്യപ്പെടും'(ഫഹ്മി ഹുവൈദി, 1987,116).

കത്ത് വായിച്ച ഉടനെ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് സൈനികരോടായി പറഞ്ഞു: ‘കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ഉടന്‍ തന്നെ എനിക്കൊരു സിംഹാസനം ഉയരും. അല്ലെങ്കില്‍ ഒരു ഖബറും’. പ്രമുഖ സൈന്യാധിപന്മാരെയെല്ലാം തന്‍റെ ടെന്‍റിലേക്ക് വിളിച്ചുകൂട്ടി ഫാതിഹ് അവര്‍ക്ക് അവസാനമായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഫാതിഹ് അവരോട് അഭിസംബോധന ചെയ്തു ചടുലമായി പ്രസംഗിച്ചു: ‘കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പരിപൂര്‍ണ്ണമായും നമുക്ക് കീഴടക്കാനായാല്‍ പ്രവാചകന്‍റെ തിരുവചനം യാഥാര്‍ത്ഥ്യമാകും. പ്രവാചകന്‍റെ അമാനുഷികതയിലൊന്നായി അത് എഴുതപ്പെടും. ഈ തിരുവചനം യാഥാര്‍ത്ഥ്യമാക്കാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ ഒരുപക്ഷെ നമ്മളായേക്കാം. അതുകൊണ്ട് നിങ്ങളുടെ സൈന്യത്തിലുള്ള ഓരോരുത്തരോടും ചെന്ന് പറയുക; നാം നേടാന്‍ പോകുന്ന ഈ മഹോന്നതമായ വിജയം ഇസ്ലാമിന്‍റെ ശക്തിയും മഹത്വവും വര്‍ദ്ധിക്കാന്‍ കാരണമായേക്കാം. അതിനാല്‍, എല്ലാ സൈനികരും ശരീഅത്തിന്‍റെ പരിപാവനമായ അധ്യാപനങ്ങളെ നിര്‍ബന്ധമായും ഉള്‍കൊള്ളേണ്ടതുണ്ട്. അതിന് വിരുദ്ധമായ ഒരു പ്രവര്‍ത്തിയും ഒരാളില്‍ നിന്നും വന്നുപോകരുത്. ആരാധനാലയങ്ങളില്‍ അതിക്രമിച്ച് കയറരുത്. യുദ്ധം ചെയ്യാത്ത പുരോഹിതന്മാരോടും അബലന്മാരോടും വയോവൃദ്ധകളോടും യുദ്ധം ചെയ്യരുത്…'(സ്വലാബി, 2003, 85).

Also read: ടു കിൽ എ മോക്കിംഗ് ബേഡ്: വംശീയതയും നന്മ-തിന്മകൾക്കിടയിലെ സംഘർഷവും

ഇതേസമയം, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നഗരത്തിനകത്ത് ബൈസാന്‍റിയന്‍ ചക്രവര്‍ത്തി ജനങ്ങളെയെല്ലാം പൊതു പ്രാര്‍ത്ഥനക്കായി വിളിച്ചു ചേര്‍ക്കുകയായിരുന്നു. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ അടക്കം എല്ലാവരേയും ഒരുമിച്ചുകൂട്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. ദൈവം അവരെ സഹായിക്കുമെന്നും അങ്ങനെ ഫാതിഹിന്‍റെ ഉപരോധത്തില്‍ നിന്ന് അവര്‍ രക്ഷപ്പെടുമെന്നും അവരെല്ലാം പ്രത്യാശിച്ചു. അവടെ വെച്ച് ചക്രവര്‍ത്തി തന്‍റെ അനുയായികളെ അവസാനമായി സാഹിത്യ സമ്പുഷ്ടമായ ഭാഷയില്‍ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അദ്ദേഹം മരിച്ചാലും നഗരത്തെ പ്രതിരോധിച്ച് നിര്‍ത്തണമെന്നും ഒട്ടോമന്‍ മുസ്ലിംകള്‍ക്ക് മുമ്പില്‍ ക്രിസ്തുമത സംരക്ഷകരായിട്ടല്ലാതെ ആരും മരിക്കരുതെന്നും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. സന്നിഹിതരായവരെല്ലാം കരഞ്ഞുപോയെന്നാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഗാംഭീര്യതയെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. പ്രസംഗാനന്തരം രാജാവും ജനങ്ങളും ആയാ സോഫിയയില്‍ അവസാനമായി ഒരുവട്ടം കൂടി ഒന്നിച്ച് പ്രാര്‍ത്ഥന നടത്തി. ബൈസാന്‍റിയന്‍ കൊട്ടാരത്തില്‍ പോയി അദ്ദേഹം അവിടെയുള്ളവരോടെല്ലാം യാത്ര ചോദിച്ച് ആലിംഗനം ചെയുതു. കണ്ണ് നിറക്കുന്ന കാഴ്ചയായിരുന്നു അത്. അന്നേരം അവിടെയുണ്ടായിരുന്ന ഒരാളുടെ വാക്കുകളെടുത്താണ് ക്രിസ്ത്യന്‍ ചരിത്രകാരന്മാര്‍ ആ നിമിഷത്തെ രേഖപ്പെടുത്തി വെച്ചത്: ‘മരത്തിനാലോ കല്ലിനാലോ ഹൃദയമുള്ളൊരുത്തന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ ആ കാഴ്ച കണ്ട് അവരുടെ കണ്ണുകളും നിറഞ്ഞൊഴുകിയേനെ'(സ്വലാബി, 2003, 85).

ബൈസാന്‍റിയന്‍ രാജാവ് കീഴടങ്ങാന്‍ തയ്യാറാകാത്തതില്‍ നിരാശനായ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് പോരാട്ടം ഒന്നുകൂടി ശക്തിപ്പെടുത്താന്‍ ആജ്ഞാപിച്ചു. യുദ്ധത്തില്‍ കോട്ടകളും നഗരത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വന്‍മതിലുകളും ഇളകിത്തുടങ്ങി. ഹി. 857 ജമാദുല്‍ ഊല ചൊവ്വ ദിവസം(ക്രി. 1457 മെയ് 29) രാത്രി ഫാതിഹ് സൈന്യാധിപന്മാരെ വിളിച്ച് നഗരത്തിന് നേരെ യുദ്ധം ശക്തിമാക്കാന്‍ കല്‍പിച്ചു. സൈന്യാധിപന്മാരുടെ നിര്‍ദ്ദേശം കിട്ടിയതോടെ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് നഗരത്തിന്‍റെയും കോട്ടയുടെയും നേരെ പാഞ്ഞടുക്കുന്ന സൈന്യത്തെ കണ്ട് ബൈസാന്‍റിയന്‍ സൈന്യം ഒന്നടങ്കം ഭയന്നു. ഫാതിഹ് ഒരേസമയം കര മാര്‍ഗവും കടല്‍ മാര്‍ഗവും നഗരത്തെ അക്രമിച്ചു. വിജയവും രക്തസാക്ഷിത്വവും കൊതിച്ച് മുസ്ലിം സൈന്യം നഗരത്തിന് നേരെ ശക്തമായി പോരാട്ടം തുടര്‍ന്നു. വിശ്രമമില്ലാത്ത നിരന്തര യുദ്ധത്തിനൊടുവില്‍ ഒട്ടോമന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചു (മുഹമ്മദുല്‍ ഫാതിഹ്, സാലിം അല്‍-റശീദി).

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടച്ചടക്കിയ ശേഷം സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ആയാ സോഫിയ ലക്ഷ്യമാക്കി നടന്നു. പാതിരിമാര്‍ക്കും പുരോഹിതന്മാര്‍ക്കും ഒപ്പം ഒരുപാട് പേര്‍ ആയാ സോഫിയയില്‍ അഭയം തേടിയിട്ടുണ്ടായിരുന്നു. ഫാതിഹ് ആയാ സോഫിയ കവാടത്തിലെത്തിയപ്പോള്‍ ജനങ്ങളെല്ലാം ഭയന്നു. ഒരു പുരോഹിതന്‍ വന്ന് വാതില്‍ പതിയെ തുറന്നപ്പോള്‍ ഫാതിഹ് അദ്ദേഹത്തോട് ജനങ്ങളെയെല്ലാം സമാധാനിപ്പിക്കാനും അവരോട് സുരക്ഷിതരായി വീട്ടിലേക്ക് തിരിച്ച് പോകാന്‍ പറയണമെന്ന് കല്‍പ്പിക്കുകയും ചെയ്തു. ജനങ്ങള്‍ക്കെല്ലാം ആശ്വാസമായി. ഫാതിഹിനെ ഭയന്ന് ചില പുരോഹിതന്മാര്‍ ദേവാലയത്തിന്‍റെ രഹസ്യ കല്ലറകളില്‍ ഒളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കല്‍പന കേട്ട് അവരെല്ലാം പുറത്ത് വരികയും ഇസ്ലാം പുല്‍കുകയും ചെയ്തു (ജവാനിബുന്‍ മുളീഅ മിന്‍ താരീഖില്‍ ഉസ്മാനിയ്യീന്‍, സിയാദ അബൂ ഗനീമ). സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ആയാ സോഫിയ മസ്ജിദാക്കാനും വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്കാരത്തിന് വേണ്ടി മസ്ജിദ് സജ്ജീകരിക്കാനും കല്‍പിച്ചു. കല്‍പന പ്രകാരം ജോലിക്കാര്‍ മസ്ജിദിനകത്തുള്ള കുരിശുകളും ബിംബങ്ങളും നീക്കി ചുമരിലെ ചിത്രങ്ങളെല്ലാം ചുണ്ണാമ്പ് തേച്ച് മറക്കുകയും ചെയ്തു. ജുമുഅ പ്രഭാഷണത്തിനായി മിമ്പറും മിഹ്റാബിനടുത്തായി സംവിധാനിച്ചു.
ക്രൈസ്തവ വിശ്വസികള്‍ക്ക് അവരുടെ മതകീയ ആരാധനകളും ആചാരങ്ങളും അനുവര്‍ത്തിക്കാനും നിയമ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മത നേതാക്കളെ തിരഞ്ഞെടുക്കാനും സുല്‍ത്താന്‍ മുഹമ്മദ് സ്വതന്ത്ര്യം നല്‍കിയിരുന്നു. കീഴടക്കിയ മറ്റു നാടുകളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അദ്ദേഹം ഇതേ നടപടിയായിരുന്നു സ്വീകരിച്ചിരുന്നത്. അതേ സമയം കപ്പവും ചുമത്തിയിരുന്നു(അല്‍ ഉംരി, 1997, 384). ആയാ സോഫിയ മസ്ജിദില്‍ ആദ്യ ജുമുഅ ഖുതുബ നിര്‍വ്വഹിച്ചത് ആഖ് ശംസുദ്ദീന്‍ എന്ന പണ്ഡിതനായിരുന്നു(ഹര്‍ബ്, 1994, 374).

Also read: ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

ആയാ സോഫിയയുടെ ചരിത്രം

ഈജിപ്തിലെ ഒരു കോപ്റ്റിക് വിശുദ്ധ സ്ത്രീയിലേക്ക് ചേര്‍ത്താണ് ആയാ സോഫിയ എന്ന് ഇതിന് പേരു വന്നത്. ഗ്രീക്ക് ഭാഷയില്‍ ‘ദിവ്യജ്ഞാനം’ എന്നാണ് ആയാ സോഫിയയുടെ അര്‍ത്ഥം. ബിംബാരാധകയായിരുന്ന ഈ സ്ത്രീ ക്രസ്തുമതത്തില്‍ ആകൃഷ്ടയാവുകയും മതം സ്വീകരിക്കുകയും ചെയ്തു. അഗാഢമായി ആരാധനയില്‍ മുഴുകിയ അവളിലൂടെ ഒരുപാട് ആളുകള്‍ ക്രിസ്തുമതത്തിലേക്ക് ഒഴുകി. ഇതറിഞ്ഞ ബിംബാരാധകനായ റോമന്‍ ഭരണാധികാരി ദേഷ്യപ്പെടുകയും അവളെ ചാട്ടവാറടിച്ച് കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തു. അങ്ങനെ ആയാ സോഫിയ ക്രൈസ്തവ വിശ്വാസികളുടെ രക്തിസാക്ഷിയായി മാറി. ബൈസാന്‍റിയന്‍ രാജാവായ കോണ്‍സ്റ്റന്‍റൈന്‍ ഒന്നാമന്‍റെ കാലത്ത് ആയാ സോഫിയയുടെ മൃതശരീരം കോണ്‍സറ്റാന്‍റിനോപ്പിളില്‍ കൊണ്ടുവന്ന് മറവ് ചെയ്യുകയും ക്രി. 360ല്‍ അതിന് ചേര്‍ന്ന് വലിയൊരു ചര്‍ച്ച് പണികഴിപ്പിക്കുകയും ചെയ്തു.

ആയാ സോഫിയ ചര്‍ച്ച് ആദ്യമായി തകരുന്നത് ഭൂമികുലുക്കം കാരണമായിട്ടാണെന്നും അതല്ല ബൈസാന്‍റിയന്‍ ഗവര്‍ണര്‍ക്കെതിരെയുള്ള കലാപം കാരണത്താലാണെന്നും ചില രേഖകളില്‍ പറയുന്നു. ക്രി. 415ല്‍ തിയോഡിയൂസ് രണ്ടാമന്‍ അത് പുതുക്കിപ്പണിയുകയും വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ക്രി. 532ല്‍ ആഭ്യന്തര കലഹം മൂലം കെട്ടിടം വീണ്ടും തകര്‍ന്നു. ജുസ്റ്റിനിയാന്‍ ഒന്നാമന്‍റെ കാലത്താണ് മൂന്നാമതായി ആയാ സോഫിയ പുതുക്കിപ്പണിതത്. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന അറ്റക്കുറ്റപ്പണി ക്രി. 537ലാണ് പൂര്‍ത്തിയായത്. ഈ അറ്റക്കുറ്റപ്പണിക്ക് ശേഷമാണ് ഇന്ന് നാം കാണുന്ന രൂപത്തിലേക്ക് ആയാ സോഫിയ മാറിയത്(ഉര്‍ദുഗാന്‍, 2012, 3).

ബൈസാന്‍റിയന്‍ വാസ്തുവിദ്യകളില്‍ വെച്ചുള്ള മാസ്റ്റര്‍പീസ് വാസ്തുവിദ്യയാണ് ആയാ സോഫിയ. ബസിലിക്ക നിര്‍മ്മാണ ശൈലിയാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 55 സെ.മീ ഉയരത്തിലായി 21 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ താഴികക്കുടങ്ങളിലൊന്നാണ് അതിനുള്ളത്. സമചതുരാകൃതിയിലുള്ള അതിന്‍റെ നാല്‍ചുമരുകള്‍ വര്‍ണചിത്രങ്ങളാലും ഛായാ ചിത്രങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. ‘റോമന്‍ പള്ളികളില്‍ വെച്ച് ഏറ്റവും വലുതും ഭംഗിയാര്‍ന്നതും’ എന്നാണ് ഈ ദേവാലയത്തെക്കുറിച്ച് ഇബ്നു ബത്തൂത്ത തന്‍റെ യാത്രാവിവരത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്(ഇസ്മാഈല്‍, 2010).

ക്രി. 1204ല്‍ കാത്തോലിക്ക് ക്രൈസ്തവര്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടച്ചടക്കിയപ്പോള്‍ അവരത് കാത്തോലിക്ക് റോമന്‍ കത്തീഡ്രലാക്കി മാറ്റി. 1204ല്‍ ബൈസാന്‍റിയന്‍ റോമക്കാര്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തിരിച്ചു പിടിക്കുന്നത് വരെ അതങ്ങനെത്തന്നെ തുടര്‍ന്നു. ബൈസാന്‍റിയന്‍ സാമ്രാജ്യം പുനസ്ഥാപിച്ചതോടെ ആയാ സോഫിയ വീണ്ടും ഓര്‍ത്തോഡക്സ് പാട്രിയാര്‍ക്കേറ്റ് കത്തീഡ്രലായി മാറി(കാന്‍ ഡെമീര്‍, 2014,18).

Also read: സ്വവർഗരതിയെന്ന മഹാപാപം

1453ല്‍ ഒട്ടോമന്‍ സൈന്യം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടിച്ചടക്കിയതോടെ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ആയാ സോഫിയ മസ്ജിദാക്കി മാറ്റി. സുല്‍ത്താന്‍റെ സാന്നിധ്യത്തില്‍ ബാങ്ക് വിളിക്കുകയും നിസ്കരിക്കുകയും ചെയ്തു. ഒരു പട്ടണമോ കോട്ടയോ പിടിച്ചടക്കിയാല്‍ അതിന്‍റെ ചുമരുകളില്‍ തങ്ങളുടെ പതാക നാട്ടുന്നതും ഉടനെ ബാങ്ക് വിളിക്കുന്നതും ഒട്ടോമന്‍ തുര്‍ക്കികളുടെ പതിവായിരുന്നു. മാത്രമല്ല, ഒട്ടോമന്‍ പടയോട്ടത്തിന്‍റെയും വിജയത്തിന്‍റെയും അടയാളമായി അവര്‍ നഗരത്തിലെ വലിയ ദേവാലയം മസ്ജിദാക്കി മാറ്റുകയും ചെയ്യുമായിരുന്നു(കാന്‍ ഡെമീര്‍, 2014, 19).

നൂറ്റാണ്ടുകളോളം ക്രിസ്ത്യന്‍ ദേവാലയമായിരുന്ന ആയാ സോഫിയ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കുള്ള ഫാതിഹിന്‍റെ വരവോടെ ഏക ഇലാഹായ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള വിശുദ്ധ മസ്ജിദായി മാറി. ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭരമത്തിന് കീഴില്‍ സുദീര്‍ഘമായൊരു കാലം അത് മസ്ജിദായി തന്നെ നിലനിന്നു. അതിനിടക്ക് അതിന്‍റെ വാസ്തുവിദ്യയില്‍ വളരെ കുറച്ച് അറ്റക്കുറ്റപ്പണികള്‍ മാത്രമേ ചെയ്തിട്ടൊള്ളൂ. ഒട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതിന് ശേഷം തുര്‍ക്കി റിപ്പബ്ലിക്ക് നിലവില്‍ വന്നതോടെ മതേതരവല്‍കരണത്തിന്‍റെയും പാശ്ചാത്യവല്‍കരണത്തിന്‍റെയും കപട സ്വാധീനത്താല്‍ 1931ല്‍ ആയാ സോഫിയ മസ്ജിദ് ആരാധന നിര്‍ത്തിവെച്ച് കൊട്ടിയടച്ചു. 1934ല്‍ അത്താത്തുര്‍ക്ക് ഗവണ്‍മെന്‍റ് മസ്ജിദ് മ്യൂസിയമാക്കി മാറ്റുകയും 1935 ഫെബ്രുവരി ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു(കാന്‍ഡെമീര്‍, 2014, 19).

2020 ജൂലൈ പത്തിന് തുര്‍ക്കി കോടതി ആയാ സോഫിയ മ്യൂസിയമാക്കി തന്നെ തുടരുവാനുള്ള തീരുമാനത്തെ അസാധുവാക്കുകയും അത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോടതിയുടെ തീരുമാനം വന്ന ഉടനെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആയാ സോഫിയ മസ്ജിദായി പുനസ്ഥാപിക്കുവാനും ആരാധനക്കായി തുറന്നുകൊടുക്കുവാനും ഉത്തരവിട്ടു. ഇങ്ങനെയായിരുന്നു ആയാ സോഫിയയുടെ ചരിത്ര സഞ്ചാരം. ഗ്രീക്ക് ഓര്‍ത്തോഡക്സ് ദേവാലയമായി തുടങ്ങിയ ആയാ സോഫിയ റോമന്‍ കത്തോലിക്ക് ദേവാലയമായി. വീണ്ടും പഴയ ഓര്‍ത്തോഡക്സ് ദേവാലയം തന്നെയായി പുനസ്ഥാപിക്കപ്പെട്ടതിന് ശേഷം ഇസ്ലാമിക പടയോട്ടത്തോടെ മസ്ജിദായി മാറി. പിന്നീട് തുര്‍ക്കി ഗവണ്‍മെന്‍റിന്‍റെ മതേതരവല്‍കരണത്തിന്‍റെയും പിന്നാമ്പുറ പാശ്ചാത്യവല്‍കരണത്തിന്‍റെയും ഭാഗമെന്നോണം മ്യൂസിയമായതിന് ശേഷം അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ വീണ്ടുമത് മസ്ജിദായി തന്നെ ഇന്ന് നിലനില്‍ക്കുന്നു.

ആയാ സോഫിയ മസ്ജിദാക്കി മാറ്റുന്നതിലെ നിയമസാധുത

ബലം പ്രയോഗിച്ച് കീഴടക്കിയ ഒരു നാട്ടില്‍ അവിടെയുള്ള ചര്‍ച്ചുകള്‍ മസ്ജിദാക്കി മാറ്റാമെന്ന ശരീഅത്ത് ഫത് വയുടെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ആയാ സോഫിയ മസ്ജിദാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. കാരണം, കീഴടക്കപ്പെട്ടതോടെ കോണ്‍സ്റ്റാന്‍റിനോപ്പിളും ഇസ്ലാമിക ശരീഅത്തിന് അനുസൃതമായാണ് ഭരിക്കപ്പെട്ടിരുന്നത്. സുല്‍ത്താന്‍റെ മുറബ്ബിയായിരുന്ന ശൈഖ് ആഖ് ശംസുദ്ദീനാണ് ഇങ്ങനെ ഫത് വ നല്‍കിയത്. എന്നാല്‍, സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ആയാ സോഫിയ ദേവാലയം സ്വന്തം സമ്പത്ത് ഉപയോഗിച്ച് റോമക്കാരില്‍ നിന്ന് വാങ്ങി മസ്ജിദാക്കുകയും മുസ്ലിംകള്‍ക്കായി വഖ്ഫ്  ചെയ്യുകയുമായിരുന്നു എന്നും ഒരു അഭിപ്രായമുണ്ട്(ഇസ്മാഈല്‍, 2010).

Also read: “നിനക്കു ആവശ്യമുള്ളത് എടുത്തു കൊള്ളൂ “

ചരിത്രകാരനായ ഡോ. മുഹമ്മദ് ഹര്‍ബ് തന്‍റെ ‘അല്‍ ഉസ്മാനിയ്യൂന ഫിത്താരീഖി വല്‍ഹളാറ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘നഗരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതിനാല്‍ തന്നെ നിയമപരമായി അതിന്‍റെ അവകാശം ഫാതിഹിനായിരുന്നു. അതുപോലെത്തന്നെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നിന്ന് പകുതിയും മസ്ജിദുകളാക്കി മാറ്റാനും അദ്ദേഹത്തിന് അവകാശമുണ്ടായിരുന്നു. അത് അപ്രകാരം അദ്ദേഹം മസ്ജിദുകളാക്കി മാറ്റി. ബാക്കി വരുന്ന ദേവാലയങ്ങളെല്ലാം അദ്ദേഹം നഗരവാസികള്‍ക്ക് തന്നെ വിട്ടുകൊടുത്തു. ജോക്കലീഗ, ആയാ സോഫിയ, ലിബ്സ്, കിറാ മേറ്റോ, അലക്സ് തുടങ്ങിയ പ്രസിദ്ധമായ ദേവാലയങ്ങള്‍ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് മുസ്ലിംകള്‍ക്കായി വഖ്ഫ് ചെയ്ത ദേവാലയങ്ങളില്‍ പെട്ടവയാണ്'(ഹര്‍ബ്, 1994, 53).

മര്‍മറ യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഡോ. അഹ്മദ് ശംശീര്‍ഗീല്‍ പറയുന്നു: ‘മ്യൂസിയമായിരുന്ന ആയാ സോഫിയ മസ്ജിദാക്കി മാറ്റുന്നതിന് രാഷ്ട്രീയമായോ നിയമപരമായോ ഭരണപരമായോ യാതൊരു തടസ്സവും കണ്ടെത്താനാവുകയില്ല. മസ്ജിദായിരുന്ന ആയാ സോഫിയ മ്യൂസിയമാക്കി മാറ്റിയത് കൗണ്‍സില്‍ ഓഫ് മിനിസ്ട്രിയാണ്. നിയമപരമായി അതിൻറെ  സാധുത ഒരുനിലക്കും ചോദ്യം ചെയ്യാനുമാകില്ല. മാത്രമല്ല, സന്ധി ചെയ്ത് കീഴടങ്ങാന്‍ തയ്യാറാകാത്തതിനാല്‍ ബലം പ്രയോഗിച്ച് കീഴടക്കിയ പ്രദേശങ്ങളില്‍ പ്രത്യേകമാകുന്ന ഇസ്ലാമിക വിധികള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായാണ് സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ആയാ സോഫിയ മസ്ജിദാക്കി മാറ്റിയത്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നഗരം സമാധാനപരമായും സമവായത്തിലൂടെയും കൈമാറാന്‍ നിര്‍ദേശിച്ചുകൊണ്ട് സുല്‍ത്താന്‍ ഫാതിഹ് ഒരുപാട് തവണ ബൈസാന്‍റിയന്‍ രാജാവിന് കത്തയച്ചിട്ടുണ്ടായിരുന്നു. പക്ഷെ, കോണ്‍സ്റ്റന്‍റൈന്‍ പതിനൊന്നാമന്‍ യുദ്ധം ചെയ്ത് തന്നെ നഗത്തെ സംരക്ഷിക്കുമെന്ന് വെല്ലുവിളിച്ചു. അങ്ങനെയാണ് ഇസ്താംബൂള്‍ വാളുകൊണ്ട് കീഴടക്കപ്പെടുന്നത്. ഒരാള്‍ ഒരു പ്രദേശം വാള്‍ ഉപയോഗിച്ച് വെട്ടിപ്പിടിച്ചാല്‍ ആ നാടിന്‍റെ ഭരണാവകാശം അവനാണ്. അവനാണ് അതിന് അവകാശി'(അന്‍ജി കായാ, 2020).

ഒട്ടോമന്‍ തുര്‍ക്കികള്‍ വിജയത്തിന്‍റെയും സംസ്കാരത്തിന്‍റെയും വക്താക്കളാണ്, പരാക്രമികളും അധിനിവേശക്കാരുമല്ല

ഇംഗ്ലീഷ് ചരിത്രകാരന്‍ എഡ്വേര്‍ഡ് ഷെപ്പര്‍ ഡിക്രിസി ‘ഹിസ്റ്ററി ഓഫ് ഒട്ടോമന്‍ തുര്‍ക്ക്സ്’ എന്ന തന്‍റെ പുസ്തകത്തിലൂടെ ഒട്ടോമനുകളുടെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിജയത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാമിന്‍റെ സുന്ദരമായ വിജയത്തോടുള്ള അദ്ദേഹത്തിന്‍റെ വിരോധം കാരണം സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹിനെ വികൃതമായാണ് അദ്ദേഹം തന്‍റെ ഗ്രന്ഥത്തില്‍ എഴുതിച്ചേര്‍ത്തത്. 1980ല്‍ അടിച്ചിറക്കിയ അമേരിക്കന്‍ എന്‍സൈക്ലോപീഡിയയും ഇസ്ലാമിനെതിരെ കുരിശുയോദ്ധാക്കളെ വെള്ളപൂശുകയായിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യന്‍ വിശ്വാസികളെയും അടിമകളാക്കിപ്പിടിക്കുകയും അവരെയെല്ലാം എഡിര്‍നെയിലെ അടിമച്ചന്തയില്‍ കൊണ്ടുവന്ന് വില്‍ക്കുകയും ചെയ്തുവെന്നാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ എന്‍സൈക്ലോപീഡിയയില്‍ രേഖപ്പെടുത്തിയത്.

Also read: മനസ്സിനെ പ്രാപ്തമാക്കുമ്പോഴാണ് ലക്ഷ്യപ്രാപ്തി

ചരിത്ര യാഥാര്‍ത്ഥ്യം അതൊന്നുമായിരുന്നില്ല. സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ വിശ്വാസി സമൂഹത്തോട് പെരുമാറിയത്. അതുപോലെത്തന്നെ തടവുകാരോടെല്ലാം നല്ല രീതിയില്‍ പെരുമാറാനും ദയ കാണിക്കാനും സൈനികരോട് ആജ്ഞാപിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി സമാധാനം ഉറപ്പുവരുത്തുകയും അവരുടെ വിശ്വാസങ്ങളും നിയമങ്ങളും ആരാധനാലയങ്ങളും പരിരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹിന്‍റെ കല്‍പന പ്രകാരം പുരോഹിതന്മാര്‍ ഇഗ്നാഡിയസിനെ പുതിയ പാട്രിയാര്‍ക്കായി തെരഞ്ഞെടുക്കുകയും ബിഷപ്പുമാരുടെ വലിയൊരു ഘോഷയാത്രയായി അവര്‍ സുല്‍ത്താന്‍റെ കൊട്ടാരത്തിലേക്ക് പോവുകയും ചെയ്തു.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ക്രൈസ്തവ വിശ്വാസികളോട് സുല്‍ത്താന്‍ കാണിച്ച സഹിഷ്ണുത മനോഭാവം യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക അധ്യാപനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രതിബദ്ധതയുടെ അടയാളമായിരുന്നു. നൂറ്റാണ്ടുകളായി പ്രവചാകന്‍ മുഹമ്മദ് നബിയും ഖലീഫമാരും ശത്രുക്കളോടുള്ള കാണിച്ച സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ചരിത്ര താളുകള്‍ വളരെ മനോഹരമായാണ് രേഖപ്പെടുത്തിയിരുന്നത്. അതിന്‍റെ പിന്തുടര്‍ച്ച തന്നെയായിരുന്നു കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹും ചെയ്തത്. സുല്‍ത്താന്‍ ഫാതിഹിന്‍റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് പോലെ മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. അല്ലാഹു തൃപ്തിപ്പെടുന്ന രീതിയില്‍ മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുമാണ് അദ്ദേഹം തന്‍റെ ധീര യൗവ്വനം ചെലവഴിച്ചത്. സ്വേച്ഛാധിപത്യ ദുര്‍ഭരണങ്ങള്‍ക്കെതിരെ അദ്ദേഹം സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിനും അവരുടേതായ രീതികള്‍ക്കും ചിട്ടകള്‍ക്കും അനുസരിച്ച് ജീവിക്കാന്‍ അദ്ദേഹം പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. നീതിയിലും നിയമത്തിലും സ്വാതന്ത്ര്യത്തിലും മാനുഷിക മൂല്യത്തിലും അതിഷ്ടിതമായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രം. ഇസ്ലാമിന്‍റെ പതാകക്ക് ചുവടെ ഹൃദയഹാരിയായ നാഗരിക- സാംസ്കാരിക സമ്പന്നമായ രാഷ്ട്രമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.

മുഹമ്മദുല്‍ ഫാതിഹിന്‍റെ പിന്മുറക്കാര്‍ അദ്ദേഹത്തോട് നീതിപുലര്‍ത്തുമ്പോള്‍

ആയാ സോഫിയ മസ്ജിദ് തന്നെയായി പുനസ്ഥാപിക്കുന്നതില്‍ തുര്‍ക്കി നീതിന്യായ വ്യവസ്ഥയുടെ തീരുമാനം തുര്‍ക്കി സമൂഹത്തിന്‍റെയും നേതൃത്വത്തിന്‍റെയും കൂടി തീരുമാനമാണെന്നാണ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്. 1930കളില്‍ ആയാ സോഫിയയെ മ്യൂസിയമാക്കി മാറ്റിയുള്ള തുര്‍ക്കി ഗവണ്‍മെന്‍റിന്‍റെ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്; ‘അവര്‍ ചരിത്രത്തെ ഒറ്റിക്കൊടുക്കുക മാത്രമല്ല ചെയ്തത്, പരിപൂര്‍ണ്ണമായ നിയമലംഘനമായിരുന്നു അത്. ആയാ സോഫിയ ഒരു രാജ്യത്തിന്‍റെയും സ്ഥാപനത്തിന്‍റെയും സ്വകാര്യ സ്വത്തല്ല. അത് സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹിന്‍റെ വഖ്ഫാണ്. മുന്‍കാലങ്ങളിലെ ചില വ്യക്തികളുടെ വികലമായ ചിന്ത ഈ മസ്ജിദിനെ ഒരു ഫോട്ടോ ഗാലറിയായും ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ യില്‍ഡിസ് പാലസ് ഒരു ചൂതാട്ട ഭവനമായും ആയാ സോഫിയ ജാസ് മ്യൂസിക് ക്ലബ്ബായും മാറ്റാനുള്ള ശ്രമത്തിലേക്ക് വരെ എത്തിയിരുന്നു. അതില്‍ ചിലത് അവര്‍ നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. വഖ്ഫ് പ്രകാരം ആയാ സോഫിയയെ മസ്ജിദാക്കി പുനസ്ഥാപിക്കേണ്ടത് തുര്‍ക്കികളുടെ അവകാശമാണ്. ആയാ സോഫിയ ചരിത്ര പൈതൃതമായി തന്നെ നിലനില്‍ക്കും. തുര്‍ക്കി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അമുസ്ലിംകള്‍ക്കുമായി അതിന്‍റെ വാതിലുകള്‍ എപ്പോഴും തുറക്കപ്പെടും’.
സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് അടങ്ങുന്ന തങ്ങളുടെ ധീരരായ പ്രപിതാക്കളില്‍ അഭിമാനികളായി തുര്‍ക്കി ജനത നൂറ്റാണ്ടുകളായുള്ള അവരുടെ നാഗരിക സ്വത്വത്തെ കാത്തുസൂക്ഷിച്ചത് ഇങ്ങനെയാണ്. അല്ലാഹുവിലേക്ക് സാംഷ്ടാംഗം നമിക്കുന്ന അനേകരുടെ ലക്ഷ്യ സ്ഥാനവും വൈജ്ഞാനിക, സാംസ്കാരിക, ശാസ്ത്ര സ്ഥാപനങ്ങളുടെയെല്ലാം കേന്ദ്രവുമായിരുന്നതിന് ശേഷം ആയാ സോഫിയ വലിയ അനീതിക്കാണ് ഇരയായത്. ഗോളശാസ്ത്രം മുതല്‍ കര്‍മ്മശാസ്ത്രം വരെയും ഗണിതാശാസ്ത്രം മുതല്‍ ഭാഷാശാസ്ത്രം, ഖുര്‍ആന്‍ വ്യഖ്യാനശാസ്ത്രം, നിതാനശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയവയെല്ലാം അവിടെ പിഠിപ്പിച്ചിരുന്നു.

Also read: അന്താരാഷ്ട്ര വികസനത്തിന്റെ വംശീയ ഇരട്ടത്താപ്പുകൾ

1934-35 കാലയളവില്‍ ആയാ സോഫിയ അന്യായമായ നീക്കത്തിലൂടെ മ്യൂസിയമാക്കി മാറ്റി. മനുഷ്യകുലത്തിന്‍റെ ചരിത്ര നേട്ടങ്ങള്‍ക്കും നീതിക്കും ഇസ്ലാമിക വഖ്ഫ് നിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു ആ തീരുമാനം. അത് മുസ്ലിം ഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ചു. തുര്‍ക്കിക്ക് അകത്തും പുറത്തും ജനങ്ങള്‍ക്കിടയില്‍ ഒരേസമയമത് നിരാശയും പ്രകോപനവുമുണ്ടാക്കി. കോടതി വിധി പുറത്തു വരുന്നത് വരെ പലപ്പോഴും രക്തരൂക്ഷിത സംഘര്‍ഷാവസ്ഥയിലേക്ക് വരെ അത് എത്തി. തുര്‍ക്കിയില്‍ നിന്നും ഇസ്ലാമില്‍ നിന്നും വിശാലമായ രാഷ്ട്രീയ, ജനകീയ അംഗീകാരം നേടിയ തീരുമാനം മാനുഷിക ചരിത്രത്തോട് തീര്‍ത്തും നീതി പുലര്‍ത്തുന്നതായി മാറിയിട്ടുണ്ട്. നാഗരികതകളും മതങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുമായി അതിന് ഒരു ബന്ധവുമില്ല. കാര്യങ്ങളെ അതിന്‍റെ യഥാര്‍ത്ഥ രീതിയിലേക്കുള്ള പുനസംവിധാനമാണ് കോടതി വിധിയിലൂടെ നടന്നത്. ചരിത്ര വഞ്ചനക്ക് പകരം മാനവികതയുടെ അടയാളമാണത്. ആയാ സോഫിയ മസ്ജിദാക്കി പുനസ്ഥാപിക്കാനുള്ള വിധി കാലങ്ങളായി വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അല്ലാഹുവിന്‍റെ വിശുദ്ധ വാക്യത്തിന്‍റെ സാക്ഷാല്‍കാരമാണ് ഇത്; ‘അവന്‍റെ കല്‍പനകള്‍ ഖണ്ഡിതവിധിയത്രേ’,(അഹ്സാബ്: 38) ‘അല്ലാഹുവിന്‍റെ ഔദാര്യമാണത്, താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. മഹത്തായ ഔദാര്യനാണവന്‍(ജുമുഅ: 4).
ഒരു നൂറ്റാണ്ടിലേറെയായി മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ട മസ്ജിദിന്‍റെ കവാടങ്ങള്‍ ആരാധനക്കായി വീണ്ടും തുറക്കപ്പെടുന്നത് മഹത്തായ കാര്യം തന്നെയാണ്. ലോകത്ത് നീതി കാംക്ഷിക്കുന്നവരും മനുഷ്യവാകാശങ്ങളെ പിന്തുണക്കുന്നവരും ഇതില്‍ സന്തുഷ്ടരായിരിക്കും. ഈ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അവന്‍റെ തീരുമാനങ്ങളാണ് പ്രപഞ്ചത്തെ നയിക്കുന്നതെന്നും ഈ സംഭവം വിശ്വാസിയെ ഒന്നുകൂടി ബോധ്യപ്പെടുത്തും. മനുഷ്യകുലത്തില്‍ നന്മയുടെ താക്കോലാകുന്നവരും തിന്മയുടെ താക്കോല്‍ ആകുന്നവരുമുണ്ട്. എന്നാല്‍ എല്ലാം അല്ലാഹുവിന്‍റെ നിയന്ത്രണത്തിലാണ്.

അവലംബം:
1- ആയാ സോഫിയ ഫില്‍ അഹ്ദില്‍ ബൈസന്‍ത്വി, ഇസ്റാഅ് ഗുസാല്‍ ഉര്‍ദുഗാന്‍, മജല്ലത്തു ഇസ്താംബൂള്‍ ലില്‍ ഉലൂമില്‍ ഇജ്തിമാഇയ്യ, ലക്കം 1, 2012.
2- ആയാ സോഫിയ അല്‍ മഅ്ബദുല്‍ അളീം, ഇസ്മാഈല്‍ ഖാന്‍ ഡെമീര്‍, ഇസ്താംബൂള്‍, 2004.
3- ആയാ സോഫിയ; കനീസ, മസ്ജിദ്, മത്ഹഫ്, സയ്യിദ് അലി ഇസ്മാഈല്‍, മജല്ലത്തു തുറാഥുല്‍ ഇമാറാത്തിയ്യ, ലക്കം 132, സെപ്തംബര്‍ 2010.
4- അസ്സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ്; ഫാതിഹുല്‍ ഖുസ്ത്വുന്‍ത്വീനിയ്യത്തി വ ഖാഹിറു റൂം, അബ്ദുസ്സലാം അബ്ദുല്‍ അസീസ് ഫഹ്മി, ദാറുല്‍ ഖലം, ഡമസ്കസ്, നാലാം പതിപ്പ്, ക്രി. 1987/ ഹി. 1407.
5- അല്‍ഫതൂഹുല്‍ ഇസ്ലാമിയ്യ ഇബറല്‍ ഉസൂര്‍, ദാറു ഇഷ്ബീലിയ്യ, റിയാദ്, ആദ്യ പതിപ്പ്, ക്രി. 1997/ ഹി. 1418.
6- അദ്ദൗലത്തുല്‍ ഉസ്മാനിയ്യ അവാമിലന്നുഹൂളി വ അസ്ബാബ സുഖൂത്തി, അലി മുഹമ്മദ് സ്വലാബി, ദാറു ഇബ്നു കഥീര്‍, ഡമസ്കസ്, ആദ്യ പതിപ്പ്, 2003.
7- ലാ യൂജദു അയ്യ മാനിഇന്‍ മിന്‍ ഇആദത്തി ആയാ സോഫിയ ഇലാ മസ്ജിദ്, കുത്സൂം അന്‍ജി കായാ, പ്രൊഫസര്‍ ശംശീര്‍ഗീല്‍, വക്കാലത്തുല്‍ അനാളൂലുല്‍ ഇഖ്ബാരിയ്യ, 10/6/2020, കാണുക: https://bit.ly/38Qyle8.
8- അല്‍ഉസ്മാനിയ്യൂന ഫി താരീഖി വല്‍ഹളാറ, മുഹമ്മദ് ഹര്‍ബ്, അല്‍മര്‍കസുല്‍ മിസ്വ്രി ലിദ്ദിറാസാത്തില്‍ ഉസ്മാനിയ്യ വ ബൂഹൂഥില്‍ ആലമിത്തുര്‍ക്കി, 1994.
9- താരീഖു അദ്ദൗലത്തില്‍ ഉസ്മാനിയ്യ, യല്‍മാസ് ഔസന്‍തൂന, പരിഭാഷ: അദ്നാന്‍ മഹ്മൂദ് സല്‍മാന്‍, വാല്യം 1, മന്‍ഷൂറാതു മുഅസ്സിസ്സത്തി ഫൈസല്‍ ലത്തമ്വീല്‍, ഇസ്താംബൂള്‍, തുര്‍ക്കി, 1988.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles