ജനാധിപത്യ രാജ്യങ്ങളാണെങ്കിലും ഭരണകൂടവും പോലീസും പട്ടാളവും മത, വംശീയ തീവ്രവാദികളും ചേര്‍ന്ന് നിരപരാധരായ ജനങ്ങളെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചും ലിഞ്ചിംഗ് നടത്തിയും നിഷ്ഠൂരം കൊന്നുതള്ളുന്ന മൂന്നു രാജ്യങ്ങളാണ് ഇന്ത്യയും ഇസ്രായിലും അമേരിക്കയും. മൂന്നിടത്തും നേതൃത്വത്തിലുള്ളത് കൊലപാതകികളും ഹൃദയശൂന്യരും വംശവെറിയുടെ അപ്പോസ്തലന്മാരുമാരും മാത്രമല്ല, ഉറ്റ ചങ്ങാതിമാരും കൂടിയാണ്.
കറുത്തവന് ജീവിക്കാന്‍ അവകാശമില്ലെന്ന വൈറ്റ് സുപ്രീമാസിസ്റ്റുകളുടെയും വംശീയവാദികളായ ചില നിയമപാലകരുടെയും നിലപാടുകളോട് ഒട്ടിനില്‍ക്കുന്ന വംശവെറി പൂണ്ട പ്രസിഡന്റാണ് വൈറ്റ്ഹൗസില്‍. പതിനെട്ടുകാരനും നിരായുധനുമായ മിഷേല്‍ ബ്രൗണിനെ 2014ല്‍ വെടിവെച്ചുകൊന്ന വംശീയ പോലിസ് തന്നെയാണ് ജോര്‍ജ് ഫോളോയിഡിനും ജീവിക്കാന്‍ അവകാശമില്ലെന്ന് വിധിച്ചത്. Black Lives Matter പ്രസ്ഥാനം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ അമേരിക്ക അനുഭവിച്ചറിയാന്‍ പോകുന്നതേയുള്ളൂ.
ജോര്‍ജ് ഫ്‌ളോയിഡിനെ ലോകം ഏറ്റെടുത്ത ഘട്ടത്തിലാണ് ഫലസ്തീനില്‍ ഓട്ടിസം ബാധിച്ച നിരായുധനായ ഒരു യുവാവിനെ സയണിസ്റ്റ് വംശീയപ്പോലീസ് നിഷ്ഠുരമായി കൊന്നിരിക്കുന്നത്. മുപ്പത്തിരണ്ടുകാരനായ ഇയാദ് റൗഹി അല്‍ ഹാലഖ് വെറും ആറു വയസ്സുകാരന്റെ മാനസികാവസ്ഥയുള്ളവനായിരുന്നു. ഓട്ടിസം ബാധിച്ചവര്‍ക്കായുള്ള പാഠശാലയിലേക്ക് പോകുമ്പോഴാണ് അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ലയണ്‍സ് ഗേറ്റ് ഏരിയയില്‍ ഇയാദ് വെടിയേറ്റ് രക്തസാക്ഷിയാവുന്നത്.
Also read: പാരന്റിങ് അഥവാ തർബിയ്യത്ത്
കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവേശ വെസ്റ്റ്ബാങ്ക് ജൂലൈ പുലരുമ്പോഴെക്ക് പൂര്‍ണമായി വിഴുങ്ങാന്‍ കാത്തിരിക്കുന്ന നെതന്യാഹു എന്ന സയണിസറ്റ് ഭീകരന്‍ മേഖലയില്‍ ഭീതി വിതക്കാന്‍ തുടങ്ങിയിരിക്കുന്നു. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയും അവിടേക്ക് ജൂത കുടിയേറ്റക്കാരെ അയക്കാനുള്ള വലിയ ഗൂഢപദ്ധതി അരങ്ങേറാനിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലസ്തീനികളെ കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഗുജറാത്ത് മുതല്‍ ദല്‍ഹി വരെ ന്യൂനപക്ഷങ്ങളുടെ രക്തമൊഴുക്കി ഹോളി ആഘോഷിക്കുകയും മതവിദ്വേഷത്തിന്റെ പേരില്‍ ഡസന്‍ കണക്കിന് അഖ്‌ലാഖുമാരെയും ജുനൈദുമാരെയും ഇല്ലാതാക്കുകയും സി.എ.എ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ഭീകരമായി വേട്ടയാടുകയും ചെയ്യുന്ന മോദി ഭരണകൂടവും ലോകത്തിന് നല്‍കുന്ന സന്ദേശം മറ്റൊന്നല്ല.
കോവിഡിനേക്കാള്‍ ഭീകരമായ വൈറസുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട്. ജോര്‍ജ് ഫ്‌ളോയിഡും ഇയാദ് അല്‍ ഹാലഖും ലോകത്തോട് പറയുന്നത് അതു തന്നെയാണ്.