Current Date

Search
Close this search box.
Search
Close this search box.

എല്ലാം കൈപ്പിടിയിലൊതുക്കുന്ന അറബ് ഭരണാധികാരികൾ ( 3 – 4 )

അറബ് ഭരണാധികാരികൾ പൊതു സ്ഥാപനങ്ങളുടെ മേൽ എങ്ങനെ അധീശാധിപത്യം സ്ഥാപിക്കുന്നു എന്നാണ് നാം പറഞ്ഞു വന്നത്. അതിന്റെ തുടർച്ചയാണ് ഈ ഭാഗവും. എക്കാലവും സിംഹാസനത്തിൽ അള്ളിപ്പിടിച്ചിരിക്കണം എന്നേയുള്ളൂ അവർക്ക്. അതിന്റെ പേരിൽ ഇസ്ലാമിക സമൂഹത്തിന് എന്തെന്ത് നഷ്ടങ്ങളുണ്ടായാലും ദുരന്തങ്ങൾ വന്നുഭവിച്ചാലും അവർക്കതൊന്നും പ്രശ്നമല്ല.

നാല്: നിയമ വ്യവസ്ഥക്ക് മേലുള്ള ആധിപത്യം

ഭരണാധികാരിയും ന്യായാധിപനും തമ്മിലുളള പോരിന് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. ദുർബലന്റെ അത്താണിയും അഭയ കേന്ദ്രവുമാണ് ന്യായാധിപൻ. പരസ്പരമുളളതും ഭരണാധികാരിക്കെതിരിലുളളതുമായ വ്യവഹാരങ്ങളിൽ ന്യായാധിപനാണ് ജനങ്ങളുടെ ആശ്രയം. തങ്ങളുടെ കൈപിടിയിലൊതുങ്ങുന്നതാവണം നിയമ വ്യവസ്ഥ എന്ന് അറബ് ഭരണാധികാരികൾക്ക് നിർബന്ധമുണ്ട്. ആ വ്യവസ്ഥ നിഷ്പക്ഷമായി നിന്നാൽ മതിയാവുകയില്ല. സൈന്യമായാലും പോലീസായാലും കൈക്കരുത്ത് പുറത്തെടുക്കുന്ന മറ്റു കേന്ദ്രങ്ങളായാലും അവയെ വരുതിയിലാക്കുക താരതമ്യേന എളുപ്പമാണ്. കാരണം സമൂഹത്തിന്റെ താഴെ കിടയിലുളളവരായിരിക്കും അവയിലധികവും കയറിപ്പറ്റിയിട്ടുണ്ടാവുക. ആ കൂട്ടങ്ങളെ കൈകാര്യം ചെയ്യുക അത്ര ബുദ്ധിമുട്ടില്ല. സാംസ്കാരികമായി ഉയർന്നവരും വിദ്യാസമ്പന്നരുമൊക്കെയാണ് സാധാരണ നിയമ സംവിധാനങ്ങളിൽ എത്തിപ്പെടുക. അവരെ മെരുക്കാൻ കുറച്ചധികം സമയം വേണ്ടി വരും. മാത്രവുമല്ല, ഏത് നിയമ വ്യവസ്ഥക്കകത്തും ഒരു തരം സ്വയം നവീകരണവും ശുദ്ധീകരണവുമൊക്കെ നടക്കുന്നുണ്ട്. ജഡ്ജിമാർക്ക് എപ്പോഴും തങ്ങൾക്ക് അവലംബിക്കാവുന്ന പിൻബലങ്ങൾ വ്യവസ്ഥക്കകത്ത് തന്നെ ഉണ്ടായിരിക്കും. അതിനാൽ ഒന്നാം തലമുറയിൽ ഭരണാധികാരികൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കില്ല. എല്ലാം മാറി വരണമെങ്കിൽ രണ്ടും മൂന്നും തലമുറ കഴിയേണ്ടിവരും…. സ്വേഛാധിപതിയാണ് ദീർഘകാലം ഭരിക്കുന്നതെങ്കിൽ ഒടുവിൽ നിയമ വ്യവസ്ഥയാകെ തകിടം മറിയുക തന്നെ ചെയ്യും.

പണവും അർഥവും കൊടുത്ത് ന്യായാധിപൻമാരെ വരുതിയിലാക്കാനാണ് ഭരണാധികാരി ആദ്യം ശ്രമിക്കുക. നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നിയമ മന്ത്രാലയം എന്നോ മറ്റോ പേരിൽ ചില സംവിധാനങ്ങളും ഉണ്ടാക്കി വെച്ചിരിക്കും. നിയമ സംവിധാനത്തിലേക്ക് പണമൊഴുക്കിവിടുമ്പോൾ ഭരണാധികാരികളെ അനുകൂലിക്കുന്ന ജഡ്ജിമാർക്ക് കുശാലായിരിക്കും. സ്വതന്ത്രരായി നിൽക്കുന്നവരെ പലതരം ഏടാകൂടാങ്ങളാണ് കാത്തിരിക്കുന്നുണ്ടാവുക. ഇതാണ് ഒന്നാമത്ത ചരട്.

നിയമസംവിധാനം കൈപ്പിടിയിലൊതുക്കാൻ മറ്റൊരു തടസ്സവും കൂടിയുണ്ട് ഭരണാധികാരിക്ക്. നിയമ മേഖലയിലെ ഒരുപാട് വർഷത്തെ സേവനത്തിന് ശേഷമായിരിക്കും ഒരാൾ ജഡ്ജിയായി നിയമിക്കപ്പെടുക. നിയമനം കഴിഞ്ഞ ശേഷമേ അയാൾ എത്തരക്കാരനാണെന്ന് തിരിച്ചറിയാൻ കഴിയൂ. അപ്പോൾ അയാൾക്ക് അയാളുടെതായ പ്രവർത്തന രീതിയും മുൻഗണനകളുമുണ്ടെന്ന് വ്യക്തമാവും. ഭരണാധികാരിക്ക് അപ്പോൾ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ നീതിബോധമുള്ളവരും തൊഴിലിനോട് ആത്മാർഥത പുലർത്തുന്നവരും ന്യായാധിപസ്ഥാനങ്ങളിലേക്ക് ഒളിച്ച് കടക്കുന്നത് തടയാൻ ഭരണാധികാരികൾ ജാഗ്രത പുലർത്തും. ജഡ്ജിമാരുടെ നിയമനങ്ങളിൽ സുരക്ഷാ അന്വേഷണങ്ങൾ കർശനമക്കുകയും ചെയ്യും. താളത്തിനൊത്ത് നിന്നു കൊടുക്കുന്നവർക്ക് കയറിപ്പോകാം; അല്ലാത്തവർക്ക് ആ പദവികളിലെത്തുക ദുഷ്കരം.

ഒപ്പം ജുഡീഷ്യറിയെ എക്സിക്യുട്ടീവിന്റെ വരുതിയിൽ നിർത്തുന്ന നിയമ നിർമ്മാണങ്ങളും ഭേദഗതികളും ഭരണാധികാരി കൊണ്ട് വന്നു കൊണ്ടിരിക്കും. ഒടുവിൽ ജുഡീഷ്യറി ഇൻഫോർമാർ മാരുടെയും സൈനിക ഓഫീസർമാരുടെയും ഒരു സംഘമായി പരിണമിക്കും. അവരോടു മുകളിൽ നിന്ന് എന്താണോ പറഞ്ഞത് അതവർ ചെയ്തിരിക്കും. പ്രാഥമിക നിയമ തത്ത്വങ്ങൾക്ക് തന്നെ അത് എതിരാണെങ്കിലും.
സൈനിക ഓഫീസർമാരെ ജഡ്ജിമാരാക്കുന്ന ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കെ ഒടുവിൽ ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും സ്ഥാനത്ത് നിന്ന് നീക്കുന്നതും ആനുകൂല്യങ്ങളും മറ്റും നൽകുന്നതും ഉൾപ്പെടെ സകലതും എക്സിക്യുട്ടീവിന്റെ മാത്രം അധികാരാവകാശങ്ങളായി മാറുന്നു. ഒപ്പം ജോലി ചെയ്യുന്ന ജഡ്ജിമാർക്ക് പരിഹാസ്യമായ ഒരു കെട്ടുകഥ മെനഞ്ഞുണ്ടാക്കി തങ്ങളുടെ സഹപ്രവർത്തകനെ ജോലിയിൽ നിന്ന് പിരിച്ച് വിടുവിപ്പിക്കുകയും ചെയ്യാം.

നിയമ സംവിധാനത്തെ വരുതിയിലാക്കാൻ ഭരണാധികാരി ചെയ്യുന്ന മറ്റൊരു പണി, നിയമ സംവിധാനത്തിന് മീതെ മറ്റൊരു സംവിധാനം ഉണ്ടാക്കി വെക്കുക എന്നതാണ്. നിയമത്തിന് മീതെയുള്ള നിയമം. അവസാന വാക്ക് ഈ ‘പരമോന്നത’ സമിതിയിൽ ഉള്ളവരുടെതായിരിക്കും. ഭരണാധികാരിയുടെ സ്വന്തക്കാർ മാത്രമേ അതിൽ എത്തിപ്പെടുകയുമുള്ളൂ. ഈജിപ്തിൽ ഈ മേൽസമിതിക്ക് പറയുന്ന പേര് ‘ഭരണഘടനാ കോടതി’ എന്നാണ്. അതിൽ ഭരണാധികാരിയുടെ ഇൻഫോമർമാർ മാത്രമാണുണ്ടാവുക. അഴിമതിക്കാർക്ക് ഭരണകൂടം വെച്ചു നീട്ടുന്ന പാരിതോഷികമാണത്. തങ്ങളുടെ ദുഷിപ്പുകൾ തുടരാൻ മറ്റൊരു അവസരം.

ഒപ്പം അടിയന്തരാവസ്ഥാ നിയമങ്ങളും അസാധാരണമായ ഓർഡിനൻസുകളും ഭരണാധികാരി പ്രഖ്യാപിച്ചു കൊണ്ടിരിക്കും. നിയമ സംവിധത്തിൽ ആയിരത്തിലൊരുത്തൻ നേരെ ചൊവ്വെ ചിന്തിക്കുന്നവനുണ്ടാകുമോ എന്ന് പേടിച്ചാണിത്. ഇങ്ങനെ മുഴുവൻ കോടതി വ്യവഹാരങ്ങളെയും മൂല്യങ്ങളെയും കീഴ് വഴക്കങ്ങളെയും നശിപ്പിക്കുകയാണ് അറബ് ഭരണാധികാരികൾ. അവർ തന്നെയാണ് അതിനെ ഈ വണ്ണം ജീർണ്ണതയിൽ തളച്ചിടുന്നത്.

അഞ്ച്: മത സ്ഥാപനങ്ങളുടെ മേൽ ആധിപത്യം

മത സ്ഥാപനങ്ങൾക്ക് അറബ് മേഖലയിൽ സവിശേഷ പ്രാധാന്യമുണ്ട്. ഭരണാധികാരികൾക്ക് ഇത് നന്നായറിയാം. ദീനീ സ്ഥാപനങ്ങൾക്ക് മേൽ മേധാവിത്വമുറപ്പിക്കുക എന്നാൽ രണ്ട് കാര്യങ്ങളാണ് മുഖ്യമായും അവ ചെയ്യേണ്ടത് എന്നർഥം. ഒന്ന്, ഭരണാധികാരിയെ എല്ലാ കാര്യത്തിലും നിരുപാധികം പിന്തുണക്കുക. ഭരണാധികാരി ചെയ്യുന്നതിനൊക്കെ ദീനീ പ്രമാണങ്ങൾ ചമച്ചു കൊടുക്കുക. ഭരണാധികാരി അഹ് ലുൽ ബൈത്തിൽ / നബി കുടുംബ താവഴിയിൽ പെട്ടവരാണെന്ന് ജനം കരുതുന്നുണ്ടെങ്കിൽ അതിനെ അടിസ്ഥാനപ്പെടുത്തി വേണം ദീനീ പ്രമാണമുണ്ടാക്കാൻ. ഫിത് ന ഇല്ലാതാക്കാൻ, ഭീകരതയെ ചെറുക്കാൻ , വഴിതെറ്റിയ ചിന്താഗതികളെ ഇല്ലായ്മ ചെയ്യാൻ, കൊളോണിയലിസത്തിനെതിരെ പടപൊരുതാൻ ഇങ്ങനെ പല പല ന്യായങ്ങൾ നിരത്തി ആവശ്യാനുസാരം ദീനീ പ്രമാണങ്ങൾ ഉണ്ടാക്കേണ്ടതായും വരും. രണ്ട്: പ്രതിയോഗികളെ / പ്രതിപക്ഷത്തെ പൈശാചികവൽക്കരിക്കുക. അവർക്കെതിരെ കുഫ്റ് – ഫിസ്ഖ് ഫത് വകൾ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുക.
ഈ രണ്ട് ജോലികളാണ് ഏകാധിപതികളുടെ ഭരണത്തിൻ കീഴിൽ മത സ്ഥാപനങ്ങൾ ചെയ്യേണ്ടത്. പ്രസ്താവനകൾക്ക് മതവർണ്ണം നിർബന്ധം. മത സംജ്ഞകൾ വെച്ചാണ് ഫത് വ കൊടുക്കേണ്ടത്. പ്രതിപക്ഷത്തുളളവർക്ക് ഫാസിഖ് മുതൽ കാഫിർ വരെ മുദ്രകൾ പതിച്ചു നൽകാം. അങ്ങനെ അവരുടെ രക്തം ഹലാലായി കിട്ടുമല്ലോ.

ആറ്: മീഡിയക്ക് മേൽ ആധിപത്യം

അറബ് ഭരണാധികാരികൾക്ക് വളരെ എളുപ്പമാണ് വാർത്താ മാധ്യമങ്ങളെ കൈകാര്യം ചെയ്യൽ. ടെലിവിഷൻ പോലുള്ള വാർത്താ വിനിമയ സംവിധാനങ്ങളുടെ വരവോടെയാണ് മേഖലയിൽ ഏകാധിപതികളും ചുവടുറപ്പിക്കുന്നത്. അതിനാൽ ടി വി തുടക്കത്തിലേ രാഷ്ട്രത്തിന്റെ പിടുത്തത്തിലായിരുന്നു. അറബ് നാടുകളിൽ പട്ടാള വിപ്ലവങ്ങൾ അരങ്ങേറിയ കാലത്താണ് ടെലിവിഷനും സ്ഥാപിക്കപ്പെടുന്നത്. വിത്തിലേ പിഴച്ചു എന്നർഥം. കള്ളങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക എന്നതാണ് തുടക്കം മുതലേ ആ ചാനലുകളുടെ സ്വഭാവം. ഒന്നാം ദിനം മുതൽ കാപട്യവും അവയുടെ മുഖമുദ്ര തന്നെ. പത്രങ്ങളും ഗവൺമെന്റ് നിയന്ത്രണത്തിൽ. ടി വി വന്നതോടെ അവക്ക് രണ്ടാം സ്ഥാനമേയുള്ളൂ. മാധ്യമ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിതമായത് തന്നെ ജനങ്ങൾക്ക് മേൽ ആധിപത്യം ഉറപ്പാക്കാനുളള ഉപകരണങ്ങൾ എന്ന നിലയിലാണ്. ആയതിനാൽ സുരക്ഷാ ഏജൻസികളുടെ കൈകളിലായിരിക്കും അവയുടെ നിയന്ത്രണവും.

അറബ് ലോകത്ത് പത്ര പ്രവർത്തകൻ ഇൻഫോർമറുടെ റോളിലാണ്. ഭരണാധികാരിയോട് കൂറ് പ്ര്യഖ്യാപിക്കാതെ പറ്റില്ല. അല്ലാത്തവർ അപവാദങ്ങൾ മാത്രം. മാന്യതയുള്ള പത്രപ്രവർത്തകർക്ക് ഉയർന്ന തലങ്ങളിലേക്ക് കയറിപ്പോവുക അതീവ ദുഷ്കരം. ഈ സ്ഥിതിവിശേഷത്തെ അട്ടിമറിച്ചത് അറബ് വസന്ത വിപ്ലവങ്ങളാണ്. സോഷ്യൽ മീഡിയയുടെ ആകാശമാണത് തുറന്നിട്ടത്. അത് കൊട്ടിയടക്കാൻ നോക്കിയിട്ട് ഏകാധിപതികൾക്ക് കഴിയുന്നില്ല. അവരുടെ പിടിത്തത്തിൽ ഒതുങ്ങുന്നതല്ലല്ലോ നവീന ടെക്നോളജി.

മീഡിയയുടെ കടിഞ്ഞാൺ കൈയിലുള്ളത് കൊണ്ട് പൗരന്റെ ബൗദ്ധിക ഭൂപടം തങ്ങൾ ഇഛിക്കും വിധം വരച്ച് വെക്കാൻ ഭരണാധികാരികൾക്ക് കഴിയുന്നു. എന്ത് വൃത്തികേടുകളും പൗരന്റെ മനസ്സിൽ നട്ട് വളർത്താം. മൗലിക ചിന്തകളെയും സദ്ഭാവനകളെയും കുഴിച്ച് മൂടാം. ശരിതെറ്റുകളെയും ഹറാംഹലാലുകളെയും മാറ്റി പ്രതിഷ്ഠിക്കാം. മാറ്റം അസാധ്യമാക്കുന്ന സ്ഥിതിവിശേഷം. ഇത് രാഷ്ട്രത്തെയും ഉമ്മത്തിനെയും നശിപ്പിക്കുന്നു.

അവിടെ ടി വി ചാനലുകളിൽ അതിഥികളായെത്തുന്നവർ ഭരണകൂടം തെരഞ്ഞെടുത്തയക്കുന്നവരാണ്. പത്രങ്ങളിൽ കോളമെഴുതാൻ അവസരം നൽകുന്നതും അത്തരക്കാർക്ക് തന്നെ. (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

Related Articles