Current Date

Search
Close this search box.
Search
Close this search box.

എല്ലാം കൈപിടിയിലൊതുക്കുന്ന അറബ് ഭരണാധികാരികൾ ( 4- 4 )

ഈ ലേഖനത്തിന്റെ കഴിഞ്ഞ മൂന്ന് ഖണ്ഡങ്ങളിൽ നാം അറബ് ഭരണാധികാരികൾ സുപ്രധാന പൊതുമണ്ഡലങ്ങളെ എങ്ങനെ അടക്കി വാഴുന്നു എന്നാണ് പറഞ്ഞു വന്നത്. ഇത് ലേഖനത്തിന്റെ അവസാന ഭാഗം.

ആറ് : കലാ സംസ്കാര വേദികൾക്ക് മേലുള്ള ആധിപത്യം 

അറബ് ലോകത്തെ സാംസ്കാരിക മന്ത്രാലയങ്ങളുടെ പ്രഥമ ലക്ഷ്യം സാംസ്കാരിക പ്രവർത്തകരെ വരുതിയിൽ നിർത്തുക എന്നതാണ്. സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ കാലത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു ഫാറൂഖ് ഹുസ്നി. ഈ മന്ത്രി ‘കാരറ്റ്’ കൊടുത്ത് തന്നെയാണ് സാഹിത്യകാരന്മാരെയും കലാകാരൻമാരെയും ഒപ്പം നിർത്തിയത്; ‘വടി’ പ്രയോഗിച്ചിരുന്നില്ല. ഈജിപ്ഷ്യനോ അല്ലാത്തതോ ആയ സാംസ്കാരിക നായകൻമാരൊന്നും മന്ത്രിക്ക് തൊന്തരവ് ഉണ്ടാക്കിയിരുന്നുമില്ല. പ്രശസ്ത ഈജിപ്ഷ്യൻ നോവലിസ്റ്റ് സ്വനഅല്ലാ ഇബ്റാഹീം മാത്രമാണ് അപവാദം. 2003-ലാണ് സംഭവം. സാംസ്കാരിക വകുപ്പ് നൽകുന്ന കനത്ത സമ്മാനത്തുകയുള്ള സാഹിത്യ അവാർഡ് അദ്ദേഹം തിരസ്കരിച്ചു. സമ്മാനം നൽകാനായി സംഘടിപ്പിച്ച പരിപാടിയിൽ സാംസ്കാരിക മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു അവാർഡ് തനിക്ക് വേണ്ടെന്ന് പറഞ്ഞത്. അമേരിക്കക്കും ഇസ്രയേലിനും വിടുപണി ചെയ്യുന്ന ഒരു ഭരണകൂടത്തിൽ നിന്ന് തനിക്കത് വാങ്ങാൻ നിർവാഹമില്ലെന്നും തുറന്നടിച്ചു. എങ്കിലും ഈജിപ്തിലെ ഒട്ടുമിക്ക സാംസ്കാരിക ഗജകേസരികളെയും ‘ഫത്ത’ (ഒരു വിശിഷ്ട ഈജിപ്ഷ്യൻ ഡിഷ്) വാങ്ങിക്കൊടുത്ത് വശപ്പെടുത്താൻ നമ്മുടെ മന്ത്രിക്ക് കഴിഞ്ഞു. ജയിലും അറസ്റ്റുമൊന്നും വേണ്ടി വന്നില്ല.

നമുക്ക് മറ്റൊരു ഈജിപ്ഷ്യൻ സാഹിത്യകാരൻ സ്വലാഹ് ഈസയെ ഓർക്കാം. വർഷങ്ങൾ അദ്ദേഹം ജയിലിലായിരുന്നു. പിന്നെ പുറത്ത് വന്നു. എന്നിട്ട് സാംസ്കാരിക മന്ത്രാലയം പുറത്തിറക്കുന്ന ഒരു അപ്രധാന മാഗസിന്റെ ചുമതലയേറ്റു (അതൊരു കാര്യമായ സ്ഥാനമേ ആയിരുന്നില്ല). അങ്ങനെ തന്റെ പോരാട്ട ചരിത്രത്തെ അദ്ദേഹം സ്വയം നിരാകരിക്കുകയും മറക്കുകയും ചെയ്തു. പ്രസിദ്ധീകരണങ്ങൾ, അവാർഡുകൾ, അതിന് വേണ്ടിയുള്ള സമിതികൾ തുടങ്ങിയവയൊക്കെയാണ് സാഹിത്യകാരൻമാരെ ചൂണ്ടയിൽ കൊരുക്കാൻ നീട്ടിയെറിയുന്നത്. അറബ് സാംസ്കാരിക വകുപ്പുകൾ ഈ കളിയിൽ നന്നായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. വാലാട്ടുന്ന സാഹിത്യകാരന് എല്ലാം കിട്ടും. എതിർക്കുന്നവനെ മാത്രമല്ല, നിഷ്പക്ഷമായി നിൽക്കുന്നവനെയും മൂലക്കിരുത്തും.
മുഴുവൻ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ബാധകമായ ഒരു കാര്യമാണിത്. ദേശസുരക്ഷാ വിഭാഗത്തിന്റെ നല്ല പിള്ള ആയിട്ടിലെങ്കിൽ ഏത് മഹാ സാഹിത്യകാരനും രക്ഷയില്ല. യുവ എഴുത്തുകാരോട് ഞാൻ എപ്പോഴും പറയാറുണ്ട് : “നിങ്ങൾ സ്വതന്ത്ര എഴുത്തുകാരൻ ആകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കിക്കൊള്ളൂ, നിങ്ങൾ ഒറ്റക്കേ ഉണ്ടാവൂ. നിങ്ങളുടെ പ്രതിഭ നിങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും. ഒരുത്തനും സഹായിക്കാനുണ്ടാവില്ല. മറിച്ചാണ് സംഭവിക്കുക. ഒരു രാഷ്ട്രം തന്നെ നിങ്ങൾക്കെതിരെ ആയിരിക്കും.”

സാഹിത്യത്തെ എടുത്ത് പറഞ്ഞു എന്നേയുള്ളു. സിനിമ, നാടകം, മറ്റു സുകുമാര കലകൾ, സംസ്കാരവുമായി അടുത്ത ബന്ധമോ അകന്ന ബന്ധമോ ഉള്ള മേഖലകൾ ഇവിടെയൊക്കെയും ഇതല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല.

 ഏഴ്: സ്പോർട്സും യുവജന കാര്യവും പൂർണ്ണ വരുതിയിൽ 

രാജഭരണമായും റിപ്പബ്ലിക്കായും അറിയപ്പെടുന്ന ഏത് അറബ് ഭരണകൂടത്തെ എടുത്ത് പരിശോധിച്ചാലും, ഭരണാധികാരിയുടെ പുത്രൻ തന്നെയാവും മിക്കവാറും സ്പോർട്സ് – യുവജനകാര്യത്തിന്റെ ഒന്നാമത്തെ ചുമതലക്കാരൻ എന്ന് കാണാനാവും. ഫുട്ബോൾ അറേബ്യൻ ജനസഞ്ചയത്തിന് വളരെ ഇഷ്ടപ്പെട്ട കളിയാണ്. ഫുട്ബാളിന് വലിയ പ്രോത്സാഹനം നൽകി തന്റെ ജന പിന്തുണ വർധിപ്പിക്കാനാണ് ഭരണാധികാരി ശ്രമിക്കുക. സ്പോർട്സിലെ പ്രത്യേകിച്ച് ഫുട്ബോളിലെ കിരീടങ്ങളും നേട്ടങ്ങളും ജനസാമാന്യത്തെ മത്തുപിടിപ്പിക്കും. ഏറ്റവും ചുരുങ്ങിയത് അവരുടെ രോഷം തണുപ്പിക്കാനെങ്കിലും ഉപകാരപ്പെടും. കളിക്കാർ തന്നെ പൊക്കിപ്പറയുന്നതും ഭരണാധികാരിക്ക് നേട്ടമാണ് ( ഈ കളിക്കാർക്ക് ദശലക്ഷക്കണക്കിന് ഫാൻസും ഫോളോവേഴ്സും ഉണ്ടാകും; സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് പ്രത്യേകിച്ചും ).

സദ്ദാം ഹുസൈൻ ഇറാഖ് ഭരിച്ചിരുന്നപ്പോൾ മകൻ അദിയ്യ് ആയിരുന്നു സ്പോർട്സിന്റെ ചുമതലക്കാരൻ. ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റും ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായിരുന്നു. ഇതേ പ്രവണത എല്ലാ അറബ് നാടുകളിലും ആവർത്തിക്കുന്നതായി കാണാം. ഒന്നുകിൽ ഭരണാധികാരി അല്ലെങ്കിൽ അയാളുടെ പിൻഗാമികളിലൊരാൾ ഇതിന് നേതൃത്വം നൽകുന്നു. തനിക്ക് (വ്യാജ) ജനകീയത ഉണ്ടാക്കിയെടുക്കാനാണ് ഈ തത്രപ്പാട്.
ഈജിപ്തിൽ ജമാൽ മുബാറകിന്റെ നേതൃത്വത്തിൽ 2010-ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടാൻ വലിയ ആസൂത്രണങ്ങൾ നടന്നു. പക്ഷെ 2009 – ലെ യോഗ്യതാ റൗണ്ടിൽ സുഡാനിലെ ഉമ്മു ദർദാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈജിപ്ത് അൾജീരിയയോട് പരാജയപ്പെട്ടപ്പോൾ ഈജിപ്ഷ്യൻ കാണികൾക്ക് ഭ്രാന്ത് പിടിച്ചത് ഇതിന്റെ ഫലമായിട്ടായിരുന്നു. അത്തരത്തിലൊരു രാഷ്ടീയ പ്രവർത്തനമാണ് അറബ് നാടുകളിലെ സ്പോർട്സ്. ഈ രാഷ്ട്രീയത്തോട് ചേർന്നു നിൽക്കാത്ത കളിക്കാരൻ പുറത്താക്കപ്പെടും, വിസ്മൃതനാകും. അതിനെ അതിജീവിക്കുന്നവർ വളരെ അപൂർവം.
ഇതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് അറബ് ഭരണകൂടങ്ങൾക്കുള്ളത്. ഒന്ന് : പൊതുജനത്തെ മയക്കിക്കിടത്തുക. രണ്ട് : സ്പോർട്സ് വിജയങ്ങളൊരുക്കി സ്വന്തം (വ്യാജ) ജനപ്രീതി വർധിപ്പിക്കുക.

എട്ട്: ബിസിനസ് മേഖലയിലെ സർവാധിപത്യം 

അറേബ്യൻ ഭരണകൂടങ്ങൾക്ക് പണം മർമ പ്രധാനമാണ്. ആ ഭരണകൂടങ്ങളുടെ , പ്രത്യേകിച്ച് പട്ടാള ഭരണകൂടങ്ങളുടെ തലപ്പത്തിരിക്കുന്നത് മിക്കവാറും സമൂഹത്തിന്റെ താഴെകിടയിൽ നിന്ന് വരുന്നവരായിരിക്കും. അവരുടെ ആർത്തിക്ക് അറ്റമുണ്ടാവില്ല. അറബ് നാടുകളിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയല്ല ബിസിനസ് – സംരംഭകത്വ മേഖലകൾ. സ്വതന്ത്ര കമ്പോളമാണെന്നും തുറന്നിട്ടിരിക്കുകയാണെന്നും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുവെന്നും ചെറുകിട സംരംഭങ്ങളെ സഹായിക്കുമെന്നുമെല്ലാം പറയുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. അറബ് നാടുകളിലെ കമ്പോളം എന്ന് പറയുന്നത് ഭരണാധികാരിയുടെതും അയാളുടെ പാർശ്വവർത്തികളുടെതുമാണ്. ചിലപ്പോൾ ഹുസ്നി മുബാറകിന്റെ ഭരണകാലത്ത് ഈജിപ്തിൽ സംഭവിച്ചത് പോലെ ഈ പാർശ്വവർത്തി മേഖല അൽപമൊന്ന് വിശാലപ്പെടും; മറ്റു ചിലപ്പോൾ , ഇപ്പോൾ സിസി ഭരണത്തിൽ സംഭവിക്കുന്നത് പോലെ പാർശ്വവർത്തി ശൃംഖല നന്നെ ചുരുങ്ങുകയും ചെയ്യും.

ലക്ഷ്യം വളരെ വ്യക്തമാണ്. പ്രതിയോഗികളിൽ ഒരാളും കമ്പോളത്തിൽ നിന്ന് പണമുണ്ടാക്കി അത് ഭരണകൂടത്തിനെതിരെ ഉപയോഗിക്കരുത്. ഈജിപ്തിൽ നജീബ് സ്വാവിരിസ്, അബൂ ഹശീമ, അബുൽ ഐനീൻ തുടങ്ങിയവർ ശതകോടീശ്വരൻമാരായത് ഭരണകൂടത്തിന്റെ സ്വന്തം ആളുകളായത് കൊണ്ടാണ്. യഥാർത്ഥ സംരംഭകർക്ക് മുമ്പിൽ എല്ലാം അടഞ്ഞുകിടന്നു. അവർക്ക് തങ്ങളുടെ മൂലധനവുമായി പുറത്ത് പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

 ഒമ്പത്: ‘ആഗോളീയമായ’ വരുതിയിലാക്കൽ 

കഴിഞ്ഞ ഏതാനും വർഷങ്ങളായി, പ്രത്യേകിച്ച് അറബ് വസന്തത്തിന് ശേഷം കാണപ്പെടുന്ന ഏറ്റവും മോശമായ പ്രവണതയാണിത്. ആഗോള തലത്തിൽ തന്നെയുളള ഒരു പിടിച്ചടക്കലിനാണ് അറബ് നാടുകൾ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ഇന്റർപോൾ പോലുള്ള ലോക വേദികളെ പിടിച്ചെടുക്കാൻ നോക്കുന്നു. പണം കൊടുത്തും സ്ട്രാറ്റജിക് നിലപാടുകളിൽ വെള്ളം ചേർത്തും ലോക രാഷ്ട്രങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ഒരു അറബ് രാഷ്ട്രത്തിന്റെ സഹായത്തോടെ ഇന്റർ പോളിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത് ഒരു ക്രിമിനലാണ്. പല ലോക വേദികളും ഇപ്പോൾ അതിക്രമങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ഹല്ലേലുയ്യ പാടുകയാണ്. കാരണം ഈ ഏകാധിപത്യ ഭരണകൂടങ്ങൾ അവയെ വിലക്കെടുത്തിരിക്കുന്നു. ഒരു മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു പെട്രോൾ ശൈഖിന്റെ സേവകനായി ജോലി ചെയ്യുന്നത് ആലോചിച്ചു നോക്കൂ.
ശരിയാണ്, ജനാധിപത്യത്തിന്റെ പുറന്തോടെങ്കിലും പശ്ചിമേഷ്യയിലേക്ക് കൊണ്ട് വരാൻ പാശ്ചാത്യ രാഷ്ട്രങ്ങൾ ശ്രമിച്ചിട്ടുണ്ട്. പക്ഷെ പണമൊഴുക്കി പശ്ചിമേഷ്യയിലെ ഏകാധിപത്യത്തെ പാശ്ചാത്യ രാഷ്ട്രങ്ങളിലേക്ക് അറബ് ഭരണാധികാരികൾ കടത്തിവിട്ടു എന്നതാണ് ഫലത്തിൽ സംഭവിച്ചത്.
അറബ് സ്വേഛാധിപത്യം നടത്തുന്ന പിടിച്ചടക്കലുകളെ ഒന്ന് കോറി വരക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അറബ് സമൂഹങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കണമെങ്കിൽ ആദ്യം നഷ്ടപ്പെട്ടത് എന്താണെന്ന് തിരിച്ചറിയേണ്ടേ? അവർക്ക് നഷ്ടപ്പെട്ടത് സ്വാതന്ത്ര്യമാകുന്നു. ( അവസാനിച്ചു. )

വിവ: അശ്റഫ് കീഴുപറമ്പ്

Related Articles