ചില വിഭാഗക്കാരുടെ മാത്രം സഹായവും സഹകരണവുംകൊണ്ട് സിനിമ-നാടക മേഖലകളില്‍ ഇസ്‌ലാമിനെ പ്രതിപക്ഷത്ത് നിര്‍ത്തുന്ന ഒരുപാട് വിഷ്വലുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ മുസ്‌ലിംകളെ ഭീകരവാദികളും വംശീയവാദികളുമാക്കി മാനുഷിക ലോകത്തുനിന്നും പുറത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളെ ഒരിക്കലും അതിജീവിക്കാനാവാത്ത വിധം ബലഹീനരാക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മറ്റു പൗരന്മാര്‍ ആസ്വദിക്കുന്ന മാനുഷികാവകാശങ്ങളും സമത്വവും അവര്‍ക്ക് നിഷേധിക്കുന്നു. മുസ്‌ലിംകള്‍ക്ക് പൊലീസ്, പട്ടാളം, നീതിന്യായ തസ്തികകള്‍ തുടങ്ങി അധികാര വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും അവസരം നല്‍കാതിരിക്കുന്നു. മുസ്‌ലിമേതരര്‍ക്ക് തോന്നുംവിധം ചിന്തിക്കുകയും പെരുമാറുകയുമാവാം. മുസ്‌ലിംകളോട് ഇസ്‌ലാമോഫോബിക്കായ സ്‌ക്രീന്‍-സ്റ്റേജ് നരേറ്റീവുകള്‍ക്ക് അനുസരിച്ച് മാത്രം സമീപിക്കുന്നു.
ആള്‍ട്ടര്‍നേറ്റീവ് മോഡലുകള്‍
മുസ്‌ലിം വരുദ്ധ സിനിമകളില്‍ ഹാസ്യനടനായ ആദില്‍ ഇമാമിന്റെ സിനിമകളുടെ പങ്ക് വളരെ വലുതാണ്. ഇസ്‌ലാമിനെ വികൃതമാക്കുകയും മുസ്‌ലിംകളെ രക്തദാഹികളായ തീവ്രവാദികളാക്കുകയും ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകളേറെയും. അതേസമയം വിഗ്രഹാരാധകരായ പാശ്ചാത്യന്‍ സംസ്‌കാരങ്ങളാല്‍ സമ്പന്നവുമാണത്. ‘അല്‍ഇര്‍ഹാബിയ്’ (തീവ്രവാദി) എന്ന അദ്ദേഹത്തിന്റെ സിനിമ അലി അബ്ദുളാഹിര്‍ എന്ന എഴുത്തുകാരന്റെ കഥയാണ് പറയുന്നത്. അതില്‍ താടിക്കാരനായാണ് അദ്ദേഹം നിറഞ്ഞാടുന്നത്. താടിയെന്നത് തീവ്രവാദിയുടെ രൂപമാണെന്ന നരേഷനാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അമുസ്‌ലിംകളും ഹിപ്പികളും ബീറ്റ്ല്‍സുകളും താടിവെക്കുമ്പോഴും മുസ്‌ലിംകളുടെ താടി മാത്രം പ്രശ്‌നവല്‍കരിക്കപ്പെടുന്നു. ഇസ്‌ലാമിക സിംബലുകളെല്ലാം ഭീകരവാദ രൂപമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍, കമ്മ്യൂണിസത്തില്‍ ചേരുന്നതോടെ അവന്റെ താടിയവനൊരു പ്രിവിലേജായി മാറുകയും ചെയ്യുന്നതാണ് ഇതിലെ വിരോധാഭാസം. സിനിമയില്‍ കാണിച്ച തീവ്രവാദി അഭയം തേടിയ കുടുംബത്തിലെ യുവാവും പാശ്ചാത്യന്‍ സംസ്‌കാരത്തെ അനുകരിക്കുന്ന സ്ത്രീയും അതിനൊരു ഉദാഹരണമാണ്. ചുരുക്കത്തില്‍, ഇസ്‌ലാം തീവ്രവാദമാണെന്നും സമൂഹത്തില്‍ ഇസ്‌ലാമിന് യാതൊരു സ്ഥാനവുമില്ലെന്നുമാണ് സിനിമ പറഞ്ഞുവെക്കുന്നത്.
അമുസ്‌ലിമെന്ന മനോഹാരിത!
പ്രസ്തുത സിനിമയില്‍ ഒരു അമുസ്‌ലിം കുടുംബത്തെയും കാണിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസാചാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്ന, വിശ്വാസാരാധനകളുടെ കാര്യത്തില്‍ ഭര്‍ത്താവിനോട് പരുശമായി പെരമാറുന്ന ഭാര്യയുള്ള ഒരു കുടുംബം. വളരെ മനോഹരവും മാതൃകായോഗ്യവുമായ ഒരു കുടുംബവുമായാണ് സിനിമ അവരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. അവരോട് എല്ലാവരും മൃതുസമീപനം പുലര്‍ത്തുന്നു. പൂര്‍ണമനസ്സോടെ അവരെ സ്വീകരിക്കുന്നു. അവര്‍ ഭീകരവാദികളോ തീവ്രവാദികളോ ആകുന്നില്ല. തീവ്രചിന്താഗതിക്കാരായി അവരെ പരിചയപ്പെടുത്തുന്നില്ല.
ഈ സിനിമയുടെ നിര്‍മാണ സമയത്തോ അതിനുമുമ്പോ ശേഷമോ മുസ്‌ലിം സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിക്കാത്ത ഒരു സിനിമയും പുറത്തുവന്നിട്ടില്ല. ചിത്രീകരണത്തിലും സംഭാഷണങ്ങളിലും ചലന-നിശ്ചലനങ്ങളിലും ശരീര ഘടനയിലും അത് വ്യക്തമാകും: താടി, ആയുധം, ബോംബ്, ക്രൂരത, മ്ലേച്ഛത, കാരുണ്യമില്ലായ്മ എന്നിവ അതില്‍ ചിലത് മാത്രം. താടിവെച്ച ആളുകളെക്കാണേണ്ട താമസം കുട്ടികള്‍ പോലും ‘ഭീകരവാദി’കളെന്ന് വിളിച്ചു രസിക്കും. പലയിടങ്ങളില്‍ നിന്നും ഞാനത് നേരിട്ട് കേട്ടിട്ടുമുണ്ട്.
മുസ്‌ലിം തീവ്രവാദി!
മിക്ക കുടുംബങ്ങളുടെയും വൈകുന്നേരങ്ങളെ വിനോദപൂര്‍ണമാക്കുന്ന ഡ്രാമകളുടെ സ്ഥിതിയും സിനിമകളുടെതിന് സമാനമാണ്. മുസ്‌ലിം തീവ്രവാദികളെ സൃഷ്ടിക്കുന്നതില്‍ ഡ്രാമകളും ഒട്ടും പിന്നിലല്ല. മുസ്‌ലിം തീവ്രവാദത്തെ സ്ഥാപിക്കുന്ന സീരീസുകള്‍ക്ക് കോടികളാണ് പല ഗവണ്‍മെന്റുകള്‍ ചെലവഴിച്ചത്. എന്നിട്ടും ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് സീരീസുകളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ടെക്‌നിക്കല്‍പരമായും ആശയപരമായും അവയെല്ലാം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നത് തന്നെ കാരണം. ലോകത്തിന് മുന്നില്‍ ഇസ്‌ലാമിനെ വികൃതമാക്കിക്കാണിക്കാന്‍ പല രാഷ്ട്രീയ ഗൂഢാലോചകരും പണവും ആയുധവും നല്‍കി ഭീകരവാദ സംഘടനകളെയും (ഐ.എസ്.ഐ.എസ് ഒരു ഉദാഹരണം) തീവ്രവാദികളെയും സൃഷ്ടിച്ചെടുക്കുന്നു. അതുവെച്ച് അവര്‍ ഇസ്‌ലാമിക രാജ്യങ്ങളെ വിമര്‍ശിക്കുകയും അവിടയെല്ലാം സൈനിക മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നു. തീവ്രവാദത്തിന്റെ പേരില്‍ അറബ് നാടുകളിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നു.
ഹാതിം അലി
‘ഉമര്‍’ സീരീസ്, ‘അത്തഗ്‌രീബുല്‍ ഫിലസ്ഥീനിയ്യ’, ‘സ്വലാഹുദ്ദീന്‍ അയ്യൂബി’, ‘സ്വഖ്ര്‍ ഖുറൈശ്’, ‘റബീഉ ഖുര്‍ത്വുബ’, ‘അസ്സൈറു സാലിം’ തുടങ്ങി ഒട്ടനവധി സീരീസുകളുടെയും സിനിമകളുടെയും സംവിധായകന്‍കൂടിയായ ഫലസ്ഥീന്‍ നടന്‍ ഹാതിം അലിയുടെ ഒരു പ്രസ്താവനയുണ്ട്: ഭീകരവാദം ചര്‍ച്ച ചെയ്യുന്ന സിനിമകളെല്ലാം തന്നെ മുന്നേ ആവിഷ്‌കരിക്കപ്പെട്ട അജണ്ട പ്രകാരം പുറത്തിറങ്ങുന്നവയാണ്. ‘അശ്ശര്‍ഖുല്‍ ഔസഥ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. 2011 ജൂലൈ 25-ന് ജോര്‍ദാനിലെ ‘അല്‍ഗദ്’ പത്രവും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ധാരണകളുടെ അടിസ്ഥാനത്തിലോ അളവുകോലുകള്‍ വെച്ചോ ഒരിക്കലും തീവ്രവാദത്തെ പ്രതിരോധിക്കാനാകില്ലെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള ബൗദ്ധിക പ്രതിരോധമാണ് അതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മാത്രവുമല്ല, പ്രത്യേക ലോബികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ട ഭീകരവാദ അടയാളങ്ങളുടെ കെണിയില്‍ അകപ്പെട്ട് സര്‍ഗാത്മകത അദ്ദേഹം തന്റെ സഹസംവിധായകരെ ഉണര്‍ത്തുകയും ചെയ്യുമായിരുന്നു.
സൂത്രശാലികളും നിഗൂഢാര്‍ഥങ്ങളും
സാംസ്‌കാരിക രംഗത്തെ മുന്‍നിരയിലുള്ളവര്‍ തന്നെ ഇസ്‌ലാമിനെ ആക്ഷേപഹാസ്യങ്ങളിലൂടെയും നിഗൂഢാര്‍ഥങ്ങളങ്കുരിക്കുന്ന പ്രയോഗങ്ങളിലൂടെയും വിമര്‍ശിക്കാന്‍ സജീവമാകുന്നു. അതില്‍ ചിലര്‍ തീവ്രവാദത്തിന്റെയും മിതവാദത്തിന്റെയും പദാര്‍ഥങ്ങളും അതിരുകളും വിശദീകരിക്കാതെത്തന്നെ തീവ്രവാദമെന്ന പദം ഉപയോഗിക്കുന്നു. ടെലിവിഷന്‍ ഡ്രാമകളെയും അതിന്റെ പ്രമേയങ്ങളിലും സംഭാഷണങ്ങളിലുമുള്ള അശ്ശീലതയെയും അപലപിക്കുന്ന മുസ്‌ലിംകളെ നിന്ദ്യരാക്കുകയെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അവരില്‍ ചിലര്‍ പറയുന്നു: ‘മൃഗങ്ങളെ നിയന്ത്രിക്കാനുപയോഗിക്കുന്ന നയങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ കൂട്ടായ മാനസികാവസ്ഥയെ സ്വാധീനിക്കാനാണ് തീവ്രവാദത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ ഇരുട്ട് പരത്തുന്നവരാണവര്‍. ചില സന്ദര്‍ഭങ്ങളില്‍, തീവ്രകാവ്യമീമാംസക്കാര്‍ കലയും ഡ്രാമയുമായുള്ള പ്രതിചിന്തകളോടുള്ള സമീപനത്തോട് വിമര്‍ശനാത്മക നിലപാടാണ് സ്വീകരിക്കാറുള്ളത്. റമളാന്‍ മാസത്തില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഡ്രാമകളോടുള്ളതുപോലെ. ഒളിഞ്ഞിരിക്കുന്ന ചില പ്രഭാഷകന്മാര്‍ ഒറ്റപ്പെട്ട ചെന്നായകളെപ്പോലെ ഇതിനെ സമീപിക്കുന്നത് കാണാം. ചിലപ്പോള്‍ സാധാരണ പൗരന്മാരെപ്പോലെയും ഇതിനെതിരെ അവര്‍ രംഗത്തുവരും. ലോകത്തെയും മതത്തെയും നശിപ്പിക്കാന്‍ വേണ്ടി മാത്രം സംവിധാനം ചെയ്യപ്പെട്ട കലാനിര്‍മിതിയായി അവരതിനെ ചിത്രീകരിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യും. യാഥാര്‍ഥ്യവുമായാണ് അത് സംവധിക്കുന്നതെന്നുണ്ടെങ്കിലും അടിസ്ഥാനപരമായത് ധാര്‍മിക മൂല്യങ്ങളെ നിരാകരിക്കുകയാണ്.’ (ഹുസ്സാം അല്‍ആദിലി, അല്‍മിസ്‌റുല്‍ യൗം – 24/4/22).
പരാജയത്തിന്റെ പ്രായോഗിക സ്ഥിരീകരണം
നിപുണന്മാരായ വിമര്‍ശകര്‍ പോലും നിഷേധിക്കുന്ന വളരെ ഹാസ്യജനകമായ പ്രചരണമാണിത്. ലോക ഡ്രാമകളില്‍ ഏറ്റവും മോശപ്പെട്ട ഡ്രാമകളില്‍ പെട്ടതാണ് അറബ് ഡ്രാമകള്‍. മറ്റൊരു ഡ്രാമക്കും അതിജയിക്കാനാകാത്ത വിധം ധാര്‍മികാധഃപതനത്തിലേക്കെത്തിയവ. ഡ്രാമകള്‍ക്കും കലാനിര്‍മിതികള്‍ക്കും മൂല്യനിര്‍ണയം നടത്തുന്ന തരത്തില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദാവലികള്‍ക്കോ ഒളിഞ്ഞിരിക്കുന്ന പ്രബോധകരെന്ന ആക്ഷേപത്തിനോ ഇസ്‌ലാമിനെതിരെയുള്ള തീവ്രവാദാരോപണങ്ങള്‍ക്കോ മറുപടി പറയേണ്ടതില്ല. ഈജിപ്ഷ്യന്‍ ഡ്രാമകളുടെ ഉത്പാദന അളവില്‍ വന്ന ഗണ്യമായ കുറവ്, ടര്‍ക്കിഷ്, മെക്‌സിക്കന്‍ തുടങ്ങി വിദേശ ഡ്രാമകളോടുള്ള അതിയായ താല്‍പര്യമെല്ലാം ദശാബ്ദങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അറബ് ഡ്രാമകളുടെ അപചയത്തിന്റെ പ്രത്യക്ഷ തെളിവുകളാണ്. അതിനെല്ലാം അപ്പുറം, വലിയ മുതല്‍മുടക്കില്‍ പരസ്യം നല്‍കി നിര്‍മിച്ച ഡ്രാമ സീരീസുകള്‍ ഈജിപ്ഷ്യന്‍ മീഡിയ പ്രൊഡക്ഷന്‍ സിറ്റിക്ക് പുറമെ ഒറ്റൊരു അറബ് ടിവി പോലും വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇസ്‌ലാമിനോടും അതിന്റെ ധാര്‍മിക മൂല്യങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടും അവരെടുത്ത സമീപനം തന്നെയായിരുന്നു അതിനെല്ലാം കാരണം. പാശ്ചാത്യ ബോധത്തിന്റെയും ജൂതായിസത്തിന്റെയും മൂശയില്‍ വാര്‍ത്തെടുത്ത തീവ്ര ദേശീയതയുടെ പ്രചാരകര്‍ മാത്രമായിരുന്നു അതിന്റെ നിര്‍മാതാക്കള്‍. ഇസ്രയേലിന്റെ നോര്‍മലൈസേഷനെ പിന്താങ്ങുന്ന ജൂത പിന്തുണയില്‍ നിര്‍മിതമായ ‘ഇന്നസന്റ്’ ഡ്രാമയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ഉമ്മു ദൂവിന്റെയും ഹാറതുല്‍ യഹൂദിന്റെയും ലക്ഷ്യങ്ങളെന്തായിരുന്നു. ഒരേസമയം, ഫലസ്ഥീനികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും അവരെ ആട്ടിയോടിക്കുകയും ചെയ്യുകയും അറബ് നാട്ടില്‍ ജൂതര്‍ക്ക് കുടിയേറ്റത്തിനും പാര്‍പ്പിടത്തിനും സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമായിരുന്നവയെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?
ലോകത്തിന്റെ വിവിധ കോണകളിലും ഇസ്‌ലാമിനെ പൈശാചികവല്‍കരിക്കാനുള്ള ഗൂഢശക്തികളുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കേവലം സിനിമ, ഡ്രാമ, നാടകങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല അത്. ഇസ്‌ലാമിന്റെ അസ്തിത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി പരിഹാസ്യ രൂപത്തില്‍ വരച്ച് പ്രചരിപ്പിക്കുന്നു. കൂടുതല്‍ ജനകീയമാവാനും ലാഭം നേടാനും അത് അനിവാര്യമായിത്തീരുന്ന രൂപത്തിലേക്കത് മാറിക്കഴിഞ്ഞിരിക്കുന്നു.
സാംസ്‌കാരിക അപചയം
സെക്കുലറിസ്റ്റുകള്‍ ആധിപത്യം പുലര്‍ത്തുന്ന സാംസ്‌കാരിക സമ്പ്രദായങ്ങളുടെ നിലവിലെ സാംസ്‌കാരികവും സാഹിത്യപരവുമായ അപചയത്തിന് തുടക്കമായിക്കഴിഞ്ഞിട്ടുണ്ട്. നേരാംവണ്ണം ഒരു വരിപോലും എഴുതാനാകാത്ത നിരക്ഷരയായ ഒരു സ്ത്രീക്ക് സ്‌റ്റേറ്റ് അപ്രീഷിയേഷന്‍ അവാര്‍ഡ് നല്‍കുന്ന ഒഫീഷ്യല്‍ കള്‍ചറല്‍ ഓഫീസിനെക്കുറിച്ച് നിങ്ങളെന്തു പറയും? അവളെഴുതിയതെല്ലാം ഗ്രാമീണ ഭാഷയിലാണ്. സ്വന്തം ദേശ ഭാഷയില്‍ അവളെഴുതിയ ആത്മകഥയില്‍ മാനുഷികതയുടെ പ്രകാശത്തിന്റെ ഒരംശം പോലും കാണാനാവില്ല. അതിനെല്ലാമപ്പുറം, അവയെല്ലാം ശുദ്ധ പ്രകൃതമുള്ള ഒരു മനുഷ്യനെ ലജ്ജിപ്പിക്കുന്ന ശൈലിയിലാണ് താനും. സ്വന്തം ഭര്‍ത്താവിനും പിതാവിനും കുടുംബത്തിനുമെതിരെ സ്ത്രീകളോട് കലാപത്തിന് ആഹ്വാന പരമ്പരയാണ് അതിന്റെ ഉള്ളടക്കം. പാശ്ചാത്യന്‍ ജീവിത രീതിയിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും അവള്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ജൂതന്മാരോടും പാശ്ചാത്യരോടും കൂറുപുലര്‍ത്തുന്ന ഇസ്‌ലാമിനോടും ജന്മനാടിനോടും വെറുപ്പ് പ്രകടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റാണെന്നത് മാത്രമാണ് അവളുടെ യോഗ്യത.
അര്‍ഹതയില്ലാത്തവര്‍ നേടുന്ന അവാര്‍ഡുകള്‍
ഒരു ദിവസം പോലും വുളൂഅ് ചെയ്യാത്ത, നമസ്‌കരിക്കാത്ത, ലൈവിലൂടെ നിരീശ്വരവാദം പ്രഖ്യാപിച്ച ഒരാള്‍ക്ക് ഇസ്‌ലാമിക പഠനത്തില്‍ അപ്രീസിയേഷന്‍ അവാര്‍ഡ് നല്‍കുന്നതിനേക്കാള്‍ വിരോധാഭാസം മറ്റെന്താണ്? ഓറിയന്റലിസ്റ്റുകളെക്കുറിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ രണ്ടാംകിട പുസ്തകം സംവദിക്കുന്നത്. ഇരുപതാം നുറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഒരുപാട് തവണ മറുപടി നല്‍കിയ ഓറിയന്റലിസ്റ്റുകളുടെ ആശയങ്ങള്‍ മാത്രമാണ് അയാള്‍ക്കും പറയാനുള്ളത്.
പ്രിപറേറ്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മാത്രം കൈവശമുള്ള, നല്ല അക്ഷര വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിക്ക് ഉന്നത റാങ്കിലുള്ള പത്രപ്രവര്‍ത്തന് സ്ഥാപനങ്ങള്‍ക്കൊപ്പം അവാര്‍ഡ് നല്‍കുന്നതിന്റെ താല്‍പര്യമെന്താണ്? ക്രൈസ്തവ പള്ളിയില്‍ പോവുകയും അവരെപ്പോലെ ആരാധിക്കുകയും ചെയ്യുന്ന ഒരു ഇടതുപക്ഷക്കാരനെന്നതില്‍ കവിഞ്ഞ് മറ്റെന്ത് യോഗ്യതയാണ് അയാള്‍ക്കുള്ളത്? ഇസ്‌ലാമിസ്റ്റുകളുടെ ഉന്മൂലനം മാത്രമാണ് അയാള്‍ ലക്ഷ്യം വെക്കുന്നത്.
ഒരു ഗാനരചയിതാവിന് ‘മുബാറക് അവാര്‍ഡ്’ നല്‍കപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കപ്പെടേണ്ടവയാണ്. സുപ്രധാന മന്ത്രാലയത്തിലൊന്നിലെ ഇന്‍ഫോര്‍മേഷന്‍ ഓഫീസ് വിട്ടിട്ടില്ലാത്ത അദ്ദേഹം, ഇടത് സഹയാത്രകരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും പൈതൃക സാഹിത്യ മോഷണത്തിനും കുപ്രസിദ്ധി നേടിയ വ്യക്തിയാണ്.
ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയും വികലമാക്കുകയും ചെയ്യുന്ന ഇസ്‌ലാമിക നാമധാരികളെ ആഘോഷിക്കുന്നതില്‍ പുറജാതീയ, ക്രൈസ്തവ സംസ്‌കാരം കൊണ്ടുനടക്കുന്ന പാശ്ചാത്യരാണ് അവരുടെ മാതൃക. 2022 ജൂണ്‍ 2-5 ദിവസങ്ങളിലായി ലണ്ടനില്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് ബുക്കര്‍ പ്രൈസ് സല്‍മാന്‍ റുഷിദിയെ ആഘോഷിക്കുന്നത്. രാജകൊട്ടാരത്തിലും സ്ട്രീറ്റിലുമായി നടത്തപ്പെട്ട പരേഡിലും മ്യൂസിക്കല്‍ കണ്‍സേട്ടിലും അദ്ദേഹം അതിഥിയായിരുന്നു.
2022-ലെ ബുക്കര്‍ പ്രൈസ് നേടിയവരിലൊരാള്‍ ലിബിയക്കാരനാണ്. ആദ്യമായാണ് ലിബിയക്കാരെത്തേടി ബുക്കര്‍ പ്രൈസ് എത്തുന്നത്. ഒരു യഹൂദിയെ മാനുഷികതയുടെ എല്ലാവിധ മാതൃകായോഗ്യമായ വിശേഷണങ്ങളും നല്‍കി മഹത്വവല്‍കരിക്കുകയാണ് നോവല്‍. അതാണ് നോവലിന് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്തതും. ഇതുതന്നെയാണ് അവാര്‍ഡുകള്‍ നേടിയ മറ്റു പല കൃതികളുടെയും അവസ്ഥ. ഫലസ്ഥീനികളുടെ ഭൂമിയും അഭിമാനവുമെല്ലാം കവര്‍ന്നെടുക്കുന്ന യഹൂദികളെ ഒരാളെയും അതില്‍ പരിചയപ്പെടുത്തുന്നില്ല.
ഉപരോധം
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കലാ-സാംസ്‌കാരിക-സാങ്കേതിക മേഖലകളിലും ദൃശ്യ-ശ്രാവ്യ മേഖലകളിലുമുള്ള ഉപരോധത്തിലായിരുന്നു ഇസ്‌ലാം. മാര്‍ക്‌സിസ്റ്റ്, ലിബറല്‍, യുക്തിവാദ, യാഥാസ്ഥിക ചിന്താഗതിക്കാരുടെ ഭൗതിക ദര്‍ശനങ്ങളാലുള്ള ഉപരോധം. അവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ആശയങ്ങള്‍ അനായാസം പ്രകടിപ്പിക്കാന്‍ അവര്‍ക്കാകുമായിരുന്നു. അതിനാല്‍തന്നെ, തീവ്രവാദം, ഭീകരത, പിന്തിരിപ്പന്‍ സ്വഭാവം എന്നിങ്ങനെ സര്‍വ പാശ്ചാത്യ അജണ്ടകളും അവര്‍ ഇസ്‌ലാമിന്റെ പേരില്‍ വെച്ചു കെട്ടി. ഇസ്‌ലാമിക പക്ഷത്ത് നിന്നുള്ള ആശയ പ്രകടനത്തിനും പ്രതികരണത്തിനും അവസരം നിഷേധിക്കപ്പെടുമ്പോള്‍ തന്നെയാണ് അതിന് വലിയ സ്വീകാര്യത ലഭിക്കുന്നതെന്നും നാം ഓര്‍ക്കണം. ഇസ് ലാമിനെയും അതിന്റെ നിയമനിര്‍മാണത്തെയും കുറിച്ച് തെറ്റായി പറഞ്ഞ കാര്യങ്ങളെല്ലാം തിരുത്താനും സോഷ്യല്‍ മീഡിയയില്‍ അതിനോട് പ്രതികരിക്കാനും പലപ്പോഴും സാധ്യമാകുന്നില്ലെന്ന് ഈയടുത്താണ് അല്‍-അസ്ഹര്‍ ശൈഖ് ഡോ. അഹ്‌മദ് അല്‍ ത്വയിബ് പറഞ്ഞത്. സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് തന്റെ ശബ്ദം അല്‍പം പോലും ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നില്ല.
മാധ്യമ-സാംസ്‌കാരിക മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ക്കൊഴികെ മറ്റെല്ലാ ആശയങ്ങളും പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു. ഔദ്യോഗിക സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാം വിരുദ്ധമായ ചിന്തകളും ആശയങ്ങളും ഉള്‍കൊള്ളുന്ന പുസ്തകങ്ങള്‍ എത്രമാത്രമാണെന്ന് ഒരോ നിരീക്ഷകനും കണ്ടെത്താന്‍ കഴിയും. അതേസമയം, അവയെ പ്രതിരോധിക്കുന്ന മറുപടി പുസ്തകങ്ങളുമായി അവയെ തുലനം ചെയ്തുനോക്കിയാല്‍ ഇസ്‌ലാം വിരുദ്ധ പുസ്തകങ്ങള്‍ തന്നെയായിരിക്കും എല്ലായിപ്പോഴും മുന്‍പന്തിയില്‍. അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായ മുസ് ലിം സമൂഹത്തിന്റെ പണം കൊണ്ടുകൂടിയാണ് ശത്രുതാപരമായ ഇത്തരം ഇസ്‌ലാം വിരുദ്ധ സ്ഥാപനങ്ങള്‍ പ്രവര്‍ക്കിക്കുന്നതെന്ന് നാം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp