Current Date

Search
Close this search box.
Search
Close this search box.

മതം മാറ്റമല്ല ; മനം മാറ്റം

നിലവിലെ സാഹചര്യത്തിൽ യു.പി സർക്കാരും ഇന്ത്യയിലെ ഭരണകക്ഷിയും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എളുപ്പവും ഹ്രസ്വവുമായ മാർഗ്ഗമാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന
ഈ വേളയിൽ തന്നെ മതപരിവർത്തനത്തിന്റെ പേര് പറഞ്ഞു ഉത്തർപ്രദേശിലെ പ്രമുഖരായ രണ്ടു ഇസ്ലാമിക പ്രബോധനകരെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് ഇതെഴുതേണ്ടി വന്നത്. ദാഈ ഉമർ ഗൗതം, സുഹൃത്തായ മൗലാനാ ജഹാംഗീർ ഖാസ്മി എന്നിവരാണ് യു.പി യിൽ ഈയിടെ അറസ്റ്റിലായത് . ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് ഇഷ്ടമുള്ളവരോട് പറയാനുമുള്ള ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശത്തിന്മേലാണ് ഭരണകൂടം കൂച്ചുവിലങ്ങിട്ടത്. 80 % ഉദ്യോഗസ്ഥരും അത്രതന്നെ ശതമാനം നാട്ടുകാരും ഹിന്ദുക്കളായിട്ടുള്ള ഒരു ഭൂപ്രദേശത്ത് മറ്റൊരു മതത്തിലേക്ക് ‘ നിർബന്ധ’ മത പരിവർത്തനവും കലാപാഹ്വാനവും നടത്തി വരുന്നു എന്ന എവിടെയും നട്ടാൽ മുളക്കാത്ത നുണയാണ് യോഗീ പോലീസ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിന്റെ പിന്നിലുള്ള ഗൂഡാലോചന ദൈവഹിതത്താൽ പരാജയപ്പെടും , തീർച്ച.

ഇസ്‌ലാമിന് രണ്ട് പ്രധാന സ്രോതസ്സുകളുണ്ട്: ദൈവ ഗ്രന്ഥവും പ്രവാചകചര്യയുമാണവ. നിർബന്ധിത മതപരിവർത്തനത്തെ സംബന്ധിച്ച് അവ എന്തു പറയുന്നു എന്നറിയാനുള്ള ഒരു ശ്രമമാണീ കുറിപ്പ്. നമ്മുടെ നാട്ടിൽ എന്താണ് നടക്കുന്നതെന്ന സത്യം നാട്ടുകാർ അറിയണം ; അവരിലേക്കീ സന്ദേശം എത്തിക്കുകയും വേണം. “മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽ നിന്ന്‌ വ്യക്തമായി വേർതിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു.” 2:256
“അതിനാൽ ( നബിയേ, ) നീ ഉൽബോധിപ്പിക്കുക. നീ ഒരു ഉൽബോധകൻ മാത്രമാകുന്നു.” 88:22
“നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല. “88: 21-22

“നിൻറെ നാഥൻ വേണമെന്ന്‌ ഉദ്ദേശിച്ചിരുന്നെങ്കിൽ, ഭൂമിയിലുള്ളവരെല്ലാം ആസകലം വിശ്വസിക്കുകതന്നെ ചെയ്യുമായിരുന്നു. എന്നിരിക്കെ, മനുഷ്യർ സത്യവിശ്വാസികളാകുന്നതുവരെ അവരെ നീ നിർബന്ധിക്കുകയോ!” 10:99

വിശ്വാസികളല്ലാത്തവർ നിങ്ങളുടെ പ്രബോധനം സ്വീകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു ബാധ്യതയുമില്ലെന്ന് നബിയെ ഓർമപ്പെടുത്തുന്നുണ്ട് ഖുർആൻ : ” അവർ തിരിഞ്ഞുകളഞ്ഞെങ്കിൽ, എന്നാൽ, (നബിയേ) നിന്റെമേൽ സ്പഷ്ടമായ പ്രബോധനം മാത്രമാണുള്ളത്. ” 16 : 82
ഓരോരുത്തർക്കും അവരവരുടെ മതമാവാമെന്ന്
ഖുർആൻ വ്യക്തമാക്കുന്നു :
നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതവും! 109:6
നമ്മുടെ കർമ്മങ്ങൾ നമുക്ക്; നിങ്ങളുടെ കർമ്മങ്ങൾ നിങ്ങൾക്കും. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ന്യായവാദം ഇല്ല. അല്ലാഹു നമ്മുടെ ഇടയിൽ ഒരുമിച്ചുകൂട്ടുന്നതാണ്. അവനിലേക്കാണ് തിരിച്ചെത്തലും.’ 42:15

അപ്പോൾ വിശ്വാസം എന്നത് ഹൃദയത്തിന്റെ അംഗീകരണത്തിന്റേയും കർമം കൊണ്ടുള്ള സ്ഥിരീകരണത്തിന്റെയും പേരാണ്, അല്ലാതെ കേവലം നാവിന്റെ ഏറ്റുപറച്ചിലല്ല;
ഹൃദയങ്ങളിലാണ് അവൻ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നത് 58:22 എന്നാണ് ഖുർആൻ പറയുന്നത്. ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് വായകൊണ്ട് പറയുന്നവര്
അവരുടെ ഹൃദയങ്ങൾ വിശ്വസ്തരല്ല എന്നും 5:14 ൽ ഖുർആൻ പറയുന്നതും അതേയർത്ഥത്തിലാണ്.

ഹൃദയത്തെ കൊണ്ട് വിശ്വസിപ്പിക്കാനോ അനുസരണക്കേട് കാണിക്കാനോ മറ്റൊരാൾക്ക്
എങ്ങനെ കഴിയും?!സ്ഥൂല ശരീരത്തെ നിർബന്ധിക്കാനായേക്കാം, പക്ഷേ ഹൃദയത്തെ നിർബന്ധിക്കാനോ വിശ്വസിപ്പിക്കാനോ
കഴിയില്ല. പിന്നെ എങ്ങിനെ സാക്ഷിമൊഴി / ശഹാദത്ത് ചൊല്ലാൻ മറ്റൊരാളെ നിർബന്ധിക്കുന്നതെങ്ങിനെ ?!

ഇനി നമുക്ക് മുഹമ്മദ് നബി (സ) യുടെ ജീവചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കാം :
വ്യക്തികളെയോ ഗ്രൂപ്പുകളേയോയോ മതം മാറ്റാൻ നിർബന്ധിക്കാൻ അദ്ദേഹത്തിന് നിരവധി അവസരങ്ങളുണ്ടായിരുന്നു. പക്ഷേ അദ്ദേഹമത് ചെയ്തില്ല, ചില ഉദാഹരണങ്ങളിതാ:

1 – ഹിജ്‌റ: രണ്ടാം വർഷത്തിൽ നടന്ന ബദർ യുദ്ധം ; അതിൽ മക്കയിലെ പ്രാധാന യോദ്ധാക്കളും വില്ലാളിവീരന്മാരെല്ലാം പങ്കെടുത്തു. മക്കയിലെ നിഷേധികൾ അടിച്ചേൽപ്പിച്ച പ്രസ്തുത യുദ്ധത്തിൽ, മുസ്‌ലിംകളുടെ എണ്ണം അവരുടെ ശത്രുക്കളുടെ മൂന്നിലൊന്നിൽ താഴെയായിരുന്നു; എന്നാൽ സർവശക്തനായ അല്ലാഹു വിശ്വാസികൾക്കാണ് വിജയം നല്കിയത്. ഇസ്ലാമിന്റെ എതിർപക്ഷത്തുള്ള എഴുപത് പേർ യുദ്ധത്തിൽ ബന്ദികളായി കൊണ്ടുവരപ്പെട്ടു. നബിക്ക് അവരെ വിശ്വസിക്കാൻ നിർബന്ധിക്കാമായിരുന്നു. എന്നാൽ ഈ തടവുകാരുമായി നിങ്ങൾ ഒരു തരത്തിലുള്ള ബലപ്രയോഗവും നടത്തിയില്ലെന്ന് മാത്രമല്ല; നേരെമറിച്ച്, അവരോട് വളരെ ദയയോടെ പെരുമാറി, സൂചനകളിൽ പോലും മുസ്‌ലിംകളാകാൻ അവരോട് ആവശ്യപ്പെട്ടിട്ടില്ല എന്നതിന് ചരിത്രം തെളിവാണ്.

2 – പലായനം ചെയ്തു മദീനയിലെത്തിയ ശേഷം അവിടത്തുകാരുമായി ഒരു ഉടമ്പടി തയ്യാറാക്കുകയാണ് നബി തിരുമേനി ആദ്യം ചെയ്തത്. ഈ ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങൾ മൂന്നായിരുന്നു :-
ഒന്ന്: ജീവൻ, സ്വത്ത്, അഭിമാനം എന്നിവയുടെ സംരക്ഷണം
രണ്ടാമത്തേത്: എല്ലാവർക്കും അവരുടെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം,
മൂന്നാമത്തേത്: മദീന ആക്രമിക്കപ്പെട്ടാൽ, മുസ്ലീങ്ങളും ജൂതന്മാരും മറ്റു തദ്ദേശീയരും ഒരുമിച്ച് പോരാടണം.
മദീനാകരാർ എന്നറിയപ്പെടുന്ന ഈ ഉടമ്പടിയുടെ പ്രധാന ഊന്നൽ തന്നെ എല്ലാ ആളുകളുടെയും മതസ്വാതന്ത്ര്യമായിരുന്നു.

3 – മദീനയ്ക്ക് ചുറ്റും യഹൂദന്മാരുടെ മൂന്ന് പ്രധാന ഗോത്രങ്ങൾ ഉണ്ടായിരുന്നു, അവർ വലിയ കോട്ടകളിലായിരുന്നു താമസിച്ചിരുന്നത്, അവരുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരുന്നു, അവരിൽ പ്രശസ്ത ഗോത്രം ബനൂ ഖൈനുഖാആയിരുന്നു, അവരാണ് ആദ്യമായി മുസ്ലീങ്ങളുമായുള്ള കരാർ ലംഘിച്ചത്. നബി സംഗതിയുടെ ഗൗരവം അവരെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
മുസ്ലീങ്ങൾ അവരുടെ കോട്ട ഉപരോധിച്ചു, ഈ ഉപരോധം പതിനഞ്ച് ദിവസം നീണ്ടുനിന്നു . പിന്നീട് അവരുടെ മധ്യസ്ഥൻ അബ്ദുല്ലാഹി ഇബ്നു ഉബയ്യിന്റെ ഇടപെടലോടെ അവർ ശാമിലെ അസറാതിലേക്ക് പോവുകയായിരുന്നു. വേണമെങ്കിൽ അവരെ മുഴുവൻ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹമവരോട് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടില്ല.

4 – മദീനയിലെ മറ്റൊരു ഗോത്ര ജൂതന്മാരായ ബനുൻനസീറും മദീനയ്ക്കടുത്ത് തന്നെ താമസിച്ചിരുന്നത്, അവരുടെ കോട്ടയും വളരെ ഗംഭീരമായിരുന്നു. അവർ ഉടമ്പടി ലംഘിക്കുകയും പ്രവാചകനേയും സഖാക്കളേയും വധിക്കാൻ ക്വട്ടേഷൻ നൽകിയ രഹസ്യം പുറത്തായപ്പോൾ നടന്ന ഉപരോധത്തിലും തുടർന്ന് പത്തു ദിവസം നീണ്ട കോട്ട ഉപരോധത്തിന് ശേഷം തങ്ങളുടെ അമ്മിയും ഉരലും കഴുക്കോലുമടക്കം എല്ലാ വസ്തുവകകളുമായി അറുനൂറ് ഒട്ടകങ്ങളിൽ കയറിക്കൊണ്ട് ശാം ഭാഗത്തേക്ക് പോവുകയായിരുന്നു എന്നല്ലാതെ 1800-2000 പേരുള്ള ആ ഗോത്രത്തെ ഇസ് ലാം  സ്വീകരിക്കാൻ നിർബന്ധിക്കാമായിരുന്നിട്ട് പോലും നബി അതിന് ശ്രമിച്ചില്ല. യഹൂദരുടെ കളിക്കൂട്ടുകാരായ അൻസ്വാരി കുട്ടികളോടു പോലും അവർക്ക് യാതൊരു വിധ തടസ്സവും സൃഷ്ടിക്കരുതെന്ന് ഉപദേശിക്കുകയായിരുന്നു പ്രവാചകൻ ചെയ്തത്.

5 -ഒരു സമൂഹഗാത്രമൊന്നടങ്കം മുസ്‌ലിംകളുമായി യുദ്ധം ചെയ്യുകയും അവസാനത്തെ വിജയം വിശ്വാസികൾ നേടുകയും ചെയ്ത
നിരവധി സംഭവങ്ങളുണ്ടായിരുന്നു; അപ്പോഴെല്ലാം വേണമെങ്കിൽ നിർബന്ധ മതം മാറ്റലിന് ഒരുപാട് അവസരങ്ങളുണ്ടായിരുന്നു.എന്നാൽ നബി അത്തരമൊരു നടപടി ഒരിക്കലും സ്വീകരിച്ചില്ല. മക്കാ വിജയം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മക്കയിലെ ജനങ്ങൾ അദ്ദേഹത്തോട് മുമ്പ് വളരെ ക്രൂരമായി പെരുമാറിയിരുന്നു. അവരുടെ ഭാഗത്തുനിന്ന് ദുർബലരായ മുസ്ലീങ്ങളെ ഘർ വാപസിക്കുള്ള ശ്രമങ്ങളുണ്ടായി. ആ പ്രദേശം മുഴുവൻ കീഴടങ്ങിയ സാഹചര്യത്തിൽ, അഥവാ വിശ്വാസികൾ അവിടെ ജേതാക്കളായപ്പോൾ മക്കയിലെ ജനങ്ങളെ മുസ്ലീങ്ങളാകാൻ നിർബന്ധിക്കാമായിരുന്നു. പക്ഷേ എല്ലാവർക്കും പൊതു മാപ്പ് കൊടുത്തു മാന്യമായി ” പ്രതികാരം ” ചെയ്യുന്ന ഒരു രംഗമാണവിടെ നാം കാണുന്നത്. തന്നെ പീഡിപ്പിച്ചവരോട് പോലും ക്ഷമിക്കുകയും ഹസ്രത്ത് യൂസുഫ് (അ) തന്റെ സഹോദരന്മാരുമായി നടത്തിയ പെരുമാറ്റത്തിന്റെ ചരിത്രം ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത് :

“നിങ്ങൾ സ്വതന്ത്രരാണ്, നിങ്ങൾക്കെതിരെ ഒരു പ്രതികാരവുമില്ല, അല്ലാഹു നിങ്ങളോട് ക്ഷമിക്കട്ടെ, അവൻ പരമകാരുണികനാണ് എന്ന പ്രാർഥനകളും ആശംസകളും നേരുന്ന ഒരു മാതൃകാ നേതാവിനെയാണ് നാമദ്ദേഹത്തിൽ കണ്ടത്. അദ്ദേഹത്തിന് വേണമെങ്കിൽ, ഈ അവസരത്തിൽ എല്ലാ നിഷേധികളെയും മുസ്‌ലിംകളാകാൻ നിർബന്ധിക്കാമായിരുന്നു. പക്ഷെ നിങ്ങൾ അങ്ങനെ ചെയ്തില്ല. അവരിലധികവും നിഷേധത്തിൽ തുടർന്നു. ആ ഭൂരിപക്ഷത്തെ ആ നാട്ടിൽ സാക്ഷിനിർത്തിയാണ് സംരക്ഷിത പ്രദേശമായ അവിടെ നബി തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും ഹജ്ജ് നിർവഹിച്ചത്. നബിക്ക് വേണമെങ്കിൽ ഇബ്രാഹീം നബി ഏക ദൈവത്വത്തിനായി സമർപ്പിച്ച ആ പ്രദേശത്ത് താമസിക്കുന്നവരെയെങ്കിലും അടിസ്ഥാന ഏകദൈവത്വത്തിലേക്ക് നിർബന്ധപൂർവ്വം മടക്കാമായിരുന്നു. അദ്ദേഹമത് ചെയ്തില്ല. ഇസ്ലാമത് സമ്മതിക്കുന്നുമില്ല.

6 – മക്കക്ക് സമീപമാണ് ബനൂ ഹവാസിൻ ഗോത്രം താമസിച്ചിരുന്നത്. മക്കാ വിജയം നടന്നപ്പോൾ
ബനൂ ഹവാസിൻ ഗോത്രം മാത്രം ഇസ്ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. തങ്ങളുടെ വില്ലാളികളെക്കുറിച്ച് വളരെയധികം അഭിമാനിച്ചിരുന്നതിനാൽ, ഹുനൈനിൽ ആരംഭിച്ച് തായിഫിൽ അവസാനിക്കുന്നതു വരെയുള്ള ചില സംഘർഷങ്ങളുണ്ടായി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 6,000 പേരെ തടവുകാരായി. നബി (സ) ഒന്നു ആവശ്യപ്പെട്ടാൽ ഒരു ഗോത്രം ഒന്നടങ്കം നിർബന്ധിതരായി മതം മാറുമായിരുന്നു. അങ്ങിനെയുണ്ടാവുന്ന മതം മാറ്റം നടത്തുന്നത് അടുത്ത കാറ്റടിക്കുമ്പോഴേക്കും ഇല്ലാതാവുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. നബിയുടേയും സഖാക്കളുടേയും ഉത്തമമായ പെരുമാറ്റം കണ്ട് അവരിൽ ചിലർ മനം മാറി അദ്ദേഹത്തിന്റെ കൂടെ കൂടുകയായിരുന്നു.

7 – അതുപോലെ ഒന്നു കണ്ണുരുട്ടിയാൽ പോലും മതം മാറ്റാവുന്ന എത്രയോ മനുഷ്യരെ പുഞ്ചിരി തൂകിമാത്രം മനം മാറ്റിയതിന്റെ ഏറ്റവും പ്രോജ്വലമായ ഉദാഹരണമാണ് സുമാമ ഇബ്നു ഉസാൽ ഹനഫി. ഒരു രക്ഷ രൂക്ഷിത പോരാട്ടത്തിലാണ് അദ്ദേഹത്തെ വിശ്വാസികൾ പിടികൂടിയത്. അവരദ്ദേഹത്തെ മദീനയിലെത്തിച്ച് അക്കാലത്തെ തടവറ നിയമപ്രകാരം പള്ളിയുടെ ഒരു തൂണിൽ കെട്ടിയിട്ടു. പള്ളിയിൽ വെച്ച് സുമാമയെ കണ്ട നബി തിരുമേനി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചത് : സുമാമ, നിങ്ങൾക്ക് എന്താണ് വേണ്ടത്? എന്നായിരുന്നു. അപ്പോൾ സുമാമ പറഞ്ഞത് : നിങ്ങൾക്കെന്നെ കൊല്ലാം. അതിനു മാത്രം അക്രമം നിങ്ങളോട് ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് കരുണയുടെ മാർഗവും അവലംബിക്കാം. ഇനി തെണ്ടം നല്കി മോചനം നേടാനും ഞാനൊരുക്കമാണ്.
അദ്ദേഹത്തിനെ നല്ല രീതിയിൽ പരിഗണിക്കണമെന്ന് അനുചരന്മാരോട് ആവശ്യപ്പെട്ട് നബി തിരുമേനി പോയി.പിറ്റേ ദിവസവും മൂന്നാം ദിവസവും ഇതേ സംഭാഷണം ആവർത്തിച്ചു. മൂന്നാം നാൾ അദ്ദേഹം മോചിതനായ ഉടനെ കുളിച്ചു വന്ന് പ്രവാചക കരം ഗ്രഹിച്ചു ഇസ്ലാം സ്വയം തെരെഞ്ഞെടുത്ത് ഇസ്ലാമിന്റെ മുന്നണിപ്പോരാളിയായി മാറുകയായിരുന്നു സുമാമ (റ). നബിക്ക് വേണമെങ്കിൽ ഒന്നാം നാളിൽ തന്നെ അദ്ദേഹത്തെ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആവശ്യപ്പെടാമായിരുന്നു. നബിയത് ചെയ്തില്ല; കാരണം ഇസ്്ലാമതിനുള്ള അനുമതി നൽകുന്നില്ല എന്നതാണ് സത്യം. അന്ന് സുമാമ നടത്തിയ ഒരു പ്രഖ്യാപനം ചരിത്ര പ്രസിദ്ധമാണ്.

“അല്ലാഹുവിന്റെ റസൂലേ! ലോകത്തിലെ ഒരു മനുഷ്യനും നിങ്ങളെക്കാൾ എന്റെ കാഴ്ചയിൽ വെറുക്കപ്പെട്ടവനായി ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നിങ്ങളെക്കാൾ ലോകത്തിൽ ഞാൻ സ്നേഹിക്കുന്ന മറ്റാരുമില്ല. എനിക്ക് നിങ്ങളുടെ മതത്തെക്കാൾ വെറുപ്പുള്ള ഒരു മതവും ലോകത്തുണ്ടായിരുന്നില്ല. എന്നാൽ ഇന്നെനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മറ്റൊരു ദീനുമില്ല. ഈ നഗരത്തേക്കാൾ വെറുക്കപ്പെട്ട ഒരു പ്രദേശം എനിക്കുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇവിടമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാട് .”

8 – അബൂ ത്വാലിബ് താഴ്‌വരയിൽ (ശിഅ്ബു അബീ ത്വാലിബിൽ ) മൂന്നുവർഷത്തോളം തന്നെയും കുടുംബത്തേയും ബഹിഷ്കരിച്ച് ചെരിപ്പിന്റെ വാർ വെളുത്തിലിട്ട് കുഞ്ഞുമക്കളുടെ വിശപ്പിന്റെ കാഠിന്യത്താലുള്ള കരച്ചിലടക്കിയ ഒരു കാലം മക്കയിലെ ജീവിതത്തിനിടയിൽ പ്രവാചകത്വത്തിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. അതേ ഗോത്ര പ്രമുഖർക്ക് മക്കാ വിജയത്തിന് ശേഷം റേഷൻ നല്കുന്ന സമയത്ത് അവർ വന്ന് കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളും പരാധീനതകളും പറഞ്ഞപ്പോൾ യമാമയിൽ നിന്ന് ധാന്യം കൊണ്ടുവന്ന സംഘത്തിന്റെ നേതാവ് ഉപരി സൂചിത സുമാമ (റ) പറഞ്ഞു: “ആർക്കും ഒരു ധാന്യം പോലും അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ നല്കില്ല ” എന്ന് പ്രഖ്യാപിക്കുന്നതിനിടയിൽ അവിടെയെത്തിയ കാരുണ്യത്തിന്റെ കേദാരമായ പ്രവാചകൻ പറഞ്ഞത് : ആവശ്യക്കാരന്റെ ആവശ്യം പരിഗണിച്ച് ധാന്യം വിതരണം ചെയ്യാനാണ്. വേണമെങ്കിൽ അവരുടെ ദൗർബല്യം പരിഗണിച്ചു തന്റെ ആദർശം പറയാമായിരുന്ന സ്ഥലത്തും സ്നേഹം തിരിച്ചു നല്കി മധുരമായി പ്രതികാരം വീട്ടുകയായിരുന്നു തിരുമേനി .ഇതാണ് അദ്ദേഹം പ്രഘോഷണം നിർവഹിച്ച ധർമ്മം. സ്നേഹം മാത്രം പ്രസരണം ചെയ്യുന്ന ദിവ്യ പ്രകാശം

(ഇന്ത്യൻ മുസ്ലിം പേഴ്സണൽ ലോ ബോർഡ്, ഇന്ത്യൻ ഫിഖ്ഹ് അകാദമി എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി )

വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles