ശിഈ വിരുദ്ധ അതിക്രമത്തിൽ എനിക്കൊരു സുഹൃത്ത് ആദ്യമായി നഷ്ടപ്പെടുമ്പോൾ എനിക്ക് പ്രായം പതിനേഴ്. 2007-ൽ ഞാൻ പാകിസ്ഥാനിലെ ക്വറ്റയിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കാലമാണ്. എനിക്കൊരു ക്ലാസ്മേറ്റുണ്ടായിരുന്നു , ഇംറാൻ. എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നവൻ. ഒരു ദിവസം അവൻ ക്ലാസിൽ വന്നില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞു, അവൻ ഒരു ചാവേർ ബോംബിഗിൽ കൊല്ലപ്പെട്ടിരിക്കുന്നു. ആശൂറ ദിനത്തിൽ ശിഈ മുസ്ലിംകൾ നടത്തി വരാറുള്ള ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയാണ് ചാവേർ പൊട്ടിത്തെറിച്ചത്.
ആ ദാരുണ സംഭവത്തിന് ശേഷം ഞാൻ ക്ലാസിൽ ഇരിക്കെ ഇടത്തോട്ട് തിരിയും, ഇംറാന്റെ ചെവിട്ടിൽ എന്താേ മന്ത്രിക്കാനായി. അവിടെ ശൂന്യത മാത്രമേയുള്ളൂ. തൊണ്ടയിൽ ഒരു മാംസക്കഷ്ണം കുടുങ്ങിയത് പോലെ എനിക്ക് തോന്നും.
അപ്പോഴാണ് ശിഈ വിരുദ്ധ ഹിംസയെക്കുറിച്ച് ഞാൻ ബോധവാനാകുന്നത്. എന്റെ നാടായ അഫ്ഗാനിസ്ഥാൻ അങ്ങനെയുള്ള ധാരാളം ഹിംസകൾക്ക് സാക്ഷിയായിട്ടുണ്ട്. പക്ഷെ ഞാൻ എന്റെ മാതാപിതാക്കളിൽ നിന്ന് കേട്ട കഥകൾ സോവ്യറ്റ് അധിനിവേശത്തെക്കുറിച്ചും പിന്നെ താലിബാന്റെ കീഴിൽ തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ചുമായിരുന്നു. ആയതിനാൽ ഞങ്ങൾ ജീവിക്കുന്ന മേഖലയിൽ പുകഞ്ഞുകൊണ്ടിരുന്ന ഞങ്ങൾ ശിഈ മുസ്ലിംകൾക്കെതിരെയുള്ള മത, വംശീയ വിദ്വേഷത്തെക്കുറിച്ച് ഞാൻ പൂർണ്ണമായും അജ്ഞനായിരുന്നു എന്ന് തന്നെ പറയാം.
ഇംറാന്റെ മരണം എന്നെ ശരിക്കും നടുക്കി. ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു. എപ്പോഴും ക്ലാസിൽ എ ഗ്രേഡ് കിട്ടാൻ ശ്രമിക്കുന്ന, സഹപാഠികളുമായെല്ലാം സൗഹൃദത്തിൽ കഴിയുന്ന ഒരു കുട്ടിയെ ആരാണ് കൊല്ലാൻ നോക്കുക? ഓരാളെയും നോവിക്കാത്ത ആ കുട്ടിയുടെ മരണം ആരാണ് ആഗ്രഹിക്കുന്നത്?
ആ ചാവേർ ബോംബ് സ്ഫോടനത്തിന് ശേഷം പാകിസ്ഥാനിൽ ഹസാറകൾക്കും ശിഈ മുസ്‌ലിംകൾക്കുമെതിരായ ആക്രമണങ്ങൾ വർധിച്ചു. 2006-ൽ ഞാൻ അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തി. ആ ഭീകരതയെ പിന്നിൽ ഉപേക്ഷിച്ചു പോരാൻ കഴിഞ്ഞല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. വിഭാഗീയ ഹിംസ ഇനി ഞങ്ങളിലേക്കെത്തില്ലല്ലോ എന്നും സമാധാനിച്ചു. പക്ഷെ എനിക്ക് തെറ്റി. ഭീകരത ഞങ്ങളെ തേടി വരിക തന്നെ ചെയ്തു. 2011 ഡിസംബറിൽ കാബൂളിലെ അബുൽ ഫസൽ മസാറിൽ ആശൂറാ ദിനത്തിൽ ശിഈ മുസ്ലിംകൾ സമ്മേളിച്ചിരിക്കെ ചാവേർ ആക്രമണമുണ്ടായി. പൊട്ടിത്തെറിയിൽ എൺപതോളം പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർക്ക് പരിക്ക് പറ്റി.
തുടർന്നുള്ള ഒരു പതിറ്റാണ്ടിനിടക്ക് പള്ളികളിലും സ്കൂളുകളിലും സ്റ്റേഡിയങ്ങളിലും ബസുകളിലും ബസാറുകളിലും ശിഈ വിഭാഗത്തിലെ പുരുഷൻമാരും സ്ത്രീകളും കുട്ടികളും ആക്രമണത്തിന് ഇരകളായി. ഈ നിമിഷം വരെ അത് തുടരുകയാണ്. മത തീവ്രവാദികൾ വംശീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ശിഈ വിരുദ്ധ ഹിംസയിൽ ഞങ്ങളിൽ പലർക്കും കുടംബങ്ങളെയും സുഹൃത്തുക്കളെയും നഷ്ടമായി. ഇതിന്റെ ദുരിതമനുഭവിക്കാത്ത ഒരു ശിഈ കുടംബം പോലും അഫ്ഗാനിൽ ഉണ്ടായിരിക്കാനിടയില്ല.
ഞാനിപ്പോൾ രണ്ട് കുട്ടികളുടെ പിതാവാണ്. പതിനെട്ട് വർഷം മുമ്പ് ഇംറാൻ വിട പറഞ്ഞത് എനിക്ക് മറക്കാൻ കഴിയില്ല. അത്തരമൊരു ദുരന്തത്തിലൂടെ എന്റെ കുട്ടികളും കടന്നുപോയേക്കുമെന്ന് ഞാൻ ഭയക്കുന്നു. ഇംറാൻ ഇരുന്നിരുന്ന ക്ലാസ് മുറിയിലെ ആ ഒഴിഞ്ഞ സീറ്റ് അവരുടെതായിത്തീരുമോ എന്നും എനിക്ക് പേടിയുണ്ട്.
കഴിഞ്ഞ സെപ്തംബർ അവസാനത്തിൽ കാബൂളിന് തൊട്ടടുത്തുള്ള ദാശ്തെ ബറാച്ചിയിലെ കാജ് എഡ്യൂക്കേഷനൽ സെന്ററിൽ ചാവേർ ആക്രമണമുണ്ടായി എന്ന് കേട്ടപ്പോൾ ഞാനാകെ തകർന്നു പോയി. 53 വിദ്യാർഥികളാണ്, അവരിലധികവും പെൺകുട്ടികൾ, അതിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റു. പുറം ലോകത്തിന് ഇത് ഊരും പേരുമറിയാത്ത കുറച്ച് അഫ്ഗാനികൾ കൊല്ലപ്പെട്ട ഒരു പതിവ് ചാവേർ ആക്രമണം മാത്രം. ഞങ്ങൾക്കിത് ഞങ്ങൾ കടന്നുപോകേണ്ട മറ്റൊരു ഭീകരാനുഭവം.
വാർത്തയിലൂടെ ഒന്ന് കണ്ണോടിച്ച് ലോകം പെട്ടെന്ന് മുന്നോട്ട് പോകും. ഞങ്ങൾക്കതിന് കഴിയുമോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം, നാടിന്റെയും സമൂഹത്തിന്റെയും അഭ്യുന്നതിക്കായി പ്രവർത്തിക്കേണ്ട ഊർജ്ജസ്വലരായ ഒരു യുവ തലമുറ തന്നെയാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. വിദ്യ അഭ്യസിക്കാൻ, സ്വപ്നം കാണാൻ ധൈര്യപ്പെട്ടതിനാണ് അവരുടെ ജീവൻ തന്നെ കവർന്നെടുത്തിരിക്കുന്നത്.
ചാവേർ ആക്രമണ വാർത്ത കേട്ടപ്പോൾ ഞാൻ എന്റെ മൂത്ത മകളെ ഓർത്തു. ഇപ്പോൾ അവൾക്ക് ഫസ്റ്റ് ഗ്രേഡുണ്ട്. നന്നായി പഠിക്കുന്നുണ്ട്. വലിയ സ്വപ്നങ്ങളൊക്കെയാണ്. ഒരു പിതാവെന്ന നിലയിൽ എനിക്ക് കഴിയാവുന്നതൊക്കെ ഞാൻ ചെയ്തു കൊടുക്കുന്നുണ്ട്. അവളുടെ കാര്യം കഴിഞ്ഞേ ഞാൻ എന്റെ കാര്യം നോക്കൂ. ഹോംവർക്കിൽ സഹായിക്കും. ഏറ്റവും മികച്ച സ്ഥാപനത്തിൽ അവൾ ചേർന്ന് പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ചാവേർ ആക്രമണങ്ങളെക്കുറിച്ച് അവൾക്ക് അറിയാം. സ്കൂളുകളും ആക്രമിക്കപ്പെടുന്നുണ്ടെന്നത് ഞാനവളിൽ നിന്ന് മറച്ച് പിടിക്കാനാണ് ശ്രമിക്കാറ്. അവൾക്കും അവളുടെ കൂട്ടുകാരികൾക്കും അങ്ങനെയൊരു ആക്രമണമുണ്ടായാൽ രക്ഷപ്പെടാനുളള പരിശീലനമൊക്കെ കിട്ടുന്നുണ്ട്. അപ്പോൾ അവൾക്കറിയാമല്ലോ അത് സംഭവിക്കുമെന്ന്. എന്നാലും ഞാൻ അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് സ്കൂളുകൾ ആക്രമിക്കപ്പെടില്ല എന്ന് തന്നെയാണ്. അവളത് വിശ്വസിക്കുന്നതായും തോന്നി.
ചിലപ്പോൾ അവൾ ചോദിക്കും. എന്തിനാണ് പടച്ചവൻ ചീത്തയാളുകളെ സൃഷ്ടിച്ചത്? ആ ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. പ്രതികരണമായി ഞാൻ വെറുതെ തോൾ വെട്ടിക്കും. ഇങ്ങനെ പറഞ്ഞെന്നും വരും. ഒരു പക്ഷെ നല്ലവരാകാൻ വേണ്ടിയാകാം അവരെ സൃഷ്ടിച്ചിട്ടുണ്ടാവുക. എന്ത് ചെയ്യാം, അവർ ചീത്ത ആളുകളായിപ്പോയി. അല്ലെങ്കിൽ സ്കൂളിൽ പോകാത്തത് കൊണ്ടാവാം അവർ ചീത്തയാളുകളായിപ്പോയത്.
അവളോട് ഞാൻ പറയാത്ത മറ്റൊരു കാര്യമുണ്ട് – നിങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എനിക്ക് കഴിയില്ല എന്ന് അവൾ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ എന്നോടും മറ്റു രക്ഷിതാക്കളോടും മുൻകൂറായി പറഞ്ഞിട്ടുണ്ട് എന്ന കാര്യം. സത്യത്തിൽ മനസ്സിന് യാതൊരു സ്വസ്ഥതയുമില്ല. അവൾക്കും അവളുടെ ചെറിയ അനുജത്തിക്കും അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. എനിക്കാകട്ടെ, ശിഈ മുസ്ലിംകളെ വെറുക്കുന്നവരിൽ നിന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നുമില്ല.
എന്നെപ്പോലെ നിരവധി ശിഈ മാതാപിതാക്കൾ അഫ്ഗാനിസ്ഥാനിലുണ്ട്. അവരുടെ മക്കൾ ഡോക്ടർമാരോ ടീച്ചർമാരോ എഞ്ചിനിയർമാരോ അഭിഭാഷകരോ ഒക്കെ ആയിത്തീരുന്നതിന് മുമ്പായി അവർ ഇല്ലാതാക്കപ്പെടുമെന്ന് ആ രക്ഷിതാക്കൾ ഭയക്കുന്നു. സുരക്ഷ നൽകണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതൊക്കെയും ബധിര കർണ്ണങ്ങളിൽ പതിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തോടും ഞങ്ങൾ കേഴുന്നുണ്ട്. അവരും അവഗണിക്കുകയാണ്.
പല കുടുംബങ്ങളും കുട്ടികൾക്ക് സുരക്ഷിത താവളം തേടി അഫ്ഗാനിസ്ഥാൻ വിട്ടു കഴിഞ്ഞു. ഞങ്ങൾ എന്ത് വന്നാലും ഇവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചവരാണ്. മതാചാരങ്ങൾ അനുഷ്ടിക്കുന്നതിൽ നിന്നോ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ നിന്നോ ഞങ്ങൾ പിന്മാറാൻ പോകുന്നില്ല. നാട്ടിൽ തങ്ങാൻ തീരുമാനിച്ചവർ ചെറിയ ചെറിയ കാര്യങ്ങളിൽ പ്രതീക്ഷയുടെ നാമ്പ് കാണാൻ ശ്രമിക്കുകയാണ്.
ദാഷ്തെ ബർച്ചിലെ മാരകമായ സ്ഫോടനത്തിന് ശേഷം ഞാൻ എന്റെ കൊച്ചു മകളെ സ്കൂളിൽ കൊണ്ട് വിടാൻ ചെന്നു. തിരിച്ച് കാബൂളിലെ തെരുവുകളിലൂടെ നടക്കുമ്പോൾ വേറെയും കുട്ടികളെ കണ്ടു. അതെ, ഒന്നിനും ഞങ്ങളുടെ ഇഛാശക്തിയെ തകർക്കാനായിട്ടില്ല.
വിവ- അശ്റഫ് കീഴുപറമ്പ്
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5