Current Date

Search
Close this search box.
Search
Close this search box.

യുദ്ധ ഭൂമിയല്ല, കാപ്പി കൃഷിയുടെ വിളനിലമായ യമന്റെ കഥ

പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാപ്പിയും അതിന്റെ കൃഷിയും. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയുടെ ഒരറ്റത്തു നിന്നും യെമനിലേക്ക് യാത്ര ചെയ്ത രാജ്യം അതിനുശേഷവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാപ്പി ഉത്പാദകരില്‍ ഒരാളായി അതിന്റെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

കാപ്പിയുടെ ഉയര്‍ന്ന ഗുണമേന്മയും വേറിട്ട രുചിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആധുനിക യുഗത്തിലും ഇതിനായി യന്ത്രസാമഗ്രികളോ രാസവസ്തുക്കളോ ആധുനിക രീതികളോ ഒന്നും തന്നെ ഈ പ്രക്രിയയില്‍ യെമന്‍ നടപ്പിലാക്കിയിട്ടില്ല. നവംബറില്‍ ആരംഭിച്ച് ജനുവരി അവസാനം വരെ നീണ്ടുനില്‍ക്കുന്നതാണ് യെമനിലെ കാപ്പി വിളവെടുപ്പ് സീസണ്‍. തലസ്ഥാനമായ സന്‍ആയില്‍ നിന്നും 100 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മനാഖ മേഖലയാണ് കാപ്പി കൃഷിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന്.

പച്ചപ്പ് നിറഞ്ഞ മലനിരകള്‍ക്കും കാര്‍ഷിക ഭൂമിക്കും പേരുകേട്ടതാണ് ഈ പ്രദേശം. കാപ്പി വിളവെടുപ്പില്‍ സാധാരണയായി കുടുംബത്തിലെ എല്ലാ പുരുഷന്മാരും ചെയ്യുന്നു, കുട്ടികള്‍ പോലും ഇതില്‍ പങ്കെടുക്കുന്നു. കുടുംബത്തിലെ ചെറുപ്പക്കാരായ അംഗങ്ങളാണ് സാധാരണയായി കാപ്പിക്കുരു തരംതിരിച്ച് വെയിലത്ത് ഉണക്കാനിടുക. യെമനിലെ സ്‌പെഷ്യല്‍ കാപ്പിയുടെ ഭൂരിഭാഗവും 1,800 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. യെമനി കാപ്പി മരത്തിന് പച്ച നിറമാണ്, അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരമുണ്ട് ഈ മരങ്ങള്‍ക്ക്. കാപ്പി കുരുവിനും പച്ച നിറമാണ്, ഇത് പഴുക്കാനും ചുവപ്പ് നിറമാകാനും ഏകദേശം രണ്ടര മാസമെടുക്കും.

ചെറികള്‍ പറിച്ചെടുത്താല്‍ 10 മുതല്‍ 15 ദിവസം വരെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ വെയിലത്ത് ഉണക്കാനിടും. അവ ഉണങ്ങുന്നതിലൂടെ, ചെറികള്‍ കൂടുതല്‍ സാന്ദ്രമാവുകയും, അന്തിമ ഉല്‍പ്പന്നത്തിന് സുഗന്ധവും സ്വാദും കൊണ്ട് സമ്പുഷ്ടമാക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. അവ ഉണങ്ങിക്കഴിഞ്ഞാല്‍, കര്‍ഷകര്‍ കുരു പിളര്‍ന്ന് വിത്ത് ശേഖരിക്കുകയും അത് വൃത്തിയാക്കുകയും തയ്യാറാക്കുകയും ചെയ്യുന്നു. ഇതിനുശേഷം, കാപ്പിക്കുരു ഒരു ചട്ടിയില്‍ വറുത്ത്, ഒന്നിച്ച് പൊടിച്ച് പായ്ക്ക് ചെയ്ത് വില്‍ക്കുന്നതാണ് രീതി. കാപ്പിക്കുരുവിന് ഇരുണ്ട നിറമാണെങ്കില്‍, അന്തിമ ഉല്‍പ്പന്നം കൂടുതല്‍ സ്വാദിഷ്ടവും സുഗന്ധവുള്ളതുമായിരിക്കും.

കാപ്പി പഴത്തില്‍ നിന്നും കാപ്പിക്കുരു എടുത്ത ശേഷം അവശേഷിക്കുന്ന ഭാഗം കൊണ്ട് ഇഞ്ചിയും ഏലക്കായും ചേര്‍ത്ത് യെമനിലെ പ്രശസ്തമായ ഒരു കാപ്പി പാനീയമായ ഖിഷ്ര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കാപ്പി ചെടിയുടെ ഇലകള്‍ ഹെര്‍ബല്‍ ടീ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

യെമന്‍ കാപ്പി ലോകമെമ്പാടും പ്രശസ്തമാണെങ്കിലും, സമീപ വര്‍ഷങ്ങളില്‍, വിളവെടുക്കുന്നതില്‍ കര്‍ഷകര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2014 മുതല്‍ തുടരുന്ന യെമനിലെ യുദ്ധം ഈ വ്യവസായത്തെ സാരമായി ബാധിച്ചു. വിളവ് കുറഞ്ഞതിനാല്‍ പല കര്‍ഷകര്‍ക്കും വിളവെടുപ്പില്‍ നിന്ന് സ്ഥിരമായ ഒരു ഉപജീവനമാര്‍ഗം നേടാനാകുന്നില്ല. സമ്പദ്വ്യവസ്ഥയിലെ ആഘാതം, വിദേശ വ്യാപാരത്തില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അതിര്‍ത്തികള്‍ അടച്ചതും കര്‍ഷകര്‍ കാപ്പി കയറ്റുമതി ചെയ്യാന്‍ പാടുപെടുന്നു. കൃഷിയിടങ്ങളില്‍ ജലസേചനം നടത്താനുള്ള വെള്ളത്തിന്റെ ദൗര്‍ലഭ്യവും ചെറിയ മഴയും വെല്ലുവിളിയാണ്.

സമീപ വര്‍ഷങ്ങളില്‍, കാപ്പിയുടെ വില കുറഞ്ഞു, പല കര്‍ഷകരും ഉല്‍പ്പാദിപ്പിക്കുന്നതിന് ലാഭകരമാകുന്നില്ല. അതിനാല്‍ അവരുടെ കുടുംബത്തെ ഇതുകൊണ്ട് പരിപാലിക്കാന്‍ കഴിയുന്നില്ല. പലരും ഈ വ്യവസായം പാടെ ഉപേക്ഷിക്കുകയും പകരം ബദല്‍ വിളകള്‍ വളര്‍ത്തുകയും ചെയ്യുന്നു, അത് കൂടുതല്‍ ലാഭകരമാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

കര്‍ഷകര്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനിടയിലും രാജ്യത്തെ ശക്തമായ പാനീയത്തിന് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഫെസ്റ്റിവലുകളും കൊണ്ട് രാജ്യത്ത് കാപ്പിക്ക് വലിയ സ്ഥാനമാണുള്ളത്. മാര്‍ച്ച് 3 ന്, യെമനികള്‍ ദേശീയ കാപ്പി ദിനം പ്രമാണിച്ച് മോച്ച ഫെസ്റ്റിവല്‍ ആഘോഷിക്കുന്നു. രാജ്യത്തെ കാപ്പി കൃഷിയെ ആഘോഷിക്കുന്ന ഈ പരിപാടി രാജ്യത്തിന്റെ കാപ്പി വളര്‍ത്തുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന പരിപാടിയാണ്.

വ്യവസായത്തില്‍ പുതുജീവന്‍ ലക്ഷ്യമിട്ട് ചില കര്‍ഷകര്‍ കാപ്പിക്കുരു കൃഷി ചെയ്ത ശേഷം കറുവപ്പട്ട പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇടകലര്‍ത്തി സുഗന്ധവ്യഞ്ജന കൃഷി ചെയ്യുന്നുണ്ട്.

നഗരങ്ങളില്‍ മികച്ച യെമനി കോഫികള്‍ ലഭിക്കുന്ന ധാരാളം കഫേകളുണ്ട്. ഇവിടങ്ങളിലേക്ക് ധാരാളം കുടുംബങ്ങളെയും യുവാക്കളെയും ദമ്പതികളെയും ആകര്‍ഷിക്കുന്നു, ചിലര്‍ ഐസ്ഡ് കോഫി പാനീയങ്ങള്‍ തിരഞ്ഞെടുക്കുന്നു, മറ്റുള്ളവര്‍ കൂടുതല്‍ പരമ്പരാഗത അറബി കോഫിയാണ് തെരഞ്ഞെടുക്കുക. ചിലര്‍ പരമ്പരാഗത സ്‌ട്രോങ്ങ് കോഫി തിരഞ്ഞെടുക്കുമ്പോള്‍, മറ്റുചിലര്‍ ഏലം മുതല്‍ ഇഞ്ചി അല്ലെങ്കില്‍ ചോക്ലേറ്റ് വരെ വ്യത്യസ്ത രുചികള്‍ നിറഞ്ഞ കാപ്പിയാണ് ഇഷ്ടപ്പെടുന്നത്.

കോര്‍ട്ടഡോ, ഫ്‌ലാറ്റ് വൈറ്റ്, ടര്‍ക്കിഷ് കോഫി, കാരാമല്‍ ലാറ്റെ, സ്പാനിഷ് ലാറ്റെ എന്നിവ കഫേയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ജനപ്രിയമായ പാനീയങ്ങളില്‍ ചിലതാണ്. ഉപഭോക്താക്കള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഫ്രഷ് കോഫി ബീന്‍സ് വാങ്ങാനുള്ള സൗകര്യവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പാനീയങ്ങളുടെ വ്യതിരിക്തമായ രുചി നുണയുന്ന പതിവുകാര്‍ക്കൊപ്പം സാമൂഹിക ഒത്തുചേരലുകളുടെ കേന്ദ്രമായും ഇത്തരം കഫേകള്‍ മാറിയിട്ടുണ്ട്.

കോഫി ഷോപ്പുകള്‍ അതിന്റെ സ്‌പെഷ്യല്‍ കോഫി മാത്രമല്ല വിതരണം ചെയ്യുന്നത്. കാപ്പി വളര്‍ത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യെമനിലെ ചില പ്രദേശങ്ങളില്‍ കാപ്പി ചെടികള്‍ കൂടി ഇവിടെ വിതരണം ചെയ്യുന്നുണ്ട്.

 

 

അവലംബം: middleeasteye

വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles