Current Date

Search
Close this search box.
Search
Close this search box.

‘നാല് വര്‍ഷത്തിന് ശേഷം പക്കുവട വില്‍ക്കേണ്ടി വരും’- ആരാണ് അഗ്നിപഥ് പ്രതിഷേധക്കാര്‍

കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ബീഹാറിലെ ബെഗുസാരായി ജില്ലയിലെ ആനന്ദ്പൂര്‍ ഗ്രാമത്തിലുള്ള രോഹിത് കുമാര്‍. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന് ദാരിദ്ര്യം സന്തതസഹചാരിയാണ്.

ഇതുവരെയായി സൈന്യത്തിന് ‘കട്ട് ഓഫ് മാര്‍ക്ക്’ എന്ന ഒരു ചോദ്യമില്ലാത്തതിനാല്‍ തന്നെ ഒരു പട്ടാളക്കാരനാകുന്നത് തന്റെ ലക്ഷ്യമാക്കുന്നതാണ് നല്ലതെന്ന് കരുതുകയായിരുന്നു കുമാര്‍. ഇപ്പോള്‍ അഗ്‌നിപഥ് പദ്ധതിയിലൂടെ നാല് വര്‍ഷത്തേക്ക് യുവാക്കളെ സേനയിലേക്ക് നിയമിക്കാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കുമാറിനെയും അദ്ദേഹത്തിന്റെ സൈനിക തയ്യാറെടുപ്പുകളെയും ആഴത്തിലുള്ള അനിശ്ചിതത്വത്തിലേക്കാണ് ഇത് തള്ളിവിട്ടത്.

പുതിയ പദ്ധതി അനുസരിച്ച് എനിക്ക് നാലു വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യാം, പ്രതിമാസം 25,000-30,000 രൂപ ശമ്പളം ലഭിക്കും. നാല് വര്‍ഷത്തിന് ശേഷം എന്നെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയേക്കാം. അപ്പോള്‍ ഞാന്‍ എന്ത് ചെയ്യും? നാല് വര്‍ഷത്തിന് ശേഷം എനിക്ക് പക്കുവട വിറ്റ് ജീവിക്കേണ്ടി വരും! അതിനു നല്ലത് ഞാന്‍ മറ്റെവിടെയെങ്കിലും ഒരു സ്വകാര്യ ജോലി എടുക്കുന്നതാണ്.

അഗ്നിവീര്‍ പദ്ധതി അനുസരിച്ച്, നാല് വര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്ഥിരം കേഡറില്‍ ചേരുന്നതിന് അപേക്ഷിക്കാന്‍ അവസരം നല്‍കും. എന്നാല്‍ മൊത്തം ‘അഗ്‌നിവീരന്‍’മാരുടെ 25 ശതമാനത്തെ മാത്രമേ സായുധ സേനയില്‍ സാധാരണ കേഡര്‍മാരായി തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ‘അഗ്നിവീരന്മാര്‍ക്ക്’ ആദ്യ വര്‍ഷം 4.76 ലക്ഷം രൂപ ശമ്പളം ലഭിക്കും, ഇത് നാലാം വര്‍ഷത്തില്‍ 6.92 ലക്ഷം രൂപയായി ഉയര്‍ത്തും.

സൈനിക തൊഴിലന്വേഷകര്‍ ഈ പദ്ധതിക്കെരാണ്, കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്ന ദിവസം മുതല്‍ അവര്‍ പ്രക്ഷോഭത്തിലാണ്. റോഡുകളും റെയില്‍വേ ട്രാക്കുകളും ഉപരോധിച്ച് ബിഹാറില്‍ നിന്നാണ് അവര്‍ പ്രതിഷേധം ആദ്യം ആരംഭിച്ചത്. ജെഹാനാബാദ്, നവാഡ, ഛപ്ര, സഹര്‍സ, മുസാഫര്‍പൂര്‍ എന്നിവയുള്‍പ്പെടെ പത്തോളം ജില്ലകളിലെ പ്രതിഷേധത്തിനിടെ അവര്‍ ട്രെയിനുകള്‍ക്ക് തീയിടുകയും ബസ് കത്തിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. ഇതേതുടര്‍ന്ന്, റെയില്‍വേ 24ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റുള്ളവയുടെ റൂട്ടുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.

നവാഡയില്‍ ബി.ജെ.പിയുടെ എം.എല്‍.എ അരുണാ ദേവിയുടെ വാഹനം പ്രക്ഷോഭകര്‍ തകര്‍ത്തു. വാഹനത്തില്‍ പാര്‍ട്ടി പതാക കണ്ടതാണ് പ്രതിഷേധക്കാരനെ പ്രകോപിപ്പിച്ചതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പി ഓഫീസും അടിച്ചു തകര്‍ത്തു. ബിഹാറിനൊപ്പം ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. ഈ പ്രതിഷേധങ്ങള്‍ ഏറെക്കുറെ സ്വമേയധയാ രൂപപ്പെട്ടതാണ്. സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിച്ച് പഴയ റിക്രൂട്ട്മെന്റ് പ്രക്രിയ നടപ്പിലാക്കണമെന്നാണ് തൊഴിലന്വേഷകരെല്ലാം ആവശ്യപ്പെടുന്നത്.

‘സേനയല്ലാതെ മറ്റൊരു മേഖലയിലേക്കും പോകുന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി നടപ്പാക്കിയാല്‍ എന്റെ ജീവിതം മുഴുവന്‍ തകരും’ ബീഹാറിലെ ഛപ്ര ജില്ലയിലെ മഖ്ദുംഗഞ്ചില്‍ നിന്നുള്ള 18കാരനായ ശൈലേഷ് കുമാര്‍ റായ് പറയുന്നു.

ജൂണ്‍ 20 മുതല്‍ ഞങ്ങള്‍ ശക്തമായ പ്രതിഷേധം ആരംഭിക്കും. ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ പോയി ഞങ്ങളുടെ ആവശ്യം അവതരിപ്പിക്കും.
‘കരസേനയില്‍ ചേര്‍ന്ന് സ്ഥിരതയുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ തയ്യാറെടുക്കുകയാണ്. അല്ലാതെ വെറും നാല് വര്‍ഷത്തിന് ശേഷം തൊഴില്‍ രഹിതനാകാന്‍ ഞാനില്ല’-റായ് പറയുന്നു.

പലര്‍ക്കും, സൈനിക ജോലികള്‍ വളരെയധികം ബഹുമാനം നല്‍കുകയും സാമ്പത്തിക ഭദ്രത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, അത്തരമൊരു ജോലി ഉറപ്പാക്കാന്‍ എഴുത്തുപരീക്ഷയുടെ മാര്‍ക്കിന് താരതമ്യേന കുറഞ്ഞ വെയിറ്റേജ് ഉണ്ടെന്നതും മറ്റ് മത്സര പരീക്ഷകളില്‍ വിജയിക്കാനുള്ള സാധ്യതയുടെ അഭാവവുമെല്ലാം ഇതിന് ആശ്വാസം നല്‍കുന്നു. അതിനാല്‍ തന്നെ, ഗ്രാമീണ മേഖലയിലെ യുവാക്കള്‍ ശാരീരികവും വൈദ്യപരവുമായ പരിശോധനകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാണെന്ന് കണ്ടെത്തുകയും അങ്ങനെ അവര്‍ ഇതിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

മിക്കവാറും എല്ലാ ബിഹാര്‍ ഗ്രാമങ്ങളിലും, യുവാക്കളുടെ കൂട്ടായ്മകള്‍ രാവിലെ ഓടുകയോ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുകയോ ചെയ്യുന്നത് കാണാം. ‘താനും സുഹൃത്തുക്കളും ദിവസവും എട്ട് മണിക്കൂറെങ്കിലും പരിശീലനം നടത്താറുണ്ട്. ഞങ്ങള്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് അഞ്ച് കിലോമീറ്റര്‍ ഓടും. അതിനുശേഷം ഞങ്ങള്‍ ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നു. പിന്നെ ഞാന്‍ വീട്ടിലേക്ക് മടങ്ങുകയും വീട്ടുജോലികള്‍ ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ വൈകുന്നേരവും ഇതേ ഓട്ടവും വ്യായാമവും പിന്തുടരുന്നു. ഇത്രയധികം അധ്വാനിച്ചിട്ടും, വെറും നാല് വര്‍ഷത്തേക്ക് ഒരു ജോലി ലഭിച്ചാല്‍, സൈന്യത്തില്‍ ചേരുന്നതില്‍ അര്‍ത്ഥമില്ല’. ഛപ്രയിലെ ചന്ദ്രകേത് കുമാര്‍, പറഞ്ഞു.

‘പരിശീലിക്കാന്‍, നിങ്ങള്‍ രാവിലെ 4 മണി അല്ലെങ്കില്‍ 5 മണിക്ക് ഉണരണം. ഞാന്‍ ക്ഷീണിതനാണ്, വേണ്ടത്ര ഉറങ്ങുന്നില്ല, പക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് അത് പ്രശ്‌നമല്ല. അവര്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ ഇരുന്ന് അവര്‍ക്കിഷ്ടമുള്ള തീരുമാനങ്ങള്‍ എടുക്കുകയും അവര്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമായി ലഭിക്കുകയും ചെയ്യുന്നു’കുമാര്‍ പറയുന്നു.

അദ്ദേഹത്തിന്റെ അച്ഛന്‍ കര്‍ഷകനാണ്. ബഹുമാനം നല്‍കുന്നതും കുടുംബത്തിന്റെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ കഴിയുന്നതുമായ ഒരു ജോലി ലഭിക്കാന്‍ അദ്ദേഹം എപ്പോഴും ഉത്സുകനായിരുന്നു.

‘വെറും നാലുവര്‍ഷത്തെ ഉറപ്പിന് വേണ്ടി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഒരു ചെറുപ്പക്കാരനും ആഗ്രഹിക്കില്ല. നാല് വര്‍ഷത്തിന് ശേഷം വിരമിക്കേണ്ടിവന്നാല്‍, എന്തിനാണ് യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ? നേതാക്കള്‍ക്കും സമാനമായ നിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുമോ? എം.പിമാരും എം.എല്‍.എമാരും നാല് വര്‍ഷത്തേക്ക് മാത്രമായി തിരഞ്ഞെടുക്കപ്പെടുമോ? കുമാര്‍ ചോദിക്കുന്നു.

വൈകാതെ കട്ട് ഓഫ് വയസ്സും കഴിഞ്ഞു പോകുമോ എന്ന ആശങ്ക കുമാറിന് ഉണ്ട്. ‘സര്‍ക്കാര്‍ ഞങ്ങളെ തകര്‍ത്തു. എന്നാല്‍ ഭാവിയില്‍ സൈന്യത്തിന് തയ്യാറെടുക്കുന്ന യുവാക്കളുടെ ഉന്നമനത്തിനായി ഞങ്ങള്‍ പ്രക്ഷോഭം നടത്തും’. സാധാരണ സൈനിക ജോലി അന്വേഷിക്കുന്നവരെ കൂടാതെ, പ്രതിഷേധക്കാരില്‍ രണ്ട് വര്‍ഷം മുമ്പ് മെഡിക്കല്‍ ടെസ്റ്റുകള്‍ വിജയിച്ച യുവാക്കളും ഉള്‍പ്പെടുന്നു, എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അവരുടെ എഴുത്ത് പരീക്ഷകള്‍ മാറ്റിവച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ മുഴുവന്‍ പ്രക്രിയയിലൂടെയും വീണ്ടും കടന്നുപോകേണ്ടിവരുമോ എന്ന ആശങ്കയും ഈ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ട്.

‘ഞാന്‍ കായികക്ഷമത ടെസ്റ്റിന് യോഗ്യത നേടി. മെഡിക്കല്‍ ടെസ്റ്റും പാസായി. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ
എഴുത്തുപരീക്ഷ എട്ട് തവണ മാറ്റിവച്ചു. ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് അഗ്‌നിപഥ് പദ്ധതി പ്രകാരം, കായികക്ഷമത, മെഡിക്കല്‍ ടെസ്റ്റുകള്‍ എന്നിവ പാസായവര്‍ വീണ്ടും മുഴുവന്‍ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരുമെന്നാണ്, ”രോഹിത് കുമാര്‍ പറഞ്ഞു.

എഴുത്തുപരീക്ഷയില്‍ മികച്ച വിജയം നേടുന്നതിനായി ഉത്തര്‍പ്രദേശിലെ ഒരു സ്ഥാപനത്തില്‍ ക്ലാസുകള്‍ക്കായി കുമാര്‍ 1.5 ലക്ഷം രൂപയാണ് എനിക്ക് ചിലവായത്. ഇനിയിപ്പോള്‍ എന്തുചെയ്യണമെന്ന് എനിക്കറിയില്ല’- കുമാര്‍ ആശങ്കപ്പെടുന്നു.

 

വിവ: സഹീര്‍ വാഴക്കാട്

Related Articles