Current Date

Search
Close this search box.
Search
Close this search box.

ട്രംപ്‌ എന്ത് കൊണ്ട് ഓര്‍മ്മിക്കപ്പെടും !?

2009 നു ശേഷം ആദ്യമായി അമേരിക്കൻ സെനറ്റിലും കൊണ്ഗ്രസ്സിലും ആധിപത്യം നേടാൻ കഴിഞ്ഞു എന്നതാണ് ഇക്കൊല്ലത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. വിജയം പോലെ തന്നെ പ്രാധാന്യമാണ് പരാജയം സമ്മതിക്കുക എന്നതും. സുതാര്യമായ ജനാധിപത്യ രീതി എന്നാണ് അമേരിക്കൻ ജനത അവരുടെ തിരഞ്ഞെടുപ്പ് ഘടനയെ കുറിച്ച് പറഞ്ഞു വരാറുള്ളത്. അമേരിക്കൻ ജനാധിപത്യത്തിനു രണ്ടര നൂറ്റാണ്ടോളം പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്‌. അന്ന് മുതൽ ഇന്നുവരെയില്ലാത്ത ദുരന്തമാണ് ഇന്ന് അമേരിക്കൻ ജനതയും ലോകവും കണ്ടത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ നാട്ടിൽ കലാപത്തിനു ആഹ്വാനം നൽകുക എന്നതു ലോകത്തിൽ നാമാരും കാണാത്ത പ്രതിഭാസമാണ്.

ട്രംപിനെ പോലുള്ള ഒരാളെ തങ്ങളുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു എന്ന കുറ്റബോധം അമേരിക്കൻ ജനത പെട്ടെന്ന് തന്നെ തിരുത്തി എന്നതാണ് നവംബർ തിരഞ്ഞെടുപ്പിൽ നാം കണ്ടത്. റിപബ്ലിക്കൻ ശക്തി കേന്ദ്രങ്ങളിൽ പോലും ബൈഡൻ വിജയക്കൊടി പാറിച്ചതും നാം കണ്ടതാണ്. അമേരിക്കൻ ജനതയും ലോകവും ട്രംപിന്റെ തോൽവി സമ്മതിച്ചതാണ്. പക്ഷെ നിലവിലെ പ്രസിഡന്റ് തന്നെ അത് സമ്മതിച്ചില്ല എന്ന തമാശയാണ് പിന്നീട് നാം കണ്ടത്. വോട്ടു എണ്ണുന്ന സമയത്തു തന്നെ തന്റെ വിജയം സ്വയം പ്രഖ്യാപിക്കുകയും ബാക്കി വോട്ടുകൾ എണ്ണരുതെന്നു പ്രഖ്യാപിച്ചു കൊണ്ടുമാണ് ട്രംപ്‌ രംഗത്ത്‌ വന്നത്. താൻ തന്നെ നിയമിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ മുന്നിൽ അനേകം കേസുകൾ നൽകി. മാത്രമല്ല സംസ്ഥാന കോടതികളിലും തന്റെ വിജയം അവകാശപ്പെട്ടു ട്രംപ്‌ അനുകൂലികൾ കേസുകൾ നൽകിയിരുന്നു. എല്ലാ കേസുകളും വാദിക്കാൻ പോലും നിൽക്കാതെ കോടതികൾ തള്ളിക്കളയുന്നതാണ് പിന്നീട് ലോകം കണ്ടത്.

ജനുവരി ഇരുപത് ചരിത്ര പ്രസിദ്ധമാണ്. അന്നാണ് പുതിയ പ്രസിഡന്റ് അധികാരത്തിൽ വരിക. അതിനു മുമ്പ് ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് അമേരിക്കൻ കോണ്ഗ്രസ്സിന്റെ സംയുക്ത സമ്മേളനം നടക്കുന്ന കാപിറ്റോൾ ഹില്ലിലേക്ക് അക്രമകാരികൾ ഇരച്ചു കയറിയത് കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. അക്രമികൾ അങ്ങിനെ ചെയ്തു എന്നതിനേക്കാൾ അതിനു ഒരു പ്രസിഡന്റ് തന്നെ നേതൃത്വം നൽകി എന്നതാണ് അതിലെ ദുരന്തം. ലോക നേതാക്കൾ ഒന്നിച്ചു ഈ ജനാധിപത്യ വിരുദ്ധതയെ അപലപിച്ചു എന്നതോടൊപ്പം സാമൂഹിക മാധ്യമങ്ങളായ ട്വിട്ടർ ഫേസ്ബുക്ക്‌ യൂട്യൂബ് എന്നിവ പത്തു മുതൽ ഇരുപത്തി നാല് മണിക്കൂർ സമയത്തേക്ക് ട്രംപിന്റെ അക്കൌണ്ടുകൾ തടഞ്ഞു വെച്ചു എന്നതിനും നാം സാക്ഷിയായി. അക്രമത്തിലും പോലീസ് ഇടപെടലിലും ഇതുവരെ നാല് പേർ മരിച്ചു എന്നാണ് കണക്ക്. പ്രസിഡന്റ് നേതൃത്വം നൽകിയ ഈ ജനാധിപത്യ വിരുദ്ധതയെ അംഗീകരിക്കില്ല എന്ന് അമേരിക്കൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കി എന്ന് മാത്രമല്ല തന്നിൽ അർപ്പിതമായ ജനാധിപത്യ അവകാശം കൃത്യമായി നിറവേറ്റും എന്നും അദ്ദേഹം ഉറപ്പു നൽകി ( അമേരിക്കൻ ഭരണ ഘടന പ്രകാരം പുതിയ പ്രസിഡന്റിനെ കൊണ്ഗ്രസ്സിൽ പ്രഖ്യാപിക്കാനുള്ള അവകാശം നിലവിലെ വൈസ് പ്രസിടന്റിനാണ്).

തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കില്ല എന്ന ട്രംപിന്റെ നിലപാട് ഒരു തമാശയായി മാത്രമേ ലോകം കണ്ടുള്ളൂ. ചില സംസ്ഥാനങ്ങളിലെ വിജയം ഉറപ്പിക്കാൻ ഇപ്പോഴും ചില റിപബ്ലിക്കൻ സെനറ്റർമാർ തടസ്സം നിൽക്കുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്. എന്തായാലും ട്രംപ് അധികാരത്തിൽ നിന്നും പുറത്തു പോകും എന്ന് ഉറപ്പാണ്‌. ഇന്നത്തെ കലാപത്തിന്റെ കറുത്ത കുത്തുകൾ കഴുകിക്കളയാൻ അമേരിക്കൻ ജനാധിപത്യത്തിനു ഇനിയും കാലം വേണ്ടിവരും. ലോകത്തിനു ജനാധിപത്യം പഠിപ്പിക്കുന്നവരാണ് അമേരിക്ക. ജനാധിപത്യത്തിനു അമേരിക്കൻ നിഘണ്ടുവിൽ ഒരു അർഥം മാത്രം. തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ സമ്മതിച്ചാൽ അവർ നല്ലവരും തങ്ങൾക്ക് എതിര് നിന്നവർ മോശക്കാരും എന്നാണ് ലോകത്തോട്‌ അമേരിക്കൻ നിലപാട്. നാട്ടുകാർ വോട്ടു ചെയ്തു അധികാരത്തിൽ വരുത്തിയ ഭരണകൂടങ്ങളെ അക്കാരണം കൊണ്ട് തന്നെ പല സ്ഥലത്തും അമേരിക്കൻ കാർമ്മികത്വത്തിൽ ഇല്ലായ്മ ചെയ്തിട്ടുണ്ട്. അതെ സമയം തങ്ങളെ അനുകൂലിക്കുന്നു എന്ന കാരണത്താൽ തന്നെ ഏകാധിപത്യ രാജാധിപത്യ സർക്കാരുകളെ അമേരിക്ക അംഗീകരിക്കുകയും ചെയ്യുന്നു.

പക്ഷെ അവിടെയും നാം കാണുന്ന പ്രത്യേകത അമേരിക്കൻ മാധ്യമങ്ങൾ ഈ ആക്രണത്തെ ഒറ്റക്കെട്ടായി എതിർത്ത് എന്നതാണ്. ജനാധിപത്യ മര്യാദകളോട് അമേരിക്കൻ ഭരണ കൂടങ്ങൾ പിന്തിരിഞ്ഞു നിൽക്കുമ്പോഴും അമേരിക്കൻ മാധ്യമങ്ങൾ അത്ര മോശമായ നിലപാടുകൾ സ്വീകരിക്കാറില്ല. സഊദി പത്രപ്രവർത്തകൻ ജമാൽ ഗഷോക്കിയുടെ കൊലപാതകം അതിനു തെളിവാണ്. അമേരിക്കൻ സർക്കാർ സഹായം കൊലപാതികൾക്ക് ലഭിച്ചു എന്നുറപ്പാണ്. അതെ സമയം അതിനെതിരെ ശക്തമായ നിലപാടാണ് അമേരിക്കൻ മാധ്യമങ്ങൾ സ്വീകരിച്ചത്. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മറവിൽ ഫാസിസം അധികാരത്തിൽ വന്നത് പോലെ ട്രംപ് കാലത്ത് അമേരിക്കയിൽ വംശീയ വാദം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. ഭരണ സിരാ കേന്ദ്രങ്ങളിലേക്ക് ഒറ്റ ആഹ്വാനം കൊണ്ട് ഇരച്ചു കയറാൻ അവർക്ക് കഴിയുന്നു എന്നത് അമേരിക്കൻ സമൂഹം എത്തിപ്പെട്ട വിഷമ സന്ധിയായി ലോകം വിലയിരുത്തുന്നു. അമേരിക്കൻ സമൂഹത്തിൽ വംശീയ വാദം പണ്ടും സജീവമാണ്. “ വൈറ്റ് സുപ്രീമസി” എന്നൊരു പ്രയോഗം തന്നെ അതുമായി ബന്ധപ്പെട്ടു ഉച്ചരിച്ചു വരുന്നു. ഇന്ത്യയിൽ മോഡി കാലത്ത് ഫാസിസം നേരിട്ട് അധികാരം കയ്യടക്കിയതുപോലെ ട്രംപ് കാലത്ത് വംശീയതയും രംഗത്ത്‌ വന്നു.

പുതിയ പ്രസിഡന്റിന് മുന്നിൽ വെല്ലുവികൾ ധാരാളം. കൊറോണ രോഗം കൊണ്ട് ഏറ്റവും കൂടുതൽ ദുരന്തം അനുഭവിക്കുന്ന രാജ്യമാണ് അമേരിക്ക. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും മോശം തന്നെ. ട്രംപ് കാലത്ത് മോശമായ നയതന്ത്ര ബന്ധങ്ങൾ മറ്റൊന്ന്. അതിൽ പ്രാധ്യാന്യം പശ്ചിമേഷ്യയും. അതിനിടയിൽ ആഭ്യന്തര രംഗത്ത്‌ ഉയർന്നു വന്ന വംശീയത കാണാതെ പോകാൻ കഴിയില്ല. ട്രംപ് വംശീയ വാദികളുടെ രക്ഷകൻ എന്നതു പ്രസിദ്ധമാണ്. അതിലും ഒരു സമാധാനം കാണാൻ കഴിയുന്നത്‌ ട്രംപിന്റെ പല നിലപാടുകളോടും അമേരിക്കൻ പക്ഷത്തു നിൽക്കുന്ന പല രാജ്യങ്ങളും എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നു എന്നതാണ്. ഇന്നും ആദ്യം പ്രതികരിച്ചവരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുണ്ട്. രാജ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഒരാൾ തന്നെ നാട്ടിൽ കലാപത്തിനു ആഹ്വാനം നൽകുക എന്ന അപൂർവ്വത അമേരിക്കൻ പ്രസിഡണ്ടിനു തന്നെ ലഭിച്ചു എന്നത് ജനാധിപത്യ ലോകത്തിലെ വലിയ തമാശയായി അവശേഷിക്കും.

ഒരു ജനതയുടെ വിജയത്തിനും പരാജയത്തിനും അവരുടെ ഭരണാധികാരികളുടെ നിലപാട് കൂടി കാരണമാണ്. ലോക പോലീസ് എന്നാണ് അമേരിക്ക വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്ത് തങ്ങള് ഉള്ളത് കൊണ്ട് മാത്രമാണ് ജനാധിപത്യം നിലനിൽക്കുന്നത് എന്നാണു അമേരിക്കൻ ഭരണ കൂടങ്ങൾ പറഞ്ഞു വരുന്നത്. പക്ഷെ ജനാധിപത്യത്തിന്റെ പുഴുക്കുത്ത് അനുഭവിക്കാനും അമേരിക്കൻ ജനതയ്ക്ക് അവസരം നൽകി എന്നതാണ് ട്രമ്പ്‌ ചെയ്ത ചരിത്ര പ്രധാനമായ കാര്യം എന്ന് കൂടി ചേർത്ത് പറയണം. ലോകത്തിന്റെ പല കോണിലുള്ള ആളുകളുമായി അൽ ജസീറ സംസാരിച്ചിരുന്നു. എല്ലാവരും പറഞ്ഞു വന്നത് മറ്റൊന്നായിരുന്നില്ല.

Related Articles