Current Date

Search
Close this search box.
Search
Close this search box.

ദലിത് ആദിവാസി മുസ്ലിം വിദ്യാർഥികളുടെ കുരുതിക്കളമാവുന്ന ഇന്ത്യൻ വരേണ്യ സ്ഥാപനങ്ങൾ

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ അങ്ങേയറ്റം മ്ലേച്ഛമായ ഒരു ഇന്ത്യൻ യാഥാർഥ്യത്തിന്റെ പ്രതിഫലനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ജാതി വ്യവസ്ഥയെയാണ് പ്രസ്തുത ദാരുണ സംഭവം ഒരിക്കൽകൂടി വെളിപ്പെടുത്തുന്നത്. ദലിത്, ഒ.ബി.സി, ആദിവാസി, മുസ്ലിം വിദ്യാർഥികൾക്കെതിരെ വിവേചനപരമായ സമീപനങ്ങൾ കൈക്കൊള്ളുന്നതാണ് ഈ വ്യവസ്ഥയെന്നു കാണാം.

മറ്റൊരു സ്ഥാപനവത്കൃത കൊലപാതകം തന്നെയാണ് ഈ ആത്മഹത്യ. ഇതിനു കാരണക്കാരായ ജാതി അധീശത്വവാദികൾ എല്ലാവരും തന്നെ ഉന്നതസ്വാധീനത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവരുടെ പേരുകൾ നിരവധിയാണ്. പഠനത്തിൽ മിടുക്കരായ, ദലിത്, ആദിവാസി, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾ എങ്ങനെയാണ് സവർണ വിദ്യാർഥികളാലും അധ്യാപകരാലും വേട്ടയാടപ്പെടുന്നത് എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഭവങ്ങളിലൂടെ പുറത്തുവന്നിരുന്നു. ജാതി വികാരം എന്നത് വളരെയധികം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു യഥാർഥ്യമാണ്. ജാതി വിവേചന ബോധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലെ സവർണരെ സംബന്ധിച്ചിടത്തോളം തങ്ങളെ എതിർക്കുന്ന മറ്റു സമുദായങ്ങളിലെ ആത്മാഭിമാനബോധമുള്ള വിദ്യാർഥികളെ അംഗീകരിക്കുക എന്നത് വളരെയധികം പ്രയാസമുള്ള കാര്യം തന്നെയാണ്.

ഇത്തരം സ്ഥാപനങ്ങളെ ഗുരുകുലങ്ങൾ എന്നാണ് ഞാൻ വിളിക്കുക. അവിടെ പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നും വരുന്ന പഠിതാക്കളുടെ വിരലുകൾ മുറിക്കാൻ തയ്യാറായി ഒരു ദ്രോണാചാര്യൻ ഉണ്ട്. സാമൂഹികമായ അവശതയിൽ നിന്നും വിവേചനത്തിൽ നിന്നും ഉന്നതങ്ങളിൽ എത്താൻ അതിയായി ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ കുരുതിക്കളങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾ. അങ്ങനെയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശായിൽ രോഹിത് വെമുല “കൊല്ലപ്പെടുന്നത്”, സമാനമായ അനുഭവം മുംബൈ മെഡിക്കൽ കോളേജിലെ ഡോ പായൽ തദ്വിക്ക് നേരിടേണ്ടി വന്നു. ഈ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇരയാണ് പത്തൊമ്പത് വയസ്സുകാരി ഫാത്തിമ. പ്രൊഫ. സുദർശൻ പത്മനാഭൻ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തെളിവുകൾ സഹിതം ഫാത്തിമയുടെ രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

ഫാത്തിമക്കു നേരിടേണ്ടി വന്നത് അവളുടെ മാത്രം കഥയല്ല. പ്രിവിലേജ്ഡ് ആയ, ജാതി ശക്തികൾ എല്ലായിടത്തും പ്രതികാരദാഹത്തോടെ ആക്രമണം നടത്തിയിട്ടുണ്ട്. സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് അവർ ആക്രമണം നടത്തുന്നത്. ജെ.എൻ.യുവിന്റെ കാര്യം നോക്കുക, ഈ പിന്തിരിപ്പിൻ ശക്തികളും നിലവിലെ കേന്ദ്രസർക്കാറും ഈ ഉന്നതകലാലയത്തെ തകർക്കാൻ കൈക്കോർത്തിരിക്കുന്നത് കാണാൻ സാധിക്കും. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ജാതി സാമുദായിക അധീശത്വവാദികളാൽ കൈയ്യടക്കപ്പെട്ട ഒരു അവസ്ഥയിലാണുള്ളത്, അതുകൊണ്ടാണ് ഫാത്തിമയെ പോലുള്ള വിദ്യാർഥികൾക്ക് അവിടങ്ങളിലെ അതിജീവനം പ്രയാസകരമാവുന്നത്.

അടുത്തിടെ, പട്ടികജാതി വിഭാഗത്തിൽ നിന്നും വരുന്ന ഒരു ശാസ്ത്രവിദ്യാർഥിയുടെ പി.എച്ച്.ഡി അവാർഡ് കാൺപൂർ ഐ.ഐ.ടിയിലെ ബ്രാഹ്മണിക്കൽ ഫാക്കൽറ്റി തടഞ്ഞുവെക്കുകയുണ്ടായി. പ്രസ്തുത വിദ്യാർഥി കോപ്പിയടിച്ചാണ് പി.എച്ച്.ഡി തിസീസ് എഴുതിയത് എന്നായിരുന്നു ആരോപണം. എന്നാൽ പ്രസ്തുത വിദ്യാർഥി പഠനത്തിൽ മികച്ചനിലവാരും പുലർത്തുന്ന ആളാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. വിയോജിപ്പുകൾ ഉണ്ടെങ്കിലും, ജെ.എൻ.യു പോലെയുള്ള സർവകലാശാലകളിൽ, ജാതി അധീശത്വത്തെ വെല്ലുവിളിക്കാനുള്ള സ്വാതന്ത്ര്യം പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്കുണ്ട്. ഇത് വളരെയധികം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഇത്തരം സ്വാതന്ത്ര്യം പക്ഷേ മറ്റു സ്ഥാപനങ്ങളിൽ നിലനിൽക്കുന്നില്ല. അതിനാൽ, മറ്റു സ്ഥാപനങ്ങൾ ജെ.എൻ.യുവിനെ പോലെ ആവാതിരിക്കാനാണ് ബ്രാഹ്മണ വരേണ്യവർഗം ഇപ്പോൾ ശ്രമിക്കുന്നത്.

ഐ.ഐ.ടികളിലെയും ഐ.ഐ.എമ്മുകളിലെയും മറ്റു മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉയർന്ന ഫീസും മറ്റു ചെലവുകളും ബോധപൂർവം ചിട്ടപ്പെടുത്തപ്പെട്ടവയാണ്. ഇതിലൂടെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളെ അകറ്റാൻ അവർക്കു സാധിക്കും. അത്തരം സ്ഥാപനങ്ങളിലെ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷം ദലിത് ആദിവാസി മുസ്ലിം സമുദായങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളെ അപരവത്കരിക്കുന്നതും കൂടിയാണ്. ഈ വിദ്യാർഥികൾ ക്രമേണ നിശബ്ദരാക്കപ്പെടുകയും പൂർണമായും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യും.

എന്തുകൊണ്ട് ഫാത്തിമ മരണപ്പെട്ടു അഥവാ കൊല്ലപ്പെട്ടു അഥവാ കൊല്ലപ്പെടാനുള്ള സാഹചര്യം ഉണ്ടായി എന്നതാണ് അടിസ്ഥാനപരമായ ചോദ്യം? ഉത്തരം വളരെ ലളിതമാണ്. കഴിഞ്ഞ ആറു വർഷക്കാലം നമ്മുടെ കാമ്പസുകളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കുക. ദലിത്-ബഹുജൻ-ആദിവാസി-മുസ്ലിം വിദ്യാർഥികളെ അവരുടെ അധികാരമണ്ഡലങ്ങളിൽ നിന്നും പുറത്തുനിർത്തുന്ന അഥവാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം അസാധ്യമാക്കുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സവർണർക്കനുകൂലമായി പുനഃക്രമീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇനി എല്ലാ തടസ്സങ്ങളെയും തരണം ചെയ്ത് അവർ പ്രവേശനം നേടിയാൽ, ബ്രാഹ്മണിക്കൽ സങ്കേതത്തിലേക്ക് അവർ പ്രവേശിച്ചാൽ, അവരെ ഒറ്റപ്പെടുത്തുന്ന, മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുത്തുന്ന, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടും. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ജനാധിപത്യവത്കരിക്കാൻ നമുക്കു സാധിക്കുന്നില്ലെങ്കിൽ ഈ സ്ഥാപനവത്കൃത കൊലപാതകങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. ഇന്ത്യയുടെ മത, വംശ, ജാതി വൈവിധ്യങ്ങളുടെ പ്രതിനിധാനം നമ്മുടെ സ്ഥാപനങ്ങളുടെ ജനാധിപത്യവത്കരണത്തിന് വളരെ അനിവാര്യമാണ്. ഇതു സാധ്യമാണോ? പ്രിവിലേജുകളും അധികാരത്തിന്റെ അപ്പകഷ്ണങ്ങളും വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളുകൾ അതെല്ലാം എളുപ്പം ഉപേക്ഷിക്കുമെന്ന് ഞാൻ കരുതുന്നില്ല. രാഷ്ട്രീയ പോരാട്ടവും സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ നിരന്തര സമരവും മാത്രമാണ് ഏക വഴി. ഇത്തരം സന്ദർഭങ്ങളിലാണ് വിപ്ലവങ്ങൾ ഉണ്ടായിട്ടുള്ളത്. സാമൂഹികമായി പുറന്തള്ളപ്പെട്ടവർ കാമ്പസുകളിൽ മാത്രമല്ല സംഘടിക്കേണ്ടത്, അവർ തങ്ങളുടെ ഗ്രാമങ്ങളിലും പട്ടണപ്രാന്തപ്രദേശങ്ങളിലും രാഷ്ട്രീയമായി സംഘടിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ, സവർണരുടെ ജാതിവെറിമൂലം ഇല്ലാതായ ഫാത്തിമമാരുടെയും രോഹിത് വെമുലമാരുടെയും പായൽ തദ്വിമാരുടെയും വേദനാജനകമായ ജീവിതങ്ങൾ ആവർത്തിക്കപ്പെടുകയില്ലെന്ന് ഉറപ്പു പറയാൻ സാധിക്കും.

അവലംബം: sabrangindia
മൊഴിമാറ്റം: ഇർഷാദ് കാളാച്ചാൽ

Related Articles