Current Date

Search
Close this search box.
Search
Close this search box.

സുൽത്താൻ സിക്കന്ദർ ലോദിയെ ദളിതുകൾ രക്ഷകനായി കാണുന്നത്?

1517 നവംബർ 21-നാണ് സുൽത്താൻ സിക്കന്ദർ ലോദി അദ്ദേഹം സ്ഥാപിച്ച ആഗ്രാ നഗരത്തിൽ മൃതിയടഞ്ഞ് കൃത്യം 502 വർഷങ്ങൾക്ക് ശേഷം, ഇക്കഴിഞ്ഞ നവംബർ 21-ന് ഒരു കൂട്ടം ആളുകൾ തലസ്ഥാന നഗരിയിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി ഒത്തുകൂടി. ദൽഹിയിലെ ലോദി ഗാർഡൻസിലുള്ള സിക്കന്ദർ ലോദിയുടെ ഖബറിടത്തിൽ ഒരുമിച്ചു കൂടിയ അവർ ഒരു മുദ്രാവാക്യവും മുഴക്കി. “സിക്കന്ദർ ലോദി അമർ രഹേ, ജയ് ഗുരുദേവ്, ജയ് ഭീം” (സിക്കന്ദർ ലോദി നീണാൾ വാഴട്ടെ, ഗുരുദേവ് ജയിക്കട്ടെ, ഭീം ജയിക്കട്ടെ) എന്നതായിരുന്നു അവർ മുഴക്കിയ മുദ്രാവാക്യം.

സിക്കന്ദർ ലോദിയുടെ സ്മരണ പുതുക്കാനെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ നൂറോളം വരുന്ന ദളിത് ആക്ടിവിസ്റ്റുകളായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. അവർ ഹിന്ദിയിൽ മുഴക്കിയ മുദ്രാവാക്യത്തിൽ നിറഞ്ഞു നിന്നതാകട്ടെ മൂന്നു പേരുകളായിരുന്നു – സുൽത്താൻ സിക്കന്ദർ ലോദി, മധ്യകാല ദളിത് സന്യാസി ഗുരു രവിദാസ്, ഭീം റാവു അംബേദ്കർ. അപൂർവമായ ഈ പ്രതിഷേധത്തിന്റെ ഉൽഭവമറിയണമെങ്കിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഒരു സംഭവവികാസത്തിലേക്ക് കണ്ണോടിക്കേണ്ടി വരും. ദൽഹി ഡവലപ്മെന്റ് അതോറിറ്റി ദളിതർ പൂജ്യനായി കാണുന്ന ഗുരു രവിദാസിന്റെ പേരിൽ തുഗ്ലക്കാബാദിലുള്ള ഒരു ക്ഷേത്രം തകർക്കുകയും ക്ഷേത്രഭൂമി പിടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി. ഇന്ത്യയിലെ ദളിതരുടെ ആരാധ്യപുരുഷന്മാരിൽ ഒരാളായ ഗുരു രവിദാസ് പലപ്പോഴും ഒരു രാഷ്ട്രീയ ചിഹ്നമായും അവതരിപ്പിക്കപ്പെടാറുണ്ട്. ഡവലപ്മെന്റ് അതോറിറ്റി തകർത്ത ക്ഷേത്രം നിലകൊണ്ട ഭൂമി 16-ാം നൂറ്റാണ്ടിൽ ഗുരു രവിദാസിന് സുൽത്താൻ സിക്കന്ദർ ലോദി ദാനമായി കൈമാറിയതാണെന്നാണ് ദളിതർ വാദിക്കുന്നത്. ഈ ഒരു ചരിത്ര വാദത്തെ ദളിതർ ഉയർത്തുന്നത് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമല്ല, രാജ്യത്ത് അനിവാര്യമായി സംഭവിക്കേണ്ട ദളിത്-മുസ്ലിം ഐക്യത്തെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്.

“മിഷൻ ഫത്തേഹ് തുഗ്ലാക്കാബാദ്” എന്ന പേരിൽ നടത്തിയ ഈ പ്രതിഷേധ കൂട്ടായ്മ ലോദിയുടെ ഖബറിടം സന്ദർശിച്ച് മുദ്രവാക്യങ്ങൾ മുഴക്കിയതോടൊപ്പം തന്നെ സർക്കാർ പിടിച്ചെടുത്ത ക്ഷേത്ര ഭൂമി തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി ഇടപെട്ട് ക്ഷേത്രം പുനർ നിർമിച്ച് നൽകാമെന്ന് വാക്കു നൽകിയിരുന്നെങ്കിലും പിടിച്ചെടുത്ത ക്ഷേത്രഭൂമി പൂർണമായും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് ദളിത് പക്ഷം ആവശ്യപ്പെടുന്നത്. പ്രതിഷേധ സംഗമത്തിൽ സംബന്ധിച്ച് സംസാരിച്ച എല്ലാവരും എന്തുകൊണ്ട് നമ്മൾ ഇവിടെ ഒത്തുകൂടി എന്ന് ഊന്നി പറഞ്ഞു. “വായിക്കാൻ ആരംഭിച്ചപ്പോഴാണ് യഥാർത്ഥ ചരിത്രം മനസ്സിലായത്. സർക്കാർ പിടിച്ചെടുത്ത ഭൂമി സുൽത്താൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഞങ്ങൾക്ക് സമ്മാനിച്ചതാണെന്നിരിക്കെ ആ ഭൂമിക്ക് മേലുള്ള പൂർണമായ അവകാശം ഞങ്ങൾക്ക് മാത്രമാണ്. ഞങ്ങളോട് വളരെ മോശമായി വർത്തിക്കപ്പെട്ടിരുന്ന ഒരു കാലത്ത് സുൽത്താൻ സിക്കന്ദർ ലോദിയാണ് ഞങ്ങളെ ആദരിച്ചതും ഗുരു രവിദാസിനെ അദ്ദേഹത്തിന്റെ ആത്മീയാചാര്യനായി അംഗീകരിച്ച് ഭൂമി ദാനമായി നൽകിയതും. ഞങ്ങൾ സുൽത്താനോട് എന്നും കടപ്പെട്ടവരാണ്”, പൂനെയിൽ നിന്നുള്ള ഗുരു ഭക്തൻ സുഖ്ദേവ്ജി വാഘ്മാറെ വ്യക്തമാക്കി.

രവിദാസി വിഭാഗത്തെ കുറിച്ച് ആധികാരികമായി പഠനം നടത്തിയ പീറ്റർ ഫ്രൈഡ്ലാന്റർ (Peter Friedlander) പറയുന്നതിനനുസരിച്ച്, ആധുനിക കാലത്ത് രചിക്കപ്പെട്ട ഗുരു രവിദാസിന്റെ ജീവചരിത്രമായ “രവിദാസ് രാമായണ”ത്തിൽ ഈ സംഭവം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വാമൊഴിയായി പ്രചാരത്തിലുണ്ടായിരുന്ന ജീവചരിത്രാംശങ്ങൾ അടങ്ങിയത് എന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം 1900-ത്തിനോടടുത്താണ് എഴുതപ്പെട്ടത്. രവിദാസ രാമായണത്തിന്റെ ഒരു പകർപ്പിൽ പറയുന്നത് പ്രകാരം, സുൽത്താൻ സിക്കന്ദർ ലോദി തടവിലാക്കിയ ഗുരു രവിദാസ് തന്റെ അഭൗതിക ശക്തികളുപയോഗിച്ച് രക്ഷപ്പെട്ടുവെന്നും ഗുരുവിന്റെ ഈ കൃത്യങ്ങളിൽ അൽഭുതം കൂറിയ സുൽത്താൻ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി എന്നുമാണ്.

എന്തുതന്നെയായിരുന്നാലും, ചരിത്രത്തെ വക്രീകരിച്ച് അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ശക്തിയുടെ അധീശത്വത്തിൻ കീഴിലാണ് ഇന്ത്യാ മഹാരാജ്യം ഇന്നുള്ളത്. ഭൂതകാലത്തെ തങ്ങളുടെ ആഖ്യാന ശൈലിക്കനുസരിച്ച് വ്യാഖാനിക്കുന്ന ബിജെപി-സംഘ്പരിവാർ പതിവു പല്ലവിക്ക് ഉപോൽബലകമായി ബാബരി മസ്ജിദ് വിഷയമുൾപ്പെടെ ധാരാളം സംഭവങ്ങൾ അടുത്തിടെ നാം കാണുകയുണ്ടായി. ഈ ദളിത് ഗ്രൂപ്പും സമാനമായ ഒരു ചരിത്രവാദം തന്നെയാണ് ഉന്നയിക്കുന്നത് – പക്ഷേ, അത് ബിജെപി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന് കടകവിരുദ്ധമാണെന്ന് മാത്രം. “സുൽത്താൻ ഒരു മുസ്ലിമായിരുന്നിട്ടു കൂടി ഇത്രയും അധികം ഭൂമി ഞങ്ങൾക്ക് ദാനമായി നൽകി. എന്നാൽ ഇന്നത്തെ ഭരണകൂടമാകട്ടെ എല്ലാം തട്ടിപ്പറിച്ച് ഞങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്”, ആൾ ഇന്ത്യാ അംബേദ്കർ മഹാസഭാ ചെയർമാൻ അശോക് ഭാരതി അഭിപ്രായപ്പെട്ടു.

ബിജെപിയും കാവി ശക്തികളും അവതരിപ്പിക്കുന്ന ചരിത്രാഖ്യാനാങ്ങൾക്ക് മറുവ്യാഖ്യാനം ചമക്കുകയാണ് ദളിതുകൾ ചെയ്യുന്നത്. മധ്യകാല ഇന്ത്യയെയും മുസ്ലിം ഭരണാധികാരികളെയും മതവെറിയുടെ പര്യായമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് ദളിത് സമൂഹത്തിന് അതേ മുസ്ലിം ഭരണാധികാരികൾ രക്ഷകരും പുണ്യപുരുഷന്മാരുമാകുന്നത് യാദൃശ്ചികമല്ല. “അക്കാലത്ത് ജാതീയതയും തൊട്ടുകൂടായ്മയും സർവവ്യാപകമായിരുന്നു. എന്നാൽ, ഇത്തരം അന്തവിശ്വാസങ്ങളൊന്നും മുഖവിലക്കെടുക്കാതിരുന്ന സുൽത്താൻ ഗുരു രവിദാസിനെ തന്റെ ആത്മീയ ഗുരുവായി കാണാനുള്ള വിശാലമനസ്കത കാണിച്ചു. അതുകൊണ്ട്, സുൽത്താനോട് ഞങ്ങൾ എന്നും കടപ്പെട്ടവരാണ്. എന്നാൽ ഇന്നത്തെ സ്വയം പ്രഖ്യാപിത ഹിന്ദു നേതാക്കന്മാർ ദാനമായി ഞങ്ങൾക്ക് കിട്ടിയ ഭൂമിയും തട്ടിയെടുത്തു. എന്തൊരു വിരോദാഭാസമാണിത് “, ഭാരതി തുടർന്നു. ക്ഷേത്ര ഭൂമി വിട്ടു കിട്ടാനുള്ള ആവശ്യം ഉയർത്തുന്നതോടൊപ്പം തന്നെ മുസ്ലിം-ദളിത് ഐക്യം എന്ന വിഷയത്തിനും പ്രതിഷേധക്കാർ ഊന്നൽ നൽകി. “സുൽത്താൻ സികന്ദർ ലോദി ദളിത്-മുസ്ലിം ഐക്യത്തിന്റെ പ്രതീകമാണ്. ലോദി ഗാർഡൻസ് സന്ദർശിക്കുന്ന ഏതൊരു ദളിതനും സുൽത്താന്റെ മഖ്ബറ സന്ദർശിക്കുകയും പ്രണാമമർപ്പിക്കുകയും വേണം”, അശോക് ഭാരതി പറഞ്ഞു നിർത്തി.

മൊഴിമാറ്റം : അനസ് പടന്ന
കടപ്പാട് : scroll.in

Related Articles