Current Date

Search
Close this search box.
Search
Close this search box.

പകർച്ചവ്യാധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുദ്ധകൊതിയൻമാർ

ഭീകരതയെ ചെറുക്കുന്നതിനും മുസ്‌ലിം സമൂഹങ്ങളെ ക്രിമിനലൈസ് ചെയ്യുന്നതിനും വേണ്ടി ഒരു വലിയ സംവിധാനം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക നിർമിച്ചിട്ടുണ്ട്. 2001 മുതൽ 10 ലക്ഷത്തിലധികം മനുഷ്യരെ കൊന്നൊടുക്കിയ യുദ്ധങ്ങൾക്കു വേണ്ടി 6.4 ട്രില്ല്യൺ ഡോളർ അമേരിക്ക ചെലവഴിച്ചു കഴിഞ്ഞു. അതേസമയം, കോവിഡ് 19 പോലെയുള്ള പകർച്ചവ്യാധികളെ നേരിടുന്നതിന് ആ രാജ്യം വലിയ ശ്രദ്ധയൊന്നും കൊടുത്തിട്ടില്ല.

അപ്പോൾ, എന്താണ് ഏറ്റവും വലിയ ഭീഷണി?

ലോകം കോവിഡ് 19-ന്റെ പിടിയിലമർന്നു കഴിഞ്ഞു, പ്രത്യേകിച്ച് ലോകാരോഗ്യസംഘടന മാർച്ച് 11ന് അതിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതിനു ശേഷം. ലോകത്തുടനീളം 1.2 മില്ല്യൺ കേസുകൾ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു, 70,000ത്തലിധകം പേർ മരണപ്പെട്ടു, മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്.

Also read: തിരിയിത്തിരി തെളിയട്ടെയുള്ളില്‍

അമേരിക്കയിലെ 60 ശതമാനം പേരും രോഗബാധിതരാവാൻ സാധ്യതയുണ്ടെന്നാണ് US Centers for Disease Control and Prevention അനുമാനിക്കുന്നത്. അമേരിക്കയിൽ മാത്രം നിലവിൽ 337,000 പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു, മരണസംഖ്യ 9600 കവിയുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ സംഖ്യകൾ വർധിക്കാനാണ് സാധ്യത.

ആദ്യഘട്ടത്തിൽ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളിക്കളഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അമേരിക്കയിലെ നിലവിലെ ദുരിതസ്ഥിതിയിൽ വലിയ പങ്കുണ്ട്. കാര്യങ്ങൾ കൈവിട്ടപ്പോൾ സഹായാഭ്യർഥനയും ഭീഷണികളുമായി ട്രംപ് രംഗത്തുവന്നിട്ടുണ്ട്.

കോവിഡ് 19ന്റെ ഗൗരവം തിരിച്ചറിഞ്ഞതിനെ തുടർന്ന്, 2.2 ട്രില്യൺ ഡോളറിന്റെ രക്ഷാ പാക്കേജ് ട്രംപ് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, രക്ഷാപാക്കേജിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനു പകരം, രേഖകളില്ലാത്ത കുടിയേറ്റക്കാരെ CARES Act-ന്റെ പരിധിയിൽ നിന്നും ട്രംപ് ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. അതായത് തങ്ങളുടെ അപരവിദ്വേഷവും കുടിയേറ്റവിരുദ്ധ നയവും അവർ തുടരുക തന്നെയാണ്.

ഭീകരവാദമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെങ്കിൽ എന്തായിരിക്കും യു.എസ് ഭരണകൂടത്തിന്റെ പ്രതികരണം? പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ അവർ രണ്ടു മാസം എടുക്കുമായിരുന്നോ? അഭൂതപൂർവമായ ഈ സാഹചര്യത്തോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം വളരെ അപക്വവും മോശവുമാണ്. ഇതിന്റെ ഉത്തരവാദിത്തം പ്രസിഡന്റിനാണെങ്കിലും, അദ്ദേഹത്തിന്റെ ഭരണത്തിനപ്പുറം, ദേശവാസികളുടെ സുരക്ഷ സംബന്ധിച്ച് യു.എസ് മുൻഗണന നൽകുന്ന കാര്യങ്ങളിൽ വളരെക്കാലമായി കാണപ്പെടുന്ന ഒരു യാഥാർഥ്യമുണ്ട് – പൊതുജനാരോഗ്യത്തിനല്ല മുൻഗണന നൽകുന്നത് എന്നതാണത്.

Also read: ഹജ്ജ് കർമം റദ്ദു ചെയ്യപ്പെട്ട ചരിത്ര മുഹൂർത്തങ്ങളും കാരണങ്ങളും

ദേശീയ സുരക്ഷയുമായി ബന്ധമില്ലാത്ത കാരണങ്ങൾക്കു വേണ്ടി ആസൂത്രിതമായും ക്രമാതീതമായും നിർമിക്കപ്പെട്ട ഭീഷണികളെ പ്രതിരോധിക്കുന്നതിനും ചില പ്രത്യേക സമുദായങ്ങളെ ഭീകരവത്കരിക്കുന്നതിനും വേണ്ടി മനുഷ്യവിഭവശേഷിയും ഊർജ്ജവും ചെലവഴിക്കുന്നത് തുടരുകയാണ്. ഉദാഹരണത്തിന്, ഭീകരവാദ കേസുകളോട് യു.എസ് അതിവേഗം പ്രതികരിക്കും, കൂടാതെ കോവിഡ് 19നെ നേരിടാനുള്ള മാർഗമായി ഭീകരവാദത്തെ ഉപയോഗിക്കാനും യു.എസ് ശ്രമിക്കുന്നുണ്ട്, തീർച്ചയായും ഇതിലൂടെ വിഭവശേഷി പാഴായി പോവുകയാണ് ചെയ്യുന്നത്.

ഘടനാപരവും സ്ഥാപനവത്കൃതവുമായ ഇസ്ലാമോഫോബിയയുടെ പുറത്ത് നിർമിക്കപ്പെട്ട ‘ഭീകരവിരുദ്ധ യുദ്ധം’ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 9/11 ശേഷം വളരെ പെട്ടെന്നു തന്നെ ഭീകരവാദത്തെ നേരിടുന്നതിനുവേണ്ടി ഒന്നിലധികം സംവിധാനങ്ങൾ മുന്നോട്ടുവെക്കപ്പെട്ടു. 18 വർഷങ്ങൾ കഴിഞ്ഞപ്പോൾ, യുദ്ധത്തിനു വേണ്ടി 6.4 ട്രില്യൺ ഡോളർ ചെലവഴിക്കപ്പെട്ടു, എന്നിട്ടും അമേരിക്ക സുരക്ഷമാണോ എന്ന ചോദ്യത്തിന് ശരിയായ ഒരു ഉത്തരം നൽക്കാൻ ഇപ്പോഴും സാധിക്കുന്നില്ല എന്നതാണ് വസ്തുത.

2019 ഡിസംബറിൽ, ചൈനയിൽ കോവിഡ് 19 ഭീതി ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ്, ഇറാഖിലും സിറിയയിലും യു.എസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തുകയും, യെമനിൽ ഡ്രോൺ ആക്രമണം സംഘടിപ്പിക്കുകയും, ഒരു ഇറാനിയൻ ജനറലിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തത്. ലോകാരോഗ്യ സംഘടനം കൊറോണ വൈറസ് പകർച്ചവ്യാധി പ്രഖ്യാപിച്ച കഴിഞ്ഞ മാസവും ഇറാഖിൽ അമേരിക്ക ബോംബാക്രമണം നടത്തുകയുണ്ടായി. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ മിലിറ്ററി-ഇൻഡസ്ട്രിയൽ സമുച്ചയത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്ന അമേരിക്കൻ ഭരണകൂട ബോധം യഥാർഥത്തിൽ ലാഭക്കൊതിയിൽ നിന്നും ആർത്തിയിൽ നിന്നും ഉണ്ടാവുന്നതാണ്. അതിന്റെ ഉദാഹരണങ്ങൾ 9/11 ശേഷം അമേരിക്ക മധ്യേഷ്യയിലും മറ്റും നടത്തിയ സൈനിക അധിനിവേശങ്ങളിൽ മുഴച്ചു നിൽക്കുന്നതായി കാണാൻ കഴിയും.

ഭീകരവാദത്തിൽ നിന്നും വ്യത്യസ്തമായി കോവിഡ് 19 നേരിടുന്നതിൽ അമേരിക്ക പതറിപ്പോകുന്നതിന്റെ മറ്റൊരു കാരണം, കൊറോണ ഒരു മനുഷ്യ ശത്രുവല്ലായെന്നതും ദൃഷ്ടിഗോചരമല്ല എന്നതുമാണ്. മറ്റു ‘ശത്രുക്കളിൽ’ നിന്നും വ്യത്യസ്തമായി, കോവിഡ് 19നെ ജയിലടക്കാനോ, യുദ്ധത്തിലൂടെ വധിക്കാനോ, നിരോധനമേർപ്പെടുത്തിയും മതിലുകൾ പണിതും അതിർത്തിയിൽ വെച്ച് തടയാനോ കഴിയില്ല എന്നതാണ് അമേരിക്കൻ നയങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

Also read: ഇ-ലേണിംഗ്:വിദ്യാഭ്യാസത്തിന്റെ നൂതന മാർഗം

അന്ത്യമില്ലാത്ത യുദ്ധങ്ങൾക്കു വേണ്ടി ചെലവഴിച്ച സമ്പത്ത്, ആരോഗ്യരംഗത്തെ അടിസ്ഥാന വികസനത്തിനും, തൊഴിലില്ലായ്മ ഇല്ലാതാക്കാനും, വിദ്യാഭ്യാസത്തിനും, ഭക്ഷ്യസുരക്ഷക്കും, പാർപ്പിട നിർമാണത്തിനും, ഗതാഗത സൗകര്യത്തിനും, നഗരവികസനത്തിനും മറ്റും അടിസ്ഥാന പ്രശ്നങ്ങൾക്കും ചെലവഴിച്ചിരുന്നെങ്കിൽ കോവിഡ് 19 പോലെയുള്ള പകർച്ചവ്യാധികളെ ഒരുപരിധി വരെ ഇത്ര രൂക്ഷമാവാതെ തടയാൻ കഴിയുമായിരുന്നു. പകരം, തടവറകൾ നിർമിക്കാനും കുടിയേറ്റക്കാരെ തടങ്കലിൽ പാർപ്പിക്കാനും വിഭജന മതിലുകൾ നിർമിക്കാനുമാണ് അമേരിക്കൻ ഭരണകൂടം അവരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചത്.

ആശുപത്രി കിടക്കകളേക്കാൾ അധികം ജയിൽ ബെഡ്ഡുകൾ ഉണ്ടെന്നത് അമേരിക്കയുടെ മുൻഗണനകളിലെ പ്രശ്നത്തെ വെളിവാക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനും, പൊതുജനാരോഗ്യ സുരക്ഷക്കും വേണ്ടി ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമ്പത്തും വിഭവശേഷിയും സർവൈലൻസിനും, കൊലയാളി ഡ്രോണുകൾക്കും, നിരപരാധികളായ ദശലക്ഷണക്കിനു മനുഷ്യരെ വധിക്കുന്നതിനും വേണ്ടി ചെലവഴിക്കുമ്പോൾ നാം നമ്മുടെ ശവക്കുഴി തന്നെയാണ് തോണ്ടുന്നത്.

(ജസ്റ്റിസ് ഫോർ മുസ്ലിം കളക്ടീവിന്റെ കോ-ഡയറക്ടർമാരാണ് ലേഖകർ.)

വിവ. അബൂ ഈസ

Related Articles