Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: ചരിത്ര വിജയവുമായി വീണ്ടും മുസ്ലിം വനിതകള്‍

അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി വീണ്ടും മുസ്ലിം വനിതകള്‍. ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് മുസ്ലിം വനിതകളാണ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്. ഇതില്‍ നിലവിലെ കോണ്‍ഗ്രസ് അംഗങ്ങളായ റാഷിദ തലൈബും ഇല്‍ഹാന്‍ ഉമറും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇരുവരെയും കൂടാതെ സൈനബ് മുഹമ്മദ്, നബീല സെയ്ദ്, റുവ റുമ്മാന്‍, നബീല ഇസ്ലാം എന്നിവരും ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടത്തിന്റെ ഭാഗമായ മുസ്ലിം വനിതകളാണ്. ഇവരെ കൂടാതെ എല്‍.ജി.ബി.ടിക്യു കമ്യൂണിറ്റിയിലെ അംഗങ്ങളും തോക്ക് കൈവശ നിയമത്തിനെതിരെ പോരാടിയ ആക്റ്റിവിസ്റ്റുകളും ആദ്യമായി ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

നബീല സെയ്ദ്

ഇന്ത്യന്‍ വംശജയും ഇല്ലിനോയി ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി മാറിയിരിക്കുകയാണ് നബീല സെയ്ദ്. 23കാരിയായ നബീല ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തുന്നത്. നബീല തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. ഇല്ലിനോയി അസംബ്ലിയിലെ ആദ്യ മുസ്ലിം പ്രതിനിധി കൂടിയാണ് നബീല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സബര്‍ബന്‍ ഷിക്കാഗോ ജില്ലയില്‍ നിന്നാണ് നബീല വിജയിച്ചത്. യു.എസിലെ തോക്ക് കൊണ്ടുള്ള വെടിവെപ്പിനെതിരെ ശക്തമായ പ്രചാരണം നടത്തിയയാള്‍ കൂടിയാണ് നബീല.

‘നമുക്ക് പരിഷ്‌കരണം ആവശ്യമാണെന്ന് വളരെ വ്യക്തമാണ്. നമുക്ക് സംസ്ഥാന തലത്തിലും ഫെഡറല്‍ തലത്തിലും പരിഷ്‌കരണം ആവശ്യമാണ്. അപകടകരമായ ആയുധങ്ങള്‍ അപകടകാരികളുടെ കൈകളില്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ പുസ്തകങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ മാറ്റം വരുത്തേണ്ടതുണ്ട്’ നബീല കൂട്ടിച്ചേര്‍ത്തു.

സൈനബ് മുഹമ്മദ്

ചൊവ്വാഴ്ച മിനസോട്ടയിലെ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കറുത്തവര്‍ഗ്ഗക്കാരികളില്‍ ഒരാളാണ് സൈനബ് മുഹമ്മദ്. 164 വര്‍ഷം മുമ്പ് മിനസോട്ട സംസ്ഥാനം രൂപീകരിച്ച ശേഷം സംസ്ഥാന നിയമസഭയുടെ അപ്പര്‍ ചേമ്പറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരി കൂടിയാണ് സൈനബ്. 25ാം വയസ്സില്‍, സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയും സഭയിലെ ആദ്യ ജനറേഷന്‍ ഇസഡ് അംഗവുമാണ് ഇവര്‍.

സെനറ്റില്‍ പുതിയ ഡെമോക്രാറ്റികുകളുടെ കൂടെ ചേരുന്ന സൈനബ് ഡെമോക്രാറ്റുകള്‍ ചെങ്കൊടി നിയമം പോലെ ഉയര്‍ത്തിക്കാട്ടുന്ന ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന തോക്ക് പരിഷ്‌കാരങ്ങള്‍ക്കായി മുന്നോട്ട് പോകും. അവളുടെ പ്രചാരണത്തില്‍, തോക്ക് നിരോധന നിയമം ആയുധ നിരോധനം എന്നിവ സര്‍വത്ര പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

റുവ റുമ്മാന്‍

ജോര്‍ജിയ ജനറല്‍ അസംബ്ലിയുടെ ഇരുസഭകളുടെയും നിയന്ത്രണം റിപ്പബ്ലിക്കന്‍മാര്‍ നിലനിര്‍ത്തിയെങ്കിലും, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സംസ്ഥാന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് 29 വയസ്സുകാരി റുമ്മാന്‍. റിപ്പബ്ലിക്കന്‍ അംഗം കൈവശം വച്ചിരുന്ന അറ്റ്ലാന്റ ജില്ലയില്‍ നിന്നും വിജയിച്ച ചേമ്പറിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് റുവ.

അവളുടെ പ്രചാരണത്തില്‍, തോക്ക് അക്രമത്തെ പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കുമെന്നും അതിന്റെ പുനപരിശോധനകള്‍ക്കായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു. തോക്ക് അക്രമം തടയുന്നതിനുള്ള പഠനങ്ങള്‍, ഗാര്‍ഹിക ദുരുപയോഗം ചെയ്യുന്നവരില്‍ നിന്ന് തോക്കുകള്‍ പിന്‍വലിക്കുന്നതിനുള്ള നിയമനിര്‍മ്മാണം എന്നിവ നടപ്പിലാക്കുമെന്നും പറഞ്ഞിരുന്നു.

നബീല ഇസ്ലാം

റുമ്മാനെപ്പോലെ, ജോര്‍ജിയയുടെ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലീം വനിതയാണ് നബീല ഇസ്ലാം.
സബര്‍ബന്‍ അറ്റ്‌ലാന്റ ജില്ലയെ പ്രതിനിധീകരിക്കുന്ന നബീല അവളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോര്‍ജിയയില്‍ ഈയിടെ പാസാക്കിയ കൈത്തോക്കുകള്‍ കൈവശം വെക്കുന്നതിന് ലൈസന്‍സ് വേണ്ടതില്ലെന്ന നിയമം പിന്‍വലിക്കുമെന്നായിരുന്നു. ലൈസന്‍സില്ലാതെ ഒളിപ്പിച്ചു കടത്തുന്ന കൈത്തോക്കുകള്‍ കൈവശം വയ്ക്കാന്‍ താമസക്കാരെ അനുവദിക്കുന്നതിനെതിരെ ശക്തമായ പരിശോധനകള്‍ നടത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.

 

അവലംബം: thetrace.org

Related Articles