Current Date

Search
Close this search box.
Search
Close this search box.

ക്യാപിറ്റോള്‍ ആക്രമണം: പശ്ചിമേഷ്യന്‍ പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തുന്നവര്‍

കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ യു.എസ് ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികളും ഒരു വിഭാഗം തീവ്ര വംശീയവാദികളും അതിക്രമിച്ചു കയറിയ സംഭവത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സജീവമാണ്. നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനിടയായ സംഭവത്തെ പശ്ചിമേഷ്യന്‍ വിപ്ലവങ്ങളുമായി തുലനം ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഈ നീക്കത്തെ ശക്തമായ വിമര്‍ശിച്ച് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്തെത്തിയപ്പോള്‍ അനുകൂലിച്ച് മറുവിഭാഗവും എത്തി.

വാഷിങ്ടണില്‍ നടന്ന അക്രമാസക്തമായ രംഗങ്ങള്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഭവവികാസങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് എന്നായിരുന്നു ഓറിയന്റലിസ്റ്റുകളായ നിരീക്ഷകര്‍ പ്രധാനമായും പങ്കുവെച്ചത്. ‘യു.എസിനെ സിറിയ പോലെ തോന്നുന്നു’ എന്നാണ് സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ വാന്‍ ജോണ്‍സ് ടെലിവിഷന്‍ കവറേജ് മുന്‍നിര്‍ത്തി പ്രതികരിച്ചത്.

പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മുന്‍പ് കവറേജ് ചെയ്ത പശ്ചിമേഷ്യയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ വീഡിയോകളും ഇതിന് സമാനമെന്ന് കാണിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരുന്നു. അക്രമവും ജനക്കൂട്ടത്തിന്റെ മാനസികാവസ്ഥയും പശ്ചിമേഷ്യയില്‍ മാത്രമുള്ളതല്ലെന്നും മുന്‍പ് യു.എസിലും സംഭിച്ചിട്ടുണ്ടെന്നും ഓര്‍മിപ്പിക്കാനുള്ള അവസരമായാണ് ചില ആളുകള്‍ ഇതിനെ നിരീക്ഷിച്ചത്.

അതേസമയം, ആക്രമണത്തെ മറ്റു രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തുവന്നു. ഇത് അമേരിക്കയിലെ വെളുത്ത മേധാവിത്വത്തിന്റെ ആക്രമണമാണ്. ഇത് നൂറ് ശതമാനവും അമേരിക്കക്കാരുടേതാണ്- എന്നായിരുന്നു ഒരു പ്രതികരണം.

യു.എസ് വളരെക്കാലമായി രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നെന്ന് കാണിക്കാനുള്ള അവസരമായാണ് ചിലര്‍ ഇതിനെ കണ്ടത്. പശ്ചിമേഷ്യക്ക് പുറത്ത് ഇത്തരത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന സ്ഥിരം പല്ലവി പൊളിച്ചെഴുതുന്ന സംഭവമായാണ് ഇതിനെ കണക്കാക്കുന്നത്. വര്‍ഷങ്ങളായുള്ള ട്രംപിന്റെ വാചാടോപങ്ങള്‍ സംഭവത്തിന് ആക്കം കൂട്ടിയെന്നും ചിലര്‍ നിരീക്ഷിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ എങ്ങിനെയാണ് പശ്ചിമേഷ്യന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കൊള്ളയടിച്ച വസ്തുക്കള്‍ എത്തിയതെന്ന് ഓര്‍മിപ്പിച്ച് ആക്രമണത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും ചിലര്‍ പരിഹസിച്ചു. പശ്ചിമേഷ്യയിലെ നിരവധി നേതാക്കളാണ് അമേരിക്കയിലെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയതും അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ആശങ്ക അറിയിക്കുകയും ചെയ്തത്.

നിയമവും ജനാധിപത്യവും ഉപയോഗിച്ചാണ് ഇതിനെ മറികടക്കേണ്ടതെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പാശ്ചാത്യന്‍ ജനാധിപത്യം എന്തൊരു പരാജയമാണെന്നും ഒരു ജനകീയ മനുഷ്യന്‍ എന്ന നിലയില്‍ തന്റെ രാജ്യത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയാണ് ട്രംപ് ചെയ്തതെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇസ്രായേലും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

അവലംബം:middleeasteye.net
വിവ: പി.കെ സഹീര്‍ അഹ്മദ്

Related Articles